തെരഞ്ഞെടുപ്പിലെ തിരിച്ചടി മറച്ചുപിടിക്കാൻ സംസ്ഥാന സർക്കാരിനെതിരെ നുണകൾ ആവർത്തിച്ച് ബിജെപി നേതാക്കൾ. ജനം തള്ളിക്കളഞ്ഞ പച്ചക്കള്ളങ്ങളാണ് ഇപ്പോൾ മുഖം മറയ്‌ക്കാൻ തൂവാലയാക്കുന്നത്. കേന്ദ്ര സർക്കാർ പദ്ധതികൾ പേരു മാറ്റി കേരളത്തിൽ അവതരിപ്പിക്കുന്നുവെന്നാണ് ആക്ഷേപം. കേന്ദ്ര മന്ത്രിമാരും മുൻമന്ത്രിയുമടക്കം ഇത് ഏറ്റുപിടിക്കുന്നു. ക്ഷേമ പെൻഷൻ വിതരണവും ലൈഫ് ഭവനപദ്ധതിയുമൊക്കെ കേന്ദ്രത്തിന്റെ പദ്ധതിയാണെന്നാണ് വാദം.
എന്നാൽ, രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കേരളത്തിലേതുപോലുള്ള പദ്ധതികൾ ഇല്ലാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയുമില്ല.
5 ലക്ഷം പേരുടെ പെൻഷന് കേന്ദ്രഫണ്ടില്ല
നാലരവർഷത്തിൽ കേരളം ക്ഷേമ പെൻഷനുകൾക്കായി നീക്കിവച്ചത് 31,327 കോടി രൂപ. ഇതിൽ കേന്ദ്രത്തിന്റെ പണം 3218 കോടിമാത്രം. 28,109 കോടിയും സംസ്ഥാനം കണ്ടെത്തിയത്. ദേശീയ സാമൂഹ്യ സഹായ പദ്ധതി(എൻഎസ്‌എപി)യിൽ വാർധക്യകാല പെൻഷനായി 14.9 ലക്ഷം പേർക്ക് കേന്ദ്രം അനുവദിക്കുന്നത് 300 മുതൽ 500 രൂപവരെ മാത്രം. ബാക്കി 900 മുതൽ 1100 രൂപവരെ സംസ്ഥാന ഖജനാവിൽനിന്നാണ്. ഒരുരൂപ കേന്ദ്ര സഹായമില്ലാതെ 37.5 ലക്ഷം പേർക്ക് 1400 രൂപവീതവും മാസം സംസ്ഥാനം നൽകുന്നു.
ലൈഫ് മിഷനിൽ നാമമാത്ര തുക
പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ)യെ പേരുമാറ്റി ലൈഫ് മിഷനാക്കിയെന്നാണ് പ്രചാരണം. നഗരങ്ങളിൽ ഒരുവീടിന് 1,50,000 രൂപയും ഗ്രാമങ്ങളിൽ 72,000 രൂപയും മാത്രമാണ് അനുവദിക്കുന്നത്. സംസ്ഥാനം നൽകുന്നത് നാലുലക്ഷം രൂപയും. 2,38,568 വീട് പൂർത്തിയാക്കി. ഇതുവരെ 8000 കോടിയിലേറെ രൂപ ചെലവിട്ട പദ്ധതിയിൽ കേന്ദ്ര വിഹിതമായി എത്തിയത് 881 കോടിയും.
നെല്ലിന് സംസ്ഥാന സഹായം
ഒരുകിലോ നെല്ലിന് കേന്ദ്രം നൽകുന്നത് 18.68 രൂപ. 8.80 രൂപകൂടി ചേർത്ത് 27.48 രൂപയ്‌ക്കാണ് കേരളത്തിൽ സംഭരിക്കുന്നത്. എൽഡിഎഫ് സർക്കാർ വരുമ്പോൾ 21.50 രൂപയായിരുന്നു.
നീല കാർഡിന് അരി നൽകുന്നത് സംസ്ഥാനം
എഎവൈ വിഭാഗത്തിൽ(മഞ്ഞ റേഷൻ കാർഡ്) 5.92 ലക്ഷത്തിനും മുൻഗണനാ വിഭാഗത്തിൽ(പിങ്ക് കാർഡ്) 31.51 ലക്ഷത്തിനുമാണ് കേന്ദ്ര സഹായമുള്ളത്. മുൻഗണനേതര വിഭാഗത്തിൽ(നീല കാർഡ്) 25.04 ലക്ഷം പേർക്ക് സംസ്ഥാന സബ്‌സിഡിയിലാണ് റേഷൻ.
ദേശീയപാതയ്‌ക്ക് നൽകി 6006.86 കോടി
ദേശീയപാത 66ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാനം നൽകുന്നത് 6006.86 കോടി രൂപ. മറ്റൊരു സംസ്ഥാനവും ഇതിന് വിഹിതം നൽകുന്നില്ല.
ജലജീവൻ മിഷൻ
ജലജീവൻ മിഷന്റെ 50 പകുതി ചെലവ് വഹിക്കുന്നത് സംസ്ഥാനം. കേന്ദ്ര വിഹിതം 248.76 കോടി രൂപയിൽ 101.29 കോടിയാണ് ലഭിച്ചത്. 227.58 കോടി സംസ്ഥാന വിഹിതം അനുവദിച്ചു.
ദുരന്തങ്ങളിലും കണ്ണടച്ചു
ഓഖി ദുരന്തത്തെ തുടർന്ന് 7340 കോടിയുടെ പ്രത്യേക സാമ്പത്തികസഹായം കേരളം ആവശ്യപ്പെട്ടു. അനുവദിച്ചത് 111.7 കോടി. 2018ലെ പ്രളയത്തെ തുടർന്ന് 5616 കോടിയുടെ അടിയന്തര സഹായംതേടി. തന്നത് 2904.85 കോടി. 2019ലെ പ്രളയത്തിന് ഒരു സഹായവുമുണ്ടായില്ല. ആവശ്യപ്പെട്ടത് 2101.88 കോടി.
കേന്ദ്രവിഹിതം കുത്തനെ കുറച്ചു
കേന്ദ്രപദ്ധതികളുടെ ഘടന മാറ്റിയതും എണ്ണം വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കി. പല പദ്ധതികളുടെയും 60 ശതമാനത്തിന് മുകളിലായിരുന്ന കേന്ദ്ര വിഹിതം 40 ശതമാനമാക്കി. നിതി ആയോഗ് ഉപസമിതിയുടെ ശുപാർശ പ്രകാരം, കേന്ദ്രപദ്ധതി 26 എണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. മുമ്പ് 181 പദ്ധതിവരെയുണ്ടായിരുന്നു.
കേന്ദ്രവിഹിതം 90 ശതമാനം ലഭിക്കുന്ന കോർ ഓഫ് ദ കോർ പദ്ധതി ഇപ്പോൾ വെറും ആറെണ്ണം മാത്രമാണ്. 60 ശതമാനം വിഹിതം ലഭിക്കുന്ന കോർ പദ്ധതി 20 എണ്ണവും ഉണ്ട്. നേരത്തേ 75ഉം 80ഉം ശതമാനംവരെ കേന്ദ്ര വിഹിതമുള്ള പദ്ധതികളായിരുന്നു ഇവ. 50 ശതമാനം വീതം കേന്ദ്ര–-സംസ്ഥാന വിഹിതം ലഭിക്കുന്ന പദ്ധതികൾ രണ്ടെണ്ണം മാത്രമാണിപ്പോൾ.
ജി രാജേഷ് കുമാർ
തോറ്റോടിയപ്പോൾ ഇതാ വീണ്ടും എത്തിപ്പോയ് "കേന്ദ്ര പദ്ധതി' വ്യാജൻമാർ; പച്ചക്കളളവുമായി ബിജെപി നേതാക്കൾ
കൊച്ചി > ഇപ്പോ കേരളം പിടിക്കും എന്ന അവകാശവാദവുമായി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട് വമ്പൻ തോൽവി ഏറ്റുവാങ്ങിയപ്പോൾ പഴയ നുണക്കഥകൾ വീണ്ടും അട്ടത്ത് നിന്നിറക്കി ബിജെപി നേതാക്കൾ. പഴകി ദ്രവിച്ച "കേന്ദ്ര പദ്ധതി വികസനം' നുണക്കഥകളാണ് ബിജെപി നേതാക്കൾ വീണ്ടും അടിച്ചുവിടുന്നത്. സംസ്ഥാനത്ത് നടപ്പാക്കിയ വികസന പദ്ധികളെല്ലാം ബിജെപി കേന്ദ്രത്തിൽനിന്ന് നേരിട്ട് കൊണ്ടുവന്ന് വിമാനത്തിൽ ഇറക്കി എന്നതുപോലെയാണ് അവകാശവാദം. അർഹതപ്പെട്ട ജിഎസ്‌ടി വിഹതത്തിന് വേണ്ടിപ്പോലും കേന്ദ്രവുമായി ഉരസിക്കൊണ്ടിരിക്കുന്ന കേരളത്തോടാണ് ഈ വല്ലാത്ത സ്‌നേഹം.
എന്നാൽ പലതവണ പറഞ്ഞ് പാളിപ്പോയ നുണകൾ തന്നെയാണ് ബിജെപി നേതാക്കൾ വാർത്താസമ്മേളനങ്ങളിലും ഫെയ്‌സ്‌ബുക്ക് കുറിപ്പുകളിലും വീണ്ടും വീണ്ടും പറയുന്നത്. അണികൾപോലും വിശ്വസിക്കാത്ത കഥകൾ.
ലക്ഷക്കണക്കിന് കേരളീയർക്ക് പുതുശ്വാസം നൽകിയ "ലൈഫ്' ഭവന പദ്ധതിയെക്കുറിച്ചാണ് മുതിർന്ന ബിജെപി നേതാക്കളുടെ പ്രധാന നുണപ്രചാരണം. പദ്ധതി കേന്ദ്ര സർക്കാരിന്റേതാണെന്നും, കേരള സർക്കാർ പേര് മാറ്റി ഇവിടെ പ്രാവർത്തികമാക്കുക മാത്രമാണ് ചെയ്‌തതെന്നും നേതാക്കൾ പച്ചക്കള്ളം പറയുന്നു.
വാസ്‌തവത്തിൽ പ്രളയവും കേന്ദ്രവിഹിതത്തിലെ കുറവും കോവിഡും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സർക്കാർ ലൈഫിനായി നൽകിയത് 6551.23 കോടിരൂപയാണ്. ഇതിൽ ഒന്നാംഘട്ടത്തിന് 670 കോടിയും രണ്ടാംഘട്ടത്തിന് 5851.23 കോടിയും മൂന്നാംഘട്ടത്തിനായി പ്രാഥമികമായി 30 കോടിരൂപയും ചെലവഴിച്ചു.
ലൈഫ് പിഎംഎവൈ പദ്ധതി റൂറലിൽ കേന്ദ്രവിഹിതം വെറും 72,000 രൂപയാണെങ്കിൽ സംസ്ഥാനവിഹിതം 3,28,000 രൂപയാണ്. ലൈഫ് അർബനിൽ ആകട്ടെ കേന്ദ്രവിഹിതം 1,50,000 രൂപയും സംസ്ഥാനവിഹിതം രണ്ടര ലക്ഷം രൂപയുമാണ്. കേന്ദ്ര അവഗണനയ്‌ക്കിടയിലും സംസ്ഥാനത്തിന്റെ ഈ വലിയ വിഹിതം ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് പ്രത്യാശയേകിയത്.
സർക്കാരിന്റെ വിവിധ വകുപ്പുകൾ നടപ്പാക്കിയിരുന്ന ഭവനപദ്ധതികൾക്ക് നൽകിയിരുന്ന തുക ഒന്നരലക്ഷംമുതൽ രണ്ട് ലക്ഷംരൂപവരെയായിരുന്നു. ഇത് ഒറ്റയടിക്ക് നാലുലക്ഷം രൂപയായി ഉയർത്തി. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് 20 ശതമാനം പ്ലാൻഫണ്ട് ലൈഫിന് മാറ്റിവയ്‌ക്കാനും സർക്കാർ അനുമതി നൽകി. ഇതിന് പുറമെ ഹഡ്‌കോയിൽനിന്ന് 3000 കോടിരൂപ വായ്‌പയ്‌ക്കും സർക്കാർ ഗ്യാരന്റി നൽകി. ഇതിന്റെ പലിശയും സർക്കാരാകും അടയ്‌ക്കുക. ഭൂരഹിത ഭവന രഹിതർക്ക് ഭൂമി വാങ്ങാൻ ആറു ലക്ഷംരൂപവരെ നൽകാനും സർക്കാർ അനുമതി നൽകിയിരുന്നു.
ഒന്നാംഘട്ടത്തിൽ വിവിധ കാലങ്ങളിൽ പാതിവഴിയിൽ പണി നിലച്ച വീടുകളുടെ പൂർത്തീകരണമാണ് നടന്നത്. ഇതിന് മാത്രമായാണ് 670 കോടിരൂപ ചെലവഴിച്ചത്. രണ്ടാംഘട്ടത്തിൽ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമിക്കാനാണ് 5851.23 കോടിരൂപ ചെലവഴിച്ചത്. ലൈഫ് പിഎംഎവൈ റൂറലിന് നൽകിയ 612.60 കോടിരൂപയും അർബണിന് നൽകിയ 2263.63 കോടിരൂപയും ഇതിൽപെടും. ഹഡ്‌കോ വായ്‌പയിൽ 2000 കോടിരൂപ ഗ്രാമീണമേഖലയ്‌ക്കും 1000 കോടിരൂപ നഗരങ്ങൾക്കുമാണ് നൽകിയത്.
ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയാവുന്നവരാണ് ബിജെപി നേതാക്കൾ. ചുരുങ്ങിയ പക്ഷം ഏറ്റവും മുതിർന്ന നേതാവും സംസ്ഥാനത്തെ ഏക ബിജെപി എംഎൽഎയുമായ ഒ രാജഗോപാലിനെങ്കിലും അറിയാമായിരിക്കണം. എന്നാൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം വികസന പദ്ധതികൾക്കുള്ള അംഗീകാരമാണ് എന്ന് സമ്മതിക്കാൻ അവർ തയ്യാറല്ല. പിഎംഎവൈയും ലൈഫും തമ്മിലുള്ള വ്യത്യാസവും അത് നൽകുന്ന തുകയും അറിയാൻ വിരൽത്തുമ്പിൽ ഇന്റർനെറ്റ് കൊണ്ടുനടക്കുന്ന മലയാളികൾക്ക് വലിയ ബുദ്ധിമുട്ടില്ല എന്നുമാത്രം ബിജെപി നേതാക്കൾ മറക്കുന്നു എന്നുമാത്രം.
No comments:
Post a Comment