Sunday, November 1, 2020

മനോരമയുടെ പാളിപ്പോയ ഫോട്ടോഷോപ്‌‌! ഞങ്ങൾക്ക്‌ എന്ത്‌ ലൈഫ്‌!; കിടപ്പാടവും മുടക്കും

പൂന്തുറയിൽ കോവിഡ്‌ വ്യാപനം ശക്തമായപ്പോൾ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ്‌ നേതാക്കൾ ജനങ്ങളെ തെരുവിലിറക്കിയതിനെ മനോരമ അടക്കമുള്ള മാധ്യമങ്ങൾ ആഘോഷിച്ചു. എംഎൽഎ  യും കോൺഗ്രസ്‌ നേതാക്കളുമാണ്‌ ജനങ്ങൾ തെരുവിൽ ഒത്തുകൂടാൻ പ്രേരിപ്പിച്ചതെങ്കിലും അക്കാര്യം മറച്ചുവച്ച്‌ സർക്കാരിനെ അടിക്കാനുള്ള വടിയാക്കി മാറ്റുകയായിരുന്നു മനോരമ. അതിനായി ചിത്രം വെട്ടിമാറ്റിയും കൂട്ടിച്ചേർത്തും വാർത്ത സൃഷ്ടിച്ചു. “മുന്നിട്ടിറങ്ങി സിപിഎം നേതാക്കളും; പ്രതിപക്ഷമെന്ന ആരോപണം പാളി’ എന്നായിരുന്നു  തലക്കെട്ട്‌. എന്നാൽ, പത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കകം പൂന്തുറക്കാർ തന്നെ വാർത്ത പൊളിച്ചടുക്കി.

ഇടതു നേതാക്കളായ ബെയ്‌ലിൻ ദാസും ബേബി മാത്യുവും സമരമുഖത്തെന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ്‌ വാർത്തയ്‌ക്ക്‌ ബലമേകാൻ മനോരമ നൽകിയത്‌. കോൺഗ്രസ്‌ നേതാക്കൾ തെരുവിലിറക്കിയ ജനങ്ങളെ പള്ളിവികാരി, ഡിസിപി എന്നിവർക്കൊപ്പം ചേർന്ന്‌ അനുനയിപ്പിക്കാനാണ്‌ ഇടതു നേതാക്കൾ മുന്നിട്ടിറങ്ങിയത്‌. ഇവരുടെ ചിത്രം വെട്ടിമാറ്റി സമരക്കാർക്കൊപ്പമാക്കി ഫോട്ടോഷോപ്‌ അഭ്യാസമാണ്‌ മനോരമ പുറത്തെടുത്തത്‌. എന്നാൽ, യഥാർഥ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ്‌ മനോരമയുടെ ദുഷ്ടലാക്ക്‌ പുറംലോകം അറിഞ്ഞത്‌.

ബെയ്‌ലിൻ ദാസ്‌ പള്ളി വികാരിക്കൊപ്പവും ബേബി മാത്യൂ ഡിസിപിക്കൊപ്പവും നിന്ന്‌ ജനങ്ങളെ അനുനയിപ്പിക്കുന്ന ചിത്രങ്ങളാണ്‌ പത്രം വ്യാജഅടിക്കുറിപ്പോടെ വായനക്കാരിലെത്തിച്ചത്‌. വി എസ്‌ ശിവകുമാർ എംഎൽഎയും കോൺഗ്രസ്‌ നേതൃത്വവും പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ അണിനിരത്തുക മാത്രമല്ല, ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും ആക്രമിക്കാനും തയ്യാറായി. എന്നാൽ, അടുത്ത ദിവസം വസ്‌തുത മനസ്സിലാക്കിയ പൂന്തുറക്കാർ ആരോഗ്യ പ്രവർത്തകരെ പുഷ്‌പവൃഷ്ടിയോടെയാണ്‌ പൂന്തുറയിലേക്ക്‌ ആനയിച്ചത്‌

ഞങ്ങൾക്ക്‌ എന്ത്‌ ലൈഫ്‌!; കിടപ്പാടവും മുടക്കും

‘ലൈഫ്‌’ എന്നാൽ തലചായ്‌ക്കാനിടമില്ലാത്ത ലക്ഷങ്ങൾക്ക്‌ അടച്ചുറപ്പുള്ള ഭവനം ഒരുക്കുന്ന പദ്ധതിയാണ്‌. രണ്ടര ലക്ഷത്തോളം നിരാലംബർക്കാണ്‌ സർക്കാർ അടച്ചുറപ്പുള്ള വീടൊരുക്കിയത്‌. എന്നാൽ വടക്കാഞ്ചേരി ഭവന സമുച്ചയം നിർമാണത്തിന്‌ കരാർ കമ്പനി കമീഷൻ നൽകിയെന്ന്‌ ആരോപിച്ച്‌ ഈ മഹത്തായ  പദ്ധതി തകർക്കുകയാണ്‌ ചില മാധ്യമങ്ങൾ. ഇതിനായി മാധ്യമങ്ങൾ വടക്കാഞ്ചേരി ഭവന സമുച്ചയത്തെ വിട്ട്‌ ലൈഫ്‌ അഴിമതി എന്ന്‌ പാടി. ഒടുവിൽ ഹൈക്കോടതിയിൽനിന്ന്‌ തിരിച്ചടി നേരിട്ടപ്പോഴും തിരുത്താൻ തയ്യാറായില്ല.

വടക്കാഞ്ചേരിയിൽ ഭവന സമുച്ചയം നിർമിക്കാൻ യുഎഇ ആസ്ഥാനമായ റെഡ്‌ ക്രസന്റുമായാണ്‌ ലൈഫ്‌ കരാർ ഒപ്പിട്ടത്‌. റെഡ്‌ ക്രസന്റ്‌ നേരിട്ട്‌ ഭവന സമുച്ചയം നിർമിക്കുമെന്നായിരുന്നു വാഗ്‌ദാനം. അതനുസരിച്ച്‌ യൂണിടാക്‌, സൈൻ വെൻച്വേർസ്‌ എന്നിവയുമായി റെഡ്‌ ക്രസന്റ്‌ നിർമാണ കരാർ ഒപ്പിട്ടു. ഇതിൽ യൂണിടാക്‌ കമ്പനി സ്വപ്‌ന , സന്ദീപ്‌ നായർ ഉൾപ്പെടെയുള്ളവർക്ക്‌ കമീഷൻ നൽകിയെന്നാണ്‌ പരാതി. ഈ പരാതിയിൽ വിജിലൻസ്‌ അന്വേഷണം ആരംഭിച്ചു. അതിനിടെ കോൺഗ്രസ്‌ എംഎൽഎ അനിൽ അക്കരയുടെ പരാതിയിൽ സിബിഐ കേസെടുത്തു.

ഈ നടപടിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ പോയി. ലൈഫിനെ പ്രതി ചേർത്തത്‌ തെറ്റാണെന്ന്‌ ഹൈക്കോടതി വിധിച്ചു. മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ നുണക്കോട്ട ഇതോടെ തകർന്നു. സർക്കാരിന്റെ നാല്‌ മിഷനുകളിൽ ഒന്നാണ്‌ ലൈഫ്‌ പദ്ധതി. ഈ പദ്ധതി തകർക്കുക എന്നതാണ്‌ പ്രതിപക്ഷത്തിന്റെ ലക്ഷ്യം. അതിന്‌ ലഭിച്ച ആയുധമായിരുന്നു വടക്കാഞ്ചേരി ഭവന സമുച്ചയം.

ദേശാഭിമാനി പ്രത്യേക പതിപ്പ് ഇവിടെ വായിക്കാം

No comments:

Post a Comment