Monday, May 5, 2014

സ്വന്തക്കാരെ കയറ്റാന്‍ എന്‍ജി.അധ്യാപകരുടെ സീനിയോറിറ്റി അട്ടിമറിക്കുന്നു

അധ്യാപകരുടെ സീനിയോറിറ്റി അട്ടിമറിച്ച് ഭരണക്കാരുടെ പാര്‍ശ്വവര്‍ത്തികളെ ഉന്നതസ്ഥാനങ്ങളില്‍ നിയമിക്കാനായി സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളില്‍ ഇനി ഓപ്പണ്‍ സെലക്ഷന്‍. അധ്യാപകരെ തമ്മിലടിപ്പിക്കാനും സ്തുതിപാഠകരെമാത്രം പദവികളില്‍ നിയമിക്കാനുമുള്ള തീരുമാനം സാങ്കേതിക വിദ്യാഭ്യാസവകുപ്പിനെ അരാജകത്വത്തിലേക്ക് നയിക്കും.ഒരേലിസ്റ്റില്‍നിന്ന് പിഎസ്സി വഴി ജോലിയില്‍ പ്രവേശിക്കുന്ന അധ്യാപകരെ അഭിമുഖം നടത്തി സ്ഥാനക്കയറ്റം നല്‍കുന്നതിനു പിന്നില്‍ വന്‍ അഴിമതിയാണ് ലക്ഷ്യം.

സംസ്ഥാനത്ത് വകുപ്പുതല സ്ഥാനക്കയറ്റങ്ങള്‍ക്ക് സ്പെഷ്യല്‍ റൂളുകളും അത് കുറ്റമില്ലാതെ നടപ്പാക്കുന്ന ഡിപിസി സമ്പ്രദായവുമുണ്ട്. 2004ലും യുഡിഎഫ് സര്‍ക്കാര്‍ എന്‍ജിനിയറിങ് അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് അഭിമുഖത്തിലൂടെ അനര്‍ഹരെ തിരുകിക്കയറ്റിയിരുന്നു. സീനിയോറിറ്റിയും സംവരണാനുകൂലങ്ങളും അട്ടിമറിച്ചു. തുടര്‍ന്ന് അധ്യാപകര്‍ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി. തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 2009 സ്പെഷ്യല്‍ റൂള്‍ ഭേദഗതിചെയ്യുന്നതിന്റെ ഭാഗമായി എല്ലാ തസ്തികകളിലും സീനിയോറിറ്റി പുനഃസ്ഥാപിച്ചു. 2010ല്‍ നടപ്പാക്കിയ എഐസിടിഇ ശമ്പളപരിഷ്കരണത്തില്‍ നിലവിലുള്ള അധ്യാപകരുടെ സ്ഥാനക്കയറ്റത്തില്‍ 1990 മാര്‍ച്ച് 27 വരെയുള്ളവര്‍ക്ക് അനുവദിച്ച പിഎച്ച്ഡി യോഗ്യത ഇളവും അസോസിയറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പിഎച്ച്ഡി ബിരുദം നേടുന്നതിന് ഏഴുവര്‍ഷത്തെ സാവകാശവും അംഗീകരിച്ചു.

ഇതിനെതിരെ ചിലര്‍ കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വീണ്ടും യുഡിഎഫ് അധികാരമേറിയപ്പോള്‍ ഈ സത്യവാങ്മൂലം പിന്‍വലിച്ച് സ്പെഷ്യല്‍ റൂളുകളിലെയും റഗുലേഷനിലെയും ഇളവുകളെ ആകെ നിരാകരിച്ച് സത്യവാങ്മൂലം നല്‍കി. ഇത് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കുവേണ്ടിയായിരുന്നു. സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് അനുകൂലമായ കോടതിവിധിയോടെ പലര്‍ക്കും ലഭിക്കേണ്ട പ്രൊമോഷന്‍ നഷ്ടപ്പെട്ടു. ഇത്തരം അവസ്ഥ വീണ്ടും സൃഷ്ടിച്ച് സ്ഥാനക്കയറ്റത്തിന് ഓപ്പണ്‍സെലക്ഷന്‍ സമ്പ്രദായം കൊണ്ടുവന്ന് താല്‍പ്പര്യമുള്ളവരെ മാത്രം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഉന്നതസ്ഥാനങ്ങളില്‍ അവരോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും.

അഭിമുഖം ഉപേക്ഷിക്കണമെന്നും സ്പെഷ്യല്‍റൂളിലെ യോഗ്യത മാനദണ്ഡം അട്ടിമറിക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ (കെജിഒഎ) ആവശ്യപ്പെട്ടു. ഓപ്പണ്‍ സെലക്ഷനുള്ള ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സീനിയോറിറ്റി പ്രകാരം സ്ഥാനക്കയറ്റം നടത്താന്‍ തയ്യാറാകണമെന്നും ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷനും (കെജിഒഎഫ്) ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment