സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം ഒക്‌ടോബർ 25നും കേന്ദ്ര കമ്മിറ്റി യോഗം 30, 31 തീയതികളിലും ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ചേർന്നു. കോവിഡ്–-19നെ മറയാക്കി നരേന്ദ്ര മോഡിഭരണം എടുക്കുന്ന ജനവിരുദ്ധമായ സാമ്പത്തിക‐സാമൂഹ്യ‐രാഷ്‌ട്രീയ നയങ്ങളെ കേന്ദ്ര കമ്മിറ്റി വിലയിരുത്തി. അത്യന്തം അപകടകരമായ ഈ നയങ്ങൾക്കെതിരെ ജനങ്ങളുടെ വിശാലമായ ഐക്യം കെട്ടിപ്പടുത്തുകൊണ്ട് പ്രക്ഷോഭസമരങ്ങൾ വളർത്തിക്കൊണ്ടുവരണമെന്ന് നിശ്ചയിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ അടുത്തവർഷം ആദ്യം നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് അടവുകൾക്കും കേന്ദ്ര കമ്മിറ്റി രൂപം നൽകി.
രാജ്യവും ജനങ്ങളും സ്വാതന്ത്ര്യപ്രാപ്‌തിക്കുശേഷം ഉണ്ടായ ഏറ്റവും അപകടകരമായ സ്ഥിതിവിശേഷത്തെയാണ് ഇന്ന് നേരിടുന്നത്. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശങ്ങൾക്കും ജനാധിപത്യാവകാശങ്ങൾക്കും എതിരായിട്ടായിരുന്നു ഭരണകൂട കടന്നാക്രമണങ്ങളുടെ കുന്തമുന തിരിഞ്ഞത്. 2014ലും 2019ലും നരേന്ദ്ര മോഡി ഗവൺമെന്റ് ഭരണത്തിലെത്തിയതോടെ സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടായിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക‐സാമൂഹ്യ‐രാഷ്‌ട്രീയ‐വിദേശ നയസമീപനങ്ങളിൽ ക്രിയാത്മകമായി നിലനിന്നിരുന്ന എല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. വർഗീയ‐കോർപറേറ്റ് സഖ്യത്തിന്റെ കടന്നാക്രമണം ജനജീവിതത്തിന്റെ എല്ലാ തലങ്ങളിലും വ്യാപിച്ചിരിക്കുന്നു.
സാമ്പത്തികമേഖലകളും പ്രകൃതിസമ്പത്തും കോർപറേറ്റുകൾ കൈവശപ്പെടുത്തി. ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനുള്ള നടപടികൾ ഒന്നിനുപുറമെ മറ്റൊന്ന് എന്ന നിലയിൽ എടുത്തുകൊണ്ടിരിക്കുന്നു. ജനാധിപത്യവ്യവസ്ഥ തകർത്ത് സ്വേച്ഛാധിപത്യഭരണം അടിച്ചേൽപ്പിക്കാനാണ് ശ്രമം. ഇന്ന് ഇന്ത്യ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കീഴാള രാജ്യമായി മാറിയിരിക്കുന്നു. പുതിയ സാഹചര്യങ്ങളെ നേരിടാൻ ജനങ്ങളുടെ വിശാലമായ ഐക്യവും സമരവും വൻതോതിൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. മോഡിഭരണമെന്ന വിപത്തിനെ തടയാൻ പുതിയ രാഷ്‌ട്രീയസമീപനങ്ങളും ആവശ്യമായി വരുന്നു.
അത്യന്തം വിപൽക്കരമായ നയങ്ങൾക്കെതിരെ തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, ദളിത്‐ആദിവാസികൾ, ന്യൂനപക്ഷങ്ങൾ തുടങ്ങിയ ജനവിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളും സമരങ്ങളും വളർന്നുവരുന്നു. കൽക്കരിയുടെ ഖനനം, വാണിജ്യം എന്നിവ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ നടന്ന കൽക്കരിത്തൊഴിലാളികളുടെ മൂന്നുദിവസത്തെ പണിമുടക്കിൽ അഞ്ചരലക്ഷത്തോളം പേർ പങ്കെടുത്തു. ഉത്തർപ്രദേശിൽ വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കാൻ യോഗി ആദിത്യനാഥിന്റെ ഗവൺമെന്റ് നടത്തിയ നീക്കത്തെ വൈദ്യുതി തൊഴിലാളികൾ നടത്തിയ സംയുക്ത സമരത്തിന് തടയാൻ കഴിഞ്ഞു. പ്രതിരോധ വ്യവസായങ്ങളിൽ തൊഴിലാളികൾ നടത്തിയ യോജിച്ച സമരവും വിജയംകണ്ടു.
സ്വകാര്യവൽക്കരണ നടപടികളിൽനിന്ന് പിന്മാറാൻ കേന്ദ്ര ഗവൺമെന്റ് നിർബന്ധിതമായി. കൃഷി, കാർഷികോൽപ്പന്നങ്ങളുടെ വ്യാപാരം, സംസ്‌കരണം എന്നിവ കോർപറേറ്റുകൾക്ക് കൈമാറാൻ സൗകര്യമൊരുക്കുന്ന മൂന്ന് നിയമത്തിനെതിരെ കർഷക ജനവിഭാഗങ്ങളുടെ ഐക്യവും സമരവും വളർന്നുവരുന്നു. പുത്തൻ വിദ്യാഭ്യാസ നയത്തിനെതിരെ എതിർപ്പ് ശക്തിപ്പെടുന്നുണ്ട്. ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഒഴിപ്പിക്കൽ തടയണമെന്നും വനാവകാശനിയമം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി ജനവിഭാഗങ്ങൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സമരങ്ങൾ വളർത്തിക്കൊണ്ടുവരുന്നു. തൊഴിലില്ലായ്‌മയ്‌ക്കെതിരായ സമരത്തിന് യുവജനങ്ങൾ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ കടന്നാക്രമണങ്ങളെ ചെറുക്കാൻ വനിതാ സംഘടനകളും സാമാന്യജനങ്ങളും മുന്നോട്ടുവരുന്നു.
പൊതുപണിമുടക്ക് വിജയിപ്പിക്കുക
സിഐടിയു അടക്കമുള്ള പത്ത് കേന്ദ്ര തൊഴിലാളി സംഘടനകളും ഫെഡറേഷനുകളും നവംബർ 26ന് രാജ്യവ്യാപകമായ പൊതുപണിമുടക്ക് നടത്താൻ ആഹ്വാനംചെയ്‌തിരിക്കുകയാണ്. കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കും തൊഴിലാളിവിരുദ്ധ, കർഷകവിരുദ്ധ നിയമങ്ങൾക്കും ദേശദ്രോഹ നീക്കങ്ങൾക്കുമെതിരായാണ് പണിമുടക്ക്. ഇതോടൊപ്പം വിവിധ കർഷക‐കർഷകത്തൊഴിലാളി സംഘടനകൾ സംയുക്തമായി നടത്തിവരുന്ന സമരത്തിന്റെ തുടർച്ചയായി നവംബർ 26, 27 തീയതികളിൽ ദില്ലി മാർച്ച് നടത്താനും പാർലമെന്റ് ഘൊരാവോ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കാൻ കഴിയാത്തവർ അതത് സംസ്ഥാനങ്ങളിൽ വ്യത്യസ്‌ത സ്വഭാവത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നതാണ്.
കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ നയങ്ങൾക്കും കാർഷികമേഖലയിൽ പാസാക്കിയ നിയമങ്ങൾക്കുമെതിരായാണ് സമരം. തൊഴിലാളിവർഗവും കർഷകജനവിഭാഗങ്ങളും നടത്തുന്ന രാജ്യവ്യാപകമായ യോജിച്ച സമരമാണ് നവംബർ 26, 27 തീയതികളിൽ നടക്കുന്നത്. രാജ്യവും ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കൊണ്ടുള്ള തൊഴിലാളി പണിമുടക്കും കർഷക ജനവിഭാഗങ്ങളുടെ സമരങ്ങളും വരുംകാല രാഷ്‌ട്രീയ സംഭവവികാസങ്ങളെ സ്വാധീനിക്കും. നരേന്ദ്ര മോഡിയുടെ സാമ്പത്തിക‐സാമൂഹ്യ‐രാഷ്‌ട്രീയ നയങ്ങൾക്കെതിരെ വളർന്നുവരുന്ന ജനകീയ രോഷത്തെയും പ്രതിഷേധത്തെയും ഉയർന്നതലത്തിലെത്തിക്കും.
തൊഴിലാളിവർഗത്തിന്റെ പൊതുപണിമുടക്കിനും കർഷക ജനവിഭാഗങ്ങളുടെ സമരങ്ങൾക്കും കേന്ദ്ര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ഈ സമരങ്ങൾ വിജയിപ്പിക്കാൻ പ്രചാരണപ്രവർത്തനങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും പാർടി അംഗങ്ങളും സജീവമായി പങ്കെടുക്കണമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. നവംബർ 26ന് നടക്കുന്ന പണിമുടക്കിനെ തുടർന്ന് ജനുവരി 26 വരെയുള്ള രണ്ടുമാസം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരായും പൗരസ്വാതന്ത്ര്യം, ജനാധിപത്യാവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുവേണ്ടിയും മതനിരപേക്ഷ കക്ഷികൾ, ജനകീയ പ്രസ്ഥാനങ്ങൾ, ബുദ്ധിജീവികൾ, മറ്റ് മഹത്‌വ്യക്തികൾ എന്നിവരുടെ വിശാലമായ കൂട്ടായ്‌മ കെട്ടിപ്പടുക്കാനും പ്രചാരവേലകൾ സംഘടിപ്പിക്കാനും ഉപയോഗപ്പെടുത്തണം. ഡിസംബർ 10 സാർവദേശീയ മനുഷ്യാവകാശദിനമാണ്. 18 സാർവദേശീയ ന്യൂനപക്ഷാവകാശദിനവും. 10 മുതൽ 18 വരെയുള്ള ഒരാഴ്‌ച മനുഷ്യാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രചരിപ്പിക്കാൻ ഉപയോഗപ്പെടുത്തണമെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
യുഡിഎഫ്‐ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക
പാർടിയുടെ 22–-ാം കോൺഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയനയത്തിന്റെയും പിൽക്കാലത്തെ സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിൽ നാല് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് അടവുകൾക്ക് കേന്ദ്ര കമ്മിറ്റി രൂപംനൽകി. 22–-ാം പാർടി കോൺഗ്രസ് അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയത്തിൽ പാർടിയുടെ രാഷ്‌ട്രീയലൈൻ വ്യക്തമാക്കുന്നു. ആ ഭാഗം താഴെ വിവരിക്കുന്ന പ്രകാരമാണ്:
‘‘2.116 (!) ഹിന്ദുത്വ വർഗീയശക്തികളെ ഒറ്റപ്പെടുത്തുന്നതിനും ജനവിരുദ്ധ സാമ്പത്തികനയങ്ങൾ തിരുത്തുന്നതിനും ബിജെപി ഗവൺമെന്റിനെ പരാജയപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മോഡി ഗവൺമെന്റിന്റെ നാലുവർഷത്തെ അനുഭവം വ്യക്തമാക്കുന്നു.
(ii) അങ്ങനെ മുഴുവൻ മതനിരപേക്ഷ‐ജനാധിപത്യ ശക്തികളെയും അണിനിരത്തിക്കൊണ്ട് ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും പരാജയപ്പെടുത്തുക എന്നതാണ് മുഖ്യകടമ.
(iii) പക്ഷേ, ഇത് ചെയ്യേണ്ടത് കോൺഗ്രസ് പാർടിയുമായി രാഷ്‌ട്രീയസഖ്യം ഉണ്ടാക്കാതെ ആയിരിക്കണം.
(iv) എന്നാൽ, പാർലമെന്റിൽ യോജിപ്പുള്ള പ്രശ്‌നത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുമായി ധാരണയാകാം. പാർലമെന്റിന് പുറത്ത് വർഗീയതയ്‌ക്കെതിരായി ജനങ്ങളെ വിപുലമായി അണിനിരത്തുന്നതിന് എല്ലാ മതനിരപേക്ഷ പ്രതിപക്ഷകക്ഷികളുമായി നാം സഹകരിക്കേണ്ടതാണ്. കോൺഗ്രസിനെയും മറ്റ് ബൂർഷ്വാ പാർടികളെയും അനുകൂലിക്കുന്ന ബഹുജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ വർഗബഹുജന സംഘടനകളുടെ സംയുക്ത പ്രവർത്തനം നാം ഊട്ടിവളർത്തണം.
(x) പാർടിയുടെ മേൽപ്പറഞ്ഞ രാഷ്‌ട്രീയ ലൈനിന്റെ അടിസ്ഥാനത്തിൽ ബിജെപിവിരുദ്ധ വോട്ടുകളെ പരമാവധി ഒന്നിപ്പിക്കാവുന്ന വിധത്തിൽ ഉചിതമായ തെരഞ്ഞെടുപ്പ് അടവ് രൂപപ്പെടുത്തണം.’’
രാഷ്ട്രീയലൈൻ വ്യക്തമാക്കിയതുപോലെ കോൺഗ്രസുമായി രാഷ്‌ട്രീയ സഖ്യം ഉണ്ടാക്കാതെ തന്നെ രാജ്യത്തിനും ജനങ്ങൾക്കും അത്യാപത്തായി മാറിയ ബിജെപിയെ പരാജയപ്പെടുത്താൻ ബിജെപിവിരുദ്ധ വോട്ടുകളെ പരമാവധി ഒന്നിപ്പിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള തെരഞ്ഞെടുപ്പ് അടവുകൾക്ക് രൂപംകൊടുക്കുന്നതിനാണ് കേന്ദ്ര കമ്മിറ്റി ശ്രമിച്ചത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കേരള കോൺഗ്രസ് (മാണി) വിഭാഗം ചേർന്നതോടെ കൂടുതൽ വിപുലമായിരിക്കുകയാണ്. യുഡിഎഫും ബിജെപിയും യോജിച്ചാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. സംസ്ഥാന ഗവൺമെന്റിനെ അസ്ഥിരീകരിക്കാൻ അവർ യോജിച്ച് സമാന്തരസമരങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തെയും അവർ സ്വീകരിക്കുന്ന സമീപനങ്ങളെയും കോൺഗ്രസ് നേതൃത്വം ബിജെപിയുമായുള്ള സഖ്യം ശക്തിപ്പെടുത്തുന്നതിനുവേണ്ടി തള്ളിപ്പറഞ്ഞിരിക്കുകയാണ്. യുഡിഎഫ്‐ബിജെപി സഖ്യത്തെ പരാജയപ്പെടുത്തുക എന്നതാണ് കേരളത്തിൽ സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് അടവിന്റെ ലക്ഷ്യം. തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്വീകരിച്ച അടവ് തുടരും. നമ്മുടെ പാർടിയും സിപിഐയും തമിഴ്‌നാട്ടിലെ മുഖ്യ മതനിരപേക്ഷ പ്രതിപക്ഷ കക്ഷിയായ ഡിഎംകെയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. ഡിഎംകെ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇത്തരമൊരു ധാരണയിലൂടെ ബിജെപി, എഐഡിഎംകെ വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കാനും ബിജെപിയെയും എഐഡിഎംകെയെയും പരാജയപ്പെടുത്താനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ കടന്നാക്രമണം തുടരുകയാണ്. ബിജെപിയും നമുക്കെതിരെ ആക്രമണങ്ങൾ സംഘടിപ്പിച്ചുവരുന്നു. പിടിമുറുക്കാൻ ബിജെപി എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണ്. തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ഇടതുകക്ഷികൾ എതിർക്കുന്നു. ഇടതുകക്ഷികൾക്കെതിരെ എന്നപോലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബംഗാൾ ഘടകത്തിനെതിരെയും തൃണമൂൽ കോൺഗ്രസിന്റെയും ബിജെപിയുടെയും ആക്രമണങ്ങൾ നടക്കുന്നു. ഇടതുകക്ഷികളുടെയും കോൺഗ്രസിന്റെയും പൊതുശത്രുക്കളായ തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും എതിരായ വോട്ടുകൾ ഏകോപിപ്പിക്കുന്നതിനുവേണ്ടി കോൺഗ്രസുമായി സീറ്റ് അടിസ്ഥാനത്തിലുള്ള നീക്കുപോക്കുകൾ ഉണ്ടാക്കുന്നത് നമ്മുടെ പാർടി അടക്കമുള്ള ഇടതുകക്ഷികൾ ശക്തിപ്പെടുന്നതിന് സഹായകമാണെന്നും അതിന് അവരെ അനുവദിക്കുമെന്നും ബംഗാൾ സംസ്ഥാന ഘടകം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു. കേന്ദ്ര കമ്മിറ്റി അതിന് അനുവാദം നൽകി.
അസമിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണമാണ്. ഇടതുകക്ഷികളും കോൺഗ്രസും ന്യൂനപക്ഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകളും മാത്രമാണ് പ്രതിപക്ഷത്തുള്ളത്. ബിജെപി ഭരണം അസമിലെ സ്ഥിതിഗതികളെ അപകടകരമായ നിലയിലെത്തിച്ചിരിക്കുകയാണ്. വർഗീയകലാപങ്ങളും വ്യത്യസ്‌ത ഗോത്രവർഗ ജനവിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളും പൊട്ടിപ്പുറപ്പെടുന്ന സ്ഥിതി വളർന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു പരിതഃസ്ഥിതിയിൽ ബിജെപിവിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുന്നതിനുവേണ്ടി ഇടതുകക്ഷികൾ കോൺഗ്രസുമായി സീറ്റ് അടിസ്ഥാനത്തിൽ നീക്കുപോക്കുണ്ടാക്കുന്നത് സഹായകമാണെന്ന് അസം കമ്മിറ്റി കേന്ദ്ര കമ്മിറ്റിയെ അറിയിച്ചു. കേന്ദ്ര കമ്മിറ്റി അസം കമ്മിറ്റിയുടെ അഭ്യർഥന അംഗീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പാർടി സ്വീകരിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് അടവുകൾവഴി രാഷ്‌ട്രീയപ്രമേയം വ്യക്തമാക്കിയതുപോലെ ബിജെപിവിരുദ്ധ വോട്ടുകളെ പരമാവധി ഒന്നിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം തെരഞ്ഞെടുപ്പ് അടവുകൾ മോഡിയുടെ ഭരണനയങ്ങൾക്കെതിരെ വളർന്നുവരുന്ന ജനകീയസമരങ്ങളെ ശക്തിപ്പെടുത്തും.
എസ് രാമചന്ദ്രൻപിള്ള
No comments:
Post a Comment