കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ സംസ്‌ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നാണ് പ്രമേയം പാസാക്കിയത്.
ഡല്‍ഹിയില്‍ കര്‍ഷക സമരം ശക്തമായ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കിയത്. ഏകകണ്‌ഠമായാണ് പ്രമേയം പാസാക്കിയത്. ബിജെപി അംഗം ഒ രാജഗോപാലും പ്രമേയത്തെ അംഗീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പുതിയ നിയമം കര്‍ഷകരില്‍ കടുത്ത ആശങ്കയുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന നിയമം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാർഷിക നിയമഭേദഗതി റദ്ദാക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര നിയമഭേദഗതി കോർപ്പറേറ്റുകൾക്ക് വേണ്ടിയാണെന്നും പുതിയ നിയമം കർഷകരിൽ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നുംമുഖ്യമന്ത്രി പറഞ്ഞു. കാർഷിക രംഗത്ത് വൻ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കർഷകരുടെ വില പേശൽ ശേഷി കോർപറേറ്റുകൾക്ക് മുന്നിൽ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിൻവാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാര്‍ഷികമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കാര്‍ഷികരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പുതിയ മൂന്ന് നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കിയിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ഭക്ഷ്യധാന്യങ്ങള്‍ക്ക് നിലവിലുള്ള താങ്ങുവില പോലും നഷ്ടപ്പെടുമോ എന്ന ഭയാശങ്കയാണ് കര്‍ഷകരെ അലട്ടുന്നത്.
കര്‍ഷകരുടെ വിലപേശല്‍ശേഷി മിക്കപ്പോഴും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്കു മുന്നില്‍ വളരെ ദുര്‍ബലമാകും എന്നതാണ് ഇതില്‍ ഉയരുന്ന ഗൗരവതരമായ പ്രശ്‌നം. കര്‍ഷകര്‍ക്ക് നിയമപരിരക്ഷ ലഭിക്കാനുള്ള വ്യവസ്ഥകള്‍ നിയമത്തിലില്ല. അത് മാത്രവുമല്ല, കോര്‍പറേറ്റുകളുമായി ഇതിനുവേണ്ടി നിയമയുദ്ധം നടത്താനുള്ള ശേഷിയും കര്‍ഷകര്‍ക്കില്ല.
കാര്‍ഷിക ഉല്‍പന്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് നിലനില്‍ക്കേണ്ടത്. അതിനു പകരം കാര്‍ഷികോല്‍പന്നങ്ങളുടെ വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുപോകുകയും ചെയ്യുന്നു.
ഇതോടൊപ്പം തന്നെ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന പ്രശ്‌നമാണ് ഭക്ഷ്യസുരക്ഷ. സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന അവസ്ഥയുണ്ടാകുമ്പോള്‍ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും വര്‍ധിക്കുകയും ഭക്ഷ്യ വിതരണവുംഅതുവഴി ഭക്ഷ്യസുരക്ഷയും അപകടത്തിലാവുകയും ചെയ്യും.അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയടക്കമുള്ള അവശ്യസാധനങ്ങള്‍ ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കും.മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു
സമ്മേളനത്തിന് അടിയന്തിര പ്രാധാന്യമെന്ന് സ്‌പീക്കര്‍ വ്യക്തമാക്കി.ഘടകകക്ഷി നേതാക്കളായ കെ സി ജോസഫ്, ഇ ചന്ദ്രശേഖരൻ, ടി എ അഹ്മ്മദ് കബീർ, മാത്യൂ ടി തോമസ്, പി ജെ ജോസഫ്, മാണി സി കാപ്പൻ, അനൂപ്‌ജേക്കബ്, ഒ രാജഗോപാൽ, കടന്നപ്പള്ളി രാമചന്ദ്രൻ. ഗണേഷ് കുമാർ, പി സിജോർജ് എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.
വീണ്ടും വഴികാട്ടുന്നു; കേരള നിയമസഭയെ അഭിനന്ദിച്ച് യെച്ചൂരി
ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം വീണ്ടും ഇന്ത്യയ്ക്ക് വഴികാട്ടുകയാണെന്നും യെച്ചൂരി പറഞ്ഞു.
കാര്‍ഷിക നിയമത്തില്‍ ബിജെപിക്കകത്ത് തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ സൂചനയാണ് ഒ രാജഗോപാല്‍ പ്രമേയത്തെ പിന്തുണച്ചതിലൂടെ വ്യക്തമാകുന്നത്. ഒ രാജഗോപാല്‍ പിന്തുണ നല്‍കിയതില്‍ നിലപാട് വ്യക്തമാക്കേണ്ടത് ബിജെപിയാണെന്നും യെച്ചൂരി പറഞ്ഞു.
"കേന്ദ്രം കാർഷികനിയമം പിൻവലിക്കണം'; പ്രമേയത്തെ അനുകൂലിക്കുന്നതായി ഒ രാജഗോപാൽ
തിരുവനന്തപുരം > കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ എതിർത്തില്ലെന്ന് ബിജെപി എംഎൽഎ ഒ രാജഗോപാൽ. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമർശങ്ങളെ എതിർക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും രാജഗോപാൽ പറഞ്ഞു. നിയമസഭാ സമ്മേളനത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്‌തത്. പ്രമേയത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്‌തത്. കേന്ദ്ര സർക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരൻ ആയതുകൊണ്ട് എതിർക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിർത്തില്ല. ഒന്നിച്ചു നിൽക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്‌തത്. അത് ഡമോക്രാറ്റിക് സ്‌പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനിയമങ്ങൾ പിൻവലിക്കണമെന്ന പ്രമേയത്തോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തീർച്ചയായും, അതുകൊണ്ടാണല്ലോ വോട്ട് ചെയ്യാതിരുന്നത് എന്നായിരുന്നു രാജഗോപാലിന്റെ മറുപടി. കേന്ദ്രനിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ ഒരു പ്രശ്നവുമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
No comments:
Post a Comment