ടൈറ്റാനിയം അഴിമതിയുടെ ഉള്ളുകള്ളികളെല്ലാം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിക്ക് അറിയാമെന്ന് സെബാസ്‌റ്റ്യൻ ജോർജ്. 2004–-ൽ അദ്ദേഹത്തിന്റെ മുഖ്യമന്ത്രിസ്ഥാനം തെറിച്ചതിന് ടൈറ്റാനിയം അഴിമതിയെക്കുറിച്ചുള്ള വിജിലൻസ് ത്വരിതാന്വേഷണവും പങ്കുവഹിച്ചതായി സംശയിക്കണം. ആന്റണിയെ സിബിഐ ചോദ്യംചെയ്‌താൽ യഥാർഥ പ്രതികളെയെല്ലാം പുറത്തുകൊണ്ടുവരാൻ കഴിയും. കഴിഞ്ഞ ദിവസം ‘കൈരളി’ ചാനലിലെ ചർച്ചയ്‌ക്കിടെ കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ ആക്ഷേപിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച പരാതിയിലാണ് ഇരുപതു വർഷമായി ടൈറ്റാനിയം അഴിമതിക്കാര്യത്തിൽ നിയമയുദ്ധം നടത്തുന്ന സെബാസ്‌റ്റ്യൻ ജോർജിന്റെ വെളിപ്പെടുത്തൽ.
പൊതുഖജനാവിന് 280 കോടി രൂപയുടെ നഷ്ടം വരുത്തിയതും ഇപ്പോഴും പ്രതിവർഷം 25 കോടിയിൽപരം രൂപയുടെ നഷ്ടം സംഭവിക്കുന്നതുമാണ് ടൈറ്റാനിയത്തിലെ മലിനീകരണ നിവാരണപദ്ധതി. അഴിമതി നടക്കാൻ പോകുന്നകാര്യം മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് വ്യക്തമായി അറിയാമായിരുന്നു. തടയുന്നതിനുള്ള ധൈര്യം അദ്ദേഹത്തിന് ഇല്ലാതെപോയി. പദ്ധതിയിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും 2003 മാർച്ച് മൂന്നിന് താൻ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മെയ് 26ന് നേരിൽകണ്ട് ഈ അഴിമതി തടയണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.
ഫയൽ വ്യവസായമന്ത്രിയുടെ ഓഫീസ് പിടിച്ചുവച്ചിരിക്കയാണെന്ന മറുപടിയാണ് ലഭിച്ചത്. 2004 ആഗസ്‌ത് ഒന്നിന് വീണ്ടും നൽകിയ പരാതിയിൽ ആഗസ്‌ത് 26ന് വിജിലൻസ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവിന്റെ മഷിയുണങ്ങുംമുമ്പ് ആഗസ്‌ത് 29ന് ആന്റണിയുടെ മുഖ്യമന്ത്രിക്കസേര തെറിച്ചു. സിബിഐ അന്വേഷണം അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ കിണഞ്ഞുശ്രമിക്കുകയാണെന്നും സെബാസ്‌റ്റ്യൻ ജോർജ് പറഞ്ഞു.
No comments:
Post a Comment