മണ്ണിൽ പൊന്നുവിളയിക്കുന്നവർക്കും അന്നമൂട്ടുന്നവർക്കും തീരാദുരിതമൊരുക്കുന്ന കേന്ദ്രസർക്കാരിന് മറുപടിയേകി കേരളം. കോർപറേറ്റ് കമ്പനികൾക്ക് സഹായകരമായ കേന്ദ്ര കാർഷിക നിയമങ്ങൾക്ക് ബദലൊരുക്കിയാണ് മലയാളത്തിന്റെ മറുപടി. കാർഷിക മേഖലയുടെയും സഹകരണപ്രസ്ഥാനത്തിന്റെയും ശാക്തീകരണം വഴി കുത്തക ഭീമന്മാരിൽനിന്ന് കർഷകരെ രക്ഷിക്കലാണ് കേരളം ഉദ്ദേശിക്കുന്നത്. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തി കൃഷി, തദ്ദേശം, വ്യവസായം, ഫിഷറീസ്, സഹകരണം തുടങ്ങിയ വകുപ്പുകളുമായിചേർന്ന് വിത്തുമുതൽ വിപണിവരെ ശക്തമായ ഇടപെടൽ നടത്തും.
കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നിയമങ്ങളെ മറികടക്കാനുള്ള നിയമവശങ്ങൾ പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പ് ഉന്നതതലസമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ കരട് റിപ്പോർട്ട് തിങ്കളാഴ്ച ഫിഷറീസ്, മൃഗ സംരക്ഷണം വകുപ്പുകളുടെ മേധാവികളുമായി ചർച്ച ചെയ്യും. കർഷക സംഘടനകളുമായും ചർച്ചചെയ്‌താവും അന്തിമരൂപം നൽകുക. നിലവിലുള്ള 16 ഇനങ്ങൾക്ക് പുറമെ കൂടുതൽ വിളകൾക്ക് അടിസ്ഥാന വില ഏർപ്പെടുത്തുന്നതും സർക്കാർ പരിഗണിച്ചേക്കും.എപിഎംസി നിയമം നടപ്പാക്കാത്ത കേരളം എന്തിനാണ് കർഷക പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്നതെന്ന പ്രധാനമന്ത്രിയുടെ മൻ കി ബാത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയർന്നു. കർഷകർ ഉല്പന്നങ്ങളുമായി മണ്ഡികളിലേക്ക് പോവുകയല്ല, മറിച്ച് സർക്കാർ സംവിധാനങ്ങൾ കർഷകരിൽനിന്ന് മികച്ച വില നൽകി വിഭവങ്ങൾ നേരിട്ട് സംഭരിക്കുന്ന സംവിധാനമാണ് കേരളത്തിലുള്ളത്. ഈ സംഭരണ-വിതരണ സംവിധാനത്തെയും റേഷനിങ് സമ്പ്രദായത്തെയും കുത്തകകളെ ഏൽപ്പിക്കാനാണ് കേന്ദ്ര നീക്കം. സംസ്ഥാനത്ത് എൺപത് ശതമാനത്തോളം നാണ്യ വിളകളാണ്. റബർ, കാപ്പി, തേയില, ഇഞ്ചി, ഏലം, കുരുമുളക്, നാളികേരം തുടങ്ങിയ ഉല്പന്ന വിപണനത്തിന് ടീ ബോർഡ്, കോഫി ബോർഡ്, സ്പൈസസ് ബോർഡുകൾ പോലെയുള്ള സംവിധാനങ്ങളുണ്ട്. ഈ ബോർഡുകളെ ദുർബലമാക്കാനുള്ള ശ്രമങ്ങളും കേന്ദ്രം തുടങ്ങി.
കേരളത്തിൽ നെല്ല് സംഭരണത്തിന് സർക്കാർ സംവിധാനമുണ്ട്. കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയെക്കാൾ 50 ശതമാനം അധികം നൽകി 27.48 രൂപയ്‌ക്കാണ് കേരളം നെല്ല് സംഭരിക്കുന്നത്. 18.48 രൂപയാണ് കേന്ദ്രത്തിന്റെ താങ്ങുവില. ഇന്ത്യയിലാദ്യമായി നെൽവയലുടമകൾക്ക് ഹെക്ടറിന് 2000 രൂപ വീതം റോയൽറ്റിയുമുണ്ട്. കൃഷി വകുപ്പിന്റെ 1883 സംഭരണ-വിതരണ കാർഷിക ചന്തയും വിഎഫ്പിസികെയുടെ 283 സംഭരണ വിപണിയുമുണ്ട്. കർഷകർക്കായി കടാശ്വസ കമീഷനും ക്ഷേമനിധി ബോർഡും ഉള്ളതും കേരളത്തിൽമാത്രം.
സുമേഷ് കെ ബാലൻ
No comments:
Post a Comment