നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കംചെയ്‌ത നാടാണ് തിരുവിതാംകൂർ. ക്ഷേത്രങ്ങളിൽ വരുന്ന മാറ്റങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങളെയും വരുമാനത്തെയും ഹനിക്കും എന്ന് തന്ത്രിമാരും മറ്റും ഭയക്കുന്നുണ്ടാകാം. അവരുടെ എതിർപ്പിനുപിന്നിൽ ഇതാകാം കാരണം.
-ചങ്ങനാശേരി പരമേശ്വരൻപിള്ള
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ ഘടകം ആദ്യ പ്രസിഡന്റ്,1934 ഏപ്രിൽ 21
കോടതിക്കോ സർക്കാരിനോ മാറ്റാൻ പറ്റുന്ന ആചാരങ്ങളല്ല ശബരിമലയിലേത്. ആചാരാനുഷ‌്ഠാനങ്ങളുടെ അവസാനവാക്ക് തന്ത്രിയാണ് .
-
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ,2018. ഒക്ടോബർ 24
എൺപത് കൊല്ലംമുമ്പ് "അവർണ'രുടെ ക്ഷേത്ര പ്രവേശനത്തിനെതിരെ യാഥാസ്ഥിതികർ ഉയർത്തിയ വാദങ്ങളാണ് കേരളത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ ഇന്ന് ഉയർത്തുന്നത്. മുപ്പതുകളിൽ ഈ വാദങ്ങൾക്ക് ശക്തമായി മറുപടി നൽകിയത് പിന്നീട് കോൺഗ്രസ് നേതാക്കളായി മാറിയവരായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. 1934 ൽ പ്രസിദ്ധീകരിച്ച ക്ഷേത്രപ്രവേശനകമ്മിറ്റി റിപ്പോർട്ട് ഈ ചരിത്രവസ്തുതയുടെ ഉജ്വല സാക്ഷ്യമാകുന്നു. ആ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലൂടെ...
ശബരിമലയിലെ സ്‌ത്രീപ്രവേശനത്തിനെതിരെ ഇന്ന് ഉയരുന്നത് 86 കൊല്ലംമുമ്പ‌് അവർണരെ ക്ഷേത്രത്തിൽ കയറ്റുന്നതിനെതിരെ ഉയർന്ന അതേ വാദങ്ങൾ. 1932ൽ ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിക്കാൻ ദിവാൻ സർ സി പി രാമസ്വാമി അയ്യർ നിയോഗിച്ച കമ്മിറ്റി മുമ്പാകെ ഏറ്റവും യാഥാസ്ഥിതികരായ മതവാദികൾ ഉയർത്തിയ അതേ വാദങ്ങളാണ് കേരളത്തിൽ ഇന്ന് കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ ഉയർത്തുന്നത്. അന്ന് ഈ വാദങ്ങൾക്ക് ഏറ്റവും ശക്തമായ ഭാഷയിൽ മറുപടി നൽകിയത് സി പി നിയമിച്ച കമ്മിറ്റിയിൽ അംഗമായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നുവെന്നും കമ്മിറ്റി റിപ്പോർട്ട് ഉൾക്കൊള്ളുന്ന ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഘടകം രൂപംകൊണ്ടപ്പോൾ അതിന്റെ പ്രസിഡന്റായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള. എൻഎസ്‌എസിന്റെ സ്‌ഥാപകനേതാവായിരുന്ന അദ്ദേഹം എൻഎസ്‌എസിന്റെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്നു. സ്‌ത്രീ പ്രവേശനത്തിനെതിരെ പ്രതിഷ്ഠയുടെ ചൈതന്യവും ആചാരത്തിന്റെ പ്രാമാണ്യവും പറഞ്ഞ് കോൺഗ്രസിന്റെയും എൻഎസ്‌എസിന്റെയും നേതാക്കൾ ഇന്ന് ഉയർത്തുന്ന എല്ലാ വാദങ്ങളെയും അന്നേ ഖണ്‌ഡിക്കുകയാണ് പരമേശ്വരൻ പിള്ളയും ഒപ്പംനിന്ന എം ഗോവിന്ദനും ചെയ്തത്. റിട്ടയേഡ് ജില്ലാ ജഡ്ജിയും തിരുവതാംകൂറിലെ ഈഴവരിൽ ആദ്യത്തെ നിയമബിരുദധാരിയും പ്രഥമ മുൻസിഫും ആയിരുന്നു ഗോവിന്ദൻ. എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നവംബർ 12ന‌് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എൺപത്തിരണ്ടാം വാർഷികം ആഘോഷിക്കുകയാണ‌് കേരളം. ഒരു വ്യാഴവട്ടക്കാലത്തിലേറെ നിരന്തരമായി നടന്ന അയിത്തോച്ചാടന സമരത്തെ തുടർന്നാണ‌് 1936 ൽ ഐതിഹാസികമായ ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായത‌്. ‘അവർണ'രുടെ ക്ഷേത്ര പ്രവേശനത്തിനെതിരെ അന്ന‌് യാഥാസ്ഥിതികർ ശക്തമായി രംഗത്തുവന്നിരുന്നു. ശബരിമലയിലെ സ്‌ത്രീപ്രവേശനത്തിനെതിരെ ഇന്ന് ഉയർത്തുന്നതും 82 കൊല്ലംമുൻപത്തെ അതേ വാദങ്ങൾ തന്നെയാണ‌്.
അന്നത്തെ കമ്മിറ്റിയിൽ അംഗമായിരുന്ന പുന്നശ്ശേരി നമ്പി നീലകണ്ഠ ശർമയാണ് ക്ഷേത്രപ്രവേശന വിഷയത്തിൽ ഏറ്റവും യാഥാസ്ഥിതികമായ നിലപാടെടുത്തത്. കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ സ്ത്രീ പ്രവേശനത്തിനെതിരെ ഇന്ന് ഉയർത്തുന്ന വാദങ്ങളെല്ലാം കമ്മിറ്റി അംഗമായ നമ്പി അന്ന് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.
ഏറെ യാഥാസ്ഥിതികരടങ്ങിയതും അവർണരുടെ ക്ഷേത്രപ്രവേശനത്തെ എതിർത്ത മുൻ ദിവാൻ വി എസ് സുബ്രഹ്‌മണ്യ അയ്യർ ചെയർമാനുമായ കമ്മിറ്റി ക്ഷേത്രപ്രവേശനത്തിന് എതിരായ നിലപാടാണ് പൊതുവിൽ എടുത്തത്. ഹിന്ദുത്വ പരിഷത്തിന്റെ അഭിപ്രായം മാനിച്ചുമാത്രമേ ഈ കാര്യത്തിൽ തീരുമാനമെടുക്കാനാവു എന്ന് നിർദേശിച്ചു.കമ്മിറ്റി അംഗമായിരുന്ന കവി ഉള്ളൂർ എസ് പരമേശ്വരയ്യർ അടക്കം ഈ നിലപാടിനൊപ്പം നിന്നു. എന്നാൽ, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയും മറ്റൊരംഗമായ മുൻ ജില്ലാ ജഡ്ജി എം ഗോവിന്ദനും ചേർന്ന് ഭൂരിപക്ഷ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി വിശദമായ കുറിപ്പുതന്നെ നൽകി. 78 പേജുള്ള ഈ കുറിപ്പും മറ്റംഗങ്ങളുടെ യോജിപ്പും വിയോജിപ്പുമുള്ള കുറിപ്പുകളും ചേർത്താണ് അന്തിമ റിപ്പോർട്ട് പുറത്തിറക്കിയത്. സമിതി ഒത്തുതീർപ്പ് എന്ന നിലയിൽ അവർണർക്ക് അനുവദിച്ച പരിമിതമായ ക്ഷേത്ര പ്രവേശനാനുമതിയും പരമേശ്വരൻപിള്ളയും ഗോവിന്ദനും തള്ളിക്കളഞ്ഞു. രാജാവ് നിയമിച്ച കമ്മിറ്റിക്ക് അന്തിമ തീരുമാനമെടുക്കാം എന്നും ഇത്തരമൊരു വിഷയം ഇനി മറ്റൊരു സമിതിക്ക് വിടേണ്ടകാര്യമില്ലെന്നും ആറുവർഷം തിരുവിതാംകൂർ ഹൈക്കോടതി ജഡ്‌ജി കൂടിയായിരുന്ന പരമേശ്വരൻപിള്ളയും തിരുവിതാംകൂറിൽ ഈഴവരിൽനിന്ന് ആദ്യം നിയമബിരുദം നേടിയ എം ഗോവിന്ദനും വ്യക്തമാക്കുന്നു.
വിഗ്രഹാരാധന തന്നെ അൽപ്പജ്ഞാനികൾക്ക്
ശ്രുതികളും സ്‌മൃതികളുമല്ല ആഗമ ശാസ്‌ത്രങ്ങളാണ് ക്ഷേത്രത്തിന്റെ നിർമാണവും സമർപ്പണവും പ്രതിഷ്‌ഠയും പൂജയും നിർണയിക്കുന്നതെന്ന വാദത്തെയും കുറിപ്പിൽ ഖണ്‌ഡിക്കുന്നു. അവർണർ പ്രവേശിച്ചശേഷം ശുദ്ധികലശം വൈകിയാൽ വിഗ്രഹ ചൈതന്യം നശിക്കുമെന്നുള്ള വാദവും പരിശോധിക്കുന്നു. യഥാർഥത്തിൽ ബിംബാരാധന തന്നെ അജ്ഞാനികൾക്കുള്ളതാണ്. ജ്ഞാനികൾക്കും ആത്‌മീയമായി പുരോഗമിച്ചവർക്കും വിഗ്രഹാരാധന വേണ്ട. കുളാർണവ ധർമയിൽനിന്ന് ശ്ലോകങ്ങൾ ഉദ്ധരിച്ച് അവർ ചൂണ്ടിക്കാട്ടുന്നു. മറ്റുതരത്തിൽ ദൈവത്തെ സങ്കൽപ്പിക്കാൻ കഴിയാത്തവർക്കാണ് ആരാധനയ്‌ക്ക് വിഗ്രഹം വേണ്ടത്. അങ്ങനെയുള്ള വിഗ്രഹത്തിലെ ചൈതന്യത്തെപ്പറ്റിയും മറ്റും പറയുന്നത് അതുകൊണ്ടുതന്നെ അസംബന്ധമാണ്.
നചരൂപം വിനാ ദേവോ
ധാതും കേതാപി ശക്യതേ
സർവരൂപവിവൃത്താ ഹി
ബുദ്ധി: കുത്രാസ്യ തിഷ്‌ഠതി
വിഷ്‌ണുസംഹിതയിലെ ഈ ശ്ലോകം തങ്ങളുടെ വാദം സമർഥിക്കാൻ അവർ ഉദ്ധരിക്കുന്നു. (ഒരുവന് ദൈവത്തെ ഒരു ബിംബമില്ലാതെ സങ്കൽപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് വിഗ്രഹാരാധന വേണ്ടിവരുന്നത് എന്നർഥം). ആഗമങ്ങളിലോ പുരാണങ്ങളിലോ ഒരിടത്തും വിഗ്രഹത്തിൽ ദിവ്യശക്തി ഉറഞ്ഞുകൂടുന്നതായി പറയുന്നില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അവർണരുടെയോ മറ്റാരുടെയെങ്കിലുമോ സാന്നിധ്യംകൊണ്ട് വിഗ്രഹചൈതന്യം നശിക്കുമെന്നും ഒരു ആധികാരിക ഗ്രന്ഥവും പറയുന്നില്ല.
റിപ്പോര്‍ട്ടില്‍ വിഗ്രഹത്തിലെ ചൈതന്യം സംബന്ധിച്ച് പറയുന്നത്
‘‘ഹിന്ദുമതത്തെ സനാതന ധർമമെന്നു വിളിക്കുന്നു. മാറ്റമില്ലാത്തതും ശാശ്വതവുമായതൊക്കെയേ ഹിന്ദുമതത്തിന്റെ ഭാഗമാകൂ. ആചാരങ്ങളും രീതികളും കാലത്തിനും സ്ഥലത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറുന്നവയാണ്. അവയൊന്നും സനാതനമല്ല. അവയ്‌ക്ക് മതത്തിന്റെ പിൻബലവുമില്ല. ധർമശാസ്‌ത്രങ്ങളിൽ ഉള്ളതെല്ലാം മതവുമായി ബന്ധപ്പെട്ടകാര്യങ്ങളുമല്ല’’ ‐ പരമേശ്വരൻപിള്ളയും എം ഗോവിന്ദനും പറയുന്നു.
ഉദാഹരണമായി മലവിസർജനം ചെയ്യുന്നതും മൂത്രമൊഴിക്കുന്നതും എങ്ങനെവേണം എന്നതിനെപ്പറ്റി മനുസ്‌മൃതിയിൽ പറയുന്നത് കുറിപ്പിൽ ഉദ്ധരിക്കുന്നു. ഒപ്പം ശങ്കരസ്‌മൃതയിൽ അതിനുശേഷം ചെയ്യേണ്ട ശുചിത്വ പരിപാടിയെപ്പറ്റി പറയുന്നതും ചേർക്കുന്നു. ഇലകൊണ്ട് തുടയ്‌ക്കണമെന്നും ബ്രാഹ്മണർ 12 വട്ടവും ക്ഷത്രിയർ ഒമ്പതുവട്ടവും മണ്ണുകൊണ്ട് അവിടം വൃത്തിയാക്കണമെന്നും പറയുന്നു. പിന്നീട് കൈകൾ മണ്ണുകൊണ്ട് വൃത്തിയാക്കിയശേഷം കഴുകണം. അതിനുശേഷം 17 തവണ വെള്ളംകൊണ്ട് വായിൽ കവിൾക്കൊള്ളണം എന്നെല്ലാം സ്‌മൃതിയിൽ പറയുന്നു. ഇതിനൊക്കെ മതവുമായി എന്തു ബന്ധം?. ഒരു പ്രാകൃത കാലത്ത് മനുഷ്യനെ വ്യക്തിശുദ്ധി പഠിപ്പിയ്ക്കാനും മറ്റും ഇതൊക്കെ ആവശ്യമായിരുന്നു. ആചാരങ്ങളും ഇതുപോലെയാണ്. ഒന്നും എല്ലാക്കാലത്തേക്കും ഉള്ളതല്ല.
വരുമാനം കുറയുമെന്ന് തന്ത്രിമാർ ഭയക്കുന്നുണ്ടാകാം
325 സവർണരെ വിസ്‌തരിച്ചതിൽ 238 പേരും ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു. എതിർത്ത 87 പേരിൽ 59 പേരും ബ്രാഹ്മണരോ അമ്പലവാസി സമുദായങ്ങളിൽ പെടുന്നവരോ ആയിരുന്നു. ‘‘ഈ സമുദായങ്ങളൊക്കെ നിലവിലെ സ്ഥിതി തുടരാനാഗ്രഹിക്കുന്നു. അത് ഏതെങ്കിലും മതഗ്രന്ഥം പറയുന്നതുകൊണ്ടല്ല. അവരുടെ ജീവിതോപാധിയെ ബാധിയ്ക്കുന്നതുകൊണ്ടാണ്. ക്ഷേത്രങ്ങളിൽ വരുന്ന മാറ്റങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങളെയും വരുമാനത്തെയും ഹനിക്കും എന്ന് അവർ ഭയക്കുന്നുണ്ടാകാം"അശുദ്ധി അവസാനിച്ചാൽ പിന്നെ ശുദ്ധികലശം സാധ്യമല്ലല്ലോ? തന്ത്രിമാരുടെ എതിർപ്പിനു പിന്നിൽ ഇതാകാം കാരണമെന്നും പരമേശ്വരൻപിള്ളയും ഗോ വിന്ദനും പറയുന്നു.
റിപ്പോര്‍ട്ടില്‍ തന്ത്രിമാരെപ്പറ്റി പറയുന്ന ഭാഗം
‘‘തന്ത്രികളുടെ കാര്യമെടുക്കാം. ശുദ്ധികലശം പോലുള്ള ശുദ്ധി കർമങ്ങളിലൂടെയാണ് അവർ വലിയ വരുമാനം ഉണ്ടാക്കുന്നത്. അവർണരെ ക്ഷേത്രത്തിൽ കയറ്റിയാൽ ശുദ്ധികലശം കുറയും. തന്ത്ര സമുച്ചയത്തിൽ പറയുന്ന വ്യവസ്‌ഥകൾ പ്രകാരം ബിംബത്തിന് ഏതെങ്കിലും നിമിത്തത്താൽ അശുദ്ധി വരുമ്പോഴാണ് ശുദ്ധികലശം നടത്തുന്നത്. ജനങ്ങൾ കൂടുതൽ അറിവുള്ളവരാകുകയും പുരോഗമനാശയങ്ങൾ ശക്തിപ്പെടുകയും ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് അവർ ശാസ്‌ത്രീയ മാർഗങ്ങൾ സ്വീകരിക്കും. നൂറുകണക്കിന് രൂപ മുടക്കിയുള്ള ശുദ്ധികർമങ്ങൾക്കു പകരം രണ്ടു ചക്രം കൊടുത്താൽ കിട്ടുന്ന ഏതെങ്കിലും അണുനാശിനി വാങ്ങി അവർ രക്തവും മൂത്രവും മറ്റും വീണുണ്ടാകുന്ന അശുദ്ധി അകറ്റും. അതായത് തന്ത്രിമാർക്ക് വരുമാനം സ്ഥിരമായി നിലയ്‌ക്കും. അതുകൊണ്ട് നിലവിലുള്ള അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നതാണ് അവർ ഇഷ്‌ടപ്പെടുക. നിലവിലെ വ്യവസ്‌ഥകളിലേക്ക് കടന്നുകയറുന്നത‌് അവർ സഹിക്കില്ല’’.
‘തന്ത്ര സമുച്ചയത്തിൽ പറയുന്ന വ്യവസ്‌ഥകൾ പ്രകാരം ബിംബത്തിന് ഏതെങ്കിലും നിമിത്തത്താൽ അശുദ്ധി വരുമ്പോഴാണ് ശുദ്ധികലശം നടത്തുന്നത്. ജനങ്ങൾ കൂടുതൽ അറിവുള്ളവരാകുകയും പുരോഗമനാശയങ്ങൾ ശക്തിപ്പെടുകയും ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് അവർ ശാസ്‌ത്രീയ മാർഗങ്ങൾ സ്വീകരിക്കും. നൂറുകണക്കിന് രൂപ മുടക്കിയുള്ള ശുദ്ധികർമങ്ങൾക്കു പകരം രണ്ടു ചക്രം കൊടുത്താൽ കിട്ടുന്ന ഏതെങ്കിലും അണുനാശിനി വാങ്ങി അവർ രക്തവും മൂത്രവും മറ്റും വീണുണ്ടാകുന്ന അശുദ്ധി അകറ്റും. അതായത് തന്ത്രിമാർക്ക് വരുമാനം സ്ഥിരമായി നിലയ്‌ക്കും.'??
മനുസ്‌മൃതി കൃത്യമായി പിന്തുടരുകയാണെങ്കിൽ ബ്രാഹ്മണർക്ക് വിന്ധ്യന് ഇപ്പുറം വന്ന് ജീവിക്കാനേ കഴിയില്ലെന്ന് മനുവിന്റെ ശ്ലോകം ഉദ്ധരിച്ച് വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. വിന്ധ്യന് തെക്ക് മ്ലേച്ഛന്മാരാണ് വസിക്കുന്നത്. അവരുമായി സമ്പർക്കം വന്നാൽ ബ്രാഹ്മണരും "പതിത'രാകും. അതുകൊണ്ട് തെക്കേ ഇന്ത്യയിൽ ബ്രാഹ്മണരേ ഇല്ലെന്ന് നമ്മൾ കരുതേണ്ടിവരും‐ കുറിപ്പിൽ പരിഹസിക്കുന്നു.
ബ്രാഹ്മണർ വേദം പഠിക്കുകയും പഠിപ്പിക്കുകയുംമാത്രം ചെയ്യേണ്ടവരാണെന്ന മനുവിന്റെ ശാസനവും അദ്ദേഹം ഉദ്ധരിക്കുന്നു. വേദം പഠിയ്‌ക്കൽ ജീവിതം സമർപ്പിക്കാതെ മറ്റ് തൊഴിൽചെയ്യാൻ ശ്രമിക്കുന്ന ബ്രാഹ്മണൻ ശൂദ്രനാകുമെന്ന മനുവചനം ആരെങ്കിലും ഇന്ന് അംഗീകരിക്കുമോ എന്നും പരമേശ്വരൻപിള്ളയും ഗോവിന്ദനും ആരായുന്നു. മൊഴി നൽകാൻ വന്ന ബ്രാഹ്മണരിലൊരാൾ മൂന്നു തലമുറയായി പലിശയ്ക്കു പണം കടംകൊടുക്കുന്ന കുടുംബാംഗം ആണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ബ്രാഹ്മണരുടെ ആചാര ലംഘനം പറയുന്ന ഭാഗം
ബ്രാഹ്മണർക്ക് കടൽയാത്രയ്‌ക്കുള്ള വിലക്കും കടൽകടന്നവർക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്ന വ്യവസ്‌ഥകളും ഒക്കെ ആരെങ്കിലും ഇന്ന് അംഗീകരിക്കുമോ? 12 വയസ്സിൽ കൂടുതൽ പ്രായമുള്ള യുവതിയെ വിവാഹം കഴിച്ചാൽ ബ്രാഹ്മണർ പതിതരാകുമെന്നും സ്‌മൃതി വചനങ്ങളില്ലേ? ഇങ്ങനെയൊക്കെ സ്‌മൃതികളും ഗ്രന്ഥങ്ങളുംപ്രകാരം ‘പതിതരായ’ വരെല്ലാം കയറുന്ന ക്ഷേത്രത്തിൽ അവർണർ എന്നു മുദ്രകുത്തപ്പെട്ടവരെ വിലക്കുന്നതിലെ അസംബന്ധവും നിരവധി ഉദ്ധരണികളുടെ അകമ്പടിയോടെ അവർ വിവരിക്കുന്നു. വർണാശ്രമാചാരത്തിന്റെ പേരിൽ താഴ്‌ന്ന ജാതികൾക്ക് നേരെ നടന്ന കൊടിയഅന്യായങ്ങളും പരമേശ്വരൻപിള്ളയും ഗോവിന്ദനും ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രപ്രവേശന കാര്യത്തിൽ തീരുമാനം ഹിന്ദുമതപരിഷത്തിന് വിടണം എന്ന കമ്മിറ്റിയുടെ പൊതുനിർദേശത്തെയും പരമേശ്വരൻപിള്ളയും എം ഗോവിന്ദനും ചേർന്നെഴുതിയ കുറിപ്പിൽ കുടഞ്ഞെറിയുന്നു.
അനാചാരങ്ങൾ മാറ്റാൻ സർക്കാർ ഉത്തരവ് മതി
നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കംചെയ്‌ത നാടാണ് തിരുവിതാംകൂർ എന്ന് അവർ ഓർമിപ്പിക്കുന്നു. ക്ഷേത്രങ്ങളിലെ മൃഗബലി നിർത്തൽ ചെയ്യാനും ചേർത്തലയിലെ പൂരപ്പാട്ട് നിർത്താനും ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാനും ചക്കാല നായർ വിഭാഗത്തെ ക്ഷേത്രത്തിൽ കയറ്റാനും പൊതുറോഡുകളിൽ എല്ലാവർക്കും സഞ്ചാരാനുമതി നൽകാനും സമുദ്ര യാത്ര നടത്തിയവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിയ്ക്കാനും ഇത്തരത്തിൽ ഉത്തരവേ വേണ്ടിവന്നുള്ളു. ആഗമങ്ങളിൽ പറഞ്ഞതിനു വിരുദ്ധമായി ഈ തീരുമാനങ്ങൾ എടുക്കാൻ ഒരു ഹിന്ദുമത പരിഷത്തിന്റെയും അനുമതി തേടിയിട്ടില്ല.ഇതിൽ ചിലതൊന്നും ആഗമ ശാസ്ത്രത്തിൽ പറഞ്ഞിരുന്നതല്ലെന്ന യാഥാസ്ഥിതികരുടെ വാദത്തിനുള്ള മറുപടിയും കുറിപ്പിലുണ്ട്.
നിയമനിർമാണത്തിനുപോലും മുതിരാതെ എത്രയോ അനാചാരങ്ങൾ വെറും സർക്കാർ ഉത്തരവിലൂടെ നീക്കം ചെയ്‌ത നാടാണ് തിരുവിതാംകൂർ. ആഗമങ്ങളിൽ പറഞ്ഞതിനു വിരുദ്ധമായി ഈ തീരുമാനങ്ങൾ എടുക്കാൻ ഒരു ഹിന്ദുമത പരിഷത്തിന്റെയും അനുമതി തേടിയിട്ടില്ല.
"ദേവദാസികളുടെ നൃത്തവും പാട്ടും ആഗമശാസ്ത്രത്തിൽ പറയുന്നതാണല്ലോ. സമുദ്രയാത്രാവിലക്ക് ധർമ ശാസ്ത്രത്തിലും പറയുന്നു. അതൊക്കെ ഒറ്റ ഉത്തരവിലൂടെ മാറ്റിയില്ലേ ?. ചുരുക്കത്തിൽ ഏറ്റവും യാഥാസ്ഥിതികരായ ചില ബ്രാഹ്മണരുടെ എതിർപ്പ് മാത്രമാണ് അവശേഷിക്കുന്നത്. ‘ഏതാനും പേരുടെ അന്ധവിശ്വാസപരമായ ചിന്തകൾക്കാണോ മഹാരാജാവിന്റെ 17 ലക്ഷം പ്രജകളുടെ ആത്‌മാഭിമാനത്തിനേറ്റ മുറിവിനാണോ പ്രാധാന്യം’’ ‐ കുറിപ്പിൽ ചോദിക്കുന്നു.
ദൈവത്തിന്റെ സ്വന്തം സൃഷ്‌ടികൾ കാണാൻ എത്തിയാൽ ദൈവത്തിന്റെ ചൈതന്യം നഷ്ടപ്പെടുമെന്നുള്ള വാദം അസംബന്ധമാണ്. കൂടുതൽ പേർ ആരാധിക്കാനെത്തിയാൽ പ്രതിഷ്‌ഠയിലെ ദൈവസാന്നിധ്യത്തിന് തിളക്കമേറുകയേയുള്ളു.
‘എന്തുള്ളൂ ഭേദമിതുകളിൽപ്പാർക്കുന്ന
ജന്തുക്കൾതാനും സഹജരല്ലോ.
അന്തണനെച്ചമച്ചുള്ളൊരു
കൈയല്ലോ
ഹന്ത! നിർമിച്ചു ചെറുമനേയും.’
എന്നു തുടങ്ങുന്ന കുമാരനാശാന്റെ ദുരവസ്ഥയിലെ വരികള്‍
ഉദ്ധരിച്ചാണ് പരമേശ്വൻപിള്ളയും ഗോവിന്ദനും കുറിപ്പ് അവസാനിപ്പിക്കുന്നത്.
ആരായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയും എം ഗോവിന്ദനും?
കേരളത്തിൽ കോൺഗ്രസിന്റെയും എൻഎസ്എസിന്റെയും സ്ഥാപകനേതാക്കളിൽ ഒരാൾ മാത്രമായിരുന്നില്ല ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള. അയ്യൻകാളിക്കൊപ്പം കല്ലുമാല സമരത്തിൽ അണിചേർന്ന സാമൂഹ്യപരിഷ‌്കർത്താവ് കൂടിയായിരുന്നു അദ്ദേഹം.
പുലയ സ്ത്രീകൾക്ക് മാറ് മറയ്ക്കുന്നതിന് കല്ലുമാലയേ ധരിക്കാവൂ എന്ന ദുരാചാരത്തിനെതിരെ കല്ലുമാലകൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് 1915 ൽ കൊല്ലം കന്റൊൺമെന്റ് മൈതാനിയിൽ സംഘടിപ്പിക്കപ്പെട്ട യോഗത്തിൽ അധ്യക്ഷൻ ചങ്ങനാശേരി പരമേശ്വരൻ പിള്ളയായിരുന്നു. യോഗത്തിൽ പുലയസ്ത്രീകൾ കല്ലുമാലകൾ മാറിൽനിന്ന് അറുത്തെറിയുകയും പകരം മാറുമറയ്ക്കാൻ റൗക്കകൾ ധരിക്കുകയും ചെയ്തു.
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന സവർണജാഥയിൽ മന്നത്ത് പത്മനാഭനോടൊപ്പം ചങ്ങനാശേരിയും പങ്കെടുത്തു. നായർ സർവീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്നു. 1926 ൽ തിരുവിതാംകൂറിലെ ഹൈക്കോടതിയിൽ ന്യായാധിപനായി നിയമിതനായി. ആറു വർഷം ഹൈക്കോടതിയിൽ പ്രവർത്തിച്ചശേഷം പൊതുരംഗത്തേക്കുതന്നെ തിരിച്ചെത്തി. നാലുതവണ തിരുവിതാംകൂർ ജനപ്രതിനിധി സഭകളിൽ അംഗമായി.
1938 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടകമായ ശാഖ തിരുവനന്തപുരത്ത് സഥാപിതമായപ്പോൾ അതിന്റെ ആദ്യ പ്രസിഡന്റ് പരമേശ്വരൻപിള്ള. 1940 ജൂൺ 30 ന് അന്തരിച്ചു.
ശ്രീനാരായണഗുരുവുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന എം ഗോവിന്ദൻ ഗുരുവിന്റെ പ്രമുഖ ശിഷ്യരിൽ ഒരാളായിരുന്നു.
തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ നിയമബിരുദധാരിയും പ്രഥമ മുൻസിഫും ആയിരുന്നു അദ്ദേഹം. വിവേകോദയം മാസികയുടെ ആദ്യത്തെ പത്രാധിപർ, ഈഴവ റഗുലേഷന്റെ പ്രമുഖശിൽപ്പി, ശ്രീമൂലം പ്രജാസഭാ മെമ്പർ, ഹരിജന സേവാസംഘം പ്രസിഡന്റ്, എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 1958 നവംബർ 17 ന് അന്തരിച്ചു.
ചെന്നിത്തലയുടെ നിലപാട് അന്നത്തെ ഏറ്റവും യാഥാസ്ഥിതികരുടേത്
പല അഭിപ്രായക്കാരുമുണ്ടായിരുന്ന ക്ഷേത്രപ്രവേശന അന്വേഷണ കമീഷനിൽ തന്ത്ര ശാസ്ത്ര പ്രമുഖനായ താരനല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ പ്രതിനിധി എന്ന നിലയിലാണ് പുന്നശ്ശേരി നമ്പി നീലകണ്‌ഠ ശർമാവിനെ കമ്മിറ്റിയില്‍ ഉൾപ്പെടുത്തിയത്. സരസ്വതിയ്ക്ക് അയിത്തമില്ലെന്നു പ്രഖ്യാപിച്ച് അവര്‍ണര്‍ക്ക് സംസ്കൃതം വിദ്യാഭ്യാസം നല്‍കാന്‍ പോലും മടിയ്ക്കാതിരുന്ന അദ്ദേഹം പക്ഷെ പിന്നോക്കവിഭാഗങ്ങളിൽ പെട്ടവരുടെ ക്ഷേത്രപ്രവേശനത്തെ ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു.
പുന്നശ്ശേരി നമ്പി നീലകണ്ഠ ശര്‍മ്മാവ്
‘അവർണർ' കയറുന്നതോടെ വിഗ്രഹചൈതന്യം പോകുമെന്നും ക്ഷേത്രം ഉപയോഗശൂന്യമാകുമെന്നും തീവ്രമായി ഉന്നയിച്ചത് നമ്പിയാണ് .ആ നിലപാടിനെ ഏറ്റവും ശക്തമായി എതിർത്ത പുരോഗമനവാദികളായിരുന്നു ചങ്ങനാശേരി പരമേശ്വരൻപിള്ള അടക്കമുള്ള അന്നത്തെ കോൺഗ്രസ് നേതാക്കൾ. എന്നാൽ, ഇന്നത്തെ കോൺഗ്രസ് നേതാക്കൾ ഒന്നൊഴിയാതെ അന്നത്തെ നമ്പിയുടെ നിലപാടിനൊപ്പം നിൽക്കുന്ന തലതിരിഞ്ഞ കാഴ്ചയാണ് എൺപത് വർഷത്തിനുശേഷം കേരളം കാണുന്നത് .
‘‘ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പ്രമാണങ്ങൾക്കും വിരുദ്ധമായി അവർക്ക് അതിരുവിട്ട‌് അകത്ത‌് പ്രവേശം കൊടുക്കുന്നതുകൊണ്ട് ക്ഷേത്രത്തിന‌് അശുദ്ധിതട്ടുകയും പൂജ മുതലായതു നടത്താൻ പാടില്ലാതാകുകയും ദേവസാന്നിധ്യം നശിക്കുകയും ചെയ്യുമെന്ന് തീർച്ചയാണ് ''
ക്ഷേത്രപ്രവേശന കമീഷൻ റിപ്പോർട്ടിൽ തന്റെ കുറിപ്പ് ഉപസംഹരിച്ചുകൊണ്ട് പുന്നശ്ശേരി നമ്പി നീലകണ്‌ഠ ശർമാവ് പറഞ്ഞു.
സ്ത്രീകൾ കയറിയാൽ ക്ഷേത്രചൈതന്യം നശിക്കുമെന്നും പൂജ നടത്താനാകാതെ അമ്പലം പൂട്ടേണ്ടിവരുമെന്ന്‍ ഇന്നുയരുന്ന വാദം അവര്‍ണരുടെ പ്രവേശനത്തിനെതിരെ അദ്ദേഹം അന്ന് ഉയര്‍ത്തി.
അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു:
പുന്നശ്ശേരി നമ്പിയുടെ നിലപാട്
''അവർണ്ണർ അറിവില്ലായ്മ നിമിത്തമൊ മറ്റോ ആഗ്രഹിക്കുന്നുണ്ടെങ്കിലും ആ അധർമ്മപ്രവൃത്തി നടത്തി അവർക്കുതന്നെ ദോഷം വരുത്തുവാൻ ഗവൺമെന്റ് ഒരുവിധവും വഴി വെച്ചുകൊടുക്കരുതാത്തതാകുന്നു. പ്രജകളെ അധർമ്മമാറ്റത്തിൽ നിന്നു പിൻമടക്കേണ്ടതു ഗവർണ്മെന്റിന്റെ ചുമതലയാണ്. ആയതു ചെയ്യാതിരുന്നാൽ രാജാവിന്നും പ്രജകൾക്കും രാജ്യത്തിന്നും വലിയ അനർത്ഥങ്ങൾ വന്നുചേരുന്നതാണെന്നു മാത്രമ ല്ല, അവർണ്ണരുടെ പ്രവേശം നിമിത്തം തൽക്കാലം പല വിപ്ലവങ്ങൾക്കും ഇടയാകയും ക്രമേണ ക്ഷേത്രം നിരുപയോഗമായിത്തീരുകയും ചെയ്യുമെന്നതിന്നു സംശയമില്ല.''
അന്ന് ഈ നിലപാട് സി പി രാമസ്വാമി അയ്യർക്കുപോലും സ്വീകാര്യമായില്ല. ക്ഷേത്ര പ്രവേശന ഉത്തരവ് പിന്നാലെ വന്നു. അന്ന് പുന്നശ്ശേരി നമ്പി ഉന്നയിച്ച ശുദ്ധിവാദം ശരിയെങ്കിൽ ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങളിലൊന്നും ചൈതന്യം അവശേഷിക്കുന്നില്ല. അവർണരുടെ പ്രവേശത്തോടെ അത് ഇല്ലാതായിട്ടുണ്ടാകണം.!
ശ്രീകുമാര്‍ ശേഖര്‍
(http://www.deshabhimani.com/special/historical-records-about-temple-entry/761731)