ഇടതുപക്ഷം ഉൾപ്പെട്ട മതനിരപേക്ഷ മഹാസഖ്യവും ബിജെപി ഉൾപ്പെട്ട എൻഡിഎയും നേർക്കുനേർ പോരാട്ടമുണ്ടായ ബിഹാറിൽ ചൊവ്വാഴ്‌ച ജനവിധിയറിയാം. ഇടതുപക്ഷത്തിന്റെ സാന്നിധ്യം മഹാസഖ്യത്തിന് വലിയ ഊർജമാണ് പകർന്നത്. ദേശീയതലത്തിൽ വർഗീയ ഫാസിസത്തെ തടുക്കുന്നതിൽ ഏതെല്ലാം വിധത്തിൽ ഇടതുപക്ഷം നിർണായകമാകുന്നുവെന്ന് ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും സിപിഐഎംഎൽ പൊളിറ്റ്‌ബ്യൂറോ അംഗം കവിതാ കൃഷ്‌ണനും വിശദീകരിക്കുന്നു. തയാറാക്കിയത്: എം പ്രശാന്ത്
ബിഹാറിൽ മഹാസഖ്യം വിജയം നേടും: യെച്ചൂരി
വോട്ടെടുപ്പിന് ശേഷമുള്ള റിപ്പോർട്ടുകൾ?
ബിഹാറിൽ മഹാസഖ്യത്തിന് നല്ല വിജയമുണ്ടാകും. ജനവികാരം എന്തെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിരോധത്തിലൂന്നിയ പ്രസംഗങ്ങൾ അതിന് ഉദാഹരണമാണ്. അയോധ്യ പോലുള്ള പതിവ് സംഘപരിവാർ അജണ്ടകളിലൂടെ വൈകാരിത സൃഷ്ടിക്കാനല്ലാതെ ജനകീയ വിഷയങ്ങൾ ഉയർത്താൻ മോഡിക്കായില്ല. വികസനത്തെക്കുറിച്ചോ തൊഴിലിനെക്കുറിച്ചോ ഒന്നും പറയാനുണ്ടായില്ല.
‘ജംഗിൾരാജി’നെക്കുറിച്ചുള്ള ആക്ഷേപങ്ങളിലൂടെ അവർ 15 വർഷം പിന്നോക്കം പോവുകയാണ്. മാത്രമല്ല യുപി ഭരിക്കുന്ന ബിജെപിക്ക് ജംഗിൾരാജിനെക്കുറിച്ച് പറയാൻ ഒരു അവകാശവുമില്ല. യുപിയിൽ എന്തുതരം ‘രാജ്’ ആണെന്ന് ജനങ്ങൾക്കറിയാം.
ജനങ്ങൾ മഹാസഖ്യത്തിനൊപ്പം എന്ത് കാരണങ്ങളാൽ നിലകൊണ്ടു?
യുവാക്കൾ വലിയതോതിൽ മുന്നോട്ടുവന്നിട്ടുള്ള ഒരു തെരഞ്ഞെടുപ്പാണിത്. അതിരൂക്ഷമായ തൊഴിലില്ലായ്‌മയാണ് മുഖ്യകാരണം. പുതിയ തൊഴിലുകൾ സൃഷ്ടിക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞില്ല. പ്രതിവർഷം രണ്ടുകോടി തൊഴിലാണ് മോഡി വാഗ്‌ദാനം ചെയ്‌തത്. അതുപ്രകാരം ആറുവർഷത്തിൽ 12 കോടി പുതിയ തൊഴിലുകൾ വേണ്ടിയിരുന്നു. എന്നാൽ നോട്ട് റദ്ദാക്കൽ, ജിഎസ്‌ടി, കോവിഡ് അടച്ചിടൽ തുടങ്ങിയ നടപടികളിലൂടെ ഉള്ള തൊഴിലുകൾ കൂടി ഇല്ലാതാക്കി. ഔദ്യോഗിക കണക്കുകൾ പ്രകാരം 15 കോടിയിലേറെ പേർക്ക് തൊഴിൽ നഷ്ടമായി.
ഇതോടൊപ്പം അതിഥിത്തൊഴിലാളി പ്രശ്‌നം പോലെ ബിഹാറിന്റെതായ വിഷയങ്ങളുണ്ട്. ബിഹാറിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികൾ വലിയ ദുരിതമനുഭവിച്ചു. അവർ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾക്കെതിരായി ഒരേപോലെ അമർഷത്തിലാണ്. ഒരു സൗകര്യവും അവർക്ക് ഒരുക്കിക്കൊടുത്തില്ല. കിലോമീറ്ററുകൾ നടന്നു. അതിഥിത്തൊഴിലാളികൾക്കായി തൊഴിലുറപ്പ് പദ്ധതി വികസിപ്പിക്കുമെന്ന് മോഡി പറഞ്ഞിരുന്നു. പ്രതിവർഷം 200 തൊഴിൽദിനങ്ങൾ വാഗ്‌ദാനം ചെയ്‌തു. ഈ പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല.
ജനങ്ങൾ തിരിച്ചറിഞ്ഞ മറ്റൊരു വിഷയം കൂടിയുണ്ട്. മോഡി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയെല്ലാം നിതീഷ് പൂർണമായി പിന്തുണയ്‌ക്കുകയാണ്. തൊഴിൽ നിയമങ്ങൾ ഒരു ഉദാഹരണമാണ്. അതിഥിത്തൊഴിലാളികൾക്കായി ഒരു നിയമം മാത്രമാണുണ്ടായിരുന്നത്. അതൊരു ദുർബല നിയമമായിരുന്നു. ഈ നിയമം ശക്തിപ്പെടുത്തണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇന്നിപ്പോൾ ആ നിയമവും റദ്ദാക്കപ്പെട്ടു. പുതിയ കാർഷിക നിയമങ്ങളുടെ കാര്യത്തിലും സമാനമാണ് അവസ്ഥ. ബിഹാറിലെ നഗര–-ഗ്രാമീണ മേഖലകൾ ഒരേ പോലെ ദുരിതത്തിലാണ്.
മഹാസഖ്യത്തിലെ ഇടതുപക്ഷത്തിന്റെ പങ്ക്?
ഇടതുപക്ഷ സാന്നിധ്യം മഹാസഖ്യത്തിന് വലിയ ഊർജം പകർന്നു. നിർണായകവും സജീവവുമായ ഘടകമായി ഇടതുപക്ഷം മാറി. ഇടതുപക്ഷം മുന്നണിക്കേകിയ കൂട്ടായ്‌മയും യോജിപ്പും രണ്ട് സന്ദേശങ്ങളാണ് പകർന്നത്. ഒന്ന്, മഹാസഖ്യം ഒരു വിശാല കൂട്ടായ്‌മയാണെന്ന ബോധ്യം. മറ്റൊന്ന് ഇടതുപക്ഷ സാന്നിധ്യം സാധാരണക്കാരിലേക്ക് പകരുന്ന ആത്‌മവിശ്വാസം. മുന്നണിയിൽ ഇടതുപക്ഷമുണ്ടെന്നും അവർ തങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുമെന്നുമുള്ള തിരിച്ചറിവ് ജനങ്ങൾക്കുണ്ട്.
ജാതി സമവാക്യങ്ങളിലേക്ക് അജണ്ട എത്തിക്കാൻ ശ്രമിക്കുന്നത് ബിജെപിയും ജെഡിയുവുമാണ്. എന്നാൽ ഇടതുപക്ഷത്തിന്റെ സാന്നിധ്യം തൊഴിലില്ലായ്‌മ പോലുള്ള ജനകീയ വിഷയങ്ങളിലേക്ക് അജണ്ട എത്തിച്ചു. അവിടെ മോഡിയും നിതീഷും ഒരേ പോലെ പ്രതിരോധത്തിലായി.
ബിഹാറിൽ ഇടതുപക്ഷത്തിന്റെ മുന്നോട്ടുപോക്ക്?
ബിഹാറിൽ ഇടതുപക്ഷത്തിന് തിരിച്ചുവരവ് സാധ്യമാണ്. ഒരുകാലത്ത് ശക്തമായിരുന്നു. വ്യത്യസ്‌തങ്ങളായ സാഹചര്യങ്ങളും ഘടകങ്ങളും ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി. എന്നാൽ ഇടതുപക്ഷമാണ് തങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും പൊരുതുകയും ചെയ്യുന്നതെന്ന യാഥാർഥ്യം സമീപകാലത്തായി ജനങ്ങൾ തിരിച്ചറിഞ്ഞു. അവരുടെ സാമൂഹ്യ സംരക്ഷണത്തിനായി പ്രതിജ്‌ഞാബദ്ധമായി നിലകൊള്ളുന്നവർ. അഴിമതിയില്ലാത്തവർ. മൂല്യാധിഷ്‌ഠിത രാഷ്ട്രീയത്തെ മുറുകെ പിടിക്കുന്നവർ. ഇതെല്ലാം ഏറെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. ധാർമികമായി അധഃപതിച്ച ബിഹാർ രാഷ്ട്രീയത്തിൽ ഇടതുപക്ഷം നിശ്‌ചയമായും ഒരു ബദലായി മാറി.
ദേശീയതലത്തിലും മഹാസഖ്യ സാധ്യത?
ദേശീയതലത്തിൽ മഹാസഖ്യമെന്നത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെ കൂടി ആശ്രയിച്ചാണ് നിലകൊള്ളുന്നത്. തമിഴ്‌നാട്ടിൽ നിലവിൽ ഒരു സഖ്യമുണ്ട്. സംഘപരിവാറിനെ അധികാരത്തിൽനിന്ന് അകറ്റിനിർത്തുക എന്നതാണ് മുഖ്യപരിഗണന. ഇന്ത്യയുടെ നന്മ മുന്നിൽ കണ്ടുള്ള നിലപാടാണിത്.
ജാതിരാഷ്‌ട്രീയത്തിന് മാറ്റമുണ്ടാകും: ഡി രാജ
മഹാസഖ്യത്തിന്റെ വിജയസാധ്യതകൾ?
ബിഹാറിലെ ജനങ്ങൾ വളരെ ആവേശത്തോടെ മഹാസഖ്യത്തെ ഏറ്റെടുത്തിരുന്നു. നിലവിലെ ഭരണത്തിൽ ജനങ്ങൾ അസന്തുഷ്‌ടരാണ്. ജെഡിയുവിനെയും ബിജെപിയെയും അവർ ഒരേപോലെ തള്ളി. ഭരണത്തിൽ മാറ്റമുണ്ടാകും. ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യം ബദൽ സർക്കാർ രൂപീകരിക്കും. ഈ ബദൽ വിശ്വാസ്യതയുള്ളതും ദൃഢവുമായിരിക്കും. മറുവശത്ത് മോഡിയും സംഘവും അസ്വസ്ഥരാണ്. ഒരു ഭരണമാറ്റം അവരും മുന്നിൽ കാണുന്നു.
ബിഹാറിൽ ഇടതുപക്ഷം ലക്ഷ്യമിടുന്നത്?
ഇടതുപക്ഷത്തിന്റെ പ്രഥമപരിഗണന ജെഡിയു–- ബിജെപി സർക്കാരിനെ താഴെയിറക്കലാണ്. അത് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രത്തിനാണ് രൂപം നൽകിയത്. പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ആർജെഡിയുടെ മുന്നണിയിൽ ഇടതുപക്ഷം കൂടി ചേരുന്നതോടെ കൂടുതൽ വിശ്വാസ്യത കൈവന്നു. സഖ്യത്തിലുള്ള കോൺഗ്രസ് രാജ്യമാകെ സ്വാധീനമുള്ള മതനിരപേക്ഷ പാർടിയാണ്. അവരും പഴയ അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
ജാതിഅധിഷ്‌ഠിത രാഷ്ട്രീയം ഏതുവിധം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും?
ജാതി അധിഷ്‌ഠിത രാഷ്ട്രീയം കൂടുതൽ വിശകലനം ആവശ്യമായ ഒന്നാണ്. ജാതി ഒരു യാഥാർഥ്യമാണ്. ജാതി സമ്പ്രദായത്തിനെതിരായി പൊരുതേണ്ടതുണ്ട്. ഇന്ത്യയിലെ സാമൂഹ്യവികാസം പരിശോധിച്ചാൽ ജാതി, വർഗം, ലിംഗം എന്നീ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജാതിവിവേചനത്തിനെതിരായും സാമ്പത്തിക അസമത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വർഗവിവേചനത്തിന് എതിരായും ലിംഗഭേദത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പുരുഷാധിപത്യത്തിനെതിരായും പൊരുതിക്കൊണ്ടല്ലാതെ ഇന്ത്യൻ സമൂഹത്തിന് മുന്നോട്ടുപോകാനാകില്ല.
അത്തരമൊരു വലിയ സമൂഹം എപ്പോഴും രാഷ്ട്രീയമായ ഉഴുതുമറിക്കലിന് വിധേയമാകും. അത് ചരിത്രപരമായി തെളിയിക്കപ്പെട്ട ഒന്നാണ്. എഴുപതുകളിൽ കമ്യൂണിസ്‌റ്റ് പ്രസ്ഥാനം രാജ്യവ്യാപകമായി ഭൂസമരങ്ങൾ ഏറ്റെടുത്തു. ഇത് ബിഹാറിൽ വലിയൊരു മുന്നേറ്റമായി. ദളിതർക്കും പിന്നോക്കക്കാർക്കുമായുള്ള ഈ പ്രക്ഷോഭം ഒരേസമയം വർഗാധിഷ്‌ഠിതവും ജാതി അധിഷ്‌ഠിതവുമായിരുന്നു. എഴുപതുകളുടെ പകുതിയിൽ ജയ്‌പ്രകാശ് നാരായൺ സമ്പൂർണ വിപ്ലവ മുദ്രാവാക്യമുയർത്തി. ലാലുവും നിതീഷും പസ്വാനും ശരത് യാദവുമെല്ലാം ഈ പ്രസ്ഥാനത്തിന്റെ സൃഷ്ടികളാണ്. സാമൂഹ്യനീതിയെന്നത് വലിയൊരു വിഷയമായി ബിഹാറിൽ ഉയർന്നതും ഈ ഘട്ടത്തിലാണ്.
സാമൂഹ്യനീതിക്കായുള്ള മുന്നേറ്റത്തെ ഒരു ജാതിഅധിഷ്‌ഠിത മുന്നേറ്റമായാണ് കാണുന്നതെങ്കിൽ അങ്ങനെയാകാം. അടിച്ചമർത്തപ്പെട്ട ജാതി വിഭാഗങ്ങൾ അവരുടെ അവകാശങ്ങൾ ഉയർത്തുകയും തുല്യരായി പരിഗണിക്കപ്പെടാൻ താൽപ്പര്യപ്പെടുകയും ചെയ്‌തു. തുല്യമായ അവകാശങ്ങൾ അവർ ആവശ്യപ്പെട്ടു. അതാണ് യാഥാർഥ്യം.
ഇടതുപക്ഷ സ്വാധീനം?
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സിപിഐക്കും ഇടതുപക്ഷത്തിനും ഗുരുതരമായ തിരിച്ചടികൾ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിയമസഭയിൽ സിപിഐക്കോ സിപിഐഎമ്മിനോ പ്രാതിനിധ്യമില്ല. എന്നാൽ ബിഹാറിലുടനീളം ഇടതുപക്ഷം സജീവമായ ഒരു രാഷ്ട്രീയ സാന്നിധ്യമാണ്. രാഷ്ട്രീയദിശ നിർണയിക്കുന്നതിലും സാമൂഹ്യവികാസം ഉറപ്പുവരുത്തുന്നതിലുമെല്ലാം ഇടതുപക്ഷത്തിന് ബിഹാറിൽ വലിയ പങ്കുണ്ട്.
ബിജെപിയുടെ കുതിപ്പിന് ബിഹാർ തടയിടുമോ?
അദ്വാനിയുടെ രഥയാത്രയെ തടഞ്ഞ മണ്ണാണ് ബിഹാറിന്റേത്. ലാലു രഥയാത്രയെ തടഞ്ഞുവെന്നത് മാത്രമല്ല, ബിജെപിയുമായി ഒരിക്കലും കൂട്ടുകൂടാത്ത ഒരു പാർടി കൂടിയാണ് ആർജെഡി. ഇതൊരു പ്രധാനപ്പെട്ട ഘടകമാണ്. വർഗീയകക്ഷികളോട് സന്ധിയില്ലാത്ത മതനിരപേക്ഷ പാർടിയായി തുടർന്നുപോകാൻ ആർജെഡിക്ക് കഴിഞ്ഞു. ബിജെപിയുടെ കുതിപ്പിന് ഒരിക്കൽ കൂടി ബിഹാർ തടയിടും.
ജനവികാരം നിതീഷിനെതിര്: കവിതാ കൃഷ്‌ണൻ
എന്താകും തെരഞ്ഞെടുപ്പ് ഫലം?
ബിഹാറിൽ രാഷ്ട്രീയമാറ്റമുണ്ടാകുമെന്നത് തീർച്ചയാണ്. ഇതാദ്യമായാണ് ഒരു തെരഞ്ഞെടുപ്പിൽ തൊഴിലും തുല്യവേതനവുമൊക്കെ പ്രധാന ചർച്ചയായി മാറുന്നത്. സാധാരണ ഇത്തരം വിഷയങ്ങൾ ട്രേഡ്‌യൂണിയൻ വേദികളിലും മറ്റും കേൾക്കുന്നതാണ്. എന്നാൽ ഇക്കുറി അതൊരു തെരഞ്ഞെടുപ്പ് ചർച്ചയായി മാറി. നിതീഷ് സർക്കാരിനെതിരായി വലിയ ജനവികാരമുണ്ട്. മോഡിയും നിതീഷും അടച്ചിടൽ സാഹചര്യം കൈകാര്യം ചെയ്‌തതിനെതിരായ പ്രതിഷേധം കൂടിയാണ്. അടച്ചിടൽ സൃഷ്ടിച്ച ദുരിതങ്ങളിൽ ജനങ്ങൾ ക്ഷുഭിതരാണ്. അതോടൊപ്പം മഹാസഖ്യം ഉയർത്തുന്ന തൊഴിൽസൃഷ്ടിയടക്കമുള്ള മുദ്രാവാക്യങ്ങൾ ജനങ്ങളെ ആകർഷിക്കുകയും ചെയ്‌തു.
ജാതിസമവാക്യങ്ങൾക്ക് ഉപരിയായി ജനകീയ വിഷയങ്ങൾ മാറിയോ?
ചില വിഷയങ്ങൾ ജാതിസമവാക്യങ്ങളെ മറികടക്കുന്നതാണ്. ഉദാഹരണമായി ജോലി, തൊഴിൽ അവകാശങ്ങൾ. ഇതെല്ലാം ജാതിസമവാക്യങ്ങൾക്കപ്പുറമായി ജനങ്ങളെ സ്വാധീനിക്കുന്നതാണ്. മറ്റൊന്ന് ഇത് യുവാക്കളാൽ നയിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ്. അവർക്കിടയിൽ തൊഴിൽ സൃഷ്ടി പോലുള്ള വിഷയങ്ങൾ ചലനം സൃഷ്ടിക്കുന്നുണ്ട്.
എൻഡിഎയുടെ വർഗീയഅജണ്ട ചലനം സൃഷ്ടിച്ചോ?
അയോധ്യ, കശ്‌മീർ തുടങ്ങി മോഡിയും എൻഡിഎയും ഉയർത്തുന്ന വിഷയങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞു. അവരുടെ അണികളിൽ പോലും ഇത്തരം വിഷയങ്ങളോട് തണുപ്പൻ സമീപനമായിരുന്നു. മഹാസഖ്യം ഉയർത്തിയ ജനകീയവിഷയങ്ങൾക്ക് ലഭിച്ച സ്വീകാര്യത വിഘടിത മുദ്രാവാക്യങ്ങൾക്കുണ്ടായില്ല. ഹിന്ദുവെന്ന നിലയിൽ വോട്ടുചെയ്യുക, ന്യൂനപക്ഷങ്ങളെ വെറുക്കുക, മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളുന്നവരെ വെറുക്കുക തുടങ്ങിയ ആഹ്വാനങ്ങളാണ് ബിജെപി നടത്തിയത്. ഈവിധം അവർ ഇടതുപക്ഷത്തെയും ലക്ഷ്യംവയ്‌ക്കുകയാണ്.
ബിഹാർ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് ഉണർവേകിയോ?
ഇടതുപക്ഷ അണികൾ വലിയ ആവേശത്തിലാണ്. ഇത്തരമൊരു യോജിപ്പ് അവർ ആഗ്രഹിക്കുന്നുണ്ട്. മുമ്പില്ലാത്ത വിധം ജനാധിപത്യം എത്രവലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അവർക്കറിയാം. ഐക്യത്തോടെയുള്ള പോരാട്ടമാണ് വേണ്ടതെന്ന ബോധ്യവുമുണ്ട്. മഹാസഖ്യം പൂർണമായും ഐക്യത്തിലാണ്. സിവാൻ പോലുള്ള മേഖലകളിൽ ആർജെഡിയുമായി സിപിഐഎംഎല്ലിന് പ്രശ്‌നങ്ങളുണ്ട്. യുപിയിൽനിന്ന് ഹിന്ദുവാഹിനി പോലുള്ള സംഘടനകൾ കടന്നുവന്ന് വർഗീയത വളർത്തുകയാണ്. ഇടതുപക്ഷത്തിന് വർഗീയതയോട് സന്ധി ചെയ്യാനാകില്ല. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ ശക്തിയും.
No comments:
Post a Comment