Saturday, February 23, 2013

ദേശീയജാഥയ്ക്ക് 8 ജില്ലയില്‍ വന്‍ വരവേല്‍പ്പ് നല്‍കും


സിപിഐ എം ദേശീയജാഥയ്ക്ക് കേരളത്തില്‍ എട്ടു ജില്ലകളില്‍ വന്‍ വരവേല്‍പ്പ് നല്‍കുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ദക്ഷിണമേഖലാ ജാഥയാണ് 25ന് കേരളത്തിലെത്തുന്നത്. ദേശീയതലത്തില്‍ പര്യടനം നടത്തുന്ന നാലു ജാഥകളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജാഥയാണ് ഇത്. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ശ്രീനിവാസറാവു, കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദര്‍രാമന്‍ എന്നിവര്‍ ജാഥാംഗങ്ങളാണ്.

ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന സജീവ വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരസന്ദേശജാഥ പര്യടനം നടത്തുന്നത്. വിലക്കയറ്റം തടയണമെന്നതാണ് പ്രധാന ആവശ്യം. സാര്‍വത്രിക പൊതുവിതരണസമ്പ്രദായം, ഭക്ഷ്യസുരക്ഷ, ഭൂപരിഷ്കരണം, സാര്‍വത്രികവിദ്യാഭ്യാസം എന്നിവ നടപ്പാക്കണമെന്നും ജാഥ ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ നിരക്ഷരരുടെ എണ്ണം 26 ശതമാനമാണ്. അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികളില്‍ 42 ശതമാനംപേര്‍ പോഷകാഹാരക്കുറവ് നേരിടുന്നു. എല്ലാവര്‍ക്കും തൊഴില്‍ എന്ന മുദ്രാവാക്യവും ജാഥ മുന്നോട്ടുവയ്ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ത്തന്നെ നികത്തേണ്ട പത്തുലക്ഷം തൊഴിലവസരമുണ്ട്. രണ്ടുലക്ഷം തസ്തിക ഇന്ത്യന്‍ റെയില്‍വേയില്‍ നികത്താനുണ്ട്. സ്ത്രീപ്രശ്നം വളരെ പ്രാധാന്യത്തോടെയാണ് ജാഥ ഉന്നയിക്കുന്നത്. അഴിമതി കാരണം ഇന്ത്യയുടെ യശസ്സ് ലോകത്തിനുമുന്നില്‍ കെട്ടിരിക്കുകയാണ്. അഴിമതി തടയണമെന്നതും ജനങ്ങളെ സമരത്തിലേക്ക് അണിനിരത്തുന്നതിനുള്ള സിപിഐ എം ദേശീയജാഥയുടെ മുദ്രാവാക്യത്തിലൊന്നാണ്.

ഇരുപത്തഞ്ചിന് രാവിലെ കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ജാഥയെ സ്വീകരിക്കും. അന്ന് പകല്‍ മൂന്നിന് ആറ്റിങ്ങലിലാണ് തിരുവനന്തപുരം ജില്ലയിലെ സ്വീകരണം. വൈകിട്ട് അഞ്ചിന് ആശ്രാമം മൈതാനത്ത് ജാഥയെ കൊല്ലം ജില്ല വരവേല്‍ക്കും. ഓരോ സ്വീകരണകേന്ദ്രത്തിലും വിപുലമായ ജനപങ്കാളിത്തമുണ്ടാകും. ഇരുപത്താറിന് പകല്‍ 11ന് ആലപ്പുഴയിലും മൂന്നിന് കോട്ടയത്തും ആറിന് എറണാകുളത്തും 27ന് രാവിലെ പത്തിന് തൃശൂരിലും 12ന് എടപ്പാളിലും നാലിന് പാലക്കാട് കോട്ടമൈതാനത്തും ജാഥയ്ക്ക് സ്വീകരണം നല്‍കും. അന്ന് സന്ധ്യക്ക് 6.30 ഓടെ ജാഥ കോയമ്പത്തൂരിലെത്തും. വിഎസുമായി ബന്ധപ്പെട്ട് സംഘടനാവിഷയങ്ങളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍, ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നല്ലെന്ന് പിണറായി പറഞ്ഞു. എല്ലാ പാര്‍ടിനേതാക്കളും പ്രവര്‍ത്തകരും ജാഥയെ സ്വീകരിക്കാന്‍ ഉണ്ടാകണമെന്നാണ് പാര്‍ടി തീരുമാനമെന്നും പിണറായി പറഞ്ഞു.

സിപിഐ എം ജാഥ: പാട്ടുകളുടെ സിഡി പ്രകാശനംചെയ്തു

തിരു: സിപിഐ എം അഖിലേന്ത്യാ ജാഥയുടെ പ്രചാരണത്തിനായുള്ള സമരസന്ദേശഗാനങ്ങളുടെ സിഡി പ്രകാശനംചെയ്തു. പ്രസ്ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സംവിധായകന്‍ ഷാജി കൈലാസിന് സിഡി നല്‍കി പ്രകാശനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഒ എന്‍ വി, പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ രചന നിര്‍വഹിച്ച് എം ജയചന്ദ്രന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്, എം കെ അര്‍ജുനന്‍ എന്നിവര്‍ ഈണം പകര്‍ന്ന ഗാനങ്ങളാണ് സിഡിയിലുള്ളത്. മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദീപ്കുമാറും സംഘവുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതി നാടന്‍പാട്ടുകലാകാരന്‍ സി ജെ കുട്ടപ്പനും സംഘവും പാടിയ നാടന്‍പാട്ട്, മുരുകന്‍ കാട്ടാക്കട രചിച്ച് അദ്ദേഹംതന്നെ ആലപിച്ച ഗാനവും സിഡിയിലുണ്ട്. ഒ എന്‍ വിയുടെ രണ്ടു ഗാനങ്ങള്‍ക്ക് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥും എം ജയചന്ദ്രനും ഈണം നല്‍കി.

deshabhimani 230213

No comments:

Post a Comment