2020 നവംബർ 28 ഫ്രെഡറിക് എംഗൽസിന്റെ (ജനനം 1820) 200–-ാം ജന്മദിനമാണ്. 1895 ആഗസ്ത് അഞ്ചിന് സംഭവബഹുലമായ ആ ജീവിതത്തിന് അന്ത്യമായി. എന്നാൽ, അസമത്വത്തിനും അനീതിക്കും പാരതന്ത്ര്യത്തിനും ചൂഷണത്തിനുമെതിരെ എവിടെയെല്ലാം പോരാട്ടങ്ങൾ നടക്കുന്നുവോ അവിടെയെല്ലാം എംഗൽസ് ജീവിക്കുന്നു. മറ്റ് മഹാന്മാരായ വിപ്ലവകാരികളെയും രക്തസാക്ഷികളെയുംപോലെ. ‘‘ശവകുടീരത്തിൽ നീ ഉറങ്ങുമ്പോഴും ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു'' എന്ന് ഒ എൻ വി ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന കാൾ മാർക്സിനെ സ്മരിച്ച് എഴുതിയത് എംഗൽസിന്റെ കാര്യത്തിലും അർഥവത്താണ്.
വി ഐ ലെനിൻ ഇരുപത്തഞ്ചുകാരനായ യുവാവായിരിക്കുമ്പോഴാണ് എംഗൽസ് മരണമടഞ്ഞത്. ലെനിൻ അന്നെഴുതിയ ലേഖനത്തിന്റെ തലക്കെട്ട് ഉജ്വലമാണ്: ‘‘എന്തൊരു യുക്തി തീപ്പന്തമാണ് പൊലിഞ്ഞുപോയത് ! എന്തൊരു ഹൃദയമാണ് സ്പന്ദിക്കാതായത്'' പ്രശസ്ത കവി നെക്രാസോവിന്റെ വികാരം ത്രസിക്കുന്ന വരികളാണ് ലെനിൻ ഉദ്ധരിച്ചത്. ചില ചിന്തകർ പ്രഥമ ‘‘മാർക്സിസ്റ്റായി'' എംഗൽസിനെ വിശേഷിപ്പിക്കാറുണ്ട്. അപ്പോൾ കാറൽ മാർക്സോ? ‘‘ഞാനെന്തായാലും ഒരു മാർക്സിസ്റ്റല്ല'' എന്ന് കാൾ മാർക്സ് നടത്തിയ ചിന്തോദീപകമായ പ്രസ്താവന പ്രസിദ്ധം. എല്ലാ മേഖലയിലുമുള്ള ശാസ്ത്രീയവളർച്ചകൾ സ്വാംശീകരിച്ച് നിലയ്ക്കാതെ പരിവർത്തന വിധേയമാകേണ്ടതാണ് മാർക്സിസം അഥവാ ശാസ്ത്രീയ സോഷ്യലിസം. സമൂഹത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച ശാസ്ത്രീയവും അനുക്ഷണ വികസ്വരവും സമഗ്രവുമായ സമരസിദ്ധാന്തം എന്നാണല്ലോ മാർക്സും എംഗൽസും ആവർത്തിച്ച് ഓർമിപ്പിച്ചത്. മഹാചിന്തകരുടെ പേരിനോടുചേർത്ത് സിദ്ധാന്തങ്ങൾ അറിയപ്പെടുന്ന സമ്പ്രദായം ശാസ്ത്രീയ സോഷ്യലിസത്തിന്റെ കാര്യത്തിലെങ്കിലും അസ്വീകാര്യമാകുന്നത് സ്വാഭാവികം. കാരണം, അവരുടെ കാലഘട്ടത്തിലും അതു കഴിഞ്ഞും അവിരാമം വൈരുധ്യാത്മകമായി വളരുകയും വികസിക്കുകയും ചെയ്യുന്ന ശാസ്ത്രമാണത്. എഴുതുമ്പോഴും പറയുമ്പോഴും മനസ്സിലാക്കാനുള്ള സൗകര്യംമാത്രം കണക്കിലെടുത്ത് ‘മാർക്സിസം ലെനിനിസം’ തുടങ്ങിയ പ്രയോഗങ്ങൾ പ്രചാരത്തിൽ തുടരുന്നു. അങ്ങനെ നോക്കിയാൽ മാർക്സ് സ്വയം പിൻവാങ്ങിനിന്ന സാഹചര്യത്തിൽ പ്രഥമ മാർക്സിസ്റ്റായി എംഗൽസിനെ പരിഗണിച്ചാൽ തെറ്റില്ല.
കാൾ മാർക്സ് (1818 –-1883) തന്റെ ഉറ്റ സുഹൃത്ത് എംഗൽസിനെയും മറ്റ് സഖാക്കളെയും 1883ൽ വിട്ടുപിരിഞ്ഞതിനുശേഷം പന്ത്രണ്ട് വർഷംകൂടി എംഗൽസ് ജീവിച്ചിരുന്നു. സൈദ്ധാന്തികവും സമരഭരിതവും സംഘടനാപരവുമായ തുടർപ്രവർത്തനങ്ങളാൽ മുഖരിതമായ നാളുകളായിരുന്നു അവ. 1893ൽ ആഗസ്ത് ആറുമുതൽ സൂറിച്ചിൽ നടന്ന രണ്ടാം ഇന്റർനാഷണലിന്റെ മൂന്നാം കോൺഗ്രസിൽ എംഗൽസ് സംസാരിച്ചതായിരുന്നു അദ്ദേഹത്തിന്റെ ഒടുവിലത്തെ സുപ്രധാനമായ പങ്കാളിത്തവും ഇടപെടലും. ആഗസ്ത് 12ന് സമാപനപ്രസംഗം നടത്തിയതും എംഗൽസായിരുന്നു. മൂന്ന് ഭാഷയിലാണ് (ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്) അന്ന് പ്രസംഗിച്ചത്.
കാൾമാർക്സിനൊപ്പം 1844 മുതൽ 1883 വരെ എംഗൽസ് നടത്തിയ യോജിച്ച സൈദ്ധാന്തിക സമരങ്ങളും സംഘടനാപരമായ പ്രവർത്തനങ്ങളും പ്രായോഗിക വിപ്ലവപോരാട്ടങ്ങളും സമാനതകളില്ലാത്തതാണ്. മാർക്സിന്റെ മരണാനന്തരം എംഗൽസ്, മാർക്സിന് അന്തിമരൂപം നൽകാനാകാതെ പോയ മൂലധനത്തിന്റെ രണ്ടും മൂന്നും സഞ്ചികകൾ (യഥാക്രമം 1885ലും 1894ലും) പൂർത്തിയാക്കി പ്രസിദ്ധീകരിച്ചത് അതുല്യമായ സംഭാവനയായിരുന്നു. കഠിനാധ്വാനം മാത്രമല്ല; മാർക്സിന്റെ ചുരുക്കെഴുത്തും കൈപ്പടയും സങ്കീർണ ആശയങ്ങളും മനസ്സിലാക്കാനുള്ള ശേഷിയും പരിചയവും ആവശ്യമുള്ള ദുഷ്കരമായ പ്രവൃത്തിയായിരുന്നു അത്. പിന്നീട് എംഗൽസിന്റെ ശിഷ്യൻ കാൾ കൗട്സ്കിയാണ് (ബോൾഷെവിക് വിപ്ലവത്തെ എതിർത്തതിന് വഞ്ചകനായ കൗട്സ്കി എന്ന് ലെനിൻ) മൂലധനത്തിന്റെ നാലാം സഞ്ചിക എന്നുകൂടി അറിയപ്പെടുന്ന "മിച്ചമൂല്യ സിദ്ധാന്തങ്ങൾ' ഭാഗം പ്രസിദ്ധീകരിച്ചത്.
കാൾ മാർക്സ് തയ്യാറാക്കിയ കുറിപ്പുകൾകൂടി ആസ്പദമാക്കി 1884ൽ പ്രസിദ്ധീകരിച്ച "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം' എന്ന എംഗൽസിന്റെ കൃതി ഒരു ക്ലാസിക്കാണ്. 1877ൽ ലൂയിമോർഗൻ (1818 –- 1881) പ്രസിദ്ധീകരിച്ച "പ്രാചീന സമൂഹം' എന്ന ഗ്രന്ഥം മനുഷ്യസമൂഹപരിണാമം സംബന്ധിച്ച് അവതരിപ്പിച്ച കണ്ടെത്തലുകൾ വിപ്ലവകരമായിരുന്നു. അതിനെ വലിയ തോതിൽ ആശ്രയിച്ചുകൊണ്ടു നടത്തിയ വിശകലനങ്ങളാണ് എംഗൽസ് പ്രസിദ്ധീകരിച്ച "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം' എന്ന കൃതി.
1842 നവംബറിൽ കൊളോണിൽ റൈനിഷ് സൈതൂങ്ങി'ന്റെ ഓഫീസിൽവച്ച് കാൾ മാർക്സിനെ ആദ്യമായി കണ്ടുമുട്ടിയ എംഗൽസ് 1844 ആഗസ്‌തിൽ പാരീസിൽവച്ച് 10 ദിവസം മാർക്സുമൊത്ത് കഴിഞ്ഞു. അപ്പോഴാണ് മനുഷ്യചരിത്രത്തിലെ ഏറ്റവും നിസ്തുലമായ ആത്മസൗഹൃദത്തിനും സൈദ്ധാന്തിക സംഘടനാ സമരമേഖലകളിലെ ചരിത്രംകുറിച്ച സംയുക്തജീവിതത്തിനും തുടക്കമായത്. അന്നാണ് "വിശുദ്ധകുടുംബം' എന്ന കൃതി രണ്ടാളും ചേർന്ന് പങ്കിട്ടെഴുത്ത് തുടങ്ങിയത്.
ഒരാളെ പരാമർശിക്കുമ്പോൾ ഒപ്പം പരാമർശിക്കാൻ നാം നിർബന്ധിതരാകുന്ന ഇതുപോലെ രണ്ടു പേരുകൾ, മാർക്സും ഏംഗൽസും മനുഷ്യരാശിയുടെ ചരിത്രത്തിൽ വേറെയില്ല. ഇനി ഉണ്ടാകാനും സാധ്യതയില്ല. ഒന്നിച്ചെഴുതിയ കൃതികളിലും ഒറ്റയ്ക്ക് എഴുതിയ മഹാഭൂരിപക്ഷം കൃതികളിലും ഉജ്വലസമരങ്ങളിലും (1848 –-49 ലെ യൂറോപ്യൻ വിപ്ലവങ്ങൾ, 1871 ലെ പാരീസ് കമ്യൂൺ) ഒന്നാം ഇന്റർനാഷണലിന്റെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും ഈ ദൃഢസൗഹൃദ സഖ്യം വ്യക്തമാണ്. അതേസമയം, തന്നേക്കാൾ രണ്ട് വയസ്സ് മൂപ്പുള്ള മാർക്സാണ് വിപ്ലവജീനിയസ്സ് എന്ന്, നിശിതമായ ആത്മത്യാഗത്തിലൂടെയും സൂക്ഷ്മ നിരീഷണത്തിലൂടെയും പ്രഖ്യാപിച്ച എംഗൽസിന്റെ സ്വഭാവമഹിമ താരതമ്യമില്ലാത്തതാണ്. എംഗൽസ് എഴുതി–- ‘‘മാർക്സ് ഞങ്ങളെ എല്ലാപേരെയുംകാൾ ഉയർന്നു നിന്നു. ഞങ്ങളേക്കാൾ കൂടുതൽ ദീർഘദൃഷ്ടി അദ്ദേഹത്തിനുണ്ടായിരുന്നു. മാർക്സ് ഒരു അസാമാന്യ പ്രതിഭാശാലിയായിരുന്നു (ജീനിയസ്).
ഞങ്ങളെല്ലാം സാധാരണ പ്രതിഭാശാലികൾമാത്രം. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ശാസ്ത്രീയ സോഷ്യലിസ്റ്റ് സിദ്ധാന്തം രൂപംകൊള്ളുകില്ലായിരുന്നു. അതുകൊണ്ടാണ് ആ സിദ്ധാന്തത്തെ അദ്ദേഹത്തിന്റെ പേരുചേർത്ത് പറയുന്നത്''
മുതലാളിത്തത്തിന്റെ ചലനനിയമങ്ങൾ കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങൾക്ക് ശ്രദ്ധാപൂർവം വായനയും പഠനവും നടത്താനുള്ള പിന്തുണ മാർക്സിന് നൽകാൻവേണ്ടിക്കൂടിയാണ് എംഗൽസ് സ്വപിതാവിന്റെ കമ്പനിയിൽ (മാഞ്ചസ്റ്ററിൽ) ജോലി ചെയ്തുകൊണ്ട് പങ്കാളിയായത്. മാർക്സ്, എംഗൽസിന് അയക്കുന്ന മിക്കവാറും കത്തുകളിലെല്ലാം അയച്ചുകിട്ടിയ പണത്തിന് നന്ദിപറയുന്ന വാചകം തുടക്കത്തിൽ കാണാനാകും. അതുമാത്രമല്ല; "മൂലധന'ത്തിന്റെ രചനയ്ക്ക് എംഗൽസിന്റെ പ്രഥമകൃതി ‘ഇംഗ്ലണ്ടിലെ തൊഴിലാളിവർഗത്തിന്റെ സ്ഥിതി' വലിയ സഹായമായിട്ടുണ്ട്. ജീവിതപങ്കാളിയായ ഉശിരൻ തൊഴിലാളിവർഗ യുവതി മേരി ബേൺസിനൊപ്പം സഞ്ചരിച്ച് പഠിച്ചാണ് ഈ ഗ്രന്ഥം എഴുതിയത്. മേരി ബേൺസ് ജീവിതപങ്കാളിയായെങ്കിലും ഒരു സാഹചര്യത്തിലും അവർ വിവാഹിതരായില്ല.
പിന്നീടുണ്ടായ എല്ലാ മാർക്സിസ്റ്റ് സാഹിത്യങ്ങളുടെയും വികാസപരിണാമങ്ങൾക്ക് ആറ്റിക്കുറുക്കിയ ആധാര സിംഫണിയായി വർത്തിക്കുന്ന "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ' എംഗൾസ് എഴുതിയ "കമ്യൂണിസത്തിന്റെ മൂലതത്വങ്ങൾ' എന്ന കൃതിയെ ഉപജീവിച്ച് സാക്ഷാൽക്കരിച്ചതാണെന്നതും പ്രസിദ്ധം. ശാസ്ത്രചിന്തയുടെ ലോകത്തെ എല്ലാ നവചലനങ്ങളും ശ്രദ്ധിച്ച് പരസ്പരശ്രദ്ധയിൽ കൊണ്ടുവരുന്ന പഠനഗവേഷണ ദൗത്യം അവർ സസൂക്ഷ്മം നിർവഹിച്ചു. 1859ലാണ് ചാൾസ് ഡാർവിന്റെ "ജീവിവർഗത്തിന്റെ ഉത്ഭവം' എന്ന സുപ്രധാന കൃതി പ്രകാശിതമാകുന്നത്. മനുഷ്യസമൂഹത്തെ സംബന്ധിച്ച നമ്മുടെ സിദ്ധാന്തം, ജീവലോകത്ത് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന പുതിയ ശാസ്ത്രകൃതിയെപ്പറ്റി എംഗൽസ് മാർക്സിന് ആവേശപൂർവം എഴുതി. പ്രസിദ്ധീകരിക്കപ്പെട്ട ദിവസംതന്നെ പുസ്തകം വാങ്ങി വായിക്കാൻ എംഗൽസ് ഉത്സാഹിച്ചതുകൊണ്ടുമാത്രമാണ് പരിണാമസിദ്ധാന്തത്തിന്റെ പ്രാധാന്യം മാർക്സിനും ഏംഗൽസിനും അത്രവേഗം ചർച്ച ചെയ്യാനായത്. 1250 കോപ്പിയും ആദ്യദിവസംതന്നെ വിറ്റുപോയി. ആ കൃതിയുടെകൂടി പഠനത്തിന്റെ അടിസ്ഥാനത്തിലാണ് "പ്രകൃതിയുടെ വൈരുധ്യാത്മകത' എന്ന അത്യുജ്വല രചന എംഗൽസ് എഴുതിത്തുടങ്ങിയത്. അപൂർണമായ ആ കൃതി എംഗൽസിന്റെ മരണാനന്തരം മാത്രമാണ് അച്ചടിച്ചത്.
യൂറോപ്പിലെ വിപ്ലവത്തിന്റെ തുടക്കം റഷ്യയിൽ നിന്നാകാം എന്ന വിസ്മയകരമായ ദീർഘദൃഷ്ടി മാർക്സും എംഗൽസും പ്രകടിപ്പിച്ചിട്ടുണ്ട്. അവർ ഇരുവരും ചേർന്ന് എഴുതിയ മാനിഫെസ്റ്റോയുടെ (റഷ്യൻ പതിപ്പിന്റെ) മുഖവുരയിൽ ഈ പരാമർശമുണ്ട്. വിപ്ലവാചാര്യരുടെ പ്രവചനം ശരിവച്ചുകൊണ്ട് 1917ൽ ലെനിനിന്റെ നേതൃത്വത്തിൽ മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം നടന്നു. മാർക്സ് മരിച്ച് 34 വർഷവും എംഗൽസ് മരിച്ച് 22 വർഷവും കഴിഞ്ഞാണത്. ലോകത്തിലെ മൂന്നിലൊന്ന് ജനത സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ നടക്കുന്ന ഭൂവിഭാഗങ്ങളിൽ അധിവസിക്കുന്ന ആവേശകരമായ സാഹചര്യവും പിന്നീട് ഉണ്ടായി. എന്നാൽ, മൂന്ന് പതിറ്റാണ്ട് മുമ്പ് ചില ഗുരുതരമായ തിരിച്ചടികൾ സംഭവിച്ചു. ഇതേത്തുടർന്ന് മുതലാളിത്തമാണ് ചരിത്രത്തിന്റെ അവസാനമെന്ന് ആ വ്യവസ്ഥയുടെ വൈതാളികർ കുറേ നാൾ പെരുമ്പറ കൊട്ടിയതും നാം കണ്ടു. എന്നാൽ, ഈ തിരിച്ചടി താൽക്കാലികമാണ്; ശാശ്വതമല്ല എന്ന നിലപാട് സിപിഐ എം മുന്നോട്ടുവച്ചു.
കോവിഡ് –-19 എന്ന മഹാമാരിയെത്തുടർന്നും 2008ലെ ലോക സാമ്പത്തികത്തകർച്ചയെത്തുടർന്നും മാർക്സിനെയും എംഗൽസിനെയും അവരുടെ വിമോചനസ്വപ്നങ്ങളുടെ അനന്തരകാല പോരാളികളെയും ചിന്തകരെയും പഠിക്കാനും കാലോചിതമായി പിന്തുടരാനും സന്നദ്ധമാകുന്ന കാഴ്ചയാണ് ഇന്ന് ലോകത്തെ യാഥാർഥ്യം. നവംബർ 26ന്റെ ഇന്ത്യയിലെ പണിമുടക്കിന്റെ സന്ദേശവും മറ്റൊന്നല്ല.
എം എ ബേബി
No comments:
Post a Comment