മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവ്. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി കെ വി ജയകുമാർ വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‌പിക്ക് നിർദേശം നൽകി. കേസ് വീണ്ടും പരിഗണിക്കുന്ന മാർച്ച് ഒമ്പതിനു മുമ്പ് റിപ്പോർട്ട് നൽകണം. അഡ്വ. എം ആർ ഹരീഷ് നൽകിയ പരാതിയിലാണ് കോടതി ഇടപെടൽ.
സത്യവാങ്‌മൂലത്തിൽ കാണിച്ച വരുമാനവും ഷാജിയുടെ ആഡംബര വീട് നിർമാണത്തിന് ചെലവഴിച്ച തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്ന് പരാതിയിൽ പറഞ്ഞു. അനധികൃതമായി നിർമിച്ച ആഡംബര വീടിന് 1.62 കോടി രൂപ വില വരുമെന്നാണ് അധികൃതർ കണ്ടെത്തിയത്. വീടിന് നാലുകോടി രൂപയെങ്കിലും വരുമെന്നാണ് നിർമാണ മേഖലയിലെ വിദഗ്‌ധർ പറയുന്നത്. പരാതിക്കാരന്റെ വാദങ്ങളും ഹാജരാക്കിയ തെളിവും പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്നും ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെന്നും കോടതി പറഞ്ഞു.
എംഎൽഎ എന്ന നിലയിൽ 1.09 ലക്ഷം രൂപയാണ് ഷാജിയുടെ മാസവരുമാനം. പ്രത്യക്ഷത്തിൽ മറ്റ് വരുമാനമില്ല. ഈ വരുമാനത്തിൽ ഇത്ര വലിയ വീട് നിർമിക്കാനാവില്ലെന്ന പരാതിക്കാരന്റെ വാദവും കോടതി അംഗീകരിച്ചു.
സ്വർണക്കടത്തിലെ പങ്കും അന്വേഷിക്കണം
കെ എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദനവും സംശയാസ്‌പദമായ വിദേശ യാത്രകളും അന്വേഷിക്കണമെന്ന് ഇഡിക്ക് പരാതി. ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എൻ കെ അബ്ദുൾ അസീസാണ് പരാതി നൽകിയത്.സ്വർണക്കടത്തിലും ഷാജിയുടെ പങ്ക് അന്വേഷിക്കണം. നിരവധി ഹവാല കേസുകളിൽ ഉൾപ്പെട്ട താമരശേരി സ്വദേശികളായ കുടുക്കിൽ ബാബു, റഹീം എന്നിവർ ഷാജിയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇവരുമായി ചേർന്നാണ് ഷാജിയും ഭാര്യയും അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചത്. ഷാജി നടത്തിയ വിദേശയാത്രകളും ദുരൂഹമാണ്. റഹീം, ബാബു എന്നിവരുമൊത്തായിരുന്നു പല യാത്രകളും. ഹവാല പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് പരാതിയിൽ പറഞ്ഞു.
ഇഡി ഇന്ന് ചോദ്യംചെയ്യും
അനധികൃത സ്വത്തുസമ്പാദന കേസിൽ കെ എം ഷാജി എംഎൽഎയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്യും. ചൊവ്വാഴ്‌ച രാവിലെ 10ന് കോഴിക്കോട് യൂണിറ്റിലാണ് ചോദ്യംചെയ്യൽ.
അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ്‌ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ അന്വേഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരി എന്നിവരെ ഇഡി നേരത്തെ ചോദ്യംചെയ്‌തിരുന്നു.ഷാജി വീട് നിർമിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇത് അന്വേഷിക്കാൻ മുൻ പിഎസ്‌സി അംഗമായ ടി ടി ഇസ്‌മായിലിനെ രണ്ടുതവണ ഇഡി വിളിച്ചുവരുത്തി.
ആശ ഷാജിയെ 9 മണിക്കൂർ ചോദ്യംചെയ്‌തു
ആഡംബര വീട് നിർമാണത്തിനുപിന്നിലെ സാമ്പത്തിക സ്രോതസ്സ് അറിയുന്നതിന് കെ എം ഷാജി എംഎൽഎയുടെ ഭാര്യ ആശ ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്‌തു. രാവിലെ പത്തിന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രിവരെ നീണ്ടു. കോഴിക്കോട് മാലൂർക്കുന്നിലാണ് ആശയുടെ പേരിൽ ഷാജി വീട് നിർമിച്ചത്. രണ്ടുനിലയിൽ 3200 ചതുരശ്ര അടി വിസ്‌തീർണത്തിൽ വീട് നിർമിക്കാനായിരുന്നു കോർപറേഷൻ അനുമതി. എന്നാൽ, മൂന്ന് നിലയിൽ 5420 ചതുരശ്ര അടിയിലാണ് വീട്. പത്ത് വർഷത്തെ ബാങ്ക് ഇടപാട് രേഖകളുമായി എത്താനായിരുന്നു ആശ ഷാജിക്ക് നിർദേശം. ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഇഡി ആവശ്യപ്പെട്ടു.
സ്വർണവിലയെ പിന്തള്ളി ഇഞ്ചി മുന്നേറ്റം ; യുഡിഎഫുകാർക്ക്, ഇഞ്ചി കോടികൾ ലാഭമുള്ള കൃഷിയാണെങ്കിൽ സ്വർണം വലിയ നഷ്ടക്കച്ചവടമാണത്രെ!
ഖമറുദ്ദീൻ എംഎൽഎയുടെ കാര്യത്തിൽ ഇഞ്ചി കടിച്ച യുഡിഎഫുകാർക്ക് പക്ഷേ, മറ്റൊരു എംഎൽഎയുടെ കാര്യത്തിൽ അഭിമാനിക്കാം. അഴീക്കോട്ടെ യുഡിഎഫ് എംഎൽഎ കെ എം ഷാജി ആഡംബരവീട് വച്ചതും സ്വത്ത് വാങ്ങിയതും ഇഞ്ചിക്കൃഷി നടത്തിയ കോടികൾകൊണ്ടാണ്!
‘അഴിമതിക്കൊരു വോട്ട്’ ചോദിക്കുന്ന യുഡിഎഫിൽ പിന്നെയുമുണ്ട് വിചിത്രമായ സംഗതി. സ്വർണക്കച്ചവടം കനത്ത നഷ്ടമാണത്രേ. ഖമറുദീന്റേത് ബിസിനസാണെന്നും പൊട്ടിപ്പോയി എന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിലവിളി. 2003ലാണ് ഖമറുദ്ദീൻ ലീഗ് നേതാക്കൾക്കൊപ്പം ചേർന്ന് സ്വർണക്കച്ചവടം തുടങ്ങിയത്. അന്ന് പവന് 6000 രൂപ വില. അത് കൂടിക്കൂടി 40,000 വരെയെത്തി. അതായത്, കച്ചവടം ഒന്നും നടന്നില്ലെങ്കിലും പവനൊന്നിന് 34,000 രൂപ ലാഭം കിട്ടി.
ചെറുവത്തൂർ, കാസർകോട്, പയ്യന്നൂർ ശാഖകളിലായി 80 കിലോ സ്വർണംവരെ രേഖയിലുണ്ടായിരുന്നു. അതായത്, 10,000 പവൻ. അഞ്ചുപൈസയുടെ കച്ചവടം നടന്നില്ലെങ്കിലും കെട്ടിക്കിടന്ന സ്വർണത്തിൽമാത്രം ഖമറുദ്ദീന്റെ ലാഭം 30കോടി കടക്കും!
ഇഞ്ചികൃഷിയുടെ കാര്യവും മറ്റൊന്നല്ല. ഇന്നത്തെ കാലത്ത് ഒരുകോടി ലാഭമുണ്ടാക്കാൻ ഷാജി എംഎൽഎയ്‌ക്ക് എത്ര ഏക്കർ ഇഞ്ചിക്കൃഷി വേണ്ടിവരും. മുടക്കുമുതലും കഴിഞ്ഞ് കിലോയ്‌ക്ക് 20 രൂപ ലാഭം കിട്ടിയാൽ തന്നെ കുറഞ്ഞത് 30 ഏക്കർ വേണ്ടിവരും.
വയനാട്ടിലൊന്നും ഷാജിയുടെ പേരിൽ അങ്ങനെ കൃഷിസ്ഥലമുള്ള കാര്യം ആർക്കുമറിയില്ല. കർണാടകത്തിലാണ് കൃഷിയെന്നാണ് ഷാജിയുടെ വാദം. ഉണ്ടെങ്കിൽ തന്നെ നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്‌മൂലത്തിൽ കാണിച്ചിട്ടുമില്ല. എന്തുതരം കൃഷിയാണ് ഷാജി നടത്തിയത് എന്നറിയാൻ ഇഡിയും ഇപ്പോൾ വിജിലൻസും ഇറങ്ങിയിട്ടുണ്ട്. കാത്തിരിക്കാം.
വയനാട്ടിലെ ഭൂമിയിലും ഷാജിയുടെ കള്ളക്കണക്ക്
മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി എംഎൽഎയുടെ ഭൂമി സംബന്ധിച്ച കണക്കിലും തട്ടിപ്പ്. തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ നൽകിയ കണക്കിലാണ് കൃത്രിമം കാട്ടിയത്. 2016ൽ അഴീക്കോട്ട് മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്‌മൂലത്തിൽ വൈത്തിരി താലൂക്കിൽ 2012ൽ സ്ഥലം വാങ്ങിയതായി ഷാജി പറയുന്നു. ആകെയുള്ള 88 സെന്റിൽ പകുതി തന്റെ പേരിലെന്നാണ് തെരഞ്ഞെടുപ്പ് കമീഷനെ ബോധിപ്പിച്ചത്. ഇതുപ്രകാരം 44 സെന്റ് സ്ഥലം മാത്രമേ പാടുള്ളൂ. പക്ഷേ ആധാരമടക്കമുള്ള രേഖകളിൽ 1.85 ഏക്കർ കാണുന്നു. വൈത്തിരി താലൂക്കിലെ ചിറക്കൽ ദേശത്ത് ആകെ 3.7 ഏക്കർ സ്ഥലമാണുള്ളത്. ഇതിന്റെ പകുതിയായ 1.85 ഏക്കർ സ്ഥലമാണ് ഷാജിയ്‌ക്ക്. ചൊവ്വാഴ്‌ച കെ എം ഷാജിയെ ഇഡി ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ തെളിവുകൾ പുറത്തുവന്നത്.
രേഖ എവിടെ? ഇഡിക്കുമുന്നിൽ വിയർത്ത് ഷാജിയുടെ ഭാര്യ
അനധികൃത സ്വത്തുസമ്പാദന കേസിലെ ചോദ്യംചെയ്യലിൽ ഇഡിക്കു മുമ്പിൽ രേഖ ഹാജരാക്കാനാകാതെ മുസ്ലിംലീഗ് നേതാവ് കെ എം ഷാജി എംഎൽഎയുടെ ഭാര്യ ആശ ഷാജി. രണ്ട് സഹായികൾക്കൊപ്പമെത്തിയ ആശയെ രാവിലെ പത്തോടെ ചോദ്യംചെയ്യാൻ തുടങ്ങി. ഉച്ചയോടെ അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷ. ചില മൊഴികൾ സാധൂകരിക്കുന്ന തെളിവ് കൈമാറാൻ ആശയ്‌ക്കായില്ല. രേഖ വീട്ടിലുണ്ടെന്നായിരുന്നു മറുപടി. ഒപ്പം എത്തിയ ആളെ രേഖ കൊണ്ടുവരാൻ വീട്ടിലേക്കയച്ചു. എന്നാൽ, ഉച്ച കഴിഞ്ഞിട്ടും ഇയാൾ എത്താത്തത് ഇഡി ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചു.
കഴിഞ്ഞ ദിവസം ടി ടി ഇസ്‌മായിൽ നൽകിയ മൊഴിയിൽനിന്ന് വ്യത്യസ്‌തമായിരുന്നു ആശയുടെ പല മറുപടിയും. രണ്ട് മൊഴിയും തമ്മിൽ വൈരുധ്യം വന്നതോടെ ഇസ്‌മായിലിനെ വീണ്ടും വിളിച്ചുവരുത്തി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്‌തു. അൽപ്പസമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്‌മായിൽ ഇത് നിഷേധിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖ കഴിഞ്ഞ ദിവസം നൽകാൻ സാധിച്ചില്ലെന്നും അത് കൈമാറാനാണ് എത്തിയതെന്നുമായിരുന്നു ഇസ്‌മായിലിന്റെ മറുപടി.
No comments:
Post a Comment