Monday, November 2, 2020

സംവരണം: നിലപാട് വ്യക്തമാണ്

 സംവരണത്തിന് അർഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർക്കാർ നിയമനങ്ങളിൽ പത്ത് ശതമാനം സംവരണം നടപ്പാക്കാൻ എൽഡിഎഫ്‌ സർക്കാർ നടപടികൾ കൈക്കൊണ്ടിരിക്കുന്നു. പാവപ്പെട്ടവർക്ക് സാമൂഹ്യപരിരക്ഷ നൽകുന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് സർക്കാർ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ സംവരണ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കം നിൽക്കുന്നവർക്ക് സംവരണമെന്ന നിലപാടുമായി മുന്നോട്ടുപോകുമ്പോൾ ചില നിക്ഷിപ്ത താൽപ്പര്യക്കാർ അനാവശ്യ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. സംവരണമാകെ അട്ടിമറിച്ചു എന്നാണ് അവർ പറയുന്നത്. എന്നാൽ, നിലവിലുള്ള സംവരണത്തിന് ഒരു പോറൽപോലും ഏൽപ്പിക്കാതെയാണ് പുതിയ ഭേദഗതി നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച് എൽഡിഎഫിന് സുവ്യക്തമായ കാഴ്ചപ്പാടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ അർഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ 579–--ാമത് വാഗ്ദാനമായി ഇങ്ങനെ പറയുന്നു: ‘സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ് ആർഎസ്എസ് നടത്തുന്നത്. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള സംവരണം തുടരുമെന്ന നയത്തിൽ എൽഡിഎഫ് ഉറച്ചുനിൽക്കുന്നു. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം മുന്നോക്കസമുദായങ്ങളിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യവും നടപ്പിൽ വരുത്താൻ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാഭേദഗതി നടപ്പിൽവരുത്താൻ എൽഡിഎഫ് പരിശ്രമിക്കുന്നതായിരിക്കും.' ഇതിന്റെ ഭാഗമായി ഭരണഘടനാ ഭേദഗതിക്കായി സർക്കാർ ഇടപെടൽ നടത്തുകയുണ്ടായി.

സിപിഐ എമ്മിനെ സംബന്ധിച്ച് സംവരണവിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. 1990 നവംബറിൽ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ അത് വ്യക്തമാക്കുന്നുണ്ട്. വി പി സിങ്‌ മന്ത്രിസഭയുടെ കാലത്ത് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ കേന്ദ്രസർവീസിൽ 27 ശതമാനം സംവരണം സിപിഐ എം ആവശ്യപ്പെട്ടു. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്കും നിശ്ചിതശതമാനം സംവരണം ആവശ്യപ്പട്ടു. 1991ൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കി. നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോഴും സിപിഐ എം ഇക്കാര്യം പറഞ്ഞു. ഇതിന്റെ തുടർച്ചയായാണ് എൽഡിഎഫ് പ്രകടനപത്രികയിൽ  ഉൾപ്പെടുത്തിയിട്ടുള്ളത്.

മുന്നോക്കസമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത്‌ ശതമാനം സംവരണം നൽകാനുള്ള ബിൽ പാർലമെന്റ് പാസാക്കിയത് ലോക്‌സഭയിലെ 326 അംഗങ്ങളിൽ 323 പേരുടെ പിന്തുണയോടെയാണ്. കോൺഗ്രസടക്കം  പിന്തുണച്ചു. ഇപ്പോൾ കേരളത്തിൽ മുസ്ലിംലീഗിനെ മുന്നിൽ നിർത്തി സംവരണവിരുദ്ധ പ്രക്ഷോഭം നടത്തുകയാണ് യുഡിഎഫ്. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇറക്കിയ പ്രകടനപത്രികയിൽ എല്ലാ സമുദായങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം വാഗ്ദാനം ചെയ്തിരുന്നു. അന്ന് മുസ്ലിംലീഗ് ഒരഭിപ്രായവും പറഞ്ഞിരുന്നില്ല. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം സിപിഐ എം നേരത്തേതന്നെ മുന്നോട്ടുവച്ചതാണ്. 1977ൽ മൊറാർജി ദേശായി സർക്കാർ ഇടതുപക്ഷത്തിന്റെ പിന്തുണയോടുകൂടി വന്ന കാലത്താണ് മണ്ഡൽ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അത് നടപ്പാക്കിയത് 1990ൽ വി പി സിങ്ങിന്റെ കാലത്താണ്. ആ ഘട്ടത്തിൽ ശക്തമായ എതിർപ്പ് മുന്നോക്ക സമുദായത്തിൽനിന്ന്‌ ഉയർന്നുവന്നിരുന്നു. അന്ന് സിപിഐ എം നിലപാട് അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കി. മുന്നോക്ക സമുദായത്തിൽ ഒരു വിഭാഗം വളരെ പാവപ്പെട്ടവരാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരും സാമുദായികമായി മുന്നോക്കം നിൽക്കുന്നവരുമാണ് അവർ. ഒരു സംവരണാനുകൂല്യവും ലഭിക്കില്ല. ഇവർക്ക് പത്ത് ശതമാനത്തിൽ കുറയാത്ത സംവരണം കൊണ്ടുവരണമെന്നത് സിപിഐ എം നയപരിപാടിയുടെ ഭാഗമാക്കി. പാർടി പരസ്യമായി അത് ആവശ്യപ്പെട്ടു. 1991ലെ പൊതുതെരഞ്ഞെടുപ്പിൽ  പ്രകടനപത്രികയിലൂടെ ഈ ആവശ്യം മുന്നോട്ടുവച്ചു. മണ്ഡൽകമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് സിപിഐ എം പൂർണപിന്തുണ നൽകി.  പിന്നോക്ക വിഭാഗങ്ങളിലും മുന്നോക്ക വിഭാഗങ്ങളിലുമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളുടെ താൽപ്പര്യം  ഉയർത്തിപ്പിടിക്കണം എന്ന പ്രായോഗികമായ നിർദേശം സിപിഐ എം ഉയർത്തി. 1991ലാണ് ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുള്ള ഉത്തരവ് നരസിംഹറാവു സർക്കാർ പുറപ്പെടുവിച്ചത്. സാമ്പത്തിക മാനദണ്ഡം അതിൽ മുന്നോട്ടുവയ്‌ക്കുകയുണ്ടായി. ജനറൽ കാറ്റഗറിയിൽ പത്തുശതമാനം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി പ്രത്യേകം മാറ്റിവച്ചിരുന്നു. സുപ്രീംകോടതിയാകട്ടെ ഒബിസിക്കുള്ള 27 ശതമാനം സംവരണംമാത്രം അംഗീകരിക്കുകയും ജനറൽ കാറ്റഗറിയിലുള്ള സംവരണം റദ്ദാക്കുകയും ചെയ്തു. ഇപ്പോൾ 124–-ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കിയിരിക്കുന്നു.  നരസിംഹറാവുസർക്കാർ സംവരണം നടപ്പാക്കാനുള്ള നടപടി കൈക്കൊണ്ട വേളയിലും തുടർന്നും കോൺഗ്രസിന്റെ ഘടകകക്ഷിയായി നിൽക്കുന്ന മുസ്ലിംലീഗ് എതിർപ്പ് പ്രകടിപ്പിക്കുകയോ മുന്നണി വിടുകയോ ചെയ്തിട്ടില്ല. ഇപ്പോൾ മത തീവ്രവാദസംഘടനകളുടെ കൂട്ടായ്മയുണ്ടാക്കി അതിന്റെ നേതൃത്വം ഏറ്റെടുത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്നത് തീർത്തും രാഷ്ട്രീയപ്രേരിതമായാണ്.

കേരളത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കുന്നു എന്നാണ് ചിലർ നുണപ്രചാരണം നടത്തുന്നത്. പട്ടികജാതി, -പട്ടികവർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും ഇവിടെ നിലവിലുള്ള അമ്പത് ശതമാനം സംവരണം അതേപടി തുടരുകയാണ്.  ബാക്കിവരുന്ന അമ്പത് ശതമാനം പൊതുവിഭാഗത്തിലെ പാവപ്പെട്ട പത്ത് ശതമാനത്തിന് പ്രത്യേക പരിഗണന നൽകുകയാണ് ചെയ്യുന്നത്. ഒരു കൈത്താങ്ങാണത്. ഇതെങ്ങനെയാണ് സംവരണവിരുദ്ധ നിലപാടായി മാറുക? സംവരണം സംബന്ധിച്ച സിപിഐ എം നിലപാട് പ്രഖ്യാപിതമാണ്. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം അതേപോലെ തുടരണം. ആ വിഭാഗങ്ങളൊഴിച്ചുള്ള പിന്നോക്കവിഭാഗങ്ങളുടെ സംവരണത്തിൽ ആദ്യ പരിഗണന അതത് വിഭാഗത്തിലെ പാവങ്ങൾക്ക് നൽകണം. ബാക്കിവരുന്നത് അതത്  വിഭാഗങ്ങളിലെ മറ്റുള്ളവർക്ക് മാറ്റി‌വയ്‌ക്കണം. അതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. ഇതിനോടൊപ്പം ചേർത്തുപിടിക്കേണ്ട വിഭാഗമാണ് മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവർ. അവർക്ക്  സംവരണം ഏർപ്പെടുത്താനും ഭരണഘടനാ ഭേദഗതി വേണമെന്നും  സിപിഐ എം പറഞ്ഞു. ഈ നിലപാടിനെയാണ് സാമ്പത്തിക സംവരണമാണ് ലക്ഷ്യമിടുന്നത് എന്നൊക്കെ ദുർവ്യാഖ്യാനിക്കുന്നത്.

സംവരണത്തിന്റെ ചരിത്രം ബ്രിട്ടീഷ് ഭരണകാലത്തുതന്നെ തുടങ്ങുന്നതാണ്. 1902ൽ കോൽഹാപൂരിലെ രാജാവായ സാഹു അബ്രാഹ്മണരായ പിന്നോക്കക്കാർക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തി. 1909 ലെ ബ്രിട്ടീഷ് ഇന്ത്യാ ആക്ടിലും 1932 ലെ വട്ടമേശസമ്മേളനത്തിലും സംവരണത്തിനായുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു. 1930ൽ തിരുവിതാംകൂറിലും അത്തരം ശ്രമങ്ങൾ നടന്നതായി പറയുന്നുണ്ട്. 1954ലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിദ്യാഭ്യാസരംഗത്ത് പട്ടികജാതി, -പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് 20ശതമാനം സംവരണം ഏർപ്പെടുത്തിയത്. 1982ൽ സർക്കാർ ജോലികളിൽ പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികവർഗ വിഭാഗത്തിന് അഞ്ച്‌ ശതമാനവും സംവരണം ഏർപ്പെടുത്തി. പിന്നീട് പലപ്പോഴായി വിവിധസംസ്ഥാനങ്ങൾ സംവരണം ഏർപ്പെടുത്താൻ വിവിധ കമീഷനുകളെ നിയോഗിച്ചു. 1970ൽ ആന്ധ്രയിലും 71ൽ തമിഴ്‌നാട്ടിലും പിന്നോക്ക വിഭാഗ കമീഷൻ രൂപീകരിച്ചു. 1975ലാണ് കർണാടകത്തിൽ ഹവാനൂർ കമീഷൻ രൂപീകരിച്ചത്. കേരളത്തിൽ 1958ലെ ഇ എം എസ് ചെയർമാനായ ഭരണപരിഷ്‌കാര കമീഷൻ സംവരണത്തെ സംബന്ധിച്ച് കാതലായ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചു. 1971ൽ നെട്ടൂർ ദാമോദരൻ അധ്യക്ഷനായ പിന്നോക്കവിഭാഗ കമീഷനും നിർദേശങ്ങൾ സമർപ്പിച്ചു. 1971ൽ സിപിഐ എമ്മും സംവരണം വേണമെന്ന് ആവശ്യപ്പെട്ടു.

മുതലാളിത്ത വികസനത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെയുള്ള ഉയർന്ന ജാതിവിഭാഗത്തിൽ പലരും പിന്നോക്കം പോകുന്ന അവസ്ഥയുണ്ടായി. മുന്നോക്ക ജാതിവിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ അതേ ജാതി വിഭാഗത്തിലെ പിന്നോക്കക്കാരെ ചൂഷണം ചെയ്യുന്ന സ്ഥിതി അന്നും ഇന്നും തുടരുന്നുണ്ട്. ഒരു ജാതിയിലായി എന്നുള്ളതുകൊണ്ട് ഒരേ പരിഗണന ലഭിക്കണമെന്നില്ല. മുന്നോക്ക ജാതിയിലെ പിന്നോക്കം നിൽക്കുന്നവർ ആ ജാതിയിലെ മുന്നോക്കവിഭാഗത്തിന്റെ കുതിപ്പിൽ അരികുവൽക്കരിക്കപ്പെടുന്നു എന്നുള്ളത് യാഥാർഥ്യമാണ്. അത്തരമൊരു പശ്ചാത്തലത്തിൽ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് കരുത്തേകുന്ന കരുതലായി മാറുകയാണ് ഈ പത്ത് ശതമാനം സംവരണം.

സംവരണാർഹരല്ലാത്ത പൊതു വിഭാഗത്തിലെ പാവപ്പെട്ടവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപടി കൈക്കൊള്ളുമ്പോൾ, അത് വർഗപരമായ ഒരു കാഴ്ചപ്പാടിന്റെ പ്രകാശനമാണ്. ഇതിലൂടെ ഒരു വിധത്തിലും നിലവിലുള്ള സംവരണം അട്ടിമറിക്കപ്പെടുന്നില്ല.

നേരത്തേ ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് സംവരണം ഏർപ്പെടുത്തിയ വേളയിൽ മുസ്ലിംലീഗ് എതിർത്തു. അന്നും കോൺഗ്രസ് നേതൃത്വം മൗനത്തിലായിരുന്നു. പിന്നോക്കക്കാർക്ക് ദേവസ്വം ഭരണത്തിലോ ജോലിയിലോ പങ്കാളിത്തമില്ലാത്ത ഫ്യൂഡൽ ഭരണക്രമം തുടരുന്ന വേളയിലാണ് 2007ലെ എൽഡിഎഫ് സർക്കാർ പട്ടികജാതിക്കാരനായ ഒരാൾ ദേവസ്വം ബോർഡ് അംഗമാകണമെന്ന് തീരുമാനിച്ചത്. ആ വർഷംതന്നെ ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള നിയമഭേദഗതിയുണ്ടാക്കി. എന്നാൽ, 2014ൽ ഉണ്ടാക്കിയ സംവരണവ്യവസ്ഥ നടപ്പാക്കാൻ യുഡിഎഫ് തയ്യാറായില്ല. 2015ൽ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചട്ടങ്ങൾ രൂപീകരിക്കുകയും അതിൽ 32 ശതമാനം പിന്നോക്കസംവരണം വ്യവസ്ഥ ചെയ്യുകയും ചെയ്‌തെങ്കിലും ഒരാൾക്കുപോലും യുഡിഎഫ് സർക്കാർ ജോലി നൽകിയില്ല. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്കുള്ള പ്രായപരിധി ഇളവുപോലും പരിഗണിക്കാതെ അപേക്ഷകൾ തള്ളി.

2016ൽ എൽഡിഎഫ് സർക്കാർ  വന്നപ്പോൾ പുതിയ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിച്ച് സംവരണതത്വം പാലിച്ച് 62 ശാന്തിക്കാരെ നിയമിച്ചു. അതിൽ 36 പേർ അബ്രാഹ്മണരാണ്. ആറുപേർ പട്ടികജാതിക്കാരും. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷമുള്ള ഏറ്റവും വലിയ സാമൂഹ്യവിപ്ലവമായാണ് ഇത് വിലയിരുത്തപ്പെട്ടത്. പിന്നോക്കസമുദായങ്ങൾക്കുള്ള സംവരണത്തിന്റെ തോത് ഉയർത്തിയതും മുന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനും തീരുമാനിച്ചത് അപ്പോഴാണ്.

നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഹനിക്കാതെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പൊതുമത്സരവിഭാഗത്തിൽനിന്ന് പത്ത്‌ ശതമാനം നീക്കിവയ്‌ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുമ്പോൾ തീർച്ചയായും അരികുവൽക്കരിക്കപ്പെട്ടവരോടൊപ്പം നിൽക്കുന്നവർക്ക് സർക്കാരിന്റെ നിലപാടിനോടൊപ്പം മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂ.

എം വി ഗോവിന്ദൻ 

No comments:

Post a Comment