അഞ്ച് വർഷംമുമ്പ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന കഴിഞ്ഞ വേളയിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് ‘ബൂത്തിലെത്തുംമുമ്പേ ആന്തൂർ എൽഡിഎഫിന്’ എന്നതായിരുന്നു. പകുതി സീറ്റിലും മത്സരിക്കാൻ എതിർസ്ഥാനാർഥികളില്ലാത്തതാണ് നഗരസഭാഭരണം നേരത്തേതന്നെ എൽഡിഎഫിന് ലഭിച്ചതെങ്കിലും തലക്കെട്ട് നൽകുന്ന സൂചന അരുതാത്തത് എന്തോ ആന്തൂരിൽ നടന്നുവെന്നാണ്. വലതുപക്ഷ മാധ്യമങ്ങളും ചില രാഷ്ട്രീയപാർടികളും ഉൽപ്പാദിപ്പിക്കുന്ന പൊതുബോധ നിർമാണത്തിന്റെ ഒരുദാഹരണമാണിത്. ഒരു രാക്ഷസരൂപം ആന്തൂർക്കാർക്ക് ചാർത്തിനൽകാൻ കോൺഗ്രസ് പാർടിയും ബിജെപിയും അവർക്ക് പിന്തുണ നൽകുന്ന മാധ്യമങ്ങളും നിരന്തരം ശ്രമിക്കുകയാണ്. ആന്തൂർ, മോറാഴ എന്നീ ഗ്രാമങ്ങൾ ഉൾച്ചേർന്ന കാൽലക്ഷത്തിൽ കുറവ് ജനസംഖ്യ മാത്രമുള്ള ആന്തൂർ നഗരസഭയിലെ ജനങ്ങളെ അവഹേളിക്കുന്നതിന് സമാനമായ നുണപ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ആന്തൂരിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് പ്രതിനിധികളായ എം ശ്രീഷ, വി സതീദേവി, എം പി നളിനി, സി പി മുഹാസ്, എം പ്രീത, ഇ അഞ്‌ജന എന്നിവർ
കുരുടൻ ആനയെ കാണുന്നതുപോലെയാണ് പലരും ആന്തൂരിനെ കാണുന്നത്. നേരത്തേ തന്നെ സൃഷ്ടിക്കപ്പെട്ട വാർപ്പ് മാതൃകകൾ ആവർത്തിക്കുകയാണ് ഈ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും. ഒരിക്കൽപ്പോലും ആന്തൂരിലേക്ക് പോയി അവിടത്തെ വോട്ടർമാരുമായി സംവദിച്ചിരുന്നുവെങ്കിൽ ഇവർ വർഷങ്ങളായി കെട്ടിപ്പൊക്കിയ ഈ വാർപ്പ് മാതൃകകൾ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണേനേ. കേരളത്തിലെ ഏതൊരു ഗ്രാമത്തെയുംപോലൈ സാധാരണക്കാരായ മനുഷ്യർ പാർക്കുന്ന ഇടമാണ് ആന്തൂരും. കർഷകത്തൊഴിലാളികളും നെയ്‌ത്ത്തൊഴിലാളികളും ഏറെയുള്ള ജനസമൂഹം. വളപട്ടണം പുഴയ്‌ക്കും കുറ്റിക്കോൽ പുഴയ്‌ക്കും ഇടയിലുള്ള ഗ്രാമസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശമാണിത്. പ്രസിദ്ധമായ മുത്തപ്പൻ ക്ഷേത്രമുള്ള പറശ്ശിനിക്കടവും മൊറാഴയും വെള്ളിക്കീലും ആന്തൂരിന്റെ ഭാഗമാണ്.
ആന്തൂരിന്റെ ചരിത്രം
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി നാഭീനാള ബന്ധമുള്ള പ്രദേശം കൂടിയാണിത്. കർഷകമുന്നേറ്റങ്ങളുടെ പ്രധാന കേന്ദ്രം. എൻഐഎഫ്‌ടിയും എൻജിനിയറിങ് കോളേജും കേരള പൊലീസ് ആംഡ് ബറ്റാലിയൻ ക്യാമ്പും വ്യവസായശാലകളും മറ്റും സ്ഥിതിചെയ്യുന്ന മാങ്ങാട്ട് പറമ്പ്. ഈ ഭൂപ്രദേശം കൈവശപ്പെടുത്താൻ കരക്കാട്ടിടം നായനാർ എന്ന ജന്മി ശ്രമിച്ചപ്പോൾ അത് തടഞ്ഞത് അവിടത്തെ കല്ലുകൊത്ത് തൊഴിലാളികളായിരുന്നു. ഇതേ കരക്കാട്ടിടം നായനാർ പറശ്ശിനി ക്ഷേത്രം കൈയടക്കാൻ വന്നപ്പോഴും കർഷകരും തൊഴിലാളികളും ചേർന്നാണ് ആ ശ്രമത്തെയും ചെറുത്തത്. 1936 നവംബറിൽ ചിറക്കൽ താലൂക്ക് കർഷകസമ്മേളനം ചേർന്നത് പറശ്ശിനിക്കടവിലായിരുന്നു. ബാരിസ്‌റ്റർ എ കെ പിള്ളയായിരുന്നു അധ്യക്ഷത വഹിച്ചത്. തിരുമുൽകാഴ്‌ച, വച്ചുകാണൽ മുതലായ എല്ലാ നിർബന്ധപിരിവുകളും നിരോധിക്കുക, സ്ഥിരമായ കുടിയാന്മ സുരക്ഷിതത്വം ഏർപ്പെടുത്തുക, പാട്ടക്കുടിശ്ശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചത് ഈ സമ്മേളനത്തിലായിരുന്നു.
1938 ലാണ് പ്രസിദ്ധമായ ബക്കളം കർഷകസംഘം സമ്മേളനം ചേർന്നത്. സംസ്ഥാന കോൺഗ്രസിൽ ആശയസമരം ശക്തിപ്പെട്ട 1939ലാണ് ബക്കളത്ത്(മാങ്ങാട്ട് പറമ്പിൽ) കേരളപ്രദേശ് കോൺഗ്രസ് പാർടിയുടെ പത്താമത് സമ്മേളനം ചേർന്നത്. കെ കേളപ്പന്റെ നേതൃത്വത്തിലുള്ള വലതുപക്ഷം പൂർണമായും ബഹിഷ്‌കരിച്ച സമ്മേളനമായിരുന്നു അത്. മുഹമ്മദ് അബ്‌ദുറഹ്‌മാൻ സാഹിബും ഇ എം എസും അടങ്ങിയ ഇടതുപക്ഷത്തിന് കൃത്യമായ രാഷ്ട്രീയ അജൻഡ അവതരിപ്പിക്കാൻ ഇതവസരം നൽകി. കോൺഗ്രസിൽ ശക്തമായ ഒരു ഇടതുപക്ഷ ഗ്രൂപ്പ് നിലവിൽ വന്നു. ഈ ഇടതുപക്ഷ ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളും പിണറായി പാറപ്പുറത്ത് കമ്യൂണിസ്‌റ്റ് പാർടി രൂപംകൊണ്ടപ്പോൾ അതിൽ പങ്കെടുത്തു. ഇതിന്റെ തുടർച്ചയെന്നോണമാണ് 1940 സെപ്‌തംബർ 15ന് മോറാഴ സംഭവം നടക്കുന്നത്.
സാമ്രാജ്യത്വവിരുദ്ധ ദിനത്തിന്റെ ഭാഗമായി മോറാഴയിൽ മർദകവീരനായ പൊലീസ് സബ് ഇൻസ്‌പെക്ടർ കുട്ടികൃഷ്‌ണ മേനോനും പൊലീസ് കോൺസ്‌റ്റബിൾ ഗോപാലൻനായരും ഏറ്റുമുട്ടലിൽ മൃതിയടഞ്ഞു. മോറാഴയിലെങ്ങും പൊലീസ് നരനായാട്ട് അരങ്ങേറി. വായനശാലകളും സ്‌കൂളുകളും തകർക്കപ്പെട്ടു. രാത്രികാലത്ത് വീട് റെയ്‌ഡ് നിത്യസംഭവമായി. കുട്ടികൾക്കും സ്‌ത്രീകൾക്കും രക്ഷയില്ലാതായി. കെ പി ആർ ഉൾപ്പെടെ 38 പേർക്കെതിരെ കേസെടുത്തു. മദ്രാസ് ഹൈക്കോടതി കെ പി ആറിന് വധശിക്ഷ വിധിച്ചു. ഗാന്ധിജിയും നെഹ്‌റുവും വി വി ഗിരിയും ഇടപെട്ട് അത് ജീവപര്യന്തം തടവാക്കി മാറ്റി.
കമ്യൂണിസ്‌റ്റ് പാർടി എന്നും ജനങ്ങൾക്കൊപ്പം
ലോകയുദ്ധകാലത്ത് കടുത്ത ക്ഷാമം ആന്തൂരിനെയും ബാധിച്ചു. അതിനെ നേരിടാൻ വിവിധങ്ങളായ രീതികളാണ് കമ്യൂണിസ്‌റ്റ് പാർടി അവലംബിച്ചത്. മാങ്ങാട്ട്‌പറമ്പിൽ 50 ഏക്കർ സ്ഥലത്ത് കപ്പ കൃഷി ആരംഭിച്ചത് അതിന്റെ ഭാഗമായിരുന്നു. ഈ ബദൽമാർഗത്തെ പൊലീസ് തകർത്തുകളഞ്ഞു. ഈ ഘട്ടത്തിൽ ജനങ്ങൾക്ക് ആശ്വാസവുമായി കർഷകസംഘം എത്തി. അനൗദ്യോഗിക റേഷനിങ് വഴി എല്ലാവീടുകളിലും ഭക്ഷണം എത്തിച്ചു. മാത്രമല്ല, സഹകരണപ്രസ്ഥാനത്തിന് തുടക്കമിട്ടുകൊണ്ട് ഉൽപ്പാദക ഉപഭോക്‌തൃ സംഘങ്ങൾക്കും തുടക്കമിട്ടു. കോളറയും വസൂരിയും പിടിച്ചപ്പോഴും ജനങ്ങൾക്ക് പിന്തുണയും ആശ്വാസവുമായി കമ്യൂണിസ്‌റ്റ് പ്രസ്ഥാനം എത്തി. രോഗികളെ മാറ്റി പാർപ്പിച്ചും ലഭ്യമായ മരുന്നുകൾ ശേഖരിച്ചുനൽകിയും കിണറുകളും മറ്റും ശുദ്ധീകരിച്ചും കമ്യൂണിസ്‌റ്റ് പാർടി ജനങ്ങൾക്ക് ഒപ്പം നിന്നു. ഇന്നിപ്പോൾ കൊറോണക്കാലത്ത് ഉയരുന്ന ‘ഭയമല്ല ജാഗ്രതയാണ് വേണ്ടത്’എന്നതിന് സമാനമായ സമീപനം തന്നെയാണ് അന്ന് കമ്യൂണിസ്‌റ്റ് പാർടി കൈക്കൊണ്ടത്.
മൊറാഴ സംഭവത്തിനുശേഷം 1948ലും ആന്തൂരിൽ പൊലീസ് നരനായാട്ടുണ്ടായി. കൊൽക്കത്ത തിസീസിനെ തുടർന്നായിരുന്നു അത്. പാച്ചേനി കുഞ്ഞിരാമൻ, സി എച്ച് നാരായണൻ മാസ്‌റ്റർ, കെ വി മൂസാൻകുട്ടി മാസ്‌റ്റർ, പി വി ചാത്തുകുട്ടി മാസ്‌റ്റർ, പി പി അച്യുതൻ മാസ്‌റ്റർ, പി എം ഗോപാലൻ, ജാനകീ ടീച്ചർ തുടങ്ങിയ പല നേതാക്കളെയും വേട്ടയാടി. നേതാക്കളുടെ തലയിൽ മോസ്‌കോ റോഡ്‌വെട്ടി. അന്നും ആന്തൂരിലെ ഓരോ വീട്ടിലും പൊലീസ് കയറിയിറങ്ങി. ഒരു വശത്ത് ഭീകരമായ പൊലീസ് വേട്ടയാടൽ. മറുവശത്ത് ജനങ്ങൾക്കൊപ്പം അവരുടെ കണ്ണീരും വേദനയും ശമിപ്പിക്കാൻ ദിനരാത്രമെന്നോണം പ്രയത്‌നിക്കുന്ന കമ്യൂണിസ്‌റ്റ്–-കർഷക പ്രസ്ഥാനം. തീഷ്‌ണമായ ഈ ജീവിതാനുഭവങ്ങളാണ് ആന്തൂരിലെയും മോറാഴയിലെയും ജനങ്ങളെ ഇടത്തോട്ട് നയിച്ചത്. ആന്തൂർ ചുവന്നത് ഇങ്ങനെയാണ്. ദശാബ്‌ധങ്ങളുടെ ഇഴയടുപ്പമാണ് ആന്തൂരിലെ ജനങ്ങൾക്കും കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനും ഉള്ളത്. അവരെങ്ങനെ ചെങ്കൊടി പിടിക്കാതിരിക്കും. അതിൽ അസൂയപ്പെട്ടിട്ട്, ഗോഗോ വിളിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? ജനങ്ങളും കമ്യൂണിസ്‌റ്റ് പാർടിയും തമ്മിലുള്ള ഈ ജൈവബന്ധം ഇന്നും ആന്തൂരിൽ തുടരുന്നതുകൊണ്ടാണ് സിപിഐ എമ്മും ഇടതുപക്ഷവും അനായാസവിജയം നേടുന്നത്.
എല്ലാവിധത്തിലുള്ള ജനാധിപത്യ ധ്വംസനങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് ആന്തൂരിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനം വളർന്നുവന്നത്. ജനങ്ങളെ ജനാധിപത്യബോധമുള്ളവരാക്കാൻ വായനശാല പ്രസ്ഥാനത്തിലൂടെയും സാംസ്‌കാരിക പരിപാടികളിലൂടെയും പഠിപ്പിച്ചതും കമ്യൂണിസ്‌റ്റ് പ്രസ്ഥാനം തന്നെയാണ്. ജനങ്ങളെ ശാസ്‌ത്രബോധമുള്ളവരാക്കുക, അവകാശബോധമുള്ളവരാക്കുക എന്ന കടമ ഏറ്റെടുത്ത് പ്രവർത്തിക്കാനും കമ്യൂണിസ്‌റ്റ് പ്രസ്ഥാനം തയ്യാറായി. അതുകൊണ്ടുതന്നെ, എതിർസ്ഥാനാർഥികളുടെ വീട്ടിൽക്കയറി കൊലവിളി നടത്തിയും ഊരുവിലക്ക് കൽപ്പിച്ചും പിന്തിരിപ്പിക്കുക എന്നത് ആന്തൂരിന്റെ സംസ്‌കാരമല്ല. എല്ലാ രാഷ്ട്രീയ പാർടിയിൽപ്പെട്ടവരും തമ്മിൽ അടുത്ത സൗഹൃദബന്ധംതന്നെ ഇവിടെയുണ്ട്. വിവാഹം, മരണം, ഉത്സവങ്ങൾ എന്നീ സന്ദർഭങ്ങളിലെല്ലാം അസാധാരണമായ ഒരുമയോടെ എല്ലാ രാഷ്ട്രീയ വിശ്വാസത്തിൽപ്പെട്ടവരും പ്രവർത്തിക്കുന്ന പ്രദേശം തന്നെയാണ് ആന്തൂരും. എതിർപക്ഷത്തിന് നിർത്താൻ സ്ഥാനാർഥികളെ കണ്ടെത്തി നൽകേണ്ടത് കമ്യൂണിസ്‌റ്റ് പാർടിയുടെ ബാധ്യതയാണോ? ജനാധിപത്യത്തിന് അങ്ങനെയാരു അർഥം ആരാണ് കൽപ്പിച്ചുനൽകിയത്.
പ്രവർത്തകരില്ലാതെ കോൺഗ്രസ്
ആന്തൂരിൽ കമ്യൂണിസ്‌റ്റ് പാർടി മാത്രമല്ല കോൺഗ്രസും മറ്റ് രാഷ്ട്രീയകക്ഷികളും പ്രവർത്തിക്കുന്നുണ്ട്. 1950കളിലും അറുപതുകളിലും എഴുപതുകളിലും കോൺഗ്രസ് സജീവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്‌റ്റുകാരെ വേട്ടയാടാൻ കോൺഗ്രസുകാർ തലങ്ങും വിലങ്ങും പ്രവർത്തിച്ച പ്രദേശമാണ് ആന്തൂർ. രാജ്യത്ത് കോൺഗ്രസിന്റെ പ്രതിച്ഛായ തകർത്ത അടിയന്തരാവസ്ഥ ആന്തൂരിലും അവരുടെ സ്വാധീനം നഷ്ടപ്പെടുത്തി. എന്നാൽ, ഈ ഘട്ടത്തിലും ആന്തൂരിൽ കോൺഗ്രസുകാരുണ്ടായിരുന്നു. കരിക്കൻ നാരായണൻ മാഷും ബാലൻമാസ്‌റ്ററും കുഞ്ഞമ്പുനായരും ശങ്കുണ്ണിനായരും കണ്ണൻ നമ്പ്യാരും പണ്ടാരി ഗണേശനും മറ്റും ആന്തൂരിലെ കോൺഗ്രസ് നേതാക്കളായിരുന്നു, പലരും മത്സരിക്കുകയും ചെയ്‌തിരുന്നു. കുഞ്ഞമ്പുനായരും കെ സുധാകരനും മറ്റും ആന്തൂരിൽ വിവിധയിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ സംസാരിക്കുന്നതിന് ഈ ലേഖകനും ദൃക്‌സാക്ഷിയായിരുന്നു. ഒരു വർഷം മുമ്പ് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മുഴുവൻ വാർഡിലും പദയാത്ര നടത്തിയതായി ‘മലയാള മനോരമ’ റിപ്പോർട്ട് ചെയ്‌തു. എന്നാൽ, കോൺഗ്രസിന്റെ പ്രവർത്തനം തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രമാണുണ്ടായിരുന്നത്. മുകളിൽനിന്ന് ഫണ്ട് വന്നാൽമാത്രം ചലിക്കുന്ന പാർടിയായി അത്. ജനങ്ങളുമായി അടുത്തബന്ധം ഉണ്ടായിരുന്നില്ല. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസിനെക്കൊണ്ട് കഴിയില്ലെന്ന് അനുഭവത്തിലൂടെ ജനങ്ങൾ മനസ്സിലാക്കി. സ്വാഭാവികമായും കോൺഗ്രസ് ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടു.
1990കളിൽ ഇന്ത്യയിലെങ്ങും കോൺഗ്രസ് അപ്രസക്തമായതോടെ ആന്തൂരിലും കോൺഗ്രസിന്റെ കൊടിപിടിക്കാൻ ആളില്ലാതായി. കോൺഗ്രസിനെ വളർത്തേണ്ട ചുമതല ജനാധിപത്യത്തിന്റെ പേരിൽ സിപിഐ എമ്മിന് ഏറ്റെടുക്കാൻ പറ്റില്ലല്ലോ? പാന്തോട്ടം, ചേര, മയിലാട്ട് ഉൾപ്പെടെ കോൺഗ്രസിന് സ്വാധീനമുള്ള പ്രദേശങ്ങളിൽനിന്ന് പലരും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. ഇതോടെ കോൺഗ്രസ് തീർത്തും ദുർബലമായി. ഈ യാഥാർഥ്യം മറച്ചുപിടിക്കാനാണ് വാർപ്പ് മാതൃകകളുമായി വലതുപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്. അവരോട് സഹതപിക്കാനേ നമുക്ക് കഴിയൂ.
വി ബി പരമേശ്വരൻ
No comments:
Post a Comment