തിരുവനന്തപുരം > ഇടുതപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ നിരന്തരം അപവാദപ്രചരണം നടത്തിയ ബിജെപിയും, യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. എൽഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമാണ്. പ്രതിപക്ഷവും ചില മാധ്യമങ്ങളും ചേർന്ന് കെട്ടിപ്പൊക്കിയ നുണപ്രചരണങ്ങളെ അതിജീവിച്ചാണ് എൽഡിഎഫ് വിജയം നേടിയതെന്നും വാർത്താസമ്മേളത്തിൽ കാനം പറഞ്ഞു. മുന്നണിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
എൽഡിഎഫ് ജനങ്ങളോടൊപ്പംനിന്നു നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. പാവപ്പെട്ടവരുടെ ജീവിതം സംരക്ഷിക്കുന്നതിനാണ് എൽഡിഎഫ് പ്രവർത്തിച്ചത്. അതിന് പോറലേൽപ്പിക്കാൻ ചോരതന്നെ കൊതുകിന് കൗതുകമെന്നമട്ടിൽ പ്രതിപക്ഷം നടത്തിയ ശ്രമങ്ങളെയും ജനങ്ങൾ തള്ളിപ്പറഞ്ഞിരിക്കുന്നു.
എൽഡിഎഫ് കൈവരിച്ച വിജയത്തെ വിലകുറച്ചുകാണാനും അപവാദ പ്രചാരണം തുടരാനുമാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. ഇരുന്നൂറ് സീറ്റുകളിലെങ്കിലും ബിജെപിയുടെ നിലമെച്ചപ്പെടാൻ അവസരം ഒരുക്കിയത് ആരാണെന്ന കാര്യം പരിശോധിക്കേണ്ടത് കോൺഗ്രസാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പ്രാദേശിക വിഷയങ്ങളാണ് ചർച്ചയാകുന്നതെന്നും, ജില്ലാ പഞ്ചായത്തിലാണ് രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞത്. കഴിഞ്ഞ തവണത്തെ ഏഴിൽനിന്ന് ഇക്കുറി 10 ജില്ലാ പഞ്ചായത്തുകളിലേക്ക് മുന്നേറാൻ എൽഡിഎഫിനായി. ഇതേകുറിച്ച് ചെന്നിത്തല അഭിപ്രായം പറയണമെന്നും കാനം പറഞ്ഞു. കെ പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
No comments:
Post a Comment