കോവിഡ് കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച ആദ്യ 100 പദ്ധതിയിൽ പൂർത്തിയാക്കിയത് 122 പദ്ധതി. സെപ്‌തംബർ ഒന്നുമുതൽ ഡിസംബർ ഒമ്പതുവരെയാണ് ഇവ ലക്ഷ്യത്തിലെത്തിയത്. 100 ദിന പരിപാടിയിൽ പ്രഖ്യാപിക്കാത്തവയും വകുപ്പുകൾ ഏറ്റെടുത്തു പൂർത്തിയാക്കി.
പച്ചക്കറിക്ക് തറവില
പച്ചക്കറിയുടെ തറവില പ്രഖ്യാപനം, നെൽവയലുകൾക്ക് റോയൽറ്റി എന്നിവ നടപ്പായത് ഇക്കാലത്താണ്. കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ലിന് പ്രാദേശികതലത്തിൽ സംഭരണസംവിധാനം ശക്തിപ്പെടുത്തി.
പട്ടിണി ഒഴിവാക്കി
കേരളത്തിൽ ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. പ്രതിമാസ സൗജന്യ പലവ്യഞ്ജന കിറ്റും കൃത്യമായ റേഷൻ വിതരണവും ഉറപ്പാക്കി. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം തുടരുന്നു. 80 ലക്ഷത്തിലേറെ കുടുംബത്തിലാണ് ഇവ എത്തുന്നത്.
1,16,440 തൊഴിലവസരം
അരലക്ഷം പുതിയ തൊഴിലവസരം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഇരട്ടിയിലധികമായി നേട്ടം. 1,16,440 തൊഴിലവസരം പുതുതായുണ്ടായി. യുവജന നേതൃപരിശീലനത്തിന് കേരള യൂത്ത് ലീഡർഷിപ് അക്കാദമി പ്രവർത്തനമായി.
ഹൈടെക് സ്‌കൂളും ആശുപത്രിയും
അഞ്ചുകോടി രൂപവീതം ചെലവിൽ നവീകരിച്ച 34 സ്കൂൾ കെട്ടിടം തുറന്നു. ഹൈടെക് സ്കൂൾ പദ്ധതി പൂർത്തീകരിച്ചു. കിഫ്ബി, നബാർഡ് പദ്ധതി വകയിരുത്തൽ എന്നിവയിൽ പൂർത്തീകരിച്ച മികവിന്റെ കേന്ദ്രങ്ങളായ 50 സ്കൂൾ കെട്ടിടം തുറന്നു. 18 ജില്ല/ജനറൽ/താലൂക്ക് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങളായി.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല തുറന്നു. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരെ നിയമിച്ചു. തലസ്ഥാനത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിച്ചു.
അരലക്ഷം വീടുകൂടി
സംരംഭകത്വ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ഏകജാലക സംവിധാനം തുടങ്ങി. ലൈഫ് പദ്ധതിയിൽ 50,000 വീടുകൂടി പൂർത്തീകരിച്ചു. 589 തദ്ദേശസ്ഥാപനങ്ങൾക്ക് സമ്പൂർണ ഖരമാലിന്യ സംസ്കരണപദവി നൽകി. 150 തദ്ദേശസ്ഥാപനങ്ങളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം നടപ്പായി. പ്രവാസികളുടെ സമഗ്ര പുനരധിവാസത്തിനായി - സ്കിൽ ഡെപ്പോസിറ്ററിക്ക് തുടക്കമിട്ടു.
രണ്ടാം കുട്ടനാട് പാക്കേജ്
രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച് നടപടി ആരംഭിച്ചു. തോട്ടപ്പള്ളിയിലെ അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി. കുട്ടനാട്ടിൽ മൂന്ന് ഇലക്ട്രിസിറ്റി സബ്സ്റ്റേഷൻ ആരംഭിച്ചു. കുട്ടനാട് ബ്രാൻഡ് അരി ആലപ്പുഴയിൽ ആരംഭിക്കാൻ അനുമതി. ആലപ്പുഴ –--ചങ്ങനാശേരി സെമി എലിവേറ്റഡ് റോഡിന്റെ നിർമാണം ആരംഭിച്ചു.
വയനാട് തുരങ്ക പാതയുടെ നിർമാണമായി. 200 കോടിയുടെ തീരസംരക്ഷണ പദ്ധതി ആരംഭിച്ചു. ജലജീവൻ മിഷൻ പ്രവർത്തനമായി. കൊച്ചി മെട്രോ റെയിലിന്റെ തൈക്കുടം–-പേട്ട പാത തുറന്നു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തീകരിച്ചു.
പിന്തള്ളപ്പെട്ടവരെ കൈപിടിച്ചുയർത്തിയ ഭരണം: മുഖ്യമന്ത്രി
കണ്ണൂർ/ കാസർകോട്> പലകാരണങ്ങളാൽ സമൂഹത്തിൽ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയർത്താനും ഒപ്പം നിർത്താനുമുള്ള നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളക്കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂരിലും കാസർകോട്ടും നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിൽ പൊതുവായ വികസനം ഉണ്ടാകുമ്പോഴും പിന്തള്ളപ്പെട്ടുപോകുന്നവരുണ്ട്. ഇവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും പ്രത്യേക പരിഗണനയാണ് നൽകിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രത്യേകമായിത്തന്നെ ഇത്തരം ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിച്ചു. എല്ലാവർക്കും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ നടപ്പാക്കിവരികയാണ്.
ജലജീവൻ മിഷന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നല്ലവേഗത്തിൽ പുരോഗമിക്കുന്നുണ്ട്.പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണ അർഥത്തിൽ നടപ്പാക്കാൻ കഴിഞ്ഞു. പറഞ്ഞതിൽ 570 കാര്യങ്ങളും നടപ്പാക്കാനായി. 30 എണ്ണമാണ് ബാക്കിയുള്ളത്. കേരളത്തിൽ ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത മഹാദുരന്തങ്ങൾ ഒന്നിനു പുറകെ ഒന്നായി നേരിടേണ്ടി വന്നു. ഈ വെല്ലുവിളികൾക്ക് മുമ്പിൽ നിലവിളിച്ചിരിക്കുകയല്ല, ജനങ്ങളെ ഒപ്പംനിർത്തി അവയെ അതിജീവിക്കാനാണ് ശ്രമിച്ചത്. നാടും ജനങ്ങളും ഒരുമയോടെനിന്നാൽ ഏതുപ്രതിസന്ധിയും അതിജീവിക്കാൻ കഴിയുമെന്ന് നാം ലോകത്തിനു മുന്നിൽ തെളിയിച്ചു.
മഹാപ്രളയം നാടിനെ ഏറെക്കുറെ തകർത്തു. കേവലമായ പുനർനിർമാണമല്ല, ഇനി ഒരു ദുരന്തമുണ്ടായാലും തകരാത്തവിധം പുനർനിർമിക്കാനാണ് ശ്രമിച്ചത്. അതിനായി ലോകത്തെങ്ങുമുള്ള വിശിഷ്ടമായ അറിവുകളും സാങ്കേതിക വിദ്യയും സ്വായത്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന ഈ പദ്ധതി നടപ്പാക്കുന്നതിനിടെയാണ് കോവിഡ് മാഹാമാരി. എങ്കിലും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനായി. ജനങ്ങളുടെ ഒരുമയും കൂട്ടായ്മയുമാണ് ഇതിന് സഹായകമായത്–- മുഖ്യമന്ത്രി പറഞ്ഞു.
ഇ -കേരളം: ലക്ഷ്യം സമ്പൂര്‍ണ ഇ- സാക്ഷരത
തിരുവനന്തപുരം> സാധാരണക്കാരിലും ഇന്റർനെറ്റ് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ ഇ -കേരളം പദ്ധതിയുമായി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സാണ് പദ്ധതി നടപ്പാക്കുക. ഇന്റർനെറ്റ് അധിഷ്ഠിത കംപ്യൂട്ടർ സാക്ഷരതാ പദ്ധതി ഒരു കോടിപേർക്ക് പ്രയോജനമാകും.ഓൺലൈൻ സംവിധാനം സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത് വിദ്യാർഥികളെയും യുവാക്കളെയുംപോലെ മുതിർന്നവരെയും ഇത്തരം കാര്യങ്ങളിൽ അറിവുള്ളവരാക്കാനാണ് പദ്ധതി. ഓൺലൈൻ ബാങ്കിങ്, ഓൺലൈൻ മാർക്കറ്റിങ്, സൈബർ സെക്യൂരിറ്റി, ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്.
റൂട്രോ ണിക്‌സിന്റെ നെറ്റ്‌വർക്കിലുള്ള അധ്യാപകരുടെ സേവനവും ലഭ്യമാക്കും. ഓൺലൈൻ ക്ലാസുകൾക്ക് പുറമെ കോണ്ടാക്ട് ക്ലാസുകളും നൽകും.രണ്ടാം നൂറുദിന പരിപാടികളുടെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് പദ്ധതി. ആദ്യ ഘട്ടത്തിൽ മട്ടന്നൂർ മണ്ഡലത്തിൽ നടപ്പാക്കും. ഒരു നഗരസഭയും എട്ട് പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലത്തിൽ ജനസംഖ്യ രണ്ടരലക്ഷത്തോളമാണ്. ഇതിൽ 70,000ത്തോളം പേർക്ക് അടിസ്ഥാന ഇന്റർനെറ്റ് വിദ്യാഭ്യാസം ആവശ്യമെന്നാണ് കണക്കാക്കുന്നത്. 30 മുതൽ 50 ദിവസത്തിനകം ക്ലാസുകൾ പൂർത്തിയാക്കും. തുടർന്ന് മറ്റ് മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കും.
No comments:
Post a Comment