അന്വേഷണ ഏജൻസിക്കെതിരെ നിർണായക വെളിപ്പെടുത്തലടങ്ങിയ സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ സംബന്ധിച്ച് വീണ്ടും കെട്ടുകഥകളും സൂചനകളുമായി മലയാള മനോരമ. സ്വപ്‌നയുടെ മൊഴി എന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരത്തേ ചോർത്തിക്കൊടുത്ത അസത്യങ്ങൾ പൊടിപ്പും തൊങ്ങലും വ്യാഖ്യാനങ്ങളുമായി ആഘോഷിച്ച മനോരമ അതേ പ്രതിയുടെ വെളിപ്പെടുത്തലിൽ നെറ്റിചുളിക്കുന്നു.
സ്വപ്‌ന പറഞ്ഞത് ആരോട്, ഏത് ഏജൻസിയെ കുറിച്ച് എന്നിങ്ങനെ നീളുകയാണ് മനോരമ ലേഖകന്റെ സംശയം. കള്ളവാർത്ത ചമയ്‌ക്കൽ ശീലമാക്കിയ ലേഖകരെ തന്നെയാണ് ഇതിനായും രംഗത്തിറക്കിയത്. കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌നയുടെ മൊഴി സർക്കാരിനെതിരെ ആയുധമാക്കിയപ്പോൾ തോന്നാത്ത യുക്തിവാദങ്ങളാണ് ഇപ്പോൾ നിരത്തുന്നത്. അതിന് വിശ്വസനീയത നൽകാൻ ‘രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നു’ എന്ന് ഒന്നാം പേജിൽ വാർത്തയും.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തിയെന്ന് ശബ്‌ദരേഖയിൽ വെളിപ്പെടുത്തിയാലും ‘ഇഡിക്ക് നൽകിയ മൊഴിയിൽനിന്ന് സ്വപ്‌നയ്‌ക്ക് പിന്മാറാൻ കഴിയില്ലെന്ന’ നിരീക്ഷണമാണ് മറ്റൊരു ലേഖകന്റെ വക. എം ശിവശങ്കർ ചികിത്സയിൽ കഴിഞ്ഞ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സിആർപിഎഫിനെ കാവലിന് നിയോഗിച്ചെന്ന കള്ളം പടച്ചുവിട്ട ലേഖകനാണ് ഈ വാർത്തയിലൂടെ സ്വയം സമാധാനിക്കുന്നത്.
സ്വപ്‌നയുടെ ശബ്‌ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കാൻ കുറ്റാന്വേഷണ വിദഗ്‌ധരായി മാറാനും മനോരമ മടിക്കുന്നില്ല. ഇതിനായി മൂന്ന് സൂചനയും നിരത്തി. സ്വപ്‌ന വക്കീലിനോട് സംസാരിച്ച അതേ ദിവസമായിരുന്നു ശബ്‌ദസന്ദേശത്തിലെ സംഭാഷണമെന്നാണ് കണ്ടെത്തൽ. സ്വപ്‌നയുടെ മൊഴി എന്നുപറഞ്ഞ് ചില അന്വേഷണ ഉദ്യോഗസ്ഥർ ചോർത്തിക്കൊടുത്ത വിവരങ്ങളെ അടിസ്ഥാനമാക്കി ദുരുദ്ദേശ്യപരമായി വാർത്ത നൽകിയപ്പോൾ ഈ യുക്തി എവിടെയായിരുന്നൂവെന്നാണ് ചോദ്യം. പഴയ നുണക്കൂട്ടുകൾ തിരിച്ചടിയായതിന്റെ ജാള്യതയാണ് മനോരമയ്‌ക്ക്.
ഇഡിയെ കുടുക്കി സ്വപ്‌നയുടെ ശബ്ദരേഖ ; എറണാകുളം ജയിലിൽനിന്ന് വിളിച്ചത് 18 തവണ
മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ഇഡിയെ വെട്ടിലാക്കി. അന്വേഷണത്തിന്റെ മറവിൽ ഇഡി നടത്തുന്ന ഗൂഢനീക്കം തുറന്നുകാട്ടുന്നതാണ് ശബ്ദരേഖ. ഇതിനിടെ, സ്വപ്‌ന സുരേഷ് റിമാൻഡിൽ കഴിഞ്ഞ ജയിലുകളിൽനിന്ന് സൂപ്രണ്ടുമാർ ജയിൽ മേധാവിക്ക് റിപ്പോർട്ട് നൽകി. ഏറ്റവും കൂടുതൽ റിമാൻഡിൽ കഴിഞ്ഞ എറണാകുളം ജില്ലാ ജയിലിൽനിന്ന് കോടതി അനുമതിയോടെ വീഡിയോ കോൾ അടക്കം 18 തവണ സ്വപ്‌ന വിളിച്ചതായി സൂപ്രണ്ട് റിപ്പോർട്ട് നൽകി.
വിയ്യൂർ വനിതാ ജയിലിലും സ്വപ്‌ന കഴിഞ്ഞിരുന്നു. എന്നാൽ, ഇവിടെനിന്ന് ഫോൺ ചെയ്‌തിട്ടില്ല. നിലവിൽ സ്വപ്‌നയുള്ള അട്ടക്കുളങ്ങര ജയിലിൽ വ്യാഴാഴ്‌ച ജയിൽ ഡിഐജി പരിശോധന നടത്തി. ഇക്കാര്യത്തിൽ കേസെടുക്കുന്ന കാര്യവും പൊലീസ് തീരുമാനിച്ചിട്ടില്ല. ഇഡിയില്‍ നിന്നും ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ജയിൽ മേധാവി ഋഷിരാജ് സിങ്ങും പറഞ്ഞു.
ബുധനാഴ്‌ച രാത്രിയാണ് ഓൺലൈൻ മാധ്യമമായ ‘ദ ക്യൂ’ ശബ്ദരേഖ പുറത്തുവിട്ടത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി സമ്മർദം ചെലുത്തിയെന്നാണ് സ്വപ്‌ന പറയുന്നത്.
No comments:
Post a Comment