കൊച്ചി> മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാന്‍ എൻഫോഴ്‌സ്‌മന്റ് ഡയറ്‌ടറേറ്റ് നിർബന്ധിക്കുന്നുവെന്ന സ്വര്‍ണ്ണ ക്കടത്ത് കേസിലെ പ്രതി പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഈ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ നീക്കം സംബന്ധിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നു. സ്വപ്ന സുരേഷിന്റെ മൊഴിയായി ഇഡി കോടതിയില്‍ കൊടുത്ത വിവരങ്ങളുടെ വിശ്വാസ്യത കോടതി തന്നെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു അതിനു പിന്നാലെയാണ് ഇപ്പോള്‍ സ്വപ്നയുടെ ശബ്ദസന്ദേശം കൂടി പുറത്തുവന്നത്.
കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് കേന്ദ്ര ഏജൻസിയുടെ സമ്മര്‍ദ്ദമെന്നും സ്വപ്‌നയുടെ ശബ്‌ദസന്ദേശത്തിലുണ്ട്. ഓൺലെൻ മാധ്യമമായ "ദ ക്യൂ' ആണ് ശബ്‌ദരേഖ പുറത്തുവിട്ടത്.
സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽനിന്ന് എൻഐഎ പിടിച്ചെടുത്ത പണം ലൈഫ് മിഷൻ കരാറുകാരൻ നൽകിയ കമീഷനാണെന്ന ഇഡി വാദമാണ് കഴിഞ്ഞ ദിവസം കോടതി ചോദ്യം ചെയതത്. ഈ മൊഴിയെപ്പറ്റി കൂടുതൽ അന്വേഷണം വേണമെന്നും കോടതി പറഞ്ഞിരുന്നു.
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരാമർശം. ലോക്കറിൽനിന്ന് എൻഐഎ പിടിച്ചെടുത്ത പണം സ്വർണക്കടത്തിൽനിന്നുള്ള പ്രതിഫലമോ ലൈഫ് മിഷനിലെ കരാറുകാരൻ നൽകിയ കമീഷനോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം. ഇഡിയുടെ വാദത്തിൽ വൈരുധ്യമുണ്ടെന്നാണു ജഡ്‌ജി ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞത്.
ലോക്കറിൽനിന്ന് കിട്ടിയ പണം ലൈഫ് മിഷൻ കരാറുകാരനിൽനിന്ന് ശിവശങ്കറിന് ലഭിച്ചതെന്നാണ് പുതിയ വാദം, ഇത് സ്വപ്‌ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലെന്നാണ് ഇഡി അവതരിപ്പിച്ചത്. അതുവരെ പറഞ്ഞത് ഇത് സ്വർണക്കടത്തിലൂടെ സ്വപ്‌ന സമ്പാദിച്ച പണമെന്നാണ്.
ലോക്കറിലെ പണം ലൈഫിലെ കമ്പനി നല്‍കിയ കമീഷനെന്ന ഇഡിയുടെ വാദം, സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇഡി രജിസ്‌റ്റർ ചെയ്‌ത് അന്വേഷിക്കുന്ന കേസിന് എതിരാകുമെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു. അതിനാൽ പത്തിന് ഇഡിക്ക് സ്വപ്‌ന നൽകിയ മൊഴി സൂക്ഷ്‌മമായി പരിശോധിച്ച് അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞത് .
താന്‍ പറയാത്ത കാര്യങ്ങള്‍ മോഴിയാക്കി കോടതിയില്‍ കൊടുക്കുകയാണ് ഇഡി ചെയ്യുന്നതെന്ന സ്വപ്നയുടെ ആരോപണം ശരിവെക്കും വിധമാണ് കോടതിയുടെ ഈ നിരീക്ഷണം.
സ്വപ്‌നയുടെ ശബ്‌ദരേഖയിൽ പറയുന്നതിങ്ങനെ:
"അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്‌റ്റേറ്റ്‌മെന്റ് വായിക്കാന്‍ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞേ. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റില്‍ ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില് യു.എ.ഇയില്‍ പോയി സി.എമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസിയേഷന്‍ ചെയ്തിട്ടുണ്ടെന്ന്, എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാന്‍. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവര്‍ ചെലപ്പോ ജയിലില്‍ വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട് ഒരു പാട് ഫോഴ്‌സ് ചെയ്‌തു.’’
36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് പുറത്തു വന്നിരിക്കുന്നത്. സ്വപ്‌ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.
No comments:
Post a Comment