സംസ്ഥാനത്ത് ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌തിട്ട് ഒമ്പത് മാസം പിന്നിടുന്നു. പ്രതിരോധപ്രവർത്തനങ്ങൾ ശക്തമായി തുടരുന്ന സർക്കാരിനെതിരെ തുടക്കം മുതൽ വ്യാജവാർത്തകളും പ്രചരിച്ചിരുന്നു.
പത്ര, ദൃശ്യമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും വ്യാജവാർത്തകളുടെ വാഹകരായി. കോവിഡ് പ്രതിരോധം പാളിയെന്ന പ്രതിപക്ഷ ആരോപണത്തിന് വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു മാധ്യമങ്ങൾ.
●കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ചവരെ ആശുപത്രിയിലെത്തിക്കാൻ കാലതാമസം ഉണ്ടായി
വസ്‌തുത: ആംബുലൻസ് അണുവിമുക്തമാക്കി രോഗിയുടെ വീട്ടിലേക്ക് പുറപ്പെടാനുള്ള സ്വാഭാവിക താമസം മാത്രമാണ് ഈ സംഭവത്തിൽ ഉണ്ടായതെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
മനോരമ ന്യൂസിൽ ചർച്ചയ്‌ക്കിടെ അവതാരകൻ ഒരു രോഗിയുമായി സംസാരിച്ചപ്പോൾ ആംബുലൻസ് എത്താനുള്ള സമയം എങ്കിലും കൊടുക്കണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
● ‘തിരുത്തരുത് മരണസംഖ്യ’(മലയാള മനോരമയുടെ ഒന്നാംപേജ് വാർത്ത)
വസ്‌തുത: മറ്റ് രോഗങ്ങളുള്ളവർ ഏതെങ്കിലും സാഹചര്യത്തിൽ കോവിഡിനുകൂടി ഇരയായി മരിച്ചാൽ അത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കോവിഡ് മരണത്തിന്റെ ഗണത്തിൽപ്പെടുത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
● കളമശ്ശേരി മെഡിക്കൽ കോളേജ്
ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണമില്ല
(ചില ദൃശ്യങ്ങൾ മറയാക്കി മനോരമ ന്യൂസ് വാർത്ത)
വസ്‌തുത: ദൃശ്യം വ്യാജമെന്ന് തിരിച്ചറിഞ്ഞ റിപ്പോർട്ടർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രശ്നമെന്ന് മാറ്റിപ്പറഞ്ഞു. എന്നാൽ തിരുവനന്തപുരത്തും അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നില്ല. അവസാനം തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞു.
● ആശുപത്രികളിൽ ഐസിയു സൗകര്യം ഇല്ല. ഓക്സിജൻ വിതരണം മുടങ്ങി
വസ്‌തുത: -ഒക്‌ടോബർ 15വരെ സംസ്ഥാനത്തെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 177 മെട്രിക് ടൺ ഓക്‌സിജൻ സംഭരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആകെ 9226 ഐസിയുകളും 3692 വെന്റിലേറ്ററുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
● സംസ്ഥാനത്ത് കോവിഡ് പരിശോധന കുറവെന്ന്
വസ്‌തുത: ഘട്ടം ഘട്ടമായി പരിശോധനാ നിരക്ക് കൂട്ടുകയാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒക്‌ടോബറിൽ ഒരു ദിവസം പരിശോധിച്ചത് 73,816 സാമ്പിളുകൾ.
● നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാട് അതിഥിത്തൊഴിലാളികൾ നിരത്തിലിറങ്ങുന്നു. ഭക്ഷണം കിട്ടുന്നില്ലെന്നും ആരോപണം. സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാതെ വാർത്തകൾ, അന്തിചർച്ചകൾ നടത്തുന്നു
വസ്‌തുത: ഭക്ഷണത്തിനും മറ്റും അതിഥിത്തൊഴിലാളികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി നേരിട്ട് പറഞ്ഞിരുന്നതായി കോട്ടയം കലക്ടർ. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പക്ഷേ, തൊഴിലാളികളിൽ പലരും അവിടേക്ക് വരാൻ തയ്യാറല്ല.
ഭക്ഷ്യധാന്യങ്ങൾ തൊഴിലാളികൾക്ക് എത്തിച്ചുകൊടുക്കുന്നതിലും പ്രശ്‌നമില്ലെന്ന് കലക്ടർ പറഞ്ഞു. തൊഴിലാളികൾ സംഘടിച്ചതിനുപിന്നിൽ ബോധപൂർവമായ ശ്രമമുണ്ടായി.
No comments:
Post a Comment