100 ദിവസത്തിൽ 100 പദ്ധതി നടപ്പാക്കുമെന്ന് ഓണസന്ദേശമായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. അതുകഴിഞ്ഞ് 72 ദിനമായി. പൂർത്തിയാക്കിയത് നൂറല്ല; 101 . നൂറ് ദിവസം തികയുന്ന ഡിസംബർ ഒമ്പതിനകം 155 പദ്ധതി പൂർത്തിയാക്കാനാണ് വകുപ്പുകളുടെ ശ്രമം. 35 വകുപ്പിലാണ് ഈ പദ്ധതികൾ. ഇവയിലാകെ 907 ഘടക പദ്ധതിയിൽ 759 പൂർത്തിയായി. 97 പുരോഗതിയിലും.
കാൽലക്ഷം വീടുകൂടി പ്രഖ്യാപിച്ചു
ലൈഫ് പദ്ധതിയിൽ 25,000 വീടിന്റെകൂടി പൂർത്തീകരണം പ്രഖ്യാപിച്ചു. 29 ഭവന സമുച്ചയത്തിന്റെ നിർമാണത്തിന് തുടക്കം. കുറ്റിപ്പുറത്ത് സംയോജിത പ്ലാസ്റ്റിക് മാലിന്യ പരിപാലനകേന്ദ്രം. 1000 പച്ചത്തുരുത്ത് സൃഷ്ടിക്കൽ പൂർത്തീകരിച്ചു. 150ൽപരം തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം. കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം. വടക്കാഞ്ചേരി നഗരസഭാ കെട്ടിടം തുറന്നു. 589 തദ്ദേശഭരണസ്ഥാപനത്തിന് സമ്പൂർണ ഖരമാലിന്യ സംസ്‌കരണ പദവി. തിരുവനന്തപുരത്ത് രണ്ട് ആധുനിക മൾട്ടി ലെവൽ കാർപാർക്കിങ് സൗകര്യം. നവീകരിച്ച സ്‌റ്റേറ്റ് ഡെയ്‌റി ലാബ് കെട്ടിടം, പുനലൂർ കോടതി സമുച്ചയം, അരുവിക്കര മിനി സിവിൽ സ്‌റ്റേഷൻ എന്നിവ പൂർത്തിയാക്കി.
ആശുപത്രികൾ തിളങ്ങി
ചിറയിൻകീഴ്, കാഞ്ഞിരംകുളം, പേരൂർക്കട, നെടുമങ്ങാട്, പാലക്കാട് ചിറ്റൂർ, പയ്യന്നൂർ, പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി, ആലപ്പുഴ ചെട്ടികാട്, കൊയിലാണ്ടി, കണ്ണൂർ, കാസർകോട് നീലേശ്വരം, ചാലക്കുടി, തളിപ്പറമ്പ്, കാസർകോട് മംഗൽപാടി, ചെങ്ങന്നൂർ, വൈക്കം, കുറ്റ്യാടി, ശാസ്‌താംകോട്ട, താമരശേരി, പാല, തൃശൂർ പുതുക്കാട്, ഇരിങ്ങാലക്കുട, തിരുവനന്തപുരം ജനറൽ ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ തുറന്നു.
തുറന്ന റോഡും പാലങ്ങളും
910 കോടി രൂപ അടങ്കലിൽ നവീകരിച്ച 158 കിലോമീറ്റർ കെഎസ്‌ടിപി റോഡ്, 1273 കോടിയിൽ 181 മരാമത്ത് റോഡ്. 27 കിഫ്‌ബി റോഡ്, പൊതുമരാമത്തുവകുപ്പ് 181 റോഡ്, 21 പാലം, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ, ആലപ്പുഴ ബൈപാസ് എന്നിവ തുറന്നു. വയനാട് തുരങ്കപാത, ആലപ്പുഴ–-ചങ്ങനാശേരി സെമി എലിവേറ്റഡ് റോഡ് നിർമാണ തുടക്കം. ദേശീയപാതാ വികസനത്തിന് തുടക്കം. കൊച്ചി മെട്രോയുടെ തൈക്കൂടം–- പേട്ട പാത തുറന്നു.
പത്തനംതിട്ട പരുമലയിലെ ഉപദേശിക്കടവ് പാലം |
2 തുറമുഖം
കൊയിലാണ്ടി, മഞ്ചേശ്വരം മത്സ്യബന്ധനതുറമുഖങ്ങൾ തുറന്നു. പോർട്ട് മ്യൂസിയത്തിന്റെ നിർമാണജോലി തുടങ്ങി.
5 ലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ്
കെഎസ്‌എഫ്‌ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ അഞ്ചുലക്ഷം കുട്ടികൾക്ക് ലാപ്‌ടോപ്പുകളെത്തിക്കുന്ന വിദ്യാശ്രീ പദ്ധതിക്ക് തുടക്കം.
പട്ടികജാതി വിദ്യാർഥികൾക്ക് 12,250 പഠനമുറി സജ്ജം. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി 20 പദ്ധതികൂടി. നാല് പട്ടികവർഗ മെട്രിക് ഹോസ്റ്റൽ തുറന്നു. ആലപ്പുഴയിലെ മാതൃകാ പി കെ കാളൻ പട്ടികവർഗ കുടുംബ ഉന്നമന പദ്ധതി പൂർത്തീകരിച്ചു.
തളിപ്പറമ്പ്, ചേളന്നൂർ, ഒറ്റപ്പാലം, തൊടുപുഴ, നാവായിക്കുളം, കാഞ്ഞിരംകുളം, കല്ലേറ്റുംകര, വിതുര എന്നിവിടങ്ങളിൽ പുതിയ രജിസ്‌ട്രാർ ഓഫീസ് കെട്ടിടം ഉദ്‌ഘാടനംചെയ്‌തു.
മെഡിക്കൽ കോളേജ് ഹൈടെക്
തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർസിസി എന്നിവയ്‌ക്ക് അത്യാധുനിക കാഷ്വാലിറ്റി തുറന്നു. കോട്ടയം മെഡിക്കൽ കോളേജിൽ എട്ടു പദ്ധതി. മലബാർ ക്യാൻസർ സെന്ററിൽ ആറ് പദ്ധതി. കൊല്ലം മെഡിക്കൽ കോളേജിൽ കാത്ത് ലാബും ഐസിയുവും തുറന്നു. കോന്നി മെഡിക്കൽ കോളേജിൽ ഒപി വിഭാഗവും കാസർകോട് ടാറ്റാ കോവിഡ് ആശുപത്രിയും പ്രവർത്തനം തുടങ്ങി.
ഉന്നതവിദ്യാഭ്യാസമേഖലയിൽ 150 പുതിയ കോഴ്‌സിന് തുടക്കം. പാലക്കാട് ഐഐടി നിള ക്യാമ്പസ് തുറന്നു. 32 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടമായി. അടങ്കൽ 26 കോടി. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല യാഥാർഥ്യമായി. ബദിയടുക്ക, തങ്കമണി, ഉടുമ്പഞ്ചോല, ചേർത്തല, മട്ടന്നൂർ എക്‌സൈസ് ഓഫീസുകൾക്ക് പുതിയ കെട്ടിടം.
കുന്നുംകുളം, കോട്ടായി സ്‌കൂൾ, നീലേശ്വരം, പിലാത്തറ, ചിറ്റൂർ, കൂത്തുപറമ്പ്, കൈപ്പറമ്പ്, ചാലക്കുടി, കണ്ണമ്പ്ര എന്നിവിടങ്ങളിൽ സ്‌റ്റേഡിയം തുറന്നു. 20 കാർഷിക അടിസ്ഥാന സൗകര്യ പദ്ധതികൾക്കും കാർഷിക യന്ത്രവൽക്കരണ പദ്ധതിക്കും ആരംഭം കുറിച്ചു.
മാടക്കത്തറ ആദ്യഘട്ടം
പുഗലൂർ–-മാടക്കത്തറ ഹൈവോൾട്ടേജ് ഡിസി ലൈനിന്റെ ആദ്യഘട്ടം കമീഷൻ ചെയ്‌തു. പത്തനാപുരം, പയ്യന്നൂർ, ചടയമംഗലം, രാമനാട്ടുകര, കൊണ്ടോട്ടി എന്നിവിടങ്ങളിൽ സബ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസ് തുറന്നു.
ടൂറിസം കുതിക്കും
തിരുവനന്തപുരം രവിവർമ ആർട്ട് ഗ്യാലറി. നാച്വറൽ ഹിസ്റ്ററി മ്യൂസിയം നവീകരണവും തൃശൂർ ചേറ്റുവ കോട്ട സംരക്ഷണ പദ്ധതിയും പൂർത്തിയാക്കി. കണ്ണൂർ കൈത്തറി കോംപ്ലക്‌സിലെ പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കി. കൈത്തറി മ്യൂസിയം തുറന്നു. കാര്യവട്ടത്ത് ഇന്റർനാഷണൽ റിസർച്ച് ആൻഡ് ഹെറിറ്റേജ് സെന്റർ. ഇടുക്കി ജില്ലാ പൈതൃക മ്യൂസിയവും നാടിന് സമർപ്പിച്ചു. കണ്ണൂർ സെന്റ് ജോൺസ് പള്ളി ശാസ്‌ത്രീയ സംരക്ഷണം പൂർത്തിയാക്കി.
66 ടൂറിസം കേന്ദ്രത്തിന്റെ നവീകരണം പൂർത്തിയായി.
പൊലീസ് പരിശീലനം
ആലപ്പുഴയിലും കോട്ടയത്തും ജില്ലാതല പൊലീസ് പരിശീലനകേന്ദ്രം. കണ്ണൂർ സിറ്റി പൊലീസ് കോംപ്ലക്‌സിന്റെ നിർമാണത്തിന് തുടക്കം. പൊലീസ് സ്റ്റുഡിയോ റൂമായി. തൃശൂരിൽ വികേന്ദ്രീകൃത ലോക്കപ് സംവിധാനം. തിരുവനന്തപുരത്ത് റെയിൽവേ പൊലീസ് കൺട്രോൾ റൂം. ഇടുക്കി മുട്ടത്തും കുളമാവിലും പുതിയ പൊലീസ് സ്‌റ്റേഷൻ കെട്ടിടം.
60 മീൻ മാർക്കറ്റ് സൂപ്പർ
ആദ്യഘട്ടത്തിൽ അഞ്ചിടത്ത് ജോലി തുടങ്ങി. എട്ടിടത്തുകൂടി ഉടൻ. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓൺലൈൻ മത്സ്യവിപണനവും ഹോം ഡെലിവറിയും. മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, കെപ്‌കോ എന്നിവ വഴി 500 ചിക്കൻ ഔട്ട്‌ലെറ്റ് സ്ഥാപിച്ചു.
ബിസിനസിന് ഏകജാലകം
ഈസ് ഓഫ് ഡൂയിങ് ബിസിനസിന് ഏകജാലക സംവിധാനമായി.
കുട്ടനാട് സംയോജിത റൈസ് ടെക്‌നോളജി പാർക്ക്, ട്രാവൻകൂർ സിമന്റ് ലിമിറ്റഡിൽ ഗ്രേ സിമന്റ് ഉല്പാദന യൂണിറ്റ്, മെഡിക്കൽ ഡിവൈസ് പാർക്ക്, നാടുകാണി ടെക്‌സ്‌റ്റൈൽ പ്രോസസിങ് സെന്റർ, കണ്ണൂർ നാച്ചുറൽ റബർ പ്രോഡക്ട്സ് ലിമിറ്റഡ് എന്നിവയ്‌ക്ക് ശിലയിട്ടു.
ഈ നന്മ പൊന്നാകട്ടെ
പാലക്കാട് > മാസങ്ങൾ കാത്തിരുന്ന് ലഭിക്കുന്ന 600 രൂപ പെൻഷൻ കിട്ടാൻ അന്ന് എത്ര ദിവസം ബാങ്കിൽ പോകണമായിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ വാങ്ങാൻ പോയത് ഓർക്കുമ്പോൾ കൊടുമ്പ് മിഥുനംപള്ളം വെള്ളക്കുട്ടി എന്ന കർഷകത്തൊഴിലാളിക്ക് ഇന്നും വല്ലാത്ത വേവലാതിയാണ്. എന്നാൽ, ഇപ്പോൾ എല്ലാ മാസവും പെൻഷൻ 1,400 രൂപ വീട്ടിലെത്തിക്കുന്നു.
മിഥുനംപള്ളം വെള്ളക്കുട്ടി |
വിശ്വസിക്കാനാവുന്നില്ല, ഈ നന്മ പൊന്നാകട്ടെ... പ്രായമായ എന്നെപ്പോലുള്ളവർ ഓട്ടോ വിളിച്ച് ബാങ്കിലെത്തി വരിനിന്നു വാങ്ങിയ പെൻഷനാണ് വീട്ടിലേക്ക് എത്തിച്ചത്. ജനങ്ങളുടെ ദുരിതം അകറ്റിയ എൽഡിഎഫ് സർക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇപ്പോൾ കിട്ടുന്ന പെൻഷൻ കുടുംബത്തിനാകെ ആശ്വാസമാണ്–-വെള്ളക്കുട്ടി പറഞ്ഞു.
ജി രാജേഷ്‌കുമാർ
No comments:
Post a Comment