Friday, December 25, 2020

അഭിമാനനേട്ടം; ഏത് അളവുകോല്‍ പ്രകാരവും

കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് പുറത്തുകടക്കാനുള്ള സമയബന്ധിത കർമപപദ്ധതിയെന്ന നിലയിലാണ് 100 ദിന പരിപാടി വിഭാവനം ചെയ്തതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകടനപത്രികയിൽ എൽഡിഎഫ് പ്രഖ്യാപിച്ച 600 ഇന പരിപാടിയിൽ 570ഉം പൂർത്തിയാക്കി. ബാക്കിയുള്ളവ വേഗത്തിൽ പൂർത്തിയാക്കും. പ്രകടനപത്രികയിൽ ഉൾപ്പെടാത്ത നൂറുകണക്കിന് പദ്ധതികളും പരിപാടികളും സർക്കാർ നടപ്പാക്കി. ഇക്കാര്യങ്ങൾ ജനങ്ങൾക്ക് കൃത്യമായി പരിശോധിക്കാനും വിലയിരുത്താനും കഴിയണമെന്ന നിർബന്ധംകൊണ്ടാണ് ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയത്. രാജ്യത്ത് നിലനിൽക്കുന്ന ഏത് അളവുകോൽ പ്രകാരവും അഭിമാനകരമായ നേട്ടമാണ്‌ ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് സർക്കാർ പ്രഖ്യാപിച്ച ആദ്യ 10-0 ദിന പരിപാടി സൃഷ്ടിച്ച അനന്യമായ മുന്നേറ്റം സംസ്ഥാന സമ്പദ്ഘടനയുടെ വീണ്ടെടുപ്പിൽ പ്രതിഫലിക്കുന്നു. സംസ്ഥാനത്തിന്റെ വരുമാന വളർച്ചയിലെ ഇടിവ്  ദേശീയ ശരാശരിയേക്കാൾ താഴെയായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ പ്രവണത ശക്തിപ്പെടുത്തുന്നതിനൊപ്പം കുതിച്ചുകയറ്റംകൂടി ലക്ഷ്യമിട്ടാണ് രണ്ടാം 100 ദിന പരിപാടി. ഈ ഘട്ടത്തിൽ സമ്പദ്ഘടനയിലെ മരവിപ്പ് ഇല്ലാതാക്കാൻ ഇടപെടുകയാണ് പ്രധാനം. ഒന്നുംചെയ്യാതെ മാറിനിന്നാൽ ജനജീവിതം ദുഷ്കരമാകും–-‌ മുഖ്യമന്ത്രി പറഞ്ഞു.

50,000 തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 1,16,440 തൊഴിലവസരം സൃഷ്ടിക്കപ്പെട്ടു. അഞ്ചുകോടി ചെലവിൽ നവീകരിച്ച 34 സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം, ഹൈടെക് സ്കൂൾ പദ്ധതി പൂർത്തീകരണ പ്രഖ്യാപനം, കിഫ്ബി, നബാർഡ് പ്ലാൻ ഫണ്ടുപയോഗിച്ച് പൂർത്തീകരിച്ച മികവിന്റെ കേന്ദ്രങ്ങളായ 50 സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവ നിർവഹിച്ചു. 18 ആശുപത്രിയുടെ പുതിയ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്തു.

നവജീവന്‍: മുതിര്‍ന്ന പൗരർക്ക്  പുതുവര്‍ഷസമ്മാനം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ നവജീവൻ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 50–-65 പ്രായപരിധിയിലുള്ളവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്ക്‌ വായ്പാ ധനസഹായം അനുവദിക്കുന്നതാണ്‌ പദ്ധതി.

ഇതിന്‌ മുതിർന്ന പൗരന്മാരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. ദേശസാൽക്കൃത/ഷെഡ്യൂൾഡ് ബാങ്കുകൾ, ജില്ല–-സംസ്ഥാന സഹകരണ ബാങ്കുകൾ,  കെഎസ്എഫ്ഇ, മറ്റു ധനസ്ഥാപനങ്ങൾ എന്നിവ വഴി സ്വയം തൊഴിൽ വായ്പ ലഭ്യമാക്കും. അപേക്ഷകർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ നിലവിലുണ്ടാകണം. അപേക്ഷിക്കുന്ന വർഷത്തിലെ ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുക. വ്യക്തിഗത വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. യഥാസമയം രജിസ്ട്രേഷൻ പുതുക്കിയവർക്ക് മുൻഗണന. ബാങ്ക്‌ വായ്‌പയുടെ 25 ശതമാനം സബ്സിഡി അനുവദിക്കും. പരമാവധി 12,500 രൂപ. കാറ്ററിങ്‌, പലചരക്ക് കട, വസ്ത്രം–-റെഡിമെയ്ഡ് ഷോപ്പ്, കുട നിർമാണം, ഓട്ടോ മൊബൈൽ സ്പെയർപാർട്സ് ഷോപ്പ്, മെഴുകുതിരി–-സോപ്പ് നിർമാണം, ഡിടിപി, തയ്യൽ കട, ഇന്റർനെറ്റ് കഫേ തുടങ്ങിയവയും പ്രാദേശിക വിജയസാധ്യതയുള്ള സംരംഭങ്ങളും ആരംഭിക്കാം. വ്യക്തിഗത സംരംഭങ്ങൾക്കാണ് മുൻഗണന.  സംയുക്തസംരംഭങ്ങളും ആരംഭിക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയാണ് അപേക്ഷ നൽകേണ്ടത്. മുതിർന്ന പൗരന്മാർക്ക് എൽഡിഎഫ് സർക്കാരിന്റെ പുതുവർഷസമ്മാനമാണ് നവജീവൻ പദ്ധതിയെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു.

ആരോഗ്യ–-വിദ്യാഭ്യാസ മേഖലകളിൽ വികസനത്തുടർച്ച

സംസ്ഥാനത്തിന്റെ ആരോഗ്യ–- വിദ്യാഭ്യാസ മേഖലകളുടെ വികസനത്തുടർച്ചയ്ക്കുള്ള പദ്ധതികളും 100 ദിന പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. 49 പ്രാഥമികാരോഗ്യകേന്ദ്രംകൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. 32 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കും. 53 ജനറൽ–-ജില്ല–-താലൂക്ക് ആസ്ഥാന ആശുപത്രികളിൽ ഡയാലിസിസ്, പുതിയ ഒപി ബ്ലോക്ക്,  രോഗീസൗഹൃദ സംവിധാനങ്ങൾ എന്നിവയൊരുക്കും.

മഹാരാജാസ്, യൂണിവേഴ്സിറ്റി കോളേജ്, കേരളവർമ കോളേജ് ഉൾപ്പെടെ 13 കോളേജിലും എംജി സർവകലാശാലാ ക്യാമ്പസിലുമായി കിഫ്ബി വഴി 205 കോടിയുടെ പ്രവൃത്തികൾ തുടങ്ങും. എ പി ജെ അബ്ദുൾകലാം സർവകലാശാലാ ക്യാമ്പസിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി ശിലയിടും.

കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം, വി ടി ഭട്ടതിരിപ്പാട് സ്മാരക സമുച്ചയത്തിന്റെ ആദ്യഘട്ടം എന്നിവയുടെ നിർമാണം തുടങ്ങും. കാസർകോട്‌ സുബ്രഹ്മണ്യം തിരുമുമ്പ് സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാക്കും. ഗോവിന്ദപൈ സ്മാരകം, കൊല്ലം ബസവേശ്വര സ്മാരകം എന്നിവയടക്കം ഒമ്പത്‌ സാംസ്കാരികകേന്ദ്രം ഉദ്ഘാടനം ചെയ്യും.

കെ ഫോൺ യാഥാർഥ്യമാകുന്നു  

ഇരുപത്‌ ലക്ഷം കുടുംബത്തിന്‌ സൗജന്യ ഇന്റർനെറ്റ്‌ എത്തിക്കുന്ന സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോൺ യാഥാർഥ്യമാകുന്നു. പദ്ധതിയുടെ ഒന്നാംഘട്ടം  ഉദ്‌ഘാടനം ഫെബ്രുവരിയിൽ നടക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡിജിറ്റൽ കേരള എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള നിർണായക കാൽവയ്‌പാകും ഇതെന്നും അദ്ദേഹം പറഞ്ഞു.    

സംസ്ഥാന കൺട്രോൾ റൂം, 14 ജില്ലാ കേന്ദ്രം, തെരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റ്‌വർക്കിങ് എന്നിവയടങ്ങുന്നതാണ്‌ ഒന്നാംഘട്ടം. ബിപിഎൽ കുടുംബങ്ങളിലേക്കും 30,000 സർക്കാർ ഓഫീസിലേക്കും ഏതാനും മാസത്തിനുള്ളിൽ ഇന്റർനെറ്റ്‌ എത്തും.

151 എയ്‌ഡഡ്‌ കോളേജിൽ 721 പുതിയ തസ്‌തിക 

സംസ്ഥാനത്തെ 151 എയ്ഡഡ് ആർട്സ് ആൻഡ്‌ സയൻസ് കോളേജിൽ 721 പുതിയ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2014ൽ പുതിയ കോഴ്‌സുകൾ അനുവദിച്ച്‌, എന്നാൽ തസ്‌തിക നൽകാതിരുന്ന കോളേജുകൾക്കാണ്‌ സാമ്പത്തിക പരിമിതികൾക്കിടയിലും 721 തസ്തിക സൃഷ്ടിക്കാൻ അനുമതി നൽകിയത്‌.  ഉന്നത വിദ്യാഭ്യാസമേഖലയിൽ കാലോചിതമായ ഉടച്ചുവാർക്കൽ ലക്ഷ്യമിട്ട്‌ സർക്കാർ മുന്നേറുമ്പോഴാണ്‌ പുതിയ തസ്‌തികകളും അനുവദിച്ചത്‌. എൽഡിഎഫ്‌ സർക്കാർ വന്നശേഷം എയ്‌ഡഡ്‌ കോളേജുകളിൽമാത്രം 197 പുതിയ കോഴ്‌സ്‌ അനുവദിച്ചിട്ടുണ്ട്‌. ആവശ്യമായ തസ്‌തികകൾ അടുത്തഘട്ടമായി അനുവദിക്കും.

നേരത്തേ സർക്കാർ ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിൽ  562 അധ്യാപക നിയമനവും 436 അനധ്യാപക നിയമനവും ഈ സർക്കാർ നടത്തിയിരുന്നു.

374 അധ്യാപകരുടെയും 27 അനധ്യാപകരുടെയും പുതിയ തസ്തികകളും സൃഷ്ടിച്ചു. എയ്ഡഡ് ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിൽ 30 തസ്തിക, സർക്കാർ എൻജിനിയറിങ്‌,  പോളിടെക്നിക്കിലായി 497 അധ്യാപക തസ്തിക. സർവകലാശാലകളിൽ 2198 അസിസ്റ്റന്റ്, 825 കംപ്യൂട്ടർ അസിസ്റ്റന്റ്, കോമൺ പൂൾ ലൈബ്രറി വിഭാഗത്തിൽ 93 ലൈബ്രറി അസിസ്റ്റന്റ്  നിയമനങ്ങളും നടത്തി  ഉന്നത വിദ്യാഭ്യാസമേഖലയിൽ എൽഡിഎഫ്‌ സർക്കാർ സർവകാല റെക്കോഡാണ്‌ നിയമനകാര്യത്തിൽമാത്രം  സൃഷ്ടിച്ചത്‌.

ദീർഘദൂര സർവീസിന്‌  ‘സ്വിഫ്റ്റ് ’

കെഎസ്ആർടിസിയുടെ അനുബന്ധ കമ്പനിയായി ‘കെഎസ്ആർടിസി സ്വിഫ്റ്റ്’ ഉടൻ നിലവിൽ വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറ്‌ ദിന കർമപദ്ധതികളിൽ ഉൾപ്പെടുത്തിയാണിത്‌.

‘സ്വിഫ്‌റ്റി’ന്‌ കീഴിലാണ്‌  കിഫ്ബി മുഖേന വാങ്ങുന്ന ആധുനിക ബസുകൾ സർവീസ് നടത്തുക. ദീർഘദൂര സർവീസുകൾക്ക്‌ വാങ്ങുന്ന  100 ബസ്  ജനുവരിയിൽ നിരത്തിലിറക്കും.

ദീർഘദൂര സര്‍വ്വീസുകളില്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന  ‘സ്വിഫ്റ്റ്’ ജനുവരി ആദ്യവാരത്തോടെ നിലവിൽ വരും. ആലപ്പുഴ കെഎസ്ആർടിസി ഗ്യാരേജിന്റെ പണികൾ ആരംഭിക്കുന്നതോടൊപ്പം 145 കോടി രൂപ അടങ്കലുള്ള ആലപ്പുഴ മൊബിലിറ്റി ഹബ്ബിന്റെ ശിലാസ്ഥാപനവും ഇക്കാലയളവിൽ നടത്തുമെന്നും‌ മുഖ്യമന്ത്രി പറഞ്ഞു.

കെഎംഎംഎല്ലിൽ 235 തസ്‌തിക

കേരള മിനറൽസ് ആൻഡ്‌ മെറ്റൽസ് ലിമിറ്റഡിൽ മിനറൽ സെപ്പറേഷൻ യൂണിറ്റിലേക്ക്‌ 235 തസ്തിക സൃഷ്ടിക്കും. കമ്പനിക്ക്‌ അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 65 കോടി രൂപ ചെലവിൽ കെഎംഎംഎല്ലിൽ പുതുതായി  അഞ്ച്‌ ടിപിഎച്ച് പ്രഷർ ഫിൽട്രേഷനും സ്പിൻ പ്ലാഷ് ഡ്രൈയിങ്‌ സിസ്റ്റവും സ്ഥാപിക്കും.

പൈതൃക പഠനകേന്ദ്രത്തിലും ബേക്കൽ റിസോർട്ട്സിലും ശമ്പള പരിഷ്കരണം

പൈതൃക പഠനകേന്ദ്രത്തിലെ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക്‌ 10–-ാം ശമ്പള പരിഷ്കരണം നടപ്പാക്കും. ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപറേഷനിലെ അംഗീകൃത തസ്തികകളിലുള്ള ജീവനക്കാർക്കും ശമ്പള പരിഷ്കരണം നടപ്പാക്കും.

അലങ്കാര മത്സ്യക്കൃഷിക്കാർക്ക് നഷ്ടപരിഹാരം

2018ലെ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച രജിസ്റ്റർചെയ്ത അലങ്കാര മത്സ്യക്കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ 7.9 ലക്ഷം രൂപ  അനുവദിക്കും.

ബി എസ് മാവോജി പട്ടികഗോത്രവർഗ കമീഷൻ അധ്യക്ഷൻ

സംസ്ഥാന പട്ടികജാതി-  പട്ടിക ഗോത്രവർഗ കമീഷൻ അധ്യക്ഷനായി ബി എസ് മാവോജിയെ നിയമിക്കും. അംഗങ്ങളായി മുൻ എംപി എസ് അജയകുമാർ, അഡ്വ. സൗമ്യ സോമൻ (ഇടുക്കി) എന്നിവരെയും നിയമിക്കും.

നയപ്രഖ്യാപന പ്രസംഗ കരടിന്‌ അംഗീകാരം

2021ലെ നിയമസഭാ സമ്മേളനത്തിലേക്കുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ബജറ്റ്‌ സമ്മേളനം നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും ആരംഭിക്കുക.

നിയമനങ്ങൾ

സംസ്ഥാന സർവീസിൽനിന്ന്‌ ഐഎഎസ്‌ ലഭിച്ച മൂന്നുപേർക്ക്‌ പുതിയ ചുമതല നിശ്ചയിച്ചു. എ ഷിബുവിന്‌ ഹൗസിങ്‌ കമീഷണറായാണ്‌ നിയമനം. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെ അധിക ചുമതലയുമുണ്ടാകും. ജോൺ വി സാമുവൽ ലാൻഡ്‌ ബോർഡ് സെക്രട്ടറിയാകും. വി ആർ വിനോദിനെ റൂറൽ ഡെവലപ്മെന്റ്‌ കമീഷണറായി നിയമിക്കും. 31ന്  എ പത്മകുമാർ വിരമിക്കുന്ന ഒഴിവിലാണ്‌ നിയമനം.

കിലയിൽ കരാറുകാരെ സ്ഥിരപ്പെടുത്തും

കിലയിൽ കരാർ/ദിവസ വേതന അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന 10 വർഷ സർവീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തും.

തെരുവിൽ നിറയും ‘നിലാവെളിച്ചം’

സംസ്ഥാനത്തെ മുഴുവൻ തെരുവിലും എൽഇഡി വെളിച്ചം നിറയും. നിലവിലെ തെരുവു വിളക്കുകൾ മാറ്റി പകരം എൽഇഡി ബൾബുകൾ സ്ഥാപിക്കുന്ന ‘നിലാവ്‌’ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി മൂന്നുമാസത്തിനകം പൂർത്തിയാക്കും. എൽഇഡി സ്ഥാപിക്കുന്നതോടെ നിരത്തുകളിൽ കൂടുതൽ പ്രകാശവും വൈദ്യുതി ബില്ലിൽ 50 ശതമാനംവരെ കുറവും ഉണ്ടാകും. പരിപാലനച്ചെലവും കുറഞ്ഞ ഇവ ‌‌പരിസ്ഥിതിക്കും ഗുണകരമാണ്‌.   296 കോടി രൂപയാണ്‌ ചെലവ്‌. കിഫ്‌ബിയിൽനിന്ന്‌ പണം കണ്ടെത്തും.

തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കേന്ദ്ര ഊർജമന്ത്രാലയത്തിന്‌ കീഴിലെ ഇഇഎസ്‌എൽ വഴി കെഎസ്‌ഇബി ബൾബ്‌ വാങ്ങി സ്ഥാപിച്ചു കൊടുക്കും. പരിപാലനം തദ്ദേശസ്ഥാപനങ്ങളുടെ ചുമതല‌. തദ്ദേശസ്ഥാപനങ്ങൾ കെഎസ്‌ഇബിക്ക്‌ വരിസംഖ്യ അടയ്‌ക്കണം. ജനുവരി ഒന്നുമുതൽ നിലവിലെ ബൾബുകൾ മാറ്റും. ഫെബ്രുവരിയോടെ രണ്ട്‌ ലക്ഷം ബൾബ്‌ സ്ഥാപിക്കും.  

മൂന്നുമാസത്തിനകം 8.5 ലക്ഷം എൽഇഡി ബൾബ്‌ സംസ്ഥാനത്തെ തെരുവുകളിൽ വെളിച്ചം ചൊരിയും. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ്‌ നിലാവ്.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 38 കോടി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 38.73 കോടി രൂപകൂടി അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ്‌ തുക അനുവദിക്കുക. നേരത്തേ  961 കോടി അനുവദിച്ചിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

No comments:

Post a Comment