Wednesday, May 15, 2013
സ്നേഹദൂതനായ പണ്ഡിതന്‍
വരേണ്യവാദികളായ അക്കാദമിക് പണ്ഡിതന്മാര്‍ക്ക് അപരിചിതമായ പ്രവര്‍ത്തനശൈലിയുടെ പ്രസന്ന മുഖമായിരുന്നു ഡോ. അസ്ഗര്‍ അലി എന്‍ജിനിയര്‍. ഇസ്രയേല്‍ സൈന്യത്തിനുനേരെ പ്രതിഷേധത്തിന്റെ കല്ലെറിഞ്ഞ എഡ്വേര്‍ഡ് സെയ്ദ്, സമാധാന പ്രസ്ഥാനത്തിന്റെ സന്തത സഹചാരിയായിരുന്ന ദാമോദര്‍ ധര്‍മാനന്ദ് കൊസാംബി, ചരിത്രത്തിന്റെ നിശ്ശബ്ദതകള്‍ക്കെതിരെ നിരന്തരം ശബ്ദിച്ച ഹോവാര്‍ഡ്സിന്‍ തുടങ്ങിയ പ്രക്ഷോഭകാരികളായ ചിന്തകര്‍ക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. മതനിരപേക്ഷ ചിന്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നെല്ലാമുള്ള നിലയില്‍ ലോകം ആദരിക്കുന്ന അസ്ഗര്‍അലി ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രജ്ഞനായും അറിയപ്പെട്ടു. പ്രത്യേക കാലഘട്ടത്തില്‍ ഉദയം ചെയ്ത മതരീതികള്‍ക്കും പ്രബോധനങ്ങള്‍ക്കും ഇപ്പോഴും അപ്രമാദിത്വമുണ്ടെന്ന യാഥാസ്ഥിതികത്വത്തിന്റെ ശാഠ്യങ്ങളെ അദ്ദേഹം നിരന്തരം അലോസരപ്പെടുത്തി. മതത്തിന്റെ അന്തഃസത്ത ആചാരാനുഷ്ഠാനങ്ങളിലല്ലെന്നും മറിച്ച് മൂല്യങ്ങളിലാണെന്നും പറഞ്ഞുകൊണ്ടായിരുന്നു നവീകരണ ശ്രമത്തിന്റെ തുടക്കം. അധികാരം മലിനമാക്കുന്ന വിശ്വാസത്തെയും തുറന്നുകാട്ടി.
സ്വന്തം സമുദായമായ ബോറ മുസ്ലിങ്ങള്‍ക്കിടയില്‍ ധീരമായ ചോദ്യങ്ങളുന്നയിച്ചാണ് അസ്ഗര്‍ അലി ശ്രദ്ധേയനായത്. ഗുജറാത്തില്‍നിന്നുള്ള ആ കച്ചവട വിഭാഗത്തെ നിയന്ത്രിച്ചിരുന്നത് ആത്മീയ നേതാവായ ഡോ. സയ്ദ്ന മൊഹമ്മദ് ബുറാനുദ്ദീന്‍. ബോറ ജനവിഭാഗങ്ങള്‍ക്കുമേലെ കനത്ത ആജ്ഞാശക്തി പ്രയോഗിച്ചതിനുപുറമെ സാമ്പത്തിക ചൂഷണവുമുണ്ടായി. ഏഴുതരത്തിലുള്ള നികുതിയുടെ രൂപത്തിലായിരുന്നു അത്. ഈ നിയമവിരുദ്ധ പണ സമാഹരണത്തിന്റെ കണക്കുകള്‍ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് അസ്ഗര്‍. അര്‍ഥമില്ലാത്ത ചടങ്ങുകളും വിമര്‍ശിക്കപ്പെട്ടു. ഈ ധീരത പൗരോഹിത്യത്തെ ചൊടിപ്പിച്ചു. "ശെയ്ത്താന്‍" എന്ന ശകാരപ്പേരിടല്‍ മുതല്‍ തുടങ്ങി അസഹിഷ്ണുത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചുവട്ടം ആക്രമിക്കപ്പെട്ടു. 1977ല്‍ കൊല്‍ക്കത്തയില്‍നിന്ന്. പിന്നെ ഹൈദരാബാദിലും മുംബൈയിലും.
മതയജമാനന്മാരുടെ നിര്‍ദേശപ്രകാരം 1983ല്‍ ഈജിപ്തിലും അസ്ഗറിനെ കൈയേറി. ഭോപാലിലെ വര്‍ഗീയ വിരുദ്ധ സെമിനാറില്‍ പങ്കെടുത്ത് മടങ്ങവെ മുംബൈ വിമാനത്താവളത്തില്‍ 2000 ഫെബ്രുവരി 13നുണ്ടായ വധശ്രമം ഏറെ സംഘടിതമായിരുന്നു. മുംബൈയിലെ അദ്ദേഹത്തിന്റെ ഓഫീസിലും വന്‍ നാശംവരുത്തി. ഈ കാടത്തം ആ പോരാളിയെ തളര്‍ത്തുകയായിരുന്നില്ല. പുരോഹിതന്മാരുടെ ഊരുവിലക്ക്, പുസ്തകനിരോധനം, മതനിരപേക്ഷ ജീവിതത്തിനുമേലുള്ള കടന്നുകയറ്റം -തുടങ്ങിയവയ്ക്കെല്ലാമെതിരെ പ്രചാരണങ്ങള്‍ നടത്തി. വര്‍ഗീയ കലാപങ്ങള്‍ മുറിവേല്‍പിച്ച ഇന്ത്യന്‍ പ്രദേശങ്ങളില്‍ രാഷ്ട്രീയ നിലപാടിലുറച്ച സാന്ത്വനങ്ങളുമായി അസ്ഗര്‍ സാഹസികമായി കടന്നുചെന്നു. മതനിരപേക്ഷ - ജനാധിപത്യ കൂട്ടായ്മക്ക് രൂപം നല്‍കിക്കൊണ്ടായിരുന്നു ഇത്. ബാബറി മസ്ജിദ് തകര്‍ത്തപ്പോഴും ബോംബെ, ഭീവണ്ടി, മൊറാദാബാദ്, സൂറത്ത് കലാപവേളയിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ ഇരകള്‍ക്ക് സഹായമെത്തിച്ചു. "ബോംബെയുടെ നാണക്കേട്" എന്ന ലഘുകൃതി അന്നത്തെ സങ്കടാവസ്ഥയുടെ ചോരകൊണ്ടെഴുതിയതാണ്. അയോധ്യയില്‍നിന്ന് രാജ്ഘട്ട് വരെ നടന്ന മതസൗഹാര്‍ദ യാത്രയും എടുത്തുപറയേണ്ടതാണ്. മനുഷ്യസ്നേഹിയായ സന്ന്യാസി യുഗല്‍ കിഷോര്‍ ശാസ്ത്രിയെ അതുമായി ബന്ധപ്പെടുത്തിയത് അസ്ഗറിന്റെ നേതൃഗുണം. രാംപുനിയാനി, സ്വാമി അഗ്നിവേശ്, രജീന്ദര്‍ സച്ചാര്‍, ശബാന ആസ്മി, ഹമീദ് അന്‍സാരി എന്നിവരുള്‍പ്പെടെ അതിവിപുലമായ സുഹൃദ്വലയമുണ്ടായതും അതുകൊണ്ടാവണം.
ഇസ്ലാമിക ചിന്തയെയും രാഷ്ട്രീയത്തെയും വളരെ വ്യത്യസ്തമായ നിലയില്‍ വായിച്ചെടുത്തുവെന്നതാണ് അസ്ഗര്‍ അലിയുടെ പ്രധാന സവിശേഷത. അവയെ ലോകരാഷ്ട്രീയവുമായി ചേര്‍ത്തുവച്ചുകൊണ്ടായിരുന്നു ഇത്. ഇസ്ലാമിനെതിരായ അമേരിക്കന്‍ സാമ്രാജ്യത്വ പീഡനങ്ങളെയും സംഘപരിവാരത്തിന്റെ ഇന്ത്യന്‍ പരിഭാഷകളെയും അദ്ദേഹം അതിശക്തമായി എതിര്‍ത്തു. അവിടെ നിന്നില്ല. ഇസ്ലാമിന്റെ മുഖംമൂടിയിട്ടുള്ള ഭീകരതയെയും വിധ്വംസക വൃത്തികളെയും തുറന്നുകാട്ടുകയുമുണ്ടായി. വിശ്വാസിയെ അത്യാഗ്രഹിയാക്കാന്‍ തുടങ്ങുന്ന മതം സാമ്പത്തികാഗ്രഹങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. ബോറ നേതൃത്വം നരേന്ദ്രമോഡിയെ പിന്തുണച്ചതിനും ഈ പ്രേരണയായിരുന്നെന്നും കണ്ടു. ആത്മകഥയായ "എ ലിവിങ് ഫെയ്ത്ത്: മൈ ക്വസ്റ്റ് ഫോര്‍ പീസ് ഹാര്‍മണി ആന്‍ഡ് സോഷ്യല്‍ ചെയ്ഞ്ച്" അസ്ഗറിന്റെ ജീവിത മാനിഫെസ്റ്റോതന്നെയാണ്. വിശ്വാസം, ജീവിതം, സമാധാനം, സൗഹാര്‍ദം, സാമൂഹ്യമാറ്റം തുടങ്ങിയവയെല്ലാം ജനസമുദ്രംപോലെ ഇരമ്പുകയാണ് അതില്‍. ആത്മമിത്രമായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയായിരുന്നു അത് പ്രകാശനം ചെയ്തത്.
(അനില്‍കുമാര്‍ എ വി)
deshabhimani 150513
Labels:
ലേഖനം
Subscribe to:
Post Comments (Atom)
No comments:
Post a Comment