തിരുവനന്തപുരം യുഎഇ കോൺസുലേറ്റ് സ്വർണക്കടത്തിനെത്തുടർന്ന് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം ഭരണഘടനാ വ്യവസ്ഥകളുടെയും സാമാന്യനീതിയുടെയും എല്ലാ സീമകളും ലംഘിച്ചാണ് മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ സാമ്പത്തികഭദ്രതയും പരമാധികാരവും അപകടപ്പെടുത്തുന്ന വിഷയങ്ങൾ ഉൾച്ചേർന്നതിനാലാണ് യുക്തമായ അന്വേഷണത്തിന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് സംസ്ഥാന സർക്കാരിന്റെ നയനിലപാടുകളെയും വികസനപ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നിലയിലേക്ക് അന്വേഷണം വഴിതെറ്റിയിരിക്കുന്നു. ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമായ ഈ നിലപാടിനെ അംഗീകരിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ എല്ലാം അടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ കുതന്ത്രങ്ങൾക്ക് ഒത്തുനീങ്ങുന്ന അന്വേഷണ ഏജൻസികൾക്ക് കുഴലൂത്തു നടത്തുന്ന മാധ്യമങ്ങളും ഈ ഗൂഢനീക്കത്തിൽ പങ്കാളികളാണ്.
സ്വർണക്കടത്ത് അന്വേഷണം നാലുമാസം പിന്നിടുമ്പോഴും പ്രധാന കണ്ണികൾ വലയ്‌ക്കു പുറത്താണ്. നയതന്ത്ര ബാഗേജിൽ സ്വർണം അയച്ചവരെക്കുറിച്ച് എന്തെങ്കിലും പറയാൻ ദേശീയ അന്വേഷണ ഏജൻസിക്ക് സാധിക്കുന്നില്ല. സ്വർണം വന്നത് ആർക്കുവേണ്ടിയാണെന്ന ചോദ്യത്തിനും ഉത്തരമില്ല. അറസ്‌റ്റിലായവരെല്ലാം ഇടനിലക്കാരാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കാത്തതിനാൽ പ്രാഥമിക കുറ്റപത്രംപോലും സമർപ്പിക്കാനായില്ല. അതുകൊണ്ടുതന്നെ കസ്‌റ്റംസ് കേസിൽ ആരോപണവിധേയരായവർക്കെല്ലാം ജാമ്യം ലഭിച്ചു. യുഎപിഎ ചുമത്തപ്പെട്ടവർക്കു മാത്രമാണ് ജാമ്യം ലഭിക്കാനുള്ളത്. ഇതിനിടയിൽ സംസ്ഥാനത്തെ ചില പ്രധാന വികസന–- ജനക്ഷേമ പദ്ധതികൾ തടസ്സപ്പെടുംവിധം അന്വേഷണക്കുരുക്ക് ഒരുക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. സർക്കാർപദ്ധതികളുടെ സാമ്പത്തിക ഇടപാടുകളും നിയമസാധുതയുമൊക്കെ പരിശോധിക്കാനുള്ള ഭരണഘടനാസ്ഥാപനമാണ് സിഎജി. ഈ തത്വം മറികടന്ന് വികസനപദ്ധതികളുടെ ഫയൽ ആവശ്യപ്പെടാൻ ഒരു അന്വേഷണ ഏജൻസിക്കും അധികാരമില്ല. സർക്കാർപദ്ധതികളുടെ ഫയലുകൾ വിളിപ്പിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഇഡിക്ക് വ്യക്തമാക്കേണ്ടിവരും.
എൻഐഎയ്‌ക്ക് പിന്നാലെ എത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി ഇന്റലിജൻസ് തുടങ്ങിയ ദേശീയ അന്വേഷണ ഏജൻസികൾ സ്വർണക്കടത്തു കേസ് വിട്ട് മറ്റു പല മേഖലകളിലും കടന്നുകയറി. ഇവയ്‌ക്ക് ഓരോന്നിനും നിശ്‌ചിതമായ പ്രവർത്തനപരിധിയും നിയമാവലിയുമുണ്ട്. അതെല്ലാം വിസ്‌മരിച്ച് അമിതാധികാര സ്വഭാവത്തിലാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ രാഷ്ട്രീയദൗത്യങ്ങൾ നിർവഹിക്കുന്ന ഉപകരണമായി സിബിഐയും ഇഡിയും മാറുമ്പോൾ ചെറുക്കാതെ നിർവാഹമില്ല. പാവങ്ങൾക്ക് വീടുവച്ചുനൽകുന്ന ലൈഫ് മിഷൻ പദ്ധതിക്കെതിരെ സിബിഐ നടത്തിയ നീക്കത്തെ ഹൈക്കോടതിയിൽ ചോദ്യംചെയ്യാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായ സാഹചര്യമിതാണ്. രണ്ടു മാസത്തേക്ക് അന്വേഷണം തടഞ്ഞ ഹൈക്കോടതി വിധിയുടെ അന്തഃസത്ത ഉൾക്കൊള്ളാൻ സിബിഐ തയ്യാറായിട്ടില്ല.
ഉയർന്നുവന്ന കോഴ ആരോപണങ്ങൾ സംസ്ഥാന വിജിലൻസ് അന്വേഷിക്കുന്നതിനിടയിലാണ് സിബിഐയുടെ അസാധാരണ ഇടപെടലുണ്ടായത്. പദ്ധതി പ്രവർത്തനംതന്നെ നിർത്തിവയ്‌ക്കുന്നതിന് ഇതു കാരണമായി. ഒരു പ്രതിപക്ഷ എംഎൽഎയുടെ പരാതി ഉയർത്തിക്കാട്ടിയാണ് സിബിഐ ഏകപക്ഷീയമായി, പേരുപോലും ചേർക്കാതെ ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ പ്രതികളാക്കിയത്. തുടർന്നും ലൈഫ് മിഷന്റെ ചുമതലക്കാരനായ മുതിർന്ന ഉദ്യോഗസ്ഥനെ നോട്ടീസ് നൽകി വിളിപ്പിക്കുകയാണ്. അതേസമയം, സംസ്ഥാന സർക്കാർ ഒരു വർഷംമുമ്പ് സിബിഐക്ക് കൈമാറിയ ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷിക്കാൻ വിസമ്മതിക്കുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമൊക്കെയാണ് ഈ കേസിലെ പ്രതികൾ. കേന്ദ്ര മന്ത്രി വി മുരളീധരൻ സ്വർണക്കടത്തു കേസിൽ നടത്തിയ ഇടപെടലുകളും ടൈറ്റാനിയം കേസിലെ ഒത്തുകളിയും ചേർത്തുവായിക്കേണ്ടതാണ്. തെരഞ്ഞെടുപ്പുഘട്ടത്തിൽ എൽഡിഎഫ് സർക്കാരിനെ പുകമറയിൽ നിർത്താൻ യുഡിഎഫിനും - ബിജെപിക്കും ഒരേ മനസ്സാണ്.
ഈ രാഷ്ട്രീയതാൽപ്പര്യത്തിനൊപ്പം, കേരളത്തിൽ വൻകിട കോർപറേറ്റുകളുടെ വ്യവസായ സാമ്രാജ്യത്തിനേൽക്കുന്ന തിരിച്ചടിയും കേന്ദ്ര ഭരണത്തിന്റെ ഉറക്കംകെടുത്തുന്നു. ലൈഫ് മിഷന്റെ ചുവടുപിടിച്ച് കെ ഫോൺ, ടോറസ് ഡൗൺ ടൗൺ, ഇ മൊബിലിറ്റി, സ്‌മാർട് സിറ്റി തുടങ്ങിയ അഭിമാനപദ്ധതികളെ വിവാദത്തിൽ കുരുക്കാനും വൈകിപ്പിക്കാനും പറ്റുമെങ്കിൽ തകർക്കാനും കേന്ദ്രത്തിനും കോർപറേറ്റുകൾക്കും താൽപ്പര്യമുണ്ടാകും. കെ ഫോൺ പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രതിവർഷം 3000 കോടിയുടെ നഷ്ടം സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കൾക്കുമാത്രം ഉണ്ടാകുമെന്നാണ് കണക്ക്. 52,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല സർക്കാർ ഉടമസ്ഥതയിൽ പൂർത്തിയാകുന്നതോടെ റിലയൻസ് ജിയോയുടെ കുത്തക കേരളത്തിൽ തകരും. ഐടി അധിഷ്‌ഠിത –- ഐടി അനുബന്ധ വ്യവസായമേഖലകളിലെ ഭീമന്മാർ കേരളത്തിൽനിന്ന് കടത്തിക്കൊണ്ടുപോകുന്ന സഹസ്രകോടികളാണ് നഷ്‌ടപ്പെടാൻ പോകുന്നത്.
കേരളത്തിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിയാണ് കെ ഫോൺ. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യനിരക്കിലും ഇന്റർനെറ്റ് ലഭ്യമായാൽ സ്വന്തം കേബിൾ നെറ്റ്‌വർക്കുള്ള ജിയോയ്‌ക്കാണ് ഏറ്റവും വലിയ തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഉറ്റ തോഴനായ മുകേഷ് അംബാനിയുടെ വ്യവസായ സാമ്രാജ്യത്തിനേൽക്കുന്ന കനത്ത ആഘാതമാണ് ഇത്തരം അതിരുവിട്ട നീക്കങ്ങൾക്കുള്ള പ്രധാന കാരണം. അഴിമതിയുടെ കരിനിഴൽ വീഴ്‌ത്തി എൽഡിഎഫ് സർക്കാരിനെ തകർക്കാമെന്ന വ്യാമോഹത്തോടെയാണ് അന്വേഷണ ഏജൻസികളെക്കൊണ്ട് ചുടുചോറു വാരിപ്പിക്കുന്നത്. അന്വേഷണ ഏജൻസികൾ നിയമപ്രകാരം പ്രവർത്തിക്കേണ്ടവയാണ്. സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്ന ഉപരി ഘടകമോ സമാന്തര സംവിധാനമോ അല്ല. ലൈഫ് മിഷൻ കേസിൽ അന്വേഷണം തടഞ്ഞ ഹൈക്കോടതി ഇടക്കാല ഉത്തരവ് ഈ മുന്നറിയിപ്പാണ് കേന്ദ്ര ഏജൻസികൾക്ക് നൽകിയത്. അത് ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ലെങ്കിൽ രാഷ്ട്രീയ ഉപകരണങ്ങളായേ ഇവരെ ജനം പരിഗണിക്കുകയുള്ളൂ. കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ തുരങ്കംവയ്‌ക്കാനുള്ള മറയില്ലാത്ത നീക്കങ്ങൾക്കെതിരെ സാധ്യമായ എല്ലാവഴികളും സർക്കാർ തേടണം. നിയമപരമായും ജനങ്ങളെ അണിനിരത്തിയും ഈ നെറികേടിനെ ചെറുക്കണം.
deshabhimani editorial 031120
No comments:
Post a Comment