ന്യൂഡൽഹി > രാജ്യത്ത് നിലവിലുള്ള 44 തൊഴിൽ നിയമത്തിനു പകരമായുള്ള നാല് തൊഴിൽ നിയമത്തിന്റെ ചട്ടങ്ങൾക്ക് രൂപംനൽകുന്നതിനായി കേന്ദ്രം വിളിച്ച ഓൺലൈൻ കൂടിയാലോചനാ യോഗം ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ ബഹിഷ്‌കരിച്ചു. ഓൺലൈൻ യോഗത്തിനു പകരം നേരിട്ട് പങ്കെടുത്തുള്ള ത്രികക്ഷി യോഗമാണ് വിളിക്കേണ്ടതെന്ന് തൊഴിൽ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സന്തോഷ് ഗാങ്‌വാറിന് അയച്ച കത്തിൽ ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ് തുടങ്ങി 10 ട്രേഡ് യൂണിയനാണ് വ്യാഴാഴ്‌ച വിളിച്ച ഓൺലൈൻ യോഗം ബഹിഷ്‌കരിച്ച് കത്തയച്ചത്. ഓൺലൈൻ യോഗംകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ഇത്തരം പ്രഹസനത്തിന് കൂട്ടുനിൽക്കാനില്ലെന്നും കത്തിൽ പറഞ്ഞു. നാല് സുപ്രധാന നിയമം ചർച്ച ചെയ്യുന്നതിന് ഒരു ദിവസത്തെ ഓൺലൈൻ യോഗം വിളിച്ചത് രേഖയുണ്ടാക്കാൻ മാത്രമാണ്. തൊഴിലുടമകളും ട്രേഡ് യൂണിയനുകളും സർക്കാർ പ്രതിനിധികളും ഉൾപ്പെട്ട ത്രികക്ഷി കൂടിയാലോചനാ രീതി കേന്ദ്ര സർക്കാർ തുടർച്ചയായി ലംഘിക്കുന്നുവെന്ന വിമർശം ഒഴിവാക്കാൻകൂടിയാണ് ഈ പ്രഹസനം.
കോവിഡിന്റെ പേരിൽ നേരിട്ടുള്ള യോഗം ഒഴിവാക്കുന്ന കേന്ദ്രം മാനദണ്ഡങ്ങൾ ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. നാല് തൊഴിൽ നിയമത്തിന്റെ ചട്ടങ്ങൾ ചർച്ച ചെയ്യാൻ നാല് വ്യത്യസ്‌ത യോഗം വിളിക്കണമെന്നും- ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു.
വേതന നിയമം, വ്യവസായ തർക്ക നിയമം, സാമൂഹ്യസുരക്ഷാ നിയമം, തൊഴിലിട സുരക്ഷ–- ആരോഗ്യ–- തൊഴിൽ സാഹചര്യ നിയമം എന്നീ നാല് നിയമമാണ് മോഡി സർക്കാർ പാസാക്കിയത്. നാല് നിയമത്തിന്റെയും കരട് ചട്ടങ്ങൾ നവംബറിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. പ്രതികരണം അറിയിക്കാൻ 45 ദിവസത്തെ സാവകാശമാണ് അനുവദിച്ചത്.
No comments:
Post a Comment