രാജ്യത്തെ കര്‍ഷകര്‍ക്കിടയില്‍ രൂപംകൊണ്ട ഐക്യത്തിനു മുന്നില്‍ മോഡിസര്‍ക്കാര്‍ പരാജയപ്പെടുമെന്ന് അഖിലേന്ത്യ കിസാന്‍സഭ നേതാക്കള്‍ പറഞ്ഞു. ഏഴ് മാസമായി കര്‍ഷകര്‍ തുടര്‍ച്ചയായി നടത്തിവരുന്ന സമരം വന്‍കിട മൂലധനശക്തികള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരിനോടുള്ള പോരാട്ടമായി മാറി. എല്ലാവിഭാഗം കര്‍ഷകരും ഒന്നിച്ചിരിക്കയാണ്. പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ ബിജെപിയില്‍നിന്ന് അകലുന്നത് ഇതിനു തെളിവാണെന്ന് കിസാന്‍ സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകരില്‍ വളര്‍ന്നുവന്നിരിക്കുന്ന ഐക്യം മോഡിസര്‍ക്കാരിനു രാഷ്ട്രീയമായി അപകടമാണ്. എന്നിരുന്നാലും നിലപാടില്‍ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് കോര്‍പറേറ്റ് വിധേയത്വം കൊണ്ടാണ്. പ്രക്ഷോഭം ഒത്തുതീര്‍ക്കുന്നതില്‍ മോഡിസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. കരുത്തനെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യക്തിപരമായ പരാജയം കൂടിയാണിത്. കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും അനുകൂലമായ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.
ആളൊഴിഞ്ഞ് മധ്യപ്രദേശിലെ സർക്കാർ മണ്ഡികൾ; കർഷകർക്കൊപ്പം ഡൽഹി
ആളും ബഹളവും ഒഴിഞ്ഞ് മധ്യപ്രദേശിലെ സർക്കാർ മണ്ഡികൾ. കൃഷിവകുപ്പിന്റെ കാര്‍ഷികോൽപ്പന്ന വിപണ കേന്ദ്രങ്ങളില്‍ (മണ്ഡി) 47 എണ്ണത്തിൽ സെപ്‌തംബറിനുശേഷം പേരിനുപോലും ധാന്യസംഭരണം നടന്നിട്ടില്ല. മറ്റ് 143 മണ്ഡിയിൽ ഒക്ടോബറിൽ ക്രയവിക്രയത്തിൽ 50 ശതമാനംവരെ ഇടിവുണ്ടായി. സംസ്ഥാനത്തെ മൊത്തം 259 മണ്ഡിയിലായി നടന്ന ഇടപാടുകളിൽ കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് ഇക്കൊല്ലം ഇടിവ് 25 ശതമാനം.
സർക്കാരിന്റെ മണ്ഡിസംവിധാനത്തിനുപുറത്ത് ഇടപാടുകൾ വർധിച്ചതാണ് ദുരവസ്ഥയ്‌ക്ക് കാരണമെന്ന് സംസ്ഥാന മണ്ഡി ബോർഡ് മാനേജിങ് ഡയറക്ടർ സന്ദീപ് യാദവ് സമ്മതിച്ചു. കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങളുടെ നേരിട്ടുള്ള പ്രത്യാഘാതമാണിത്. ചോളത്തിനു തറവില(എംഎസ്‌പി) നിശ്‌ചയിച്ചിട്ടും സർക്കാർ സംഭരണം നടത്തുന്നില്ലെന്ന് കർഷകർ പറയുന്നു. ക്വിന്റലിന് 1,850 രൂപയാണ് ചോളത്തിന് തറവില പ്രഖ്യാപിച്ചത്. ഷഹോളിൽമാത്രം 5,000 ഹെക്ടറിൽ ചോളം കൃഷി ചെയ്‌തു. എന്നാൽ, സർക്കാർ സംഭരണം ഇല്ലാത്തതിനാല്‍ കർഷകർക്ക് ക്വിന്റലിന് ആയിരം രൂപപോലും കിട്ടുന്നില്ല. 800 രൂപയ്‌ക്ക് വിൽക്കേണ്ടിവന്ന കർഷകരുണ്ട്. കാർഷികനിയമങ്ങൾ കർഷകരെ ദ്രോഹകരമായി ബാധിച്ചുവെന്ന് കിസാൻസഭ നേതാവ് ഭാനു പ്രതാപ് സിങ് പറഞ്ഞു.
മണ്ഡികളിലെ വ്യാപാരികളും ആശങ്കയിലാണ്. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് 48,000 അംഗങ്ങളുള്ള വ്യാപാരി മഹാസംഘ് ജനറൽ സെക്രട്ടറി ഗോപാൽ ദാസ് അഗർവാൾ പറഞ്ഞു. അല്ലാത്തപക്ഷം പ്രക്ഷോഭത്തിൽ വ്യാപാരികളും പങ്കാളികളാകുമെന്ന് അദ്ദേഹം സർക്കാരിന് മുന്നറിയിപ്പ് നൽകി. മണ്ഡിബോർഡുകളിൽ ജീവനക്കാരായ 9,000 പേരുടെ ഭാവി അനിശ്ചിതത്വത്തിലായി.
കർഷകർക്കൊപ്പം ഡൽഹി
കോർപറേറ്റ് അനുകൂല നിയമങ്ങൾക്കെതിരെ പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക് പിന്തുണയുമായി ഡൽഹി. ഡൽഹി ഐടിഒ ഷഹീദി പാർക്കിൽ ‘ഡൽഹി ഫോർ ഫാർമേഴ്‌സ്’ സംഗമം നടന്നു. ജീവിതത്തിന്റെ സമസ്‌തമേഖലകളിൽനിന്നുമുള്ളവർ പങ്കെടുത്തു. സമരത്തിനിടെ മരിച്ച 20 കർഷകർക്ക് സ്‌മരണാഞ്‌ജലി അർപ്പിച്ച് രണ്ട് മിനിറ്റ് മൗനം ആചരിച്ചു.
ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, ഒഡിഷ, ഹിമാചൽപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, അസം സംസ്ഥാനങ്ങളിൽ കർഷകപ്രക്ഷോഭം ശക്തിയാർജിച്ചു. ഐക്യദാർഢ്യപരിപാടികളിൽ ലക്ഷക്കണക്കിനു ജനങ്ങൾ അണിനിരന്നു. എ എം ആരിഫ് എംപി പൽവലിൽ കർഷകസമരത്തെ അഭിവാദ്യം ചെയ്‌തു. ഡൽഹി–- ജയ്‌പുർ ദേശീയപാതവഴി ട്രാക്ടറുകളിൽ എത്തിയ ഹരിയാനയിൽനിന്നുള്ള കർഷകരെ പൊലീസ് തടഞ്ഞു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽനിന്ന് കൂടുതൽ കർഷകർ വരുംനാളുകളിൽ ഡൽഹിയിൽ എത്തുമെന്ന് അഖിലേന്ത്യ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. കാർഷികനിയമങ്ങളെക്കുറിച്ച് ഇനി ചർച്ചയ്‌ക്കില്ലെന്നും അവ പിൻവലിക്കുകയാണ് വേണ്ടതെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ പ്രസ്‌താവനയോട് കോ–- ഓർഡിനേഷൻ കമ്മിറ്റി പ്രതികരിച്ചു.
'കര്‍ഷകരോട് ലാല്‍സലാം പറയാന്‍ മൂന്നു ട്രെയിന്‍ മാറിക്കയറി ദയാ ഭായ് എത്തി'... വിജു കൃഷ്ണന്‍ എഴുതുന്നു.
ന്യൂഡല്‍ഹി> കര്‍ഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി മാത്രം മധ്യപ്രദേശിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചു ഡല്‍ഹിയിലത്തിയ മലയാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ദയാ ഭായിയെ പറ്റി അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ എഴുതുന്നു.
ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്:
ഡിസംബർ 11നു പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായിയുടെ ഫോൺ കോൾ കിട്ടിയപ്പോൾ ഞാൻ ശരിക്കും അതിശയിച്ച.ഞാനവരെ ഒരിക്കൽ മാത്രമേകണ്ടിട്ടുള്ളൂ; അതും ഒരു ട്രെയിൻ യാത്രയില്‍.പിന്നീട് പത്രങ്ങളിൽ അവരെപ്പറ്റി ഏറെ വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല.
ആരില്‍നിന്നോ എൻറെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. ഡൽഹിയിൽ നടക്കുന്ന സംയുക്ത കർഷകസമരത്തിൽ ആവേശം ഉള്‍ക്കൊണ്ടായിരുന്നു ആ വിളി. അവർ ഡൽഹിയിലേക്ക് വരാൻ ആഗ്രഹിക്കുന്നു എന്നറിയിച്ചു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ബരുള്‍ ഗ്രാമത്തില്‍ നിന്ന് ഡൽഹി വരെ യാത്രചെയ്ത് അവരെത്തി. അവരുടെ വാക്കുകളില്‍ തന്നെ പറഞ്ഞാൽ ''ഉജ്ജ്വലമായ പ്രതിരോധം സൃഷ്ടിക്കുന്ന കർഷകരോട് ഒരു ലാൽസലാം പറയാനാണ് ഞാൻ വന്നത്'. 'മൂന്ന് ട്രെയിൻ മാറി കയറി ആണ് അവർ ഡൽഹിയിലെത്തിയത്.
രാവിലെ നേരെ അഖിലേന്ത്യാ കിസാൻ സഭയുടെ ഓഫീസിലത്തി. അവരെക്കാൾ പതിറ്റാണ്ടുകൾ ചെറുപ്പം ഉള്ള ഒരാളെ പോലും ക്ഷീണിപ്പിക്കുന്ന ആ നീണ്ട കഠിനയാത്ര കഴിഞ്ഞു വന്നതായിട്ടും അവർ തികച്ചും ഉത്സാഹത്തിലായിരുന്നു എത്രയും വേഗം സമരസ്ഥലത്തെത്തണം എന്നായിരുന്നു ആവശ്യം. കിസാൻ സഭ ഭാരവാഹികളുമായി അൽപ്പനേരത്തെ ആശയവിനിമയത്തിന് ശേഷം അവർ സിന്‍ഘു അതിർത്തിയിലേക്ക് പുറപ്പെട്ടു
യാത്രയ്ക്കിടയില്‍ ജീവിതത്തിലെ പല സംഭവങ്ങളും അവർ വിവരിച്ചു എൻഡോസൾഫാൻ ഇരകൾക്കൊപ്പം നടത്തിയ പ്രവർത്തനം, മധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ പ്രവര്‍ത്തിക്കുമ്പോൾ നേരിട്ട ആക്രമണങ്ങൾ,അഭിനയിച്ച രണ്ടു സിനിമകൾ, വരാനിരിക്കുന്ന ജീവചരിത്ര സിനിമ അങ്ങനെ പലതും.
ഒട്ടേറെ സമരങ്ങളുടെ ധീര നായികയായ 80 വയസ്സുകാരി കോവിഡ് മുക്ത ആയിട്ട് അധികനാളായിട്ടില്ല. സമര സ്ഥലത്തെത്തിയതോടെ ജലത്തിൽ മത്സ്യം എന്നതുപോലെ അവര്‍ ആള്‍കൂട്ടത്തിൽ അലിഞ്ഞു.രണ്ടുദിവസം സമരക്കാരോടൊപ്പം കഴിഞ്ഞിട്ടേ അവർ മടങ്ങൂ. ജനക്കൂട്ടത്തെ കണ്ടതോടെ അവരില്‍ കണ്ട ഊര്‍ജ്ജസ്വലതയും കണ്ണില്‍ പ്രകടമായ തിളക്കവും ഈ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എത്താനിടയുള്ള അനേകംപേരെ പ്രചോദിപ്പിക്കാന്‍ കഴിയുന്നതായിരുന്നു.
പ്രിയപ്പെട്ട ഒരു ലക്ഷ്യത്തിനുവേണ്ടി ഇതുപോലെ ഉറച്ചുനിന്നു പോരാടുകയും ഏറെ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത ഇതുപോലുള്ള വ്യക്തികളുടെ ജീവിതത്തിൽ നിന്ന് ഏറെ പാഠങ്ങള്‍ പഠിക്കാനുണ്ട്.
കര്‍ഷകര്‍ വേണ്ട എന്നു പറഞ്ഞാല്‍, പിന്നെ ആര്‍ക്കുവേണ്ടിയാണ് നിയമം നടപ്പാക്കുന്നത്: അടൂര്‍
തിരുവനന്തപുരം> കര്‍ഷകരുടെ ആവശ്യത്തിനു ചെവികൊടുക്കാതിരിക്കുന്നത് നമ്മുടെ ജനാധിപത്യത്തിന് വലിയ ദോഷം ചെയ്യുമെന്ന് വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ . കാര്‍ഷിക നിയമം നല്ലതാണോ ചീത്തയാണോ, വേണ്ടതാണോ വേണ്ടാത്തതാണോ എന്നു പറയേണ്ടത് ഭൂമിയില്‍ കൃഷി ചെയ്യുന്നവരാണ്, അവര്‍ക്കുവേണ്ട എന്നു പറഞ്ഞാല്‍ എന്താണ് സംശയം. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഈ നിയമം നടപ്പാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ നാലാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാഴ്ച്ചയായി ഗാന്ധിയന്‍ മാതൃകയിലാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമിരിക്കുന്നത്. അവര്‍ക്കിത് ജീവന്മരണ പ്രശ്നമാണ്. രാജ്യത്തിനുവേണ്ടി ഒരുപാട് ചോര ഒഴുക്കിയവരും ജീവത്യാഗം ചെയ്തവരുമാണവര്‍.
നിയമം പിന്‍വലിക്കണം, അതില്‍കുറഞ്ഞൊന്നും സ്വീകര്യമല്ലെന്ന് അവര്‍ പറയുമ്പോള്‍ അതിനു ചെവികൊടുക്കാതിരിക്കരുത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ മുതലെടുപ്പിനു വേണ്ടിയുള്ള സമരമല്ലിത്. എല്ലാ രാഷ്ട്രീയ പരിഗണനകള്‍ക്കും മുകളിലാണത്. സമരമിരിക്കുന്നവരാരും തന്നെ ദേശദ്രോഹികളല്ല, മറിച്ച്, ദേശത്തെ ഏറ്റവും സേവിച്ചവരും ജീവന്‍ ബലികഴിപ്പിച്ചവരുമാണ്. നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറതന്നെ ഉറപ്പിക്കേണ്ട സമയമാണിത്. ഐക്യരാഷ്ട്രസഭപോലും ഇന്ത്യയെ നോക്കി ശാസിക്കുന്നു എന്നു വരുന്നത് വളരെ ലജ്ജാകരമാണ്.
വൈകിയവേളയിലെങ്കിലും വിവേകമുദിച്ച് പ്രശ്നത്തിനു പരിഹാരം കാണണം. ഭരണകക്ഷിയിലുള്ളവരും ഈ ആവശ്യം ഉന്നയിക്കണം. പൗരനെ നിലയില്‍ ഒരുപാട് ആശങ്കങ്കളുള്ളതുകൊണ്ടാണ് ഈ സമരത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment