ലോകത്തെ വ്യാഖ്യാനിക്കുന്നതിൽനിന്ന് വ്യത്യസ്‌തമായി അതിനെ മാറ്റിമറിക്കാൻ കാൾ മാർക്‌സിനൊപ്പം ചിന്താപരവും പ്രായോഗികവുമായ ഉജ്വല സംഭാവനകൾ നൽകിയ ഫ്രെഡറിക് എംഗൽസിന്റെ ജന്മദ്വിശതാബ്ദിദിനമാണ് ഇന്ന്. ഇപ്പോൾ ജർമനിയുടെ ഭാഗമായ പ്രഷ്യയിലെ ബർമനിൽ വസ്ത്രവ്യവസായിയായ ഫ്രെഡറിക് എംഗൽസ് സീനിയറിന്റെയും എലിസബത്ത് ഫ്രാൻസിസ്‌ക മൗറിത്തിയയുടെയും മകനായി 1820 നവംബർ 28ന് ആയിരുന്നു ജനനം. ഈശ്വരവിശ്വാസിയായ അച്ഛൻ, മകനും അങ്ങനെയാകാൻ ആഗ്രഹിച്ചു. എന്നാൽ, എംഗൽസ് വഴിമാറി. അച്ഛന്റെ സംരംഭങ്ങൾ നോക്കിനടത്തുമെന്ന് കുടുംബം കരുതിയെങ്കിലും സമൂഹത്തിലെ വിഭജനങ്ങൾ അസ്വസ്ഥനാക്കിയ ആ യുവാവിൽ വിപ്ലവചിന്തകളാണ് മുളച്ചത്. സമഗ്രാധിപത്യത്തിനെതിരെ അലയടിക്കാൻ തുടങ്ങിയ പ്രക്ഷോഭങ്ങളിലേക്ക് അതിവേഗം മാനസികമായി അടുക്കുകയുംചെയ്‌തു.
ഹെഗലിന്റെ ആശയങ്ങളിലേക്കാണ് എംഗൽസ് ആദ്യം ആകർഷിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കൃതികൾ പലതും തേടിപ്പിടിച്ച് ഹൃദിസ്ഥമാക്കി. വായനയും സംവാദങ്ങളും എംഗൽസിലെ സർഗാത്മകതയും തത്വാന്വേഷണങ്ങളും പോഷിപ്പിച്ചു. അങ്ങനെ മുളപൊട്ടിയ സാഹിത്യതാൽപ്പര്യത്തിന്റെ തുടർച്ചയിലാണ് 1838 സെപ്തംബറിൽ ‘ദ ബെദോവിൻ’ എന്ന ആദ്യ കവിത വെളിച്ചംകണ്ടത്. മൂന്നു വർഷം കഴിഞ്ഞ് പ്രഷ്യൻ സൈന്യത്തിൽ ചേർന്നു. തുടർന്ന് ബെർലിനിലേക്ക് പോയി. അവിടെ ‘യങ് ഹെഗേലിയൻസ്’എന്ന യുവജന സംഘടനയിൽ പ്രവർത്തിക്കാൻ തുടങ്ങി.
രാഷ്ട്രീയാഭിമുഖ്യത്തിൽനിന്ന് അകറ്റുന്നതിന് അച്ഛൻ തനിക്കുകൂടി ഓഹരിയുള്ള മാഞ്ചസ്റ്ററിലെ എർമാൻ ആൻഡ് എംഗൽസ് നൂലുൽപ്പാദന കമ്പനിയിൽ ജോലിയെടുക്കാൻ എംഗൽസിനെ 1842ൽ ഇംഗ്ലണ്ടിലേക്കയച്ചു. ആ യാത്രയ്‌ക്കിടയിലാണ് ‘റൈനിഷ് സൈതൂങ്’ പത്രം ഓഫീസിൽ ചെന്ന് മാർക്‌സിനെ കാണുന്നത്. അത് ലോകചരിത്രഗതിയെ മാറ്റിമറിച്ച രണ്ട് ധിഷണാശാലികളുടെ ആദ്യ സമാഗമമായി; ഏറ്റവും ആഴത്തിലുള്ള സൗഹൃദങ്ങളിലൊന്നായും ബലിഷ്‌ഠമായ ബൗദ്ധിക കൂട്ടുകെട്ടായും വളർന്നു. ഇരുവരും പരസ്‌പരം അയച്ച കത്തുകൾ രാഷ്ട്രീയവും സാമ്പത്തികവും തത്വശാസ്‌ത്രവും കലാ–- സൗന്ദര്യ ചിന്തകളും പങ്കുവച്ച സംവാദങ്ങളായി മാറി. മാർക്‌സിന്റെ ചില സൈദ്ധാന്തികാന്വേഷണങ്ങൾ പൂരിപ്പിച്ചതുപോലെ അദ്ദേഹത്തിനും കുടുംബത്തിനും സാമ്പത്തികമായ താങ്ങായിനിന്നതും എംഗൽസാണ്. 1842 അന്ത്യത്തോടെ ലിബറലിസത്തോടും ‘യങ് ഹെഗേലിയൻസ്’ ദർശനങ്ങളോടും വേർപിരിഞ്ഞ് താനൊരു കമ്യൂണിസ്റ്റാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
റൈനിഷ് സൈതൂങ്ങിൽ എംഗൽസ് തുടർച്ചയായി എഴുതിയവ സമാഹരിച്ചതാണ് ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി’ എന്ന കൃതി. അതിലാണ് ഇക്കാലത്തെ പ്രധാന ചർച്ചകളിലൊന്നായ ആരോഗ്യവും സാമൂഹ്യ‐ സാമ്പത്തിക അന്തരീക്ഷവും തമ്മിലുള്ള അഭേദ്യബന്ധം ആദ്യം വിശകലനം ചെയ്‌തതും. വ്യവസായവൽക്കരണത്തിന്റെ പ്രഥമ ഘട്ടത്തിലെ തൊഴിലാളികളുടെ കൊടിയ ദുരിതങ്ങളാണ് ആ പുസ്തകത്തിൽ വിവരിച്ചത്. അക്കാലത്ത് അവരെ പിടികൂടിയ ഒട്ടുമിക്ക രോഗങ്ങളും ദുസ്സഹമായ ജീവിതാവസ്ഥയുടെ ഫലമാണെന്ന് എംഗൽസ് നിരീക്ഷിച്ചു. അവയിൽ പലതും തൊഴിൽജന്യ കാരണങ്ങളാലാണെന്ന് ആരോഗ്യ വിദഗ്‌ധർ കണ്ടെത്തുന്നതിന് പതിറ്റാണ്ടുകൾമുമ്പ് ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ അവസ്ഥ’യിൽ അദ്ദേഹം എഴുതി. അത് മാർക്‌സിനും വർഗ വിശകലനത്തിലടക്കം ആഴത്തിലുള്ള ഉൾക്കാഴ്‌ച നൽകുന്നതായി. ‘പ്രകൃതിയുടെ വൈരുധ്യാത്മകത’, ‘ജർമൻ പ്രത്യയശാസ്‌ത്രം’ തുടങ്ങിയ രചനകളും സമാന സ്വഭാവത്തിലുള്ളവ.
1847ൽ രൂപംകൊണ്ട കമ്യൂണിസ്റ്റ് ലീഗായിരുന്നല്ലോ തൊഴിലാളിവർഗത്തിന്റെ ആദ്യ രാഷ്ട്രീയ സംഘടന. അതേ വർഷം നവംബറിൽ ലണ്ടനിൽ ചേർന്ന ആദ്യ കോൺഗ്രസിന്റെ നിർദേശമനുസരിച്ച് വിശദ പരിപാടി തയ്യാറാക്കാൻ മാർക്‌സിനെയും എംഗൽസിനെയും ചുമതലപ്പെടുത്തി. അതുപ്രകാരം 1848 ഫെബ്രുവരി 21-ന് പുറത്തിറക്കിയതാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ‘‘യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു‐ - കമ്യൂണിസമെന്ന ഭൂതം. ആ ഭൂതത്തിന്റെ ബാധയൊഴിക്കാൻ പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം‐- മാർപാപ്പയും സർചക്രവർത്തിയും മെറ്റർനിക്കും ഗിസോയും ഫ്രഞ്ച് റാഡിക്കൽ കക്ഷിക്കാരും ജർമൻ പൊലീസ് ചാരന്മാരുമെല്ലാം പാവനസഖ്യത്തിൽ ഏർപ്പെട്ടിരിക്കയാണ്’’ എന്ന മാനിഫെസ്‌റ്റോയുടെ തുടക്കം ഇക്കാലത്തും മറ്റൊരർഥത്തിൽ പ്രസക്തമാണ്. സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ എന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന അത്, വർഗസമരത്തിന്റെ ചരിത്രപരവും കാലികവുമായ ഓർമപ്പെടുത്തലുമായി. മുതലാളിത്ത പ്രതിസന്ധിയും കമ്യൂണിസത്തിന്റെ രൂപങ്ങളും സംബന്ധിച്ച നിഗമനങ്ങളും അവതരിപ്പിച്ചു. മാനിഫെസ്‌റ്റോ പ്രസിദ്ധീകൃതമായതോടെ യൂറോപ്പിലാകെ തൊഴിലാളിവർഗ മുന്നേറ്റങ്ങൾക്ക് ആവേശകരമായ ദിശാബോധവും പ്രത്യയശാസ്ത്രദാർഢ്യവും കൈവന്നു. തുടർന്ന് ഭരണകൂടങ്ങൾ ചെറുത്തുനിൽപ്പുകളെ കണ്ണിൽ ചോരയില്ലാത്തവിധം നേരിട്ടപ്പോൾ കമ്യൂണിസ്റ്റ് ലീഗിന്റെ പ്രവർത്തനം അതീവ ദുഷ്‌കരമായി.
ആഗ്രഹചിന്തകൾമാത്രമായ അരാജകവാദങ്ങളും തൊഴിലാളിവർഗത്തിന്റെ വിപ്ലവാത്മക ദൗത്യത്തെ നിരാകരിക്കുന്ന ബൂർഷാസമീപനങ്ങളും തീർത്ത ശൈഥില്യത്തെയും നൈരാശ്യത്തെയും രാഷ്ട്രീയവും സൈദ്ധാന്തികവുമായി അതിജീവിച്ചാണ് മാർക്‌സും എംഗൽസും നേതൃത്വം നൽകി 1864ൽ ഇന്റർനാഷണൽ വർക്കിങ് മെൻസ് അസോസിയേഷൻ രൂപീകരിക്കുന്നത്. 1871ലെ പാരീസ് കമ്യൂൺ ഉൾപ്പെടെയുള്ള സംഭവപരമ്പരകളുടെ വിജയപരാജയങ്ങളും കയറ്റിറക്കങ്ങളും ഗുണപരവും നിഷേധാത്മകവുമായ പാഠങ്ങളും സ്വാംശീകരിച്ചതും മുന്നോട്ടു കൊണ്ടുപോയതും രണ്ടാം ഇന്റർനാഷണൽ രൂപീകരിച്ചതുമെല്ലാം എംഗൽസിന്റെ നേതൃത്വത്തിലായിരുന്നു. മൂലധനത്തിന്റെ രണ്ടും മൂന്നും വാല്യങ്ങൾ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹം. പരിഹാരമില്ലാതെ ആവർത്തിക്കുന്ന മുതലാളിത്ത പ്രതിസന്ധിയും കൊറോണ വൈറസ് തീർത്ത ആരോഗ്യരംഗത്തെ സങ്കീർണതയും മനുഷ്യകുലത്തെ മുതലാളിത്തേതരമായ ബദലുകളെയും സോഷ്യലിസത്തിന്റെ പ്രസക്തിയെയും മുൻനിർത്തിയുള്ള പുനരാലോചനകളിലേക്കും മാർക്‌സിന്റെയും എംഗൽസിന്റെയും മുതലാളിത്ത വിമർശങ്ങളുടെ കാലിക പ്രസക്തിയിലേക്കും തിരിച്ചുനടത്തിച്ചുകൊണ്ടിരിക്കുന്ന ആഗോള സാഹചര്യത്തിലാണ് എംഗൽസിന്റെ 200-–-ാം ജന്മദിനം. നിയോലിബറൽ ചൂഷണത്തിനെതിരായ ചെറുത്തുനിൽപ്പുകൾ തീക്ഷ്‌ണമാക്കിക്കൊണ്ടാണ് ലോകത്തെ വീണ്ടെടുക്കാൻ ശ്രമിക്കേണ്ടത്. ഓർമകളും ഒരു സമരായുധമാണെന്ന പാഠം അതിന് വഴികാട്ടിയാകും.
deshabhimani editorial 281120
No comments:
Post a Comment