പ്രളയത്തെയും മഹാമാരിയെയും അതിജീവിച്ച പോലെ ജനങ്ങൾ സത്യാനന്തര കാലത്തെയും അതിജീവിക്കുക തന്നെ ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പു ഫലം അടിവരയിട്ട് വ്യക്തമാക്കുന്നത്. യുഡിഎഫിനും ബിജെപിക്കുമെതിരായ വിധിയെഴുത്തു മാത്രമല്ല ഉണ്ടായിരിക്കുന്നത്.
വലതുപക്ഷരാഷ്ട്രീയത്തിൻ്റെ ക്വട്ടേഷൻ സംഘത്തെ പോലെ പ്രവർത്തിച്ച കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾക്കെതിരായ പ്രതികരണം കൂടിയാണിത്.ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജവാർത്തകളും അപവാദങ്ങളും ആധികാരികമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന കോർപ്പറേറ്റു മാധ്യമങ്ങളുടെ അധാർമ്മികതക്കെതിരായ വിധിയെഴുത്താണിതെന്ന് പറയാം.
യുഡിഎഫിനും ബിജെപിക്കുമാവശ്യമായ ധാരണകളും മനോഭാവങ്ങളും സൃഷ്ടിച്ചെടുക്കുക എന്നതാണ് ക്ഷുദ്ര വികാരമുണർത്തുന്ന ഇടത്പക്ഷവിരുദ്ധ പ്രചാരവേലയുടെ ലക്ഷ്യം.കേന്ദ്ര ഏജൻസികളും മാധ്യമങ്ങളും കൈകോർത്ത് പിടിച്ച് ഇടതുപക്ഷ സർക്കാറിനെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ സർക്കാറിനെതിരെ അവമതിപ്പ് സൃഷ്ടിക്കാനുമാണല്ലോ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാംമാധവും അജിത് ഡോവലും ചേർന്നുള്ള കേരള ഓപ്പറേഷൻ. അമിത് ഷായുടെ പൊളിറ്റിക്കൽ എൻജിനിയറിംഗ് . കോർപ്പറേറ്റ് മൂലധന താല്പര്യങ്ങൾക്ക് വെല്ലുവിളിയാവുന്ന പിണറായി സർക്കാറിൻ്റെ വികസനപദ്ധതികളും ഹിന്ദുരാഷ്ട്ര നിർമ്മിതി ലക്ഷ്യംവെച്ചുള്ള പൗരത്വ നിയമ ഭേദഗതി ഉൾപ്പെടെയുള്ള ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരായ ഉറച്ച നിലപാടുകളുമാണ് കേരളത്തെ ടാർജറ്റ് ചെയ്തു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ ഇടപെടലുകൾക്ക് കാരണമായത്. അതൊന്നും ചർച്ച ചെയ്യാൻ സത്യാന്വേഷണത്തിൻ്റെ വ്യവഹാര മണ്ഡലത്തിലെ ന്യായാധിപന്മാരായി സ്വയം അവരോധിതരായ മാധ്യമ പ്രമുഖരാരും തയ്യാറല്ലല്ലോ. അല്ലെങ്കിലും അങ്ങനെയൊക്കെ പ്രതീക്ഷിക്കുന്നതിലെന്തർത്ഥം? മുഖ്യധാരാമാധ്യമങ്ങളും ഈയൊരു അജണ്ടയുടെ ഭാഗമാണല്ലോ. വസ്തുകളെയും വിവരങ്ങളെയും അപവാദ പ്രചരണത്തിലൂടെ മറച്ചു പിടിക്കുക എന്ന തന്ത്രമാണ് മാധ്യമങ്ങളും കോടികൾ ഇറക്കി സജ്ജീകരിച്ചിരിക്കുന്ന ഇൻ്റർനെറ്റ് പ്രചാര സംഘങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്.
എന്താണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്.വ്യാജങ്ങൾ സത്യമാണെന്നും അതാണ് യഥാർത്ഥ്യമെന്നും വരുത്തി തീർക്കുന്ന സത്യാനന്തരകാല പരീക്ഷണങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഇടതുപക്ഷസർക്കാറിൻ്റെ ക്ഷേമോന്മുഖവും വികസനോന്മുഖവുമായ ഭരണനടപടികളെ കുറിച്ച് അജ്ഞത സൃഷ്ടിക്കാൻ കഴിയില്ലെന്ന് വന്നതോടെ അതൊക്കെ കേന്ദ്ര സർക്കാറിൻ്റെ പദ്ധതികളാണെന്നും മുൻ യുഡിഎഫ് സർക്കാറും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെന്നും വരുത്തി തീർക്കാൻ നോക്കുകയാണല്ലോ ഈ മാന്യന്മാർ ചെയ്തത്.. ക്ഷേമപദ്ധതികളുടെയൊന്നും ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രം അവകാശപ്പെട്ടതല്ലെന്ന് വാദിച്ച് നോക്കിയതും പ്രചാരവേല നടത്തിയതും ബി ജെ പിയുടെയും കോൺഗ്രസിൻ്റെയും ഐടി സെല്ലുകൾ മാത്രമല്ല ഈ നാലാംതൂണുകാർ കൂടിയായിരുന്നല്ലോ. പെൻഷനും ലൈഫും ആരോഗ്യ ഇൻഷൂറൻസുമെല്ലാം മോഡിയുടെ പണവും പദ്ധതിയുമാണെന്നൊക്കെ പറഞ്ഞു നോക്കിയില്ലേ ഇടതുപക്ഷ വിരുദ്ധതയുടെ തിമിരം ബാധിച്ചവർ.
"പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യ റിപ്പോർട്ട് " അനുസരിച്ചു തന്നെ കേരളത്തിലെ പോലെ സാർവ്വത്രികമായൊരു പെൻഷൻ പദ്ധതി ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ല.കേന്ദ്ര സർക്കാരിൻ്റെ നാഷണൽ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റൻസ് പ്രോഗ്രാം അനുസരിച്ചുള്ള വയോജന, വിധവ, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള നാമമാത്ര പെൻഷൻ പദ്ധതി മാത്രമാണ് ഇന്ത്യയിലെ ബിജെപി, കോൺഗ്രസ് ഭരിക്കുന്ന/ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിൽ നിലനില്ക്കുന്നത്.
14സംസ്ഥാനങ്ങളിൽ 200-500 വരെ രൂപ മാത്രമാണ് പ്രതിമാസ പെൻഷൻ. അവിടെയൊന്നും റഗുലറായി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുമില്ല.ഇന്ത്യയിൽ കേരളം, ഡൽഹി, ഗോവ, 3 സംസ്ഥാനങ്ങളിൽ മാത്രമാണ് 1000 രൂപക്ക് മേൽ പെൻഷൻ. കേരളമൊഴിച്ച് മറ്റു രണ്ട് സംസ്ഥാനങ്ങളിലും സാമൂഹ്യ സുരക്ഷാ സ്‌കീമിൽ വളരെ കുറഞ്ഞ പേർക്ക് (80 വയസിന് മുകളിലുള്ളവർക്കുള്ള സ്കീം) മാത്രമാണ് ലഭിക്കുന്നത്.പ്രധാനമന്ത്രി ആവാസ് യോജന ഉൾപ്പെടെ എല്ലാ ഭവനപദ്ധതികളെയും സംയോജിപ്പിച്ചാണ് ലൈഫ്. ഗ്രാമങ്ങളിൽ 4 ലക്ഷം രൂപ നൽകുന്ന പദ്ധതിയിൽ കേന്ദ്ര വിഹിതം (PMAY) 72,000 രൂപാ മാത്രമാണ്. മാത്രമല്ല ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും ഇങ്ങനെയൊരു സമ്പൂർണ്ണ ഭവനപദ്ധതിയില്ലായെന്ന കാര്യവും കേന്ദ്ര വിഹിതം പറഞ്ഞു് ലൈഫിൻ്റ ക്രെഡിറ്റ് സംഘികൾക്കും ഉണ്ടാക്കി കൊടുക്കാൻ കിണഞ്ഞു മിനക്കെടുന്ന അവതാരക സിംഹങ്ങളൊന്നും അറിഞ്ഞമട്ടില്ല. നുണകൾ ആവർത്തിച്ച് സത്യമാക്കുന്ന കണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടി ജന്മസിദ്ധമായി കിട്ടിയവരിൽ നിന്നും അതൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
ഒരുതരം ഇവൻറ്മാനേജ്മെൻറ് രാഷ്ട്രീയത്തിൻ്റെ ഭാഗമാണ് ഇപ്പോൾ പല മാധ്യമങ്ങളും.രാഷ്ട്രീയത്തെ തന്നെ ട്രംപും മോഡിയുമെല്ലാം ഇവൻറ് മാനേജ്മെൻറാക്കി അധ:പതിപ്പിച്ചിരിക്കയാണല്ലോ. ഇലക്ഷൻ പ്രചരണം സംവിധാനം ചെയ്യുന്നതും വ്യാജ പ്രചരണങ്ങളിലൂടെ വോട്ടുശേഖരിക്കുന്നതും തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാനായി സർവെകൾ നടത്തുന്നതും കോർപ്പറേറ്റ് പണത്തിൽ പ്രവർത്തനനിരതരായിരിക്കുന്ന ഇവൻറ് മാനേജ്മെൻ്റു ഗ്രൂപ്പുകളാണ്. അവർ മാധ്യമ ഉടമകൾ, ന്യൂസ് ഡെസ്കുകൾ, അവതാരകർ വരെയുള്ളവരെ തങ്ങളുടെ പേറോളിലാക്കുന്നു. അങ്ങനെയൊക്കെയാവുമ്പോഴും വ്യാജങ്ങൾ സൃഷ്ടിക്കുന്ന ഇരുട്ടിലും ജീവിതാനുഭവങ്ങളുടെ പ്രകാശം പരക്കുമ്പോൾ ജനങ്ങൾക്ക് സത്യം കാണാനും സത്യത്തോടൊപ്പം ചേരാനും കഴിയും. ഇടതുപക്ഷം ഓരോ മലയാളിക്കും സമാശ്വകരമായൊരു ജീവിതാനുഭവം കൂടിയാണെന്ന കാര്യമാണ് വലതുപക്ഷ രാഷ്ട്രീയത്തിൽ അഭിരമിക്കുന്നവർക്ക് മനസിലാക്കാൻ കഴിയാതെ പോകുന്നത്.
കെ ടി കുഞ്ഞിക്കണ്ണൻ
No comments:
Post a Comment