ഈ വർഷത്തെ രണ്ടാമത്തെ ദേശീയ പൊതുപണിമുടക്കിനാണ് ഇന്ന് രാജ്യം സാക്ഷ്യംവഹിക്കുന്നത്. 1991ൽ നവ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയതിനുശേഷമുള്ള ഇരുപതാമത്തെ പണിമുടക്കുമാണിത്. ഓരോ പണിമുടക്കിലും അണിനിരക്കുന്ന തൊഴിലാളികളുടെ എണ്ണത്തിലുള്ള ക്രമാനുഗതമായ വളർച്ച, ഉന്നയിക്കുന്ന ആവശ്യങ്ങളുടെ അടിയന്തര പ്രാധാന്യത്തിന് അടിവരയിടുന്നു. 2020 ജനുവരി എട്ടിന് നടന്ന പണിമുടക്കിൽ രാജ്യത്താകമാനം മുപ്പത് കോടി പേർ പങ്കെടുത്തുവെന്നാണ് കണക്കാക്കിയത്. കാർഷികമേഖലയിലേതടക്കം 56 കോടി തൊഴിലാളികളാണുള്ളത്. ഇതിൽ 30 കോടി പേർ പൊതുമുദ്രാവാക്യം ഉയർത്തി പണിമുടക്കുക എന്നത് തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഒപ്പം ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ സംഘശക്തിയും.
പത്തരമാസം പിന്നിടുമ്പോഴേക്ക് വീണ്ടുമൊരു പൊതുപണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകൾ നിർബന്ധിതമായ സാഹചര്യം സുവ്യക്തമാണ്. തൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിൽനിയമ ഭേദഗതി ഉപേക്ഷിക്കുക എന്നിവയായിരുന്നു ഈ വർഷമാദ്യം നടന്ന പൊതുപണിമുടക്കിന്റെ പ്രധാന മുദ്രാവാക്യങ്ങൾ. ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്‌തമാകുംവിധം അതിശക്തമായ പ്രതികരണമാണ് തൊഴിൽമേഖലയിൽനിന്നുണ്ടായത്. ഏതാനും ആഴ്‌ചകൾക്കകം രാജ്യം കോവിഡിന്റെ പിടിയിലമർന്നു. മാർച്ച് 24ന് നാലുമണിക്കൂറിന്റെ നോട്ടീസിലാണ് പ്രധാനമന്ത്രി ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. തൊഴിലാളി –- കർഷക വിഭാഗങ്ങളുടെ വരുമാനം അപ്പാടെ മുട്ടിപ്പോയി. തുടർന്നിങ്ങോട്ട് വിവരണാതീതമായ ദുരിതങ്ങളിലൂടെയാണ് രാജ്യത്തെ തൊഴിൽശക്തി മുന്നോട്ടുപോയത്. പ്രവാസി തൊഴിലാളികളുടെ കൂട്ടപ്പലായനമടക്കം ലോക്‌ഡൗണിന്റെ ആദ്യഘട്ടങ്ങളിൽ കണ്ടത് കരളലിയിക്കുന്ന കാഴ്‌ചകളാണ്. ഇതിലൊന്നും തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന നിസ്സംഗ മനോഭാവമാണ് കേന്ദ്ര ഭരണാധികാരികളിൽ നിന്നുണ്ടായത്. മൂന്ന് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അതിലൊന്നും തൊഴിലെടുത്ത് ജീവിക്കുന്നവർക്ക് ആശ്വാസം പകരാൻ ഒന്നുമുണ്ടായില്ല. മറുവശത്ത് വ്യവസായമാന്ദ്യം നേരിടുന്ന കോർപറേറ്റുകൾക്ക് വാരിക്കോരി നൽകി.
സാമ്പത്തിക –- തൊഴിൽ മേഖലകളിൽ തങ്ങളുടെ ദീർഘകാല അജൻഡകൾ നടപ്പാക്കാനുള്ള സുവർണാവസരമായാണ് കോവിഡ് കാലത്തെ മോഡി സർക്കാർ കണ്ടത്.കാർഷിക–- തൊഴിൽ മേഖലകളിൽ മൂലധനതാൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള പൊളിച്ചെഴുത്താണ് നടത്തിയത്. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും രൂപപ്പെട്ട തൊഴിൽ സുരക്ഷാനിയമങ്ങൾ മാറ്റിയെഴുതി. 29 തൊഴിൽനിയമം നാലു കോഡാക്കി ചുരുക്കിയപ്പോൾ സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പംതന്നെ ഇല്ലാതായി. കാർഷികമേഖല രാജ്യാന്തര കുത്തകകൾക്ക് തീറെഴുതുന്ന മൂന്ന് നിയമം പാസാക്കിയത് രാജ്യസഭയിൽ വോട്ടെടുപ്പ് നിഷേധിച്ചുകൊണ്ടാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വീണുകൊണ്ടിരിക്കുകയാണ്.
റിലയൻസ് ഉൾപ്പെടെയുള്ള കുത്തകകൾക്കുവേണ്ടി ബലിയാടാക്കിയ ബിഎസ്‌എൻഎല്ലിൽ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും നടപ്പായത് ജീവനക്കാരുടെ സ്വയംവിരമിക്കൽമാത്രം. മഹാരത്നമെന്ന് അറിയപ്പെട്ട ബിപിസിഎൽ വിൽപ്പനയുടെ അന്ത്യഘട്ടത്തിലാണ്. പ്രകൃതിവാതക നിക്ഷേപങ്ങൾ റിലയൻസിന് കൈമാറി. കൽക്കരിപ്പാടങ്ങളുടെ വിൽപ്പന തുടങ്ങിയത് കോൺഗ്രസ് ഭരണത്തിലാണ്. ബിജെപി ഇതിന് ഗതിവേഗം കൂട്ടി. എന്നാൽ, കോവിഡ്‌കാലത്ത് കൽക്കരിമേഖലയെ സ്‌തംഭിപ്പിച്ചുകൊണ്ടുനടന്ന മൂന്നുനാളത്തെ പണിമുടക്ക് കേന്ദ്ര സർക്കാരിനെ ഞെട്ടിച്ചു. അടച്ചിടൽ അവസരമാക്കിക്കൊണ്ട് പ്രധാന റെയിൽവേ റൂട്ടുകളിൽ സ്വകാര്യ സർവീസുകൾ അനുവദിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. ആയിരക്കണക്കിന് ചെറുകിട സ്‌റ്റേഷനുകളും സ്‌റ്റോപ്പുകളും പാസഞ്ചർ വണ്ടികളും ഇല്ലാതാകുന്നതോടെ ജനകീയ പൈതൃകമാണ് റെയിൽവേക്ക് നഷ്ടമാകുന്നത്. ചരക്കുനീക്കം പൂർണമായും സ്വകാര്യവൽക്കരിക്കപ്പെടുന്നതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരും. തുറമുഖങ്ങളും വിമാനത്താവളങ്ങളും പ്രധാനമന്ത്രിയുടെ മറ്റൊരു തോഴൻ അദാനി കൈയടക്കിക്കൊണ്ടിരിക്കുകയാണ്.
വൈദ്യുതി സ്വകാര്യവൽക്കരണത്തിനായി കേന്ദ്രം കൊണ്ടുവരുന്ന നിയമഭേദഗതിക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് ദേശവ്യാപകമായി നടന്നുവരുന്നത്. കോവിഡ് മറയാക്കി നിയമഭേദഗതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ച യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിന് ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിനുമുന്നിൽ തോറ്റു പിന്മാറേണ്ടിവന്നു. പ്രതിരോധ വ്യവസായമടക്കം വിദേശനിക്ഷേപത്തിന് മോഡി സർക്കാർ തുറന്നുകൊടുത്തു. പൊതുമേഖല നാമാവശേഷമായിക്കൊണ്ടിരിക്കുകയും തൊഴിലില്ലായ്‌മ കുതിച്ചുയരുകയും ചെയ്യുമ്പോൾ അസംഘടിതമേഖലയിൽ കടന്നാക്രമണം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ദിവസം 700 രൂപയെങ്കിലും മിനിമം വേതനം നിശ്ചയിക്കണമെന്ന ആവശ്യം കഴിഞ്ഞ പൊതുപണിമുടക്കിൽത്തന്നെ മുന്നോട്ടുവച്ച സ്ഥാനത്ത് പുതിയ തൊഴിൽകോഡിൽ പറയുന്ന ദേശീയ അടിസ്ഥാനവേതനം 202 രൂപ മാത്രമാണ്. ഒരു ദിവസത്തെ പണിമുടക്കിന് എട്ടുദിവസത്തെ വേതനം പിടിക്കാമെന്ന ലേബർ കോഡിലെ വ്യവസ്ഥയ്‌ക്കെതിരായ കടുത്ത താക്കീതുകൂടിയാണ് ഇന്നത്തെ പണിമുടക്ക്.
പുതിയ കാർഷികനിയമങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടുമാസമായി തുടരുന്ന പ്രക്ഷോഭത്തെ ആക്രമിച്ചും അവഗണിച്ചു തകർക്കാനുമാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. പഞ്ചാബിലെ റെയിൽവേ സ്‌റ്റേഷനുകളിൽ കർഷകർ കുത്തിയിരിപ്പ് നടത്തുന്നതിനാൽ ട്രെയിൻ സർവീസ് നിർത്തിവച്ചു. ദേശീയ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരുനൂറോളം കർഷകസംഘടനകളുടെ ഐക്യവേദിയായ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി ഗ്രാമീണ ഹർത്താലും ഡൽഹി ചലോ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിൽനിന്നും ഡൽഹിയിലേക്ക് കർഷകർ പ്രയാണം ആരംഭിച്ചുകഴിഞ്ഞു.
ജീവിക്കാനുള്ള അവകാശത്തിനായുള്ള പുതിയൊരു പോരാട്ടത്തിനാണ് ഈ പണിമുടക്ക് തുടക്കം കുറിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള 10 കേന്ദ്ര ട്രേഡ് യൂണിയനും ജീവനക്കാരുടെ ഫെഡറേഷനുകളും അടങ്ങുന്ന സംയുക്തവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്ക് രാജ്യത്തിന്റെ സമരചരിത്രത്തിലെ സുപ്രധാന ഏടായി മാറും. ആദായനികുതിദായകരല്ലാത്ത കുടുംബത്തിന് പ്രതിമാസം 7500 രൂപ നൽകുക, ആവശ്യക്കാർക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 200 ആക്കുക, വേതനം വർധിപ്പിക്കുക; പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക, പൊതുമേഖലാ ജീവനക്കാരുടെ നിർബന്ധ പിരിച്ചുവിടൽ നിർത്തുക, എല്ലാവർക്കും പെൻഷൻ നൽകുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പിഎഫ് പെൻഷൻ പദ്ധതി മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കുന്ന ദേശീയ പണിമുടക്ക് സമ്പൂർണമാക്കി മാറ്റാനുള്ള തയ്യാറെടുപ്പാണ് കേരളത്തിൽ പൂർത്തിയാക്കിയത്. മുഴുവൻ ബഹുജനങ്ങളുടെയും ഐക്യപ്പെടലിലൂടെയാണ് ഇത് യാഥാർഥ്യമാകുന്നത്. ജീവിതസമരത്തിന്റെ പുതിയ പാഠങ്ങൾ രചിക്കുന്ന മുഴുവൻ പോരാളികൾക്കും അഭിവാദ്യങ്ങൾ.
deshabhimani editorial 261120
No comments:
Post a Comment