വസ്‌തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ കടന്നാക്രമിക്കുയാണ് ചെയ്യുന്നതെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് ദൗർഭാഗ്യകരമാണ്. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ നിയമനടപടി ആലോചിക്കേണ്ടിവരും. വിമർശനത്തിന് വിധേയമാകാത്ത വിശുദ്ധപശുവൊന്നുമല്ല സ്‌പീക്കർ പദവിയെന്നും സ്വർണക്കടത്ത് പ്രതികളുമായി ബന്ധമില്ലെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിയമസഭാ ഹാൾ പുനർനിർമ്മാണത്തിൽ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം അടിസ്‌ഥാനമില്ലാത്തതാണ്. നിരവധി അംഗീകാരങ്ങൾ ഇക്കാലയളവിൽ കേരള നിയമസഭയെ തേടിയെത്തി. അത് നേട്ടമായി കരുതുന്നു. പുരോഗമന പദ്ധതികൾ നടപ്പാക്കിയതിലൂടെയാണ് നിയമ സഭ അംഗീകരിക്കപ്പെട്ടത്. കേരള നിയമസഭയുടെ പരിഷ്‌കാരങ്ങൾ മറ്റ് നിയമസഭകൾ പകർത്തുകയാണ്.
നിയമസഭയിൽ ഇ വിധാൻ സംവിധാനം ഒരുക്കുന്നതിനാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയത്. മികച്ച ട്രാക്ക് റെക്കോർഡുള്ള കമ്പനിയാണ് ഊരാളുങ്കൽ . അതിനാൽ ടെണ്ടർ വിളിക്കാതെ കരാർ നൽകാൻ അനുമതിയുണ്ട്.പുതുക്കി നിർമ്മിച്ച ശങ്കരനാരായണൻ തമ്പി ഹാൾ സംസ്‌ഥാനത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ്. 16 കോടി 65 ലക്ഷം രൂപ എസ്‌റ്റിമേറ്റ് തീരുമാനിച്ച് നിർമ്മാണം തുടങ്ങിയതാണ്. എന്നാൽ 9 കോടിയിൽ നിർമ്മാണം കഴിഞ്ഞു. വീണ്ടും 16 കോടി ചിലവഴിച്ചുവെന്ന് പറയുന്നത് ശരിയല്ല.
നിയമസഭാ സമിതികളെ ശക്‌തിപ്പെടുത്തിയതും നിയമസഭാ പാസാക്കുന്ന നിയമങ്ങൾക്ക് ചട്ടം വേണമെന്ന് ഉറപ്പാക്കിയതും ഈ കാലയളവിലാണ്. 1953 ന് ശേഷം പാസാക്കിയ നിയമങ്ങൾക്ക് എന്തു സംഭവിച്ചുവെന്ന പഠനം നടത്തിയതും അവ ക്രോഡീകരിച്ച് 18 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചതും നേട്ടമാണ്. നിയമസഭയിലെ കടലാസ് പ്രക്രിയകൾ കുറക്കുന്നതിനാണ് ഇ‐ വിധാൻ സംവിധാനം ഏർപ്പെടുത്തിയത്. സഭയുടെ സ്‌റ്റിയറിങ് കമ്മിറ്റി, ടെക്‌നിക്കൽ കമ്മിറ്റി എന്നിവ കൂടി അംഗീകരിച്ചാണ് പദ്ധതികൾക്ക് അനുമതി നൽകുന്നത്. അതിൽ ഉന്നതതല സമിതി വേണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. അതുപ്രകാരം രൂപീകരിച്ച 9 അംഗ സമിതിയും അവ പരിശോധിക്കുന്നുണ്ട്.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയെ പരിചയമില്ല എന്ന് പറഞ്ഞിട്ടില്ല.ദുബായ് കോൺസുലേറ്റ് ഉദ്യോഗസ്‌ഥ എന്ന നിലയിൽ അവരുമായി പരിചയവും സൗഹൃദവും ഉണ്ട്. എന്നാൽ അവരുടെ പശ്‌ചാത്തലം അറിയില്ലായിരുന്നു.അതറിഞ്ഞശേഷം അവരുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. സ്വപ്‌ന ഒരു സഹായവും തന്നോട് ചോദിച്ചിട്ടില്ല.സ്വർണക്കടത്ത് പ്രതികളുമായി ഒരിക്കലും ഒന്നിച്ച് യാത്രചെയ്‌തിട്ടില്ല.
ഗൾഫ് രാജ്യങ്ങളിൽ കൂടുതലും പോയിട്ടുള്ളത് മലയാളിഅസോസിയേഷനുകളുടെ ക്ഷണപ്രകാരമാണ്. കൂടാതെ സഹോദരിയും സഹോദരനും അവിടെയാണ്. അമ്മയും അവർക്കൊപ്പമാണ് . കൂടാതെ മകൾ പഠിക്കുന്നതും അവിടെയായതിനാൽ കുടുംബപരമായ ആവശ്യങ്ങൾക്കും ഗൾഫിലേക്ക് യാത്രചെയ്‌തിട്ടുണ്ട്.താൻ ഒരു തെറ്റും ചെയതിട്ടില്ല. പിന്നെഎന്തിന് രാജിവെയ്‌ക്കണമെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ശ്രീരാമകഷ്‌ണൻ പറഞ്ഞു.
No comments:
Post a Comment