Wednesday, November 11, 2020

അങ്ങനെ നമ്മൾ ഇങ്ങനെയായി

 വടക്കേ ഇന്ത്യയിൽ പലയിടത്തും ഇന്നും മരച്ചുവട്ടിലാണ്‌ പഞ്ചായത്ത്‌ യോഗം ചേരുന്നത്‌. അധികാരമില്ല, ഫണ്ടില്ല, സംവിധാനമില്ല. ഗ്രാമത്തലവൻ വെറും  പദവിമാത്രം. നമ്മുടെ തൊട്ടടുത്ത്‌ തമിഴ്‌നാട്ടിൽ ദളിത്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെ തറയിലിരുത്തി യോഗം ചേർന്നതും‌ നാംകണ്ടു.  കേരളം പാടേ വ്യത്യസ്‌തമാണ്‌. അധികാരവും  ഉത്തരവാദിത്തവും തനതുവരുമാനവും  അടക്കമുള്ള പ്രാദേശിക സർക്കാരായി പഞ്ചായത്തുകൾ മാറി.

54,000 കോടി രൂപയാണ്‌ കഴിഞ്ഞ നാലുവർഷത്തിനിടെ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ നൽകിയത്‌. കോവിഡ്‌ പ്രതിരോധത്തിൽ കേരളത്തിന്റെ മികവിന്‌ ഒരു കാരണം  ശക്തമായ തദ്ദേശ സംവിധാനങ്ങളാണെന്ന്‌ രാഹുൽഗാന്ധി പോലും പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം നിരവധി കടമ്പ കടന്നാണ് പഞ്ചായത്ത്‌ രാജ്‌ സംവിധാനം ഈ രൂപത്തിൽ എത്തിയത്. 1991ൽ രാജീവ് ഗാന്ധി സർക്കാരാണ് ഭരണഘടനയുടെ 73, 74 അനുച്ഛേദങ്ങൾ ഭേദഗതി ചെയ്തതെങ്കിലും  ഈ മഹത്തായ ആശയത്തോട് ഒട്ടും നീതിപുലർത്താൻ കോൺഗ്രസിനായില്ല.  കേരളത്തിലാകട്ടെ, അധികാരവികേന്ദ്രീകരണത്തിന് എൽഡിഎഫ്‌ സർക്കാരുകൾ കൈക്കൊണ്ട നടപടികളെ അട്ടിമറിക്കാനാണ് യുഡിഎഫ്‌ അധികാരത്തിൽ വരുമ്പോഴെല്ലാം ശ്രമിച്ചത്. ദീർഘനാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താതെ ഭരണസമിതിയുടെ കാലാവധി നീട്ടിക്കൊടുത്തതും ജില്ലാ കൗൺസിൽ സംവിധാനത്തെ നശിപ്പിച്ചതും എല്ലാം യുഡിഎഫ്‌ കാലത്താണ്‌.

തെരഞ്ഞെടുപ്പില്ലാതെ 14 വർഷം

കേരളം അധികാരവികേന്ദ്രീകരണരംഗത്ത് കൈവരിച്ച നേട്ടത്തിന്റെ തുടക്കം 1957ൽ അധികാരമേറ്റ ഇ എം എസ് സർക്കാരിലാണ്.  ഭരണപരിഷ്കാര കമീഷൻ രൂപീകരിച്ചതായിരുന്നു ആദ്യനടപടി.  നേരിട്ട് തെരഞ്ഞെടുക്കുന്ന ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും അടങ്ങുന്ന ദ്വിതല പഞ്ചായത്ത് സംവിധാനത്തിന് രൂപം നൽകണമെന്ന്‌ ശുപാർശ നൽകി.

ഇത്‌ പരിഗണിക്കാതെ കോൺഗ്രസ്‌ 1960ൽ പഞ്ചായത്ത് നിയമവും 1961ൽ മുനിസിപ്പൽ നിയമവും പാസാക്കി.

1964ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം നീണ്ട 14 വർഷം തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് സർക്കാരുകൾ തയ്യാറായില്ല. 

1979ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുന്നത്‌. കാലാവധി 84ൽ അവസാനിച്ചെങ്കിലും യുഡിഎഫ് സർക്കാർ  ഭരണം ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. 1988ൽ നായനാർ സർക്കാരിന്റെ കാലത്താണ് തെരഞ്ഞെടുപ്പ് നടന്നത്. ഇ കെ നായനാർ സർക്കാർ 1991 ജനുവരിയിൽ ചരിത്രത്തിലാദ്യമായി ജില്ലാ കൗൺസിൽ സംവിധാനം നടപ്പാക്കി.  അധികാരം ജനങ്ങൾക്ക് കൈമാറുന്നതിന്റെ ആദ്യപടിയായിരുന്ന ജില്ലാ കൗൺസിൽ വനിതകൾക്ക് 30 ശതമാനം സംവരണവും നടപ്പാക്കി.  യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതോടെ ജില്ലാ കൗൺസിലുകളുടെ കടയ്‌ക്കൽ കത്തിവച്ചു. കാലാവധി തീരാൻ രണ്ടുവർഷം ബാക്കിനിൽക്കെ 1994 ഏപ്രിലിൽ ജില്ലാകൗൺസിൽ പിരിച്ചുവിട്ടു.  1993ലെ ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 1995ൽ ആദ്യമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

ജനകീയം ആസൂത്രണം

ജനകീയാസൂത്രണപദ്ധതി ഫലപ്രദമായി നടപ്പാക്കിയത്‌ എൽഡിഎഫ് സർക്കാരുകളായിരുന്നു. ഇതിലൂടെ കേരളത്തിലെമ്പാടും സൃഷ്ടിച്ച നേട്ടങ്ങളെ യുഡിഎഫ് കാലത്ത്‌ നിർവീര്യമാക്കി. 1996–-01ലെയും 2006–-11ലെയും എൽഡിഎഫ് സർക്കാരുകൾ ഈ മേഖലയിൽ കൈവരിച്ച നേട്ടങ്ങൾ ദേശീയ അന്തർദേശീയ പ്രശംസയ്ക്ക് പാത്രമായി. കേന്ദ്രസർക്കാരും വിവിധ അന്താരാഷ്ട്ര ഏജൻസികളും പുരസ്കാരങ്ങളും പ്രശംസകളുമായെത്തി. അന്നത്തെ പഞ്ചായത്ത്‌രാജ് മന്ത്രി മണിശങ്കർ അയ്യർ കേരളത്തിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ വിശേഷിപ്പിച്ചത് ‘അധികാരവികേന്ദ്രീകരണത്തിന്റെ പിതാവ്’ എന്നാണ്. കേരളത്തെ കണ്ടുപഠിക്കണമെന്ന് കോൺഗ്രസ്, ബിജെപി മുഖ്യമന്ത്രിമാരോട് അദ്ദേഹം ഉപദേശിക്കുകയും ചെയ്തു.

No comments:

Post a Comment