സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട ഏറ്റവും വലിയ കർഷകമുന്നേറ്റത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭീഷണിയെപ്പോലും വകവയ്‌ക്കാതെ മൂന്നുലക്ഷത്തിലേറെ കർഷകരാണ് ഡൽഹിയിലേക്കുള്ള അതിർത്തികളിൽ ഐതിഹാസിക പ്രക്ഷോഭം നടത്തുന്നത്. കർഷകദ്രോഹ കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മാർച്ച് പ്രഖ്യാപിച്ച കർഷകരെ ശത്രുസൈന്യത്തെ നേരിടുന്നതുപോലെയാണ് കേന്ദ്രസർക്കാർ തുടക്കത്തിൽ നേരിട്ടത്. ദേശീയപാതയിൽ കിടങ്ങുകൾ തീർത്തും കണ്ടെയ്‌നറുകളും ട്രക്കുകളും നിരത്തിയും മുൾക്കമ്പിവേലിയും ബാരിക്കേഡുമുയർത്തിയും തടസ്സപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ കർഷകരുടെ ഇച്ഛാശക്തിക്കുമുന്നിൽ പക്ഷേ തകർന്നടിഞ്ഞു.
കണ്ണീർ വാതകവും ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചപ്പോഴും അവർ പിന്തിരിഞ്ഞ് കീഴടങ്ങിയില്ല. കീഴടങ്ങാൻ മനസ്സില്ല എന്ന് ഒരു ജനത തീരുമാനിച്ചാൽ ഒരു മർദകസംവിധാനത്തിനും ഒന്നും ചെയ്യാനാകില്ല എന്നത് പ്രഖ്യാപിക്കുകയായിരുന്നു കർഷകർ നടത്തിയ ചെറുത്തുനിൽപ്പുകളോരോന്നും. അടിച്ചമർത്തി ഒതുക്കാനാകില്ല എന്ന് ബോധ്യമായപ്പോൾ കുതന്ത്രങ്ങളിലൂടെ സമരത്തെ ദുർബലപ്പെടുത്താനായി അടുത്ത ശ്രമം. ഡൽഹിയിൽനിന്ന് 30 കിലോമീറ്റർ അകലെ സിൻഘു അതിർത്തിയിൽ കർഷകരെ തടഞ്ഞുനിർത്തിയ കേന്ദ്രസർക്കാർ കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന സ്ഥിതിയിലെത്തി. ഡൽഹിയിൽനിന്ന് 24 കിലോമീറ്റർ അകലെയുള്ള നിരങ്കരി മൈതാനത്ത് സമരം ചെയ്യാനുള്ള സൗകര്യമൊരുക്കാമെന്നും ഡൽഹി പൊലീസ് സമരസമിതി നേതാക്കളെ അറിയിച്ചു.
ലക്ഷക്കണക്കിനാളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന നിരങ്കരി മൈതാനത്ത് കർഷകരെയെത്തിച്ച് സമരത്തെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ഡൽഹി പൊലീസും കേന്ദ്രസർക്കാരും പദ്ധതിയിട്ടു. തലസ്ഥാനത്തേക്ക് മാർച്ച് ചെയ്തുകൊണ്ടിരുന്ന ചില സംഘടനകളെ മൈതാനത്ത് എത്തിക്കാനും പൊലീസിന് കഴിഞ്ഞു. എന്നാൽ, കേന്ദ്രസർക്കാരിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ കർഷകസംഘടനകൾ മൈതാനത്തേക്ക് നീങ്ങാതെ അതിർത്തികളിൽത്തന്നെ തമ്പടിച്ചു. സിൻഘു, തിക്രി അതിർത്തികളിലെ ആറുവരിപ്പാതകളിൽ 60 കിലോമീറ്ററോളം കർഷകർ നിലയുറപ്പിച്ചു. മാസങ്ങളോളം കഴിക്കാനുള്ള ഭക്ഷ്യധാന്യങ്ങളും അവ പാകം ചെയ്യാനുള്ള സംവിധാനങ്ങളും ഉൾപ്പെടെ സർവസന്നാഹങ്ങളോടെ ട്രാക്ടറുകളിലും കാൽനടയായും വന്ന കർഷകർ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കുകയായിരുന്നു. സമരം ജയിക്കാതെ തിരിച്ച് നാട്ടിലേക്കില്ല എന്നവർ പ്രതിജ്ഞ ചെയ്തു. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിക്കടുത്തുള്ള പൽവൽ, ഗാസിയാബാദ്, ജയ്‌പുർ–--ഡൽഹി ദേശീയപാതയിലെ ഷാജഹാൻപുർ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചതോടെ അഞ്ച് ദേശീയപാത കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രതിഷേധാഗ്നിയിലെരിഞ്ഞു. എന്തിനെയും നേരിടാൻ തയ്യാറായി വന്ന കർഷകരുടെ കരുത്തിനുമുമ്പിൽ മോഡിസർക്കാരിന്റെ വീരസ്യങ്ങളെല്ലാം അസ്തമിക്കുകയായിരുന്നു. കർഷകർ എഴുതുന്ന ഈ പുതിയ ചരിത്രത്തിൽ ജാതിയും മതവും വർണവും അതിർവരമ്പിട്ട ഒരു ഇന്ത്യയില്ല. അവകാശപ്പോരാട്ടങ്ങളെല്ലാം, അത്തരം അളവുകോലുകളാൽ വിഭജിച്ച്, വീര്യംകെടുത്തി ഇല്ലാതാക്കിയ ഒരു ഭൂതകാലത്തെക്കൂടിയാണ് അവർ നിഷ്‌കാസനം ചെയ്യുന്നത്.
കോവിഡിന്റെ മറവിലെ വഞ്ചന
കഴിഞ്ഞ ജൂൺ അഞ്ചിനാണ് കേന്ദ്രസർക്കാർ കാർഷികരംഗവുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ഓർഡിനൻസ് പുറപ്പെടുവിച്ചത്. പാർലമെന്റിൽ ചർച്ചചെയ്യാതെ കോവിഡ് പാക്കേജിൽ പെടുത്തിയാണ് ഒരു നിയമഭേദഗതിയും രണ്ട് പുതിയ നിയമവും ഓർഡിനൻസ് വഴി നിയമമാക്കിയത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്വയംപര്യാപ്ത ഇന്ത്യ (ആത്മനിർഭർ ഭാരത്) എന്ന ലക്ഷ്യത്തിലെത്താനും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുമാണത്രേ ഓർഡിനൻസ് ഇറക്കിയത്! മൂന്ന് ഓർഡിനൻസിനും കോവിഡ് മഹാമാരിയുമായി ഒരു ബന്ധവുമില്ല എന്ന് ഒറ്റവായനയിൽത്തന്നെ ഏതൊരാൾക്കും വ്യക്തമാകും. രണ്ട് പതിറ്റാണ്ടായി നടപ്പാക്കുന്ന കോർപറേറ്റ് അനുകൂല നയങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ പുറപ്പെടുവിച്ച ഓർഡിനൻസുകളുടെയും ലക്ഷ്യം. കാർഷികരംഗമാകെ നഗ്നമായ കോർപറേറ്റ് കൊള്ളയ്ക്ക് വഴിവയ്‌ക്കുന്ന ഒന്നിനെ രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കുള്ള ചുവടുവയ്‌പായി ചിത്രീകരിക്കാൻ ഇവർക്ക് ഒരു മടിയുമില്ല.
ആഗോളവൽക്കരണത്തിന്റെ നവലിബറൽ നയങ്ങൾ നടപ്പാക്കുമ്പോൾ രാജ്യത്തെ കർഷകർക്കുൾപ്പെടെ ആഗോളകമ്പോളം തുറന്നുകിട്ടും എന്നായിരുന്നു വാദമെങ്കിലും അനുഭവം മറ്റൊന്നായിരുന്നു. രണ്ട് പതിറ്റാണ്ടുകാലത്ത ഉദാരീകരണം കർഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയായിരുന്നു. വയലുകൾ ശവപ്പറമ്പുകളായി. ആത്മഹത്യചെയ്യുന്ന കർഷകരുടെ കണക്കുകൾ പുറത്തുവിടാതെ നരേന്ദ്ര മോഡിയും കൂട്ടാളികളും ആത്മനിർഭർ ഭാരത് കെട്ടിപ്പൊക്കി. കോവിഡിനെ മറയാക്കി പുറപ്പെടുവിച്ച ഓർഡിനൻസിലൂടെ പ്രഖ്യാപിക്കപ്പെട്ട "ഒരു രാജ്യം, ഒറ്റ കമ്പോള'ത്തിന്റെയും പരിണതി മറ്റൊന്നാകാൻ തരമില്ല. കാർഷികരംഗമാകെ നഗ്നമായ കോർപറേറ്റ് കൊള്ളയ്ക്ക് തുറന്നുകൊടുക്കുകയാണ് സർക്കാർ ചെയ്തത്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും അപകടത്തിലാകുന്നതിനോടൊപ്പം അവശ്യവസ്തുക്കളുടെ അതിരൂക്ഷമായ വിലക്കയറ്റവുമാണ് ഭാവിയിൽ ഇന്ത്യ നേരിടാൻ പോകുന്നത്.
മോഡിയുടെ തന്ത്രങ്ങൾ വിലപ്പോകില്ല
സാധന നിയമഭേദഗതി, കാർഷികോൽപ്പന്ന വ്യാപാര ഓർഡിനൻസ്, വില ഉറപ്പിക്കൽ, കാർഷികസേവനം സംബന്ധിച്ച കരാർ ഓർഡിനൻസ് തുടങ്ങിയ മൂന്ന് ഓർഡിനൻസാണ് കേന്ദ്രസർക്കാർ ഏകപക്ഷീയമായി പുറപ്പെടുവിച്ചത്. വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ നിയമങ്ങളിലെ പല വ്യവസ്ഥകളും ഫലത്തിൽ അസാധുവായി. സംസ്ഥാനങ്ങളോട് കൂടിയാലോചനപോലും നടത്താതെയാണ് തിരക്കിട്ട് കോവിഡിനെ മറയാക്കി നിയമമുണ്ടാക്കിയത്. കാർഷികവിപണി ഉദാരവൽക്കരിച്ചും കരാർ കൃഷി നടപ്പാക്കിയും കാർഷികോൽപ്പന്നങ്ങളുടെ മേലുള്ള സംഭരണപരിധി ഒഴിവാക്കിയും കാർഷികരംഗമാകെ കോർപറേറ്റുകൾക്ക് സമ്പൂർണമായി തീറെഴുതാൻ ഏറെക്കാലമായി കേന്ദ്ര ബിജെപി സർക്കാർ ശ്രമിച്ചുവരികയായിരുന്നു. ഈ കരിനിയമങ്ങളിലൂടെ ആ ലക്ഷ്യമാണ് പൂർത്തീകരിക്കാൻ പോകുന്നത്.
ജനാധിപത്യക്കുരുതിയിലൂടെ പാർലമെന്റിലെ എതിർപ്പിനെ അവഗണിച്ചവർ പാതയോരങ്ങളിലെ പോരാട്ടങ്ങളെ പേടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇടനിലക്കാരുടെ സമരമെന്നും ഖലിസ്ഥാൻ വാദികളും മാവോയിസ്റ്റുകളുമാണ് സമരത്തിന്റെ പിന്നിലെന്നും തീവ്ര ഇടതുപക്ഷക്കാർ സമരത്തെ ഹൈജാക്ക് ചെയ്തുവെന്നും ആക്ഷേപമുയർത്തിയവർ സ്വരം മാറ്റാൻ തുടങ്ങിയിരിക്കുന്നു. പഞ്ചാബിൽ മാത്രമേ കൃഷിയും കർഷകരുമുള്ളൂ എന്ന് നിസ്സാരവൽക്കരിച്ചവരെ ഹരിയാനയിലെയും ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെയും കർഷകമുന്നേറ്റങ്ങൾ വിറളിപിടിപ്പിച്ചിരിക്കുന്നു. കോർപറേറ്റുകൾക്ക് എതിരാകുന്ന സമരം നിർത്തിക്കാൻ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നു. കോടികളുടെ പാക്കേജുകൾ ഉയർത്തിക്കാട്ടി നാവടക്കാൻ ആഹ്വാനംചെയ്യുന്നു. സമരക്കാരെ പരിഷ്‌കാരങ്ങൾക്ക് തടസ്സം നിൽക്കുന്നവരായി മുദ്രകുത്തുന്നു.
കാർഷികരംഗത്ത് കാലാനുസൃതമായും ശാസ്ത്രസാങ്കേതിക വളർച്ചയോടൊപ്പവും നിരവധി മാറ്റങ്ങൾ വരേണ്ടതുണ്ട്. ആ മാറ്റങ്ങൾക്ക് കർഷകസംഘടനകൾ എതിരല്ല. കോർപറേറ്റുകളുടെ കൂലി അടിമകളാക്കി കർഷകരെ മാറ്റുന്ന നയങ്ങളോട് മാത്രമാണ് അവരുടെ എതിർപ്പ്. കാർഷികപരിഷ്‌കരണങ്ങൾ എന്ന പേരിൽ മുൻകാലങ്ങളിൽ നടപ്പാക്കിയ പല കരിനിയമങ്ങളെയും ശക്തമായി എതിർത്തവരാണ് ഇന്ത്യയിലെ ഇടതുപക്ഷം. ആ തീരുമാനങ്ങളൊക്കെ ശരിയായിരുന്നുവെന്ന് പിൽക്കാലത്ത് തെളിഞ്ഞിട്ടുമുണ്ട്. വിവിധ തൊഴിൽമേഖലകളിൽ കോടിക്കണക്കിന് ആളുകൾ ആ നയങ്ങളുടെയൊക്കെ ദുരന്തഫലം അനുഭവിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂട്ടുന്ന നയങ്ങളാണ് ആഗോളവൽക്കരണത്തിനുശേഷം ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ അതിശക്തമായി സമരരംഗത്തുള്ളത് ഇടതുപക്ഷം മാത്രമാണ്.
ജൂൺ അഞ്ചിന് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചതുമുതൽ വിവിധ കർഷകസംഘടനകൾ പ്രതിഷേധമാരംഭിച്ചതാണ്. പഞ്ചാബ് കരിനിയമങ്ങൾക്കെതിരായ പോരാട്ടങ്ങളുടെ പ്രഭവകേന്ദ്രമായി മാറി. അഖിലേന്ത്യ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി (എഐകെഎസ്‌സിസി) ആഹ്വാനംചെയ്ത പ്രക്ഷോഭസമരങ്ങൾ രാജ്യമെമ്പാടും അലകളുയർത്തിയിട്ടുണ്ട്. ഉദാരവൽക്കരണം തകർത്തെറിഞ്ഞ തങ്ങളുടെ ജീവിതത്തിൽ ഇനിയുമൊരാഘാതംകൂടി താങ്ങാനാകില്ല എന്ന തിരിച്ചറിവാണ് അതിശൈത്യത്തെയും കോവിഡ് മഹാമാരിയെയും അവഗണിച്ച് ഐതിഹാസിക സമരത്തിനോടൊപ്പംതന്നെ നിൽക്കാൻ രാജ്യത്തെ കർഷകരെ പ്രേരിപ്പിക്കുന്നത്.
കെ കെ രാഗേഷ്
No comments:
Post a Comment