Tuesday, November 10, 2020

ഭിന്നിപ്പിക്കാൻ സംവരണവും ആയുധമാക്കുമ്പോൾ

പൗരത്വഭേദഗതി നിയമത്തിനും കർഷകബില്ലുകൾക്കുംശേഷം ബിജെപി സംഘപരിവാർ പ്രഭൃതികളുടെ അടുത്ത നീക്കം എന്തായിരിക്കും എന്നാശങ്കപ്പെടുന്നവർക്ക് ഇതര പിന്നോക്ക വിഭാഗങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിൽ അനിശ്ചിതമായ അമാന്തം ചില സൂചനകൾ നൽകുന്നുണ്ട്.  ക്രീമിലെയർ നിർണയത്തിൽ ശമ്പളത്തെക്കൂടി ഒരു മാനദണ്ഡമാക്കാനും പിന്നോക്കക്കാരെ വീണ്ടും പല തട്ടുകളിലായി വിഭജിക്കാനുമൊക്കെയുള്ള ആവശ്യത്തിന് പിന്നിലെ ഒളി അജൻഡകൾ മറനീക്കുന്നു. നിലനിൽക്കുന്ന സംവരണതത്വങ്ങളെ അട്ടിമറിക്കാനുള്ള സവർണഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചേരുവകൾ അണിയറയിൽ തയ്യാറാകുന്നു.

അധികാരദുർവിനിയോഗത്തിലൂടെ പാർലമെന്റിൽ കേന്ദ്രസർക്കാർ പാസാക്കിയെടുത്ത കാർഷിക ബില്ലുകൾക്കെതിരായി  കർഷകരുടെ ഇടയിൽ വലിയ അസംതൃപ്തി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിന്ദി മേഖലയിലെ കർഷകസമൂഹങ്ങളിൽ ഒരു വലിയ പങ്ക് പിന്നോക്ക സമുദായത്തിൽപ്പെടുന്നവരായിരിക്കേ പിന്നോക്ക സംവരണത്തിൽ വെള്ളം ചേർക്കുന്നതിലൂടെ ഈ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാം എന്ന ദുഷ്ടബുദ്ധി ബിജെപി പയറ്റിക്കൂടായ്കയില്ല.  ഉപവിഭാഗങ്ങൾക്കുള്ള സംവരണം (ടാർഗറ്റഡ്‌ റിസർവേഷൻ), ഏറ്റവും പ്രാന്തവൽക്കരിക്കപ്പെട്ടവർക്കായുള്ള സംവരണം (മോസ്‌റ്റ്‌ മാർജിനലൈസ്‌ഡ്‌) എന്നൊക്കെയുള്ള ഓമനപ്പേരുകൾ നൽകി തമ്മിലടിപ്പിക്കുന്നതിലൂടെ അവരുടെ ന്യായമായ പ്രതിഷേധങ്ങളെയും ദുർബലമാക്കാം എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. വോട്ടുബാങ്കുകൾക്കനുസരിച്ച് പിന്നോക്ക സമുദായത്തെ പുനർനിർണയിക്കുകയും ചില സമുദായങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്തുകയും ചെയ്തുകൊണ്ട് വലിയ സാമൂഹ്യഅസമത്വം സൃഷ്ടിച്ചിരിക്കുന്നു.  കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യയും സാമൂഹ്യപദവിയുമുൾപ്പെടെയുള്ള ശാസ്ത്രീയ മാനദണ്ഡങ്ങൾ പുനർനിർണയങ്ങളിൽ സ്വീകരിക്കുമ്പോൾ വോട്ട്ബാങ്ക് മാത്രമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 

പിന്നോക്ക ക്ഷേമത്തിനായുള്ള പാർലമെന്ററി സമിതിയുടെ പുനഃസംഘടന അനിശ്ചിതമായി നീട്ടിവയ്‌ക്കുന്നതിലൂടെ പിന്നോക്ക ജനവിഭാഗങ്ങൾക്കുള്ള അവകാശങ്ങൾപോലും ഇല്ലാതാക്കുകയാണ്. കേന്ദ്ര നടപടികളെ നിരീക്ഷിക്കാനും വിലയിരുത്താനുമുള്ള ഭരണഘടനാദത്തമായ അവകാശമുള്ള കമ്മിറ്റിയാണത്.  അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു കമ്മിറ്റി പുനഃസംഘടിപ്പിക്കാതിരിക്കുന്നത് സംവരണവിരുദ്ധ നിലപാടുകൾ കൈക്കൊള്ളുന്ന സംഘപരിവാർ അജൻഡകളുടെ ഭാഗമാണെന്നതിൽ സംശയമില്ല. 

പാർലമെന്ററി കമ്മിറ്റികൾ ആദ്യയോഗം ചേർന്ന് ഒരു വർഷം പൂർത്തിയാകുന്ന മുറയ്ക്ക് അവ പുനഃസംഘടിപ്പിക്കണമെന്നാണ് ചട്ടം. 2020 സെപ്തംബറിൽ ഇതനുസരിച്ച് എട്ടോളം പാർലമെന്ററി കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിരുന്നു. എന്നാൽ, ഒബിസി കമ്മിറ്റിമാത്രം പുനഃസംഘടിപ്പിക്കാത്തതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്.  ഒബിസി കമ്മിറ്റിയുടെ അവസാനയോഗത്തിൽ ഒബിസി സംവരണത്തിൽ വെള്ളംചേർക്കാനുള്ള കേന്ദ്രഗവൺമെന്റ് നീക്കത്തിനെതിരെ ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നിരുന്നു എന്ന വസ്തുതകൂടി ഇതോടൊപ്പം ചേർത്തുവായിക്കണം.

2019 ഫെബ്രുവരിയിൽ ഒബിസി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ, വരുമാന മാനദണ്ഡവുമായി ബന്ധപ്പെട്ട് 1997 മുതൽക്കുള്ള നാല്‌ ഭേദഗതിക്കുശേഷവും ഒബിസി വിഭാഗങ്ങൾക്കായുള്ള സംവരണ സീറ്റുകളിൽ 27ശതമാനവും നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുകയാണെന്ന്‌ ചൂണ്ടിക്കാണിച്ചിരുന്നു.  ഈ റിപ്പോർട്ടിൽ പറയുന്ന വസ്തുതകൾ അനുസരിച്ച് കേന്ദ്ര ഗവൺമന്റിലെ ഉയർന്ന തസ്തികയായ "എ' വിഭാഗം ജീവനക്കാരിൽ 13 ശതമാനം മാത്രമാണ് ഒബിസി വിഭാഗത്തിൽനിന്നുള്ളവർ. മൊത്തം 32.58 ലക്ഷം ഗവ. ജീവനക്കാരിൽ ഏഴ്‌ ലക്ഷം പേർ മാത്രമാണ് ഒബിസി വിഭാഗത്തിൽനിന്നുള്ളത്. (21 ശതമാനം). എന്നാൽ, 27 ശതമാനമാണ് യഥാർഥത്തിൽ അവർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്.  ഈ ഏഴ് ലക്ഷത്തിൽ 6.4 ലക്ഷവും (22.65 ശതമാനം) "സി' കാറ്റഗറി ജീവനക്കാരാണ് എന്നതും ശ്രദ്ധേയമാണ്.  ശുചീകരണ തൊഴിലാളികളായിട്ടും മറ്റും ജോലിനോക്കുന്നവരല്ലാതെ വാഗ്ദാനം ചെയ്യപ്പെട്ട 27 ശതമാനം സംവരണനിയമനങ്ങളിലേക്ക് ഒബിസി വിഭാഗത്തിൽ നിന്നുള്ളവർ  എത്തിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് ഒബിസി കമ്മിറ്റി 2020 ജൂലൈയിൽ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ ഒരു വ്യക്തിയുടെ അടിസ്ഥാനശമ്പളം കുടുംബത്തിന്റെ വാർഷികവരുമാനം കണക്കാക്കുന്നതിൽ ഉൾപ്പെടുത്തരുതെന്ന് ശുപാർശ നൽകിയത്.  കുടുംബാംഗങ്ങളുടെ സംവരണയോഗ്യത നിർണയിക്കുന്നത് ഈ അടിസ്ഥാന ശമ്പളവുംകൂടി കണക്കാക്കിക്കൊണ്ടുള്ള വാർഷികവരുമാന സർട്ടിഫിക്കറ്റ് ആയതുകൊണ്ടാണ്  ഇത്തരത്തിലുള്ള ഒരു ശുപാർശ നൽകേണ്ടിവന്നത്.

പിന്നോക്കവിഭാഗക്കാരുടെ ജോലി/വിദ്യാഭ്യാസ സാധ്യതകൾക്ക് വീണ്ടും മങ്ങലേൽപ്പിക്കുന്ന ഒന്നാണിതെന്ന കാര്യം ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാകും.   ക്രീമിലെയറിന്റെ ഉയർന്ന വരുമാനപരിധി നിലവിലുള്ള എട്ട്‌ ലക്ഷത്തിൽനിന്ന്‌ 15 ലക്ഷമായി ഉയർത്താനും ശുപാർശ ചെയ്യുകയുണ്ടായി.  നിലവിൽ എട്ട്‌ ലക്ഷത്തിൽ ചുവടെ വാർഷിക വരുമാനമുള്ള ഉദ്യോഗാർഥികളും വിദ്യാർഥികളുമാണ് 27 ശതമാനം വരുന്ന ഒബിസി സംവരണത്തിന് അർഹരാകുക. സർക്കാരിന്റെ ക്രീമിലെയർ നിർണയിക്കാനുള്ള കടുംപിടിത്തവും അടിസ്ഥാനശമ്പളം ഉൾപ്പെടെ വരുമാനം കണക്കാക്കുന്ന രീതിയും നടപ്പാകുമ്പോൾ ഒബിസി വിഭാഗങ്ങളുടെ 27ശതമാനം സംവരണം ജലരേഖയാകും.

1979ൽ ജനതാഗവൺമെന്റ് സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ബിപി മണ്ഡലിന്റെ നേതൃത്വത്തിൽ ഒരു കമീഷനെ നിയമിച്ചതും ഈ കമീഷൻ 27 ശതമാനം സീറ്റുകൾ അവർക്കായി സംവരണം ചെയ്യാൻ നിർദേശിച്ചതും നമുക്കറിയാം.  ജനസംഖ്യയുടെ 52 ശതമാനം വരുന്ന ഒബിസി വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ടായിരുന്നു മണ്ഡൽ കമീഷൻ അത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്.  1993ലെ ഗവൺമെന്റ് രേഖകൾ പ്രകാരം ക്രീമിലെയർ എന്ന വിഭജനത്തിന്റെ സത്ത ഉയർന്ന ഭരണഘടനാ പദവികൾ വഹിച്ചിരുന്നവർ (ഉദാ: ഇന്ത്യൻ പ്രസിഡന്റ്), ഗവൺമെന്റിലെയും സൈന്യത്തിലെയും ഉന്നത ഉദ്യോഗസ്ഥർ, ഉന്നതരായ പ്രൊഫഷണലുകൾ, ഉയർന്ന വരുമാനമുള്ളവർ, വലിയ ഭൂസ്വത്ത് ഉള്ളവർ എന്നിവരുടെ മക്കൾക്ക് സംവരണം നൽകേണ്ടതില്ല എന്ന കാഴ്ചപ്പാടായിരുന്നു.  ഈ കാഴ്ചപ്പാടിനെ സംവരണം അട്ടിമറിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നത് പരിഹാസ്യമാണ്.

ഭരണകക്ഷിയായ ബിജെപിയുടെ എംപി തന്നെ അധ്യക്ഷനായ ഒബിസി കമ്മിറ്റി നൽകിയ യുക്തിസഹമായ റിപ്പോർട്ടിനോട് സാമൂഹ്യനീതി മന്ത്രാലയം സ്വീകരിച്ച സമീപനം അമ്പരപ്പിക്കുന്നതായിരുന്നു.  നിർദേശങ്ങൾ പരിഹരിക്കുന്നതിനായി ഒരു റിട്ടയേർഡ് ബ്യൂറോക്രാറ്റിനെ അധ്യക്ഷനാക്കിക്കൊണ്ടുള്ള ഒരു "വിദഗ്ധസമിതി'യെ നിയമിക്കുകയാണ് മന്ത്രാലയം ചെയ്തത്.  ഒബിസി സംവരണത്തെക്കുറിച്ച് പഠിക്കാനുള്ള ഈ വിദഗ്ധസമിതിയിലാകട്ടെ, ഒറ്റ ഒബിസി അംഗംപോലും ഇടംനേടിയില്ലെന്നതും വിചിത്രം!  സ്വകാര്യനിക്ഷേപകർക്കായി നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾപോലും തീറെഴുതിക്കൊടുക്കുന്ന, സ്വകാര്യവൽക്കരണ നയങ്ങൾ മുഖ്യ അജൻഡയാക്കി മുന്നോട്ടുപോകുന്ന ഗവൺമെന്റിന്റെ കാലത്ത് അതുകൊണ്ടുതന്നെ വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സംവരണം നടപ്പാകുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല.  കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഒബിസി സംവരണം ഇല്ലാത്തതിന്റെ പേരിലും പാർലമെന്ററി കമ്മിറ്റി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.  കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണവും പ്രവേശനവും സംബന്ധിച്ച ആക്ട് 2006ൽ പാസാക്കിയിട്ടും ഇവിടങ്ങളിൽ പ്രവേശനമാനദണ്ഡങ്ങൾ ഭേദഗതി ചെയ്യപ്പെട്ടിട്ടില്ല. 

ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 30 ക്ലോസ് 1 പ്രകാരം ന്യൂനപക്ഷപദവിയുള്ള സ്ഥാപനങ്ങളിലൊഴികെ സംസ്ഥാന ഗവൺമെന്റിനുകീഴിൽ പ്രവർത്തിക്കുന്നതോ സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ളതോ ആയ എല്ലാ എയ്ഡഡ്, അൺ എയ്ഡഡ്, സ്വകാര്യസ്ഥാപനങ്ങളിലും ഒബിസി സംവരണം നടപ്പാക്കാൻ കമ്മിറ്റി ശുപാർശ ചെയ്തത്.

കാലാവധി ദീർഘിപ്പിച്ചും നീട്ടിവച്ചും സ്വാഭാവിക മരണത്തിന്‌ വിട്ടുകൊടുക്കുക എന്ന തന്ത്രമാണ് സാമൂഹ്യനീതിയുടെ കാര്യത്തിൽ കേന്ദ്രം സ്വീകരിക്കുന്നത്. ഒബിസി വിഭാഗത്തിലെ സബ് കാറ്റഗറി വിഭാഗങ്ങളെ കണ്ടെത്തുക എന്ന വിഷയത്തിൽ പഠനം നടത്താൻ 2017 ഒക്ടോബറിൽ നിയമിതമായതാണ് ജസ്റ്റിസ് ജി രോഹിണി കമ്മിറ്റി. 2018 ജനുവരിയോടെ പന്ത്രണ്ട് ആഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചുകൊണ്ട് രൂപീകരിച്ച ഈ കമ്മിറ്റിയുടെ ഒമ്പതാമത്തെ കാലാവധി ദീർഘിപ്പിക്കലാണ്  നടത്തിയിരിക്കുന്നത്.  2021 ജനുവരിവരെ ഇപ്പോൾ നീട്ടിയിട്ടുണ്ട്‌.

പിന്നോക്ക വിഭാഗങ്ങൾക്ക് കേന്ദ്രസർവീസിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും പ്രാതിനിധ്യംഉറപ്പ് വരുത്താൻ സാധിക്കാത്തതിന് കോൺഗ്രസും ബിജെപിയുമെല്ലാം ഉത്തരവാദികളാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികളെ ലഭിക്കാത്തതാണ് കാരണമെന്ന ബ്യൂറോക്രസിയുടെ വിശദീകരണത്തിന്റെമേൽ അടയിരിക്കുകയാണ് ബിജെപി സർക്കാർ. നോൺക്രീമിലെയർ വിഭാഗത്തിൽനിന്ന് ഉദ്യോഗാർഥികളെ ലഭ്യമായില്ലെങ്കിൽ ആ വിഭാഗത്തിലെ ക്രീമിലെയർ വിഭാഗങ്ങളെയും പരിഗണിക്കുകയാണ് വേണ്ടത്. വളർന്നുവരുന്ന സാമൂഹ്യ അസമത്വം പരിഹരിക്കാൻ അതുമാത്രമാണ് പോംവഴി. നിലവിലുള്ള പ്രാതിനിധ്യംകൂടി ഇല്ലാതാകുന്ന പരിഷ്‌കാരങ്ങളാണ് ഗവൺമെന്റ് നടപ്പാക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഇടതുപക്ഷസർക്കാർ ഇന്ത്യക്കാകെ മാതൃകയാകുന്നത്. ഏറ്റവുമൊടുവിൽ മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുകൂടി പത്ത്ശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാഭേദഗതി നടപ്പാക്കാനുള്ള ആർജവം കാണിച്ചിരിക്കുകയാണ് സർക്കാർ. പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്തുന്നതിൽ അതീവജാഗ്രത പുലർത്തിക്കൊണ്ടുതന്നെ പുതിയ ഭരണഘടനാഭേദഗതി നടപ്പാക്കിയിരിക്കുന്നു. അതോടെ നിലവിലുള്ള സംവരണം 60 ശതമാനമായി മാറി. രാജ്യത്ത് മുതലാളിത്ത നയം നടപ്പാക്കുന്നതിന്റെ ഭാഗമായി മുന്നോക്ക സമുദായങ്ങൾക്കിടയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വലിയൊരു വിഭാഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താൻ ഭരണഘടനാഭേദഗതി വേണമെന്ന നിർദേശം സിപിഐ എം മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രകടനപത്രികയിൽ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണമെന്ന നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു. അത് നടപ്പാക്കിയിരിക്കുന്നു. എന്നാൽ, തെറ്റിദ്ധാരണ പരത്തിയും വർഗീയവിഷം കുത്തിവച്ചും ജനക്ഷേമകരമായ തീരുമാനങ്ങൾക്കെതിരെ കലാപത്തിനൊരുങ്ങുകയാണ് ചിലർ. 

കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണനയങ്ങളും കരാർ തൊഴിൽ സമ്പ്രദായവുമാണ് സംവരണതത്വങ്ങളെ അട്ടിമറിച്ചതെന്ന് പകൽപോലെ വ്യക്തമാണെങ്കിലും ആ നയങ്ങൾക്കെതിരെ ചെറുവിരൽപോലും അനക്കാൻ തുനിയുന്നുമില്ല. പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടപ്പെടുത്തിയത് ലക്ഷക്കണക്കിന് സംവരണ തസ്തികകളാണെന്നത് മനഃപൂർവം മറന്ന് കേരളം ലാഭത്തിലാക്കിയ പൊതുമേഖലാസ്ഥാപനങ്ങളിലെ സംവരണക്കണക്കുകൾ കൂട്ടിക്കിഴിച്ചുകൊണ്ടിരിക്കുകയാണവർ. ഒബിസി സംവരണത്തിൽ വെള്ളംചേർത്തുകൊണ്ട് ഉപവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് അതിൽ ഒരു വിഭാഗത്തിന്റെ സംരക്ഷകരായി സ്വയം അവരോധിച്ച് വിശാലമായ ഒബിസി ഐക്യത്തെ തുരങ്കംവയ്‌ക്കുകയാണ് സംഘപരിവാറിന്റെ രാഷ്ട്രീയലക്ഷ്യം. കാർഷികബില്ലുകളുടെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ കർഷകജനവിഭാഗങ്ങൾക്കിടയിൽ ഉടലെടുത്തിരിക്കുന്ന വർഗഐക്യത്തെ അട്ടിമറിക്കുന്നതിലൂടെ സാമ്പത്തിക –- രാഷ്ട്രീയ അജൻഡകളും നടപ്പാക്കാനാണ് ബിജെപിയുടെ നീക്കം. പിന്നോക്ക സമുദായങ്ങളുടെ ക്ഷേമത്തിനായുള്ള പാർലമെന്ററി കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതിനു പിന്നിലും ഇത്തരം താൽപ്പര്യങ്ങളല്ലാതെ മറ്റൊന്നുമല്ല.

കെ കെ രാഗേഷ്‌ 

No comments:

Post a Comment