തിരുവനന്തപുരം > ചാനലുകളുടെ അന്തിച്ചര്‍ച്ചകളോ വിഷംനിറച്ച പത്രവാര്‍ത്തകളോ അല്ല കേരളജനതയുടെ വിധിയെഴുത്തിനെ സ്വാധീനിക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി തദ്ദേശ തെരഞ്ഞെടുപ്പുഫലം. കേരളം ചുവന്നുതുടുത്തപ്പോൾ നുണക്കഥകള്‍ മാധ്യമവിചാരണക്കാർക്ക് സ്വയംവിഴുങ്ങേണ്ടിവന്നു. സര്‍ക്കാരിനെ വേട്ടയാടുന്ന ആനന്ദത്തിലായിരുന്നു മാസങ്ങളായി പ്രതിപക്ഷവും കുറെ മാധ്യമങ്ങളും. ഒരേ അച്ചിൽ പിറന്ന് പല ഭാഗത്തുനിന്നായി ഒഴുകിപ്പരന്ന ദുരുദ്ദേശ്യ വാര്‍ത്തകള്‍ യുഡിഎഫ്, ബിജെപി നേതാക്കള്‍ ഏറ്റെടുത്തു. അവര്‍ പറയുന്നതെന്തും മാധ്യമങ്ങളും കൊണ്ടാടി.
പ്രളയകാലത്ത് സഹായം തേടുന്നത് വിലക്കാന്‍ ബിജെപി മുന്നിട്ടിറങ്ങിയപ്പോള്‍, സലറി ചലഞ്ചിനെതിരെ യുഡിഎഫ് രംഗത്തുവന്നു. സർക്കാരിന്റെ കോവിഡ് പ്രതിരോധം ലോകശ്രദ്ധ നേടിയപ്പോൾ സ്‌പ്രിങ്ക്‌ളറിന്റെ പേരില്‍ പ്രതിപക്ഷം പൊയ്‌വെടി പൊട്ടിച്ചു. തുടർന്നിങ്ങോട്ട് നുണകളുടെ മലവെള്ളപ്പാച്ചിലായി. സ്വർണക്കടത്തിന്റെ പേരില്‍ സർക്കാരിനെ വേട്ടയാടി. പാവപ്പെട്ടവര്‍ക്ക് കിടപ്പാടം ഒരുക്കുന്ന ലൈഫ് പദ്ധതി മൊത്തം അഴിമതിയെന്ന് പ്രചരിപ്പിച്ചു.
സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തംപോലും മുഖ്യമന്ത്രിയുടെ ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടു. കെ ഫോൺ ഉൾപ്പെടെ സർക്കാരിന്റെ എല്ലാ അഭിമാനപദ്ധതികളെയും അപഹസിച്ചു. സിഎജിയുടെ തെറ്റായ നടപടി ആയുധമാക്കി കിഫ്‌ബിയെ വേട്ടയാടി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊള്ളക്കാരുടെ താവളമെന്ന് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചു.
ഏറ്റവുമൊടുവിൽ സ്‌പീക്കർക്കെതിരെ തിരിഞ്ഞു. പ്രതിപക്ഷത്തിന്റെ കുപ്രചാരണങ്ങൾക്ക് ഇന്ധനം പകർന്ന് മാധ്യമങ്ങൾ പരമ്പരകൾ ചമച്ചു. അന്വേഷണ ഉദ്യോഗസ്ഥരേക്കൾ വലിയ കുറ്റാന്വേഷകരായി അന്തിച്ചര്‍ച്ചകളിലെ മാധ്യമ ജഡ്ജിമാര്‍. നുണക്കഥകൾ ചമയ്‌ക്കുന്നതില്‍ യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും സഖ്യകക്ഷികളായി.
ആരോപണമുന്നയിക്കാന്‍ വേണ്ടി മാത്രം പ്രതിപക്ഷനേതാവ് ദിനംപ്രതി വാര്‍ത്താസമ്മേളനം വിളിച്ചു. യുഡിഎഫ് എംഎൽഎമാർ അഴിമതിക്കേസിൽ ജയിലിൽ ആയതുപോലും ന്യായീകരിക്കപ്പെട്ടു. എന്നാൽ, വിവാദങ്ങൾക്കു പിന്നാലെ പോകാൻ നേരമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അപ്പോഴെല്ലാം കേരളത്തോട് പറഞ്ഞു. കുപ്രചാരണങ്ങളുടെ പേരില്‍ വികസന–-ക്ഷേമ പ്രവർത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ഈ ഉറപ്പിലാണ് കേരളം വിശ്വാസമര്‍പ്പിച്ചത്. അതിനു തെളിവാണ് ഈ വിജയം.
റഷീദ് ആനപ്പുറം
No comments:
Post a Comment