Monday, December 21, 2020

ജനവിധി സർക്കാരിനുള്ള പൂച്ചെണ്ട് - കെ ജെ തോമസ്‌ എഴുതുന്നു

 പ്രതിപക്ഷവും ബിജെപിയും ഒരുസംഘം മാധ്യമങ്ങളും മാസങ്ങളായി തുടർന്നുവന്ന അപവാദ പ്രചാരണ ആഘോഷങ്ങൾക്ക്‌  തെരഞ്ഞെടുപ്പുഫലം വന്നതോടെ അൽപ്പം ശമനം. ഒരുപക്ഷേ വോട്ടുകണക്ക്‌ കൂട്ടിക്കിഴിക്കൽ തിരക്കുകൊണ്ടാകാം. എന്തായാലും കഥയും തിരക്കഥയും കെട്ടുകഥകളുംകൊണ്ട്‌ നാടിനെയും ജനതയെയും എക്കാലവും തെറ്റിദ്ധരിപ്പിക്കാമെന്ന വ്യാമോഹങ്ങളുടെ ഫലം എന്തെന്ന്‌  വോട്ടർമാർ തന്നെ മറുപടി നൽകി. എല്ലാം ഈ നാട്ടിലെ ജനത കാണുന്നുണ്ടായിരുന്നു, സർക്കാർ ഭരണനേട്ടം നേരിട്ട്‌ അനുഭവിക്കുന്നുണ്ടായിരുന്നു, കാര്യങ്ങളെല്ലാം സ്വയം വിലയിരുത്തുന്നുണ്ടായിരുന്നു. ഒടുവിൽ വിവേകപൂർവം സമ്മതിദാനാവകാശം വിനിയോഗിച്ച്‌ കേരളജനത ജനാധിപത്യത്തിനും രാജ്യത്തിനാകെയും മാതൃകയായി. 

‘എൽഡിഎഫ്‌ വിജയത്തേരിൽ, ഇടതുപക്ഷം, മറുപടി, ഇടതു തരംഗം തുടങ്ങിയവയായിരുന്നു ജനവിധി വന്നതിനെത്തുടർന്ന്‌ മുഖ്യധാരാ മാധ്യമങ്ങളുടെ തലക്കെട്ട്‌. കണ്ട സത്യങ്ങളെ  എക്കാലവും  മറച്ചുനിർത്താനാകുകയില്ല. ഒട്ടേറെ പാഠം തങ്കലിപികളിൽ ചരിത്രത്തിൽ എഴുതി ച്ചേർക്കപ്പെട്ട ജനവിധി കാണാത്തവരുണ്ടെങ്കിൽ അവരെ ഒരുകാലവും ഉണർത്താനാകില്ല. അന്ധമായ ഇടതുപക്ഷവിരുദ്ധ തിമിരം ബാധിച്ചവരാണ്‌ അവർ. നിരവധി കാര്യത്തിൽ കേരളം ലോകത്തിനു മാതൃകയാണ്‌. നാടിനെ ശിഥിലമാക്കുന്ന വർഗീയ ശക്തികൾക്ക്‌ ഇവിടെ സ്ഥാനമില്ലെന്ന്‌ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. കൂടാതെ ദുരിതകാലത്തെ സംരക്ഷണം, പ്രതിസന്ധി ഘട്ടങ്ങളിലെ അതിജീവനം, വ്യക്തമായ വികസന കാഴ്‌ചപ്പാടും പ്രവൃത്തിയും ആത്മാർഥമായ സുതാര്യ ചുവടുവയ്‌പുകൾ, എല്ലാ വിഭാഗത്തെയും ചേർത്തുപിടിക്കൽ തുടങ്ങി സർവതല സ്‌പർശിയായ ഇടപെടലുകളും സാന്ത്വനവും രാജ്യത്ത്‌ പിണറായി സർക്കാരിനു മാത്രം അവകാശപ്പെടാൻ കഴിയുന്നതാണെന്ന്‌ തെരഞ്ഞെടുപ്പുഫലമെന്ന്‌ മറയില്ലാതെ വ്യക്തമാക്കപ്പെട്ടു. അതിനുപരി ഭരണത്തുടർച്ചയ്‌ക്കുള്ള കേളികൊട്ടും.

തകർന്നടിഞ്ഞ്‌ വിവാദവ്യവസായം

സ്വർണക്കടത്ത്‌ സമഗ്രമായി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ കത്തയച്ചത്‌ മുഖ്യമന്ത്രി. ആർക്കുവേണ്ടി ആര്‌ സ്വർണം കടത്തുന്നുവെന്ന മർമം അന്വേഷിക്കാതെ അന്വേഷണസംഘങ്ങൾ കെട്ടുകഥകൾക്കുള്ള വഴിതുറന്നു. രാവിലെ ബിജെപി നേതാവിന്റെ വാർത്താസമ്മേളനം. ഇതിനെ ചുവടുപിടിച്ച്‌ ഉച്ചയ്‌ക്ക്‌ പ്രതിപക്ഷ നേതാവിന്റെ വക. പിടിക്കപ്പെടേണ്ട പ്രതികളുടെ പേരുപറഞ്ഞ്‌ വൈകിട്ട്‌ മാധ്യമവിചാരണ. ഇക്കാര്യങ്ങളിൽ വട്ടമിട്ടും ചുവടുപിടിച്ചും സിബിഐ, കസ്റ്റംസ്‌, ഇഡി തുടങ്ങി കേന്ദ്ര അന്വേഷണ ഏജൻസികളെല്ലാം കെട്ടുകഥകളുടെ പുകമറ സൃഷ്ടിച്ചു. ഇവിടെ ബിജെപിയുടെ ബി ടീം ആകുകയായിരുന്നു കോൺഗ്രസ്‌. ബിജെപി പറയുന്നത്‌ പ്രതിപക്ഷം ഏറ്റെടുത്തു. അന്വേഷണ ഏജൻസികളും ആ വഴിക്കു നീങ്ങി. ഒരേ ദിശയിലുള്ള നീക്കം. എന്നാൽ, കള്ളക്കടത്ത്‌ ശൃംഖലയുടെ തലയും വാലും  കണ്ടുപിടിക്കാനാകാത്തത്‌ കോടതിപോലും ചൂണ്ടിക്കാട്ടി. എവിടെ പ്രതികളെന്നും പലതവണ ചോദിച്ചു.

രാജ്യത്ത്‌ ആകെയുള്ള ഇടതുപക്ഷ സർക്കാരിനെയാണ്‌ ഇവരെല്ലാം നോട്ടമിടുന്നത്‌. വിമോചന സമരകാലത്തെ കമ്യൂണിസ്റ്റ്‌ വിരുദ്ധതയും അസഹിഷ്‌ണുതയും ചിലർ ഇപ്പോഴും വച്ചുപുലർത്തുന്നു. സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലും അഭിമാന പദ്ധതികളിലും അന്വേഷണ ഏജൻസികൾ ഭരണഘടനാവിരുദ്ധമായി കൈവച്ചതും ജനം തിരിച്ചറിഞ്ഞു. അധികാരപരിധി വിട്ട്‌ ‌ ഇവർ നടത്തുന്ന നീക്കങ്ങൾക്കെതിരായ വിധിയെഴുത്തുകൂടിയാണ്‌ ഇത്‌. അവരുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. കോൺഗ്രസിന്റെ വർഗീയ –-തീവ്രവാദ ബന്ധം വോട്ടർമാർ തിരിച്ചറിഞ്ഞെന്ന്‌ മാത്രമല്ല, അവരുടെ പ്രസക്തിയെയും വിലയിരുത്തപ്പെടുന്നു‌. ബിജെപിയെ ശക്തിപ്പെടുത്തുന്ന കോൺഗ്രസ്‌ നയം ജനങ്ങൾക്ക്‌ ബോധ്യമുണ്ട്‌. നിരവധി എംപിമാരും എംഎൽഎമാരും മറ്റു ഭാരവാഹികളുമാണ്‌  ബിജെപിയിലേക്ക്‌ ചേക്കേറിയത്‌.

വൻവിലയ്‌ക്കാണ്‌ പലരെയും എടുത്തത്‌. അതുകൊണ്ട്‌ മതനിരപേക്ഷ ശക്തികൾക്ക്‌ കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. കേന്ദ്ര ബിജെപി സർക്കാരിന്റെ അതിവിനാശ, ജനവിരുദ്ധ നയങ്ങൾക്കെതിരെ നാവടക്കി നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ്‌, ജനകീയ സർക്കാരിനെതിരെ സ്വീകരിക്കുന്ന നിലപാടും സാധാരണക്കാർ വിലയിരുത്തി. തീവെട്ടിക്കൊള്ളക്കാരെ വെള്ളപൂശുകയും ജനസേവകർക്കെതിരെ പുലഭ്യവർഷം നടത്തുകയും ചെയ്യുന്ന കോൺഗ്രസ്‌ ശൈലിയും വിചാരണ ചെയ്യപ്പെട്ടു.

വികസനത്തിന്‌ പച്ചക്കൊടി

രാജ്യത്തിനാകെ മാതൃകയായി ബദൽ വികസന വിപ്ലവവുമായാണ്‌ കേരളം മുന്നേറുന്നത്‌. അപവാദങ്ങളും വിവാദങ്ങളും നുണക്കഥകളും ഒരുവിഭാഗം നടത്തുമ്പോൾ അതിലൊന്നും പതറാതെ ജനക്ഷേമ ജനോപകാരപ്രദമായ പദ്ധതികളുമായി സർക്കാർ മുന്നോട്ട്‌ പോകുന്നുവെന്ന യാഥാർഥ്യം ജനം മനസ്സിലാക്കിയിട്ടുണ്ട്‌. കോവിഡ്‌ പ്രതിസന്ധിയിൽ പ്രതിമാസം 89 ലക്ഷം  ഭക്ഷ്യക്കിറ്റ്‌ തുടർച്ചയായി വീടുകളിൽ എത്തിച്ചത്‌ ഒരു ഉദാഹരണം.

കിടപ്പാടം ഇല്ലാത്തവർക്ക്‌ അടച്ചുറപ്പുള്ള വീട്‌, ഹൈടെക്‌ വിദ്യാലയങ്ങൾ, അത്യാധുനിക നിലവാരത്തിലുള്ള ആശുപത്രികൾ, നാടിന്റെ പച്ചപ്പ്‌ വീണ്ടെടുക്കാൻ തരിശുനിലക്കൃഷിയും ഹരിത വിപ്ലവവും തുടങ്ങിയവയെല്ലാം നാടും ജനതയും തൊട്ടറിഞ്ഞിട്ടുണ്ട്‌. ഒരുവിഭാഗം കൊണ്ടുപിടിച്ചു നടത്തുന്ന ഭരണവിരുദ്ധ പ്രചാരണങ്ങൾ ഏശുന്നില്ലെന്നത്‌ രാഷ്‌ട്രീയത്തിലെ ഗുണപരമായ നേട്ടംകൂടിയാണ്‌. കേരളത്തിനും ജനതയ്‌ക്കും എന്തുവേണം, എങ്ങനെയായിരിക്കണം വികസനമെന്ന കഴ്‌ചപ്പാടിന്റെ തുടർനടപടികളുമായാണ്‌ എൽഡിഎഫ്‌ മുന്നോട്ടുപോകുന്നത്‌. പതിറ്റാണ്ടുകളിലൂടെ ആർജിച്ച നന്മയും പുരോഗതിയും ഹരിതാഭയുമെല്ലാം കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും പുതിയ പന്ഥാവിലൂടെ മുന്നേറാനും കഴിയുന്നത്‌ എൽഡിഎഫിനു മാത്രമാണെന്ന തിരിച്ചറിവ്‌ ജനങ്ങൾക്കുണ്ട്‌. ഈ വിശ്വാസ്യതയ്‌ക്കനുസരിച്ചുള്ള കുതിപ്പാണ്‌ ഇനിയും  ഇടതുപക്ഷത്തിന്റെ കരുത്തും. അതെ ഈ ജനവിധി പിണറായി സർക്കാരിനുള്ള പൂച്ചെണ്ടാണ്.

കെ ജെ തോമസ്‌

No comments:

Post a Comment