Thursday, February 3, 2011

ഇച്ഛാശക്തിയുടെ വിജയമായി സ്മാര്‍ട്ട് സിറ്റി

സ്മാര്‍ട്ട് സിറ്റി

തടസ്സങ്ങള്‍ നീങ്ങി സ്മാര്‍ട്ട്സിറ്റി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. സംസ്ഥാനസര്‍ക്കാരും ദുബായ് ടീകോം കമ്പനിയും തമ്മില്‍ നിലനിന്ന തര്‍ക്കത്തിന് ചര്‍ച്ചയിലൂടെ പരിഹാരമായി. സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പാക്കുന്ന 246 ഏക്കര്‍ ഭൂമിയിലെ 12 ശതമാനം ഭൂമിയില്‍ ടീകോമിന് വില്‍പ്പനാധികാരത്തോടെ സ്വതന്ത്രാവകാശം നല്‍കണമെന്ന ആവശ്യത്തില്‍നിന്ന് ടീകോം പിന്മാറി. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണറും ദുബായ് സുപ്രീം ഫിസ്കല്‍ കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ഹുമൈദ് അല്‍ തായിറുമായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ബുധനാഴ്ച തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ചത്. ചര്‍ചയെ തുടര്‍ന്ന് ഉണ്ടാക്കിയ വ്യവസ്ഥകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ടീകോമിന് നല്‍കുന്ന സ്വതന്ത്രാവകാശം പ്രത്യേക സാമ്പത്തിക മേഖലയുടെ ഉള്ളിലായിരിക്കും. അതിന് വില്‍പ്പനാവകാശം ഉണ്ടാകില്ല. ഒരാഴ്ചയ്ക്കകം പാട്ടക്കരാര്‍ രജിസ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കും. മുഴുവന്‍ ഭൂമിക്കും പാട്ടക്കരാര്‍ രജിസ്റര്‍ ചെയ്യുന്നതിന് സ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഒഴിവാക്കും. തര്‍ക്കപരിഹാരത്തിന് നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം എ യൂസഫലി നല്‍കിയ സേവനം പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ധാരണപ്രകാരം ഒരാഴ്ചയ്ക്കകം 246 ഏക്കര്‍ ഭൂമി, പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രത്യേക ഉദ്ദേശ്യ സംവിധാനത്തിന് സര്‍ക്കാര്‍ കൈമാറും. 30 ദിവസത്തിനകംതന്നെ മാസ്റര്‍പ്ളാന്‍ സംബന്ധിച്ച നടപടിക്രമം പൂര്‍ത്തിയാക്കും. 246 ഏക്കറില്‍ പാട്ടാവകാശമുള്ള 216.5 ഏക്കര്‍ ഭൂമിയും സ്വതന്ത്രാവകാശമുള്ള 29.5 ഏക്കര്‍ ഭൂമിയും പ്രത്യേക സാമ്പത്തികമേഖലാ പദവിയുള്ള ഐടി- ഐടി അനുബന്ധ പ്രദേശമായി വികസിപ്പിക്കും. 246 ഏക്കറില്‍ 116 ഏക്കറിനുകൂടി പ്രത്യേക സാമ്പത്തികമേഖലാ പദവി ലഭിക്കുന്നതിനുള്ള ശ്രമം തുടരും.

സ്മാര്‍ട്ട്സിറ്റിക്ക് കൊച്ചിക്കടുത്ത കാക്കനാട്ട് ടീകോമിന് 99 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കുന്ന 246 ഏക്കറില്‍ 29.5 ഏക്കര്‍ ഭൂമിയില്‍ വില്‍പ്പനാധികാരത്തോടെയുള്ള സ്വതന്ത്രാവകാശം വേണമെന്നായിരുന്നു ടീകോമിന്റെ ആവശ്യം. എന്നാല്‍, കേന്ദ്രനിയമപ്രകാരം പ്രത്യേക സാമ്പത്തികമേഖലയില്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ പാട്ടക്കാരന് സ്വതന്ത്രാവകാശമുണ്ടെങ്കിലും വില്‍പ്പനയ്ക്ക് അധികരമില്ല. ഇക്കാര്യം സംസ്ഥാനസര്‍ക്കാര്‍ നിരവധിതവണ വ്യക്തമാക്കിയിരുന്നെങ്കിലും ടീകോമിന് ബോധ്യപ്പെട്ടിരുന്നില്ല. ഒടുവില്‍ സംസ്ഥാനസര്‍ക്കാര്‍ മധ്യസ്ഥചര്‍ച്ചയ്ക്കായി എം എ യൂസഫലിയെ നിയോഗിച്ചു. അദ്ദേഹത്തിന്റെകൂടി ഇടപെടലിനെത്തുടര്‍ന്നാണ് ദുബായ് സര്‍ക്കാര്‍ പ്രതിനിധിയുടെ സാന്നിധ്യത്തില്‍ സംസ്ഥാനസര്‍ക്കാരും ടീകോം അധികൃതരുമായി ചര്‍ച്ചയ്ക്ക് വഴിതുറന്നത്.

ഇച്ഛാശക്തിയുടെ വിജയമായി സ്മാര്‍ട്ട് സിറ്റി

പൊതുസ്വത്ത് അന്യാധീനപ്പെടുത്താതെ സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് സ്മാര്‍ട്ട് സിറ്റിയില്‍ ഇപ്പോള്‍ വിജയം കണ്ടത്. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൌജന്യമായി വിട്ടുകൊടുക്കുന്നതുള്‍പ്പെടെ കേരളത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ അംഗീകരിച്ചാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി നടപ്പാക്കാന്‍ ശ്രമിച്ചത്. അന്ന് ശക്തമായ എതിര്‍പ്പുമൂലം ഈ നീക്കം പൊളിഞ്ഞു. ഇന്‍ഫോപാര്‍ക്ക് പൊതുസ്വത്തായി സംരക്ഷിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍, സ്വതന്ത്രാവകാശമുള്ള ഭൂമിയില്‍ വില്‍പ്പനാവകാശം വേണമെന്ന ടീകോമിന്റെ സമ്മര്‍ദത്തിന് വഴങ്ങിയില്ല. ഒടുവില്‍ സര്‍ക്കാര്‍ നിലപാട് ടീകോമിന് അംഗീകരിക്കേണ്ടിവന്നു.

നാലര വര്‍ഷമായി സ്മാര്‍ട്ട് സിറ്റിക്കായി ശ്രമം തുടരുമ്പോഴും ഇതര ഐടി പദ്ധതികള്‍ക്കും ശക്തമായ നടപടികളാണ് സംസ്ഥാനസര്‍ക്കാര്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ ദുബായ് കമ്പനി താല്‍പ്പര്യം അറിയിക്കുന്നത് 2004 നവംബറിലാണ്. 2005 മെയ് 30 ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരട് കരാര്‍ അംഗീകരിച്ചു. ഇന്‍ഫോപാര്‍ക്ക് വെറുതെ കൊടുക്കാമെന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചു. സ്മാര്‍ട്ട് സിറ്റി വരുന്നതുവരെ ഇന്‍ഫോപാര്‍ക്കില്‍ മറ്റു ഐടി കമ്പനികളെ അനുവദിക്കില്ലെന്നും എറണാകുളത്തും സമീപപ്രദേശങ്ങളിലും ഇതര ഐടി സംരംഭങ്ങള്‍ പാടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യവസ്ഥയുണ്ടാക്കി. 100 ഏക്കര്‍ സൌജന്യമായും 136 ഏക്കര്‍ 24 കോടിരൂപയ്ക്കും നല്‍കുമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. 2005 സെപ്തംബര്‍ ഒമ്പതിന് യുഡിഎഫ് സര്‍ക്കാരും ദുബായ് ഡിഐസിയും കൊച്ചിയില്‍ ധാരണാപത്രം ഒപ്പുവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കരാര്‍ ഒപ്പിടാന്‍ യുഡിഎഫ് വന്‍തിടുക്കമാണ് കാട്ടിയത്. 2006 മാര്‍ച്ച് ഒന്നിന് കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമസഭാതെരഞ്ഞെടുപ്പ് കഴിയുംവരെ കരാര്‍ ഒപ്പിടല്‍ മാറ്റിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ നിര്‍ദേശം നല്‍കിയെങ്കിലും സര്‍ക്കാരിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഈ നിര്‍ദേശം റദ്ദാക്കി.

കരാറിലൊപ്പിടാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കം അന്ന് എല്‍ഡിഎഫ് ശക്തമായി എതിര്‍ത്തു. സിപിഐ എം എതിര്‍ക്കുന്നതിനാല്‍ കരാറില്‍ ഒപ്പിടുന്നില്ലെന്ന് 2006 ഏപ്രില്‍ 20ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. 33,000 പേര്‍ക്ക് തൊഴില്‍ കിട്ടുന്ന സംരംഭം മുടക്കിയതിന് കേരളത്തിലെ ചെറുപ്പക്കാരോട് സിപിഐ എം മറുപടി പറയേണ്ടിവരുമെന്നും, സിപിഐ എമ്മിനെ ജനമധ്യത്തില്‍ തൊലിയുരിച്ചു കാട്ടുമെന്നും ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തി.

ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കില്ലെന്നതിനു പുറമെ സംസ്ഥാനത്തിന്റെ അന്തസ്സുയര്‍ത്തുന്ന സുപ്രധാനവ്യവസ്ഥകളും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടത്. എറണാകുളം ജില്ലയിലും പരിസരത്തും മറ്റു ഐടി സംരംഭങ്ങള്‍ ആരംഭിക്കും, പത്തുവര്‍ഷത്തിനുള്ളില്‍ 90,000 തൊഴിലവസരം, കെട്ടിടത്തിന്റെ 77 ശതമാനം ഐടി ആവശ്യങ്ങള്‍ക്കുമാത്രം, സൌജന്യമായി ഭൂമി നല്‍കില്ല, ചെയര്‍മാന്‍സ്ഥാനവും രണ്ടു ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളും സര്‍ക്കാരിന്, സര്‍ക്കാര്‍ പ്രതിനിധി പങ്കെടുത്തില്ലെങ്കില്‍ ക്വാറം തികയില്ല, പത്തുവര്‍ഷത്തിനകം കെട്ടിടം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പദ്ധതി സര്‍ക്കാര്‍ ഏറ്റെടുക്കും തുടങ്ങിയവയായിരുന്നു പ്രധാനവ്യവസ്ഥകള്‍.

സംസ്ഥാനത്തിന്റെ സ്വത്ത് സംരക്ഷിച്ച് സ്മാര്‍ട്ട് സിറ്റി നടപ്പാക്കുമെന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പു വാഗ്ദാനമാണ് വൈകിയെങ്കിലും ഇപ്പോള്‍ യാഥാര്‍ഥ്യമായത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയിരുന്നു. ടീകോമുമായുള്ള ചര്‍ച്ച വഴിമുട്ടിയതിനെത്തുടര്‍ന്ന് മറ്റു കമ്പനികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ടീകോം വീണ്ടും സര്‍ക്കാരുമായി ആശയവിനിമയത്തിന് തയ്യാറായത്. നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ 2007 മെയ് 13ന് അന്തിമകരാറില്‍ ഒപ്പിട്ടു. സ്മാര്‍ട് സിറ്റി ചര്‍ച്ചയില്‍ ദുബായ് സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണറും ദുബായ് സുപ്രീം ഫിസ്കല്‍ കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് ഹുമൈദ് അല്‍ തായിര്‍, ടീകോം ഗ്രൂപ്പ് സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുള്ള, ഡോ. അഡ്നാന്‍ ചില്‍വാന്‍ എന്നിവരും സ്മാര്‍ട്ട്സിറ്റി കമ്പനി ചെയര്‍മാന്‍ എസ് ശര്‍മ, ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍, എം എ യൂസഫലി എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
(കെ എം മോഹന്‍ദാസ്)

ലക്ഷംപേര്‍ക്ക് തൊഴില്‍

കാക്കനാടിനടുത്ത് ഇന്‍ഫോപാര്‍ക്കിനോടു ചേര്‍ന്ന് 246 ഏക്കറിലാണ് സംസ്ഥാനത്തിന്റെ അഭിമാനപദ്ധതി സ്മാര്‍ട്ട്സിറ്റി വരുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി- ഐടി അനുബന്ധ കമ്പനിയായ ടീകോമിനാണ് നടത്തിപ്പു ചുമതല. 246 ഏക്കര്‍ 99 വര്‍ഷത്തേക്ക് ടീകോമിന് പാട്ടത്തിന് നല്‍കുന്നു. ഇതുവഴി 104 കോടി രൂപ സര്‍ക്കാരിനു ലഭിക്കും. സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാകുമ്പോള്‍ ഐടി- ഐടി അനുബന്ധ വ്യവസായത്തിന് 82 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക സജ്ജീകരണമുള്ള കെട്ടിടം ലഭ്യമാകും. പ്രത്യക്ഷമായും പരോക്ഷമായും ഒരുലക്ഷം തൊഴിലവസരമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള മൊത്തം നിക്ഷേപം 680 കോടി രൂപയാണ്. ഇതില്‍ 16 ശതമാനമാണ് സര്‍ക്കാര്‍ ഓഹരി. ബാക്കി 84 ശതമാനം ടീകോം ഓഹരിയാണ്. ആദ്യഘട്ടമായി ടീകോം 120 കോടിരൂപയും സംസ്ഥാനസര്‍ക്കാര്‍ 19.2 കോടി രൂപയുമാണ് മുതല്‍മുടക്കുന്നത്. ഐടി വ്യവസായത്തിന് ലോകനിലവാരമുള്ള സൌകര്യമൊരുങ്ങുമ്പോള്‍, ഇന്ത്യയിലെയും പുറത്തെയും ഐടി ഭീമന്മാരെ ഇവിടേക്ക് കൊണ്ടുവരാനാണ് ടീകോമിന്റെ പദ്ധതി. ഇപ്പോള്‍ കേരളത്തിലുള്ളതില്‍ ഏറ്റവും വലിയ ഐടി പദ്ധതിയായിരിക്കും

സ്മാര്‍ട്ട്സിറ്റി: കുടിയൊഴിഞ്ഞവര്‍ക്കും സന്തോഷം

തൃക്കാക്കര: സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഭൂമി നല്‍കിയവര്‍ നിരാശരല്ല. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ടീകോം അധികൃതരുമായി കരാര്‍ ഒപ്പിട്ടത് പ്രദേശത്തെ ജനങ്ങളില്‍ ആഹ്ളാദമുളവാക്കി. പദ്ധതി നടപ്പാക്കാന്‍ എടച്ചിറ പ്രദേശത്തെ 56 കുടുംബങ്ങളാണ് സര്‍ക്കാരിന് ഭൂമി വിട്ടുകൊടുത്തത്. ഇവര്‍ക്ക് സര്‍ക്കാര്‍ 116 ഏക്കര്‍ ഭൂമി പുനരധിവാസത്തിന് നല്‍കി. ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വന്നതോടെ കേരളത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലായ പദ്ധതിയെ രണ്ടുകയ്യും നീട്ടിയാണ് ഇടച്ചിറനിവാസികള്‍ സ്വീകരിച്ചത്. ഒരുമടിയും കൂടാതെ ഭൂമി വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായി.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇവിടത്തെ ഏറ്റവും പ്രായംകൂടിയ താമസക്കാരനായ പി കെ അബ്ദുള്‍ലത്തീഫ് പറഞ്ഞു. ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഭൂമി വിട്ടുകൊടുത്തവര്‍. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുകകൊണ്ട് വീട് വയ്ക്കുകയും ഭൂമി വാങ്ങുകയും പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചവരും ഇക്കൂട്ടത്തിലുണ്ട്. അണുകുടുംബങ്ങള്‍ക്കും പാക്കേജിന്റെ ഭാഗമായി ഭൂമി ലഭിച്ചപ്പോള്‍ കൂട്ടുകുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വീടായി. പുനരധിവാസസ്ഥലത്ത് അടിസ്ഥാനസൌകര്യം നല്‍കാന്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപയാണ് അനുവദിച്ചത്. ബാക്കി തുകയും ഉടന്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഭൂമി ഏറ്റെടുക്കുകയും പുനരധിവാസം നടപ്പാക്കുകയും ചെയ്തത് കലക്ടര്‍ എം ബീന മുന്‍കൈയെടുത്ത് നടത്തിയ ഇടപെടല്‍കൊണ്ടാണ്. സ്ഥലംമാറിപ്പോകുന്ന കലക്ടര്‍ക്ക് സ്മാര്‍ട്ട്സിറ്റി ഭൂമി പുനരധിവാസ ആക്ഷന്‍കൌണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പും നല്‍കി. കക്ഷിഭേദമന്യേ സര്‍ക്കാരിന്റെ തീരുമാനത്തെ മുക്തകണ്ഠം പ്രശംസിക്കുന്നവരാണ് ഇവിടത്തെ താമസക്കാര്‍. പദ്ധതി നടപ്പാക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം വാര്‍ത്താമാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ വെടിക്കെട്ടും ആഹ്ളാദപ്രകടനവും നടത്തി സന്തോഷം പങ്കുവയ്ക്കുകയാണ് നിര്‍ദിഷ്ട പദ്ധതിപ്രദേശത്തുള്ളവര്‍.

ഇത് ഞമ്മന്റെയാണെന്ന് ഉമ്മന്‍‌ചാണ്ടി

സ്മാര്‍ട്ട് സിറ്റി കരാര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമായല്ല യുഡിഎഫിന്റെ നേട്ടമായാണ് കാണേണ്ടത്. കരാര്‍ നാലരവര്‍ഷം വൈകിയതിന് ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാരിനുണ്ട്. സ്മാര്‍ട്ട്സിറ്റിയില്‍ ഭൂമിയുടെ വില്‍പ്പനാവകാശം നല്‍കുന്ന വ്യവസ്ഥ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വച്ചിട്ടില്ല. ഭൂമി നല്‍കിയാല്‍ ഏത് കോണില്‍നിന്നും നിക്ഷേപകരെത്തും. എല്‍ഡിഎഫ് ഒപ്പുവച്ച സ്മാര്‍ട്ട്സിറ്റി കരാര്‍ യുഡിഎഫിന് രാഷ്ട്രീയനഷ്ടമുണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്മാര്‍ട്ട്സിറ്റി: കാക്കനാട്ട് ഇന്ന് സിപിഐ എം ആഹ്ളാദപ്രകടനം

കൊച്ചി: സംസ്ഥാന താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും സെസിന് പുറത്തുള്ള ഭൂമിയില്‍ സ്വതന്ത്രാവകാശം നല്‍കാതെയും സ്മാര്‍ട്ട്സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ചും പദ്ധതി വരുന്നതില്‍ ആഹ്ളാദം രേഖപ്പെടുത്തിയും സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ സ്മാര്‍ട്ട്സിറ്റി ഉയരുന്ന കാക്കനാട്ട് വ്യാഴാഴ്ച പ്രകടനം നടത്തും. പദ്ധതിക്കായി യുഡിഎഫ് സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങിയ ഇന്‍ഫോ പാര്‍ക്ക് കൈമാറാതെ ബൃഹദ് സ്ഥാപനമായി വികസിപ്പിച്ചതിനു പുറമെ പ്രദേശത്തിന് മറ്റൊരു വമ്പന്‍ ഐടി പദ്ധതി ലഭ്യമാക്കിയതില്‍ സന്തുഷ്ടി രേഖപ്പെടുത്തിക്കൂടിയാണ് പ്രകടനം.

വൈകിട്ട് 5.30ന് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജങ്ഷനില്‍നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് കാക്കനാട് ഓപ്പ സ്റ്റേജില്‍ ചേരുന്ന പൊതുയോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സി കെ മണിശങ്കര്‍, കെ മോഹനന്‍, പി എ സീതി, എം ഇ ഹസൈനാര്‍, സബിതാ കരീം, സി കെ പരീത് എന്നിവര്‍ സംസാരിക്കും. പ്രകടനത്തിലും പൊതുയോഗത്തിലും മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുക്കണമെന്ന് സിപിഐ എം അഭ്യര്‍ഥിച്ചു.

സ്മാര്‍ട്ട് സിറ്റി തീരുമാനമായതില്‍ സന്തോഷം: പിണറായി

കോട്ടയം: കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാകുന്നത് സ്വാഗതം ചെയ്യുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പുതിയ വ്യവസ്ഥകളുടെ വിശദാംശങ്ങള്‍ അറിവാകുന്നതേയുള്ളൂ. അഭിമാനകരമായ പദ്ധതിയാണ്. ഇക്കാര്യത്തില്‍ തീരുമാനമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 030211

7 comments:

  1. പൊതുസ്വത്ത് അന്യാധീനപ്പെടുത്താതെ സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയമാണ് സ്മാര്‍ട്ട് സിറ്റിയില്‍ ഇപ്പോള്‍ വിജയം കണ്ടത്. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൌജന്യമായി വിട്ടുകൊടുക്കുന്നതുള്‍പ്പെടെ കേരളത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ അംഗീകരിച്ചാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി നടപ്പാക്കാന്‍ ശ്രമിച്ചത്. അന്ന് ശക്തമായ എതിര്‍പ്പുമൂലം ഈ നീക്കം പൊളിഞ്ഞു. ഇന്‍ഫോപാര്‍ക്ക് പൊതുസ്വത്തായി സംരക്ഷിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍, സ്വതന്ത്രാവകാശമുള്ള ഭൂമിയില്‍ വില്‍പ്പനാവകാശം വേണമെന്ന ടീകോമിന്റെ സമ്മര്‍ദത്തിന് വഴങ്ങിയില്ല. ഒടുവില്‍ സര്‍ക്കാര്‍ നിലപാട് ടീകോമിന് അംഗീകരിക്കേണ്ടിവന്നു.

    ReplyDelete
  2. അതെന്താ സാറെ ഈ ഇലക്ഷനടുക്കാറവുമ്പൊ മാത്രം ഇച്ഛാശക്തിയും ദൃഡ്ഡനിശ്ചയവും കേറിയങ്ങ് മേയുന്നെ.. അല്ലാത്തപ്പൊ കാണാറില്ലല്ലൊ ഈ സാമാനമൊന്നും.

    ReplyDelete
  3. johninulla utharam ente postilund ..... vayickooooo

    ReplyDelete
  4. സുരേഷിന്റെ പോസ്റ്റിന്റെ ലിങ്ക് ഇതാ ജോണ്‍. http://sureshpk05.blogspot.com/2011/02/blog-post.html വായിക്കൂ.

    ReplyDelete
  5. ഇന്‍ഫോപാര്‍ക്ക് കൂടി ഉള്‍പ്പെട്ട സ്ഥലമാണ് സ്മാര്‍ട് സിറ്റിക്കുവേണ്ടി ടീകോമിന് കൈമാറാന്‍ യുഡിഎഫ് തീരുമാനിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. അന്ന് ഇന്‍ഫോപാര്‍ക്ക്കുടി ഉള്‍പ്പെട്ട 62ഏക്കര്‍ സ്ഥലമാണ് ടീകോമിനു കൈമാറാന്‍ കരാറുണ്ടാക്കിയത്. ഇന്‍ഫോപാര്‍ക്ക് ഒഴിവാക്കി എന്നതൊഴിച്ചാല്‍ അന്നത്തെ കരാറും ഇന്നത്തെ കരാറും തമ്മില്‍ വ്യത്യാസമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്മാര്‍ട്സിറ്റി പദ്ധതി ഇത്രയും കാലം വൈകിച്ചതിനുള്ള ഉത്തരവാദിത്തം എല്‍ഡിഎഫ് സര്‍ക്കാരിനാണ്. ഇന്‍ഫോപാര്‍ക്ക് ഉള്‍പ്പെടെ കൈമാറി കരാര്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇത്രയും താമസം ഉണ്ടാകുമായിരുന്നില്ല. സ്മാര്‍ട്സിറ്റിയുടെ ഭാവി വികസനത്തിനായി ഏറ്റെടുക്കുന്ന 167ഏക്കര്‍ ഭൂമിക്ക് എന്തുപദവി നല്‍കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ചേദിച്ചു. മുസ്ളിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. വരുംദിവസങ്ങളില്‍ ഇതുസംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ചാനലുകളുടെ എംഡിമാര്‍ക്ക് നിക്ഷേപകരോട് പ്രതിബദ്ധത വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    ReplyDelete
  6. സീസറിനുള്ളത് സീസറിനും ജോണിനുള്ളത് ജോണിനും
    എന്താ ജോണെ ഇച്ഛശക്തി നമ്മള്‍ സ്പെക്ട്രത്തില്‍ കാണിച്ചില്ലേ? അത് പോരെ? ഇനീപ്പം ഐസ്ക്രീമൂടെ തിന്നണംന്ന്ണ്ടോ??

    ReplyDelete
  7. ഹ ഹ... മാഷെ നിങ്ങളു തെറ്റിധരിച്ചിരിക്കുവാണ്. ഞാന്‍ കൈപ്പത്തീന്റെം താമരേന്റെം ഒന്നും ആളല്ല. അതുകൊണ്ടൊന്നും ഒരു കാര്യൊം ഇല്ലാന്നു മനസിലായി.

    പിന്നെ സ്പെക്ട്രംകാരനെ പിടിച്ചല്ലൊ.അവനെയൊക്കെ നടുറോഡിലിട്ട് കല്ലെറിഞ്ഞു കൊല്ലണം അതാണെന്റെ അഭിപ്രായം.അവനെ മാത്രം പോര ആ കള്ള കല്‍മാഡീനേം.
    പക്ഷെ ഒന്നുണ്ട് CBI അന്വേഷണം എന്നു കേള്‍ക്കുപൊ പേടിച്ച് അതിനെതിരെ അപ്പീലുകൊടുക്കുന്നവരാണീവിടുള്ളവരു. അതെന്താ അങ്ങനെ .നിരപരാധിയാണെ നെഞ്ച് വിരിച്ച് നിന്നു തെളിയിക്കണം അതല്ലെ ആണത്തം.....

    ReplyDelete