കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ അടുത്ത രണ്ടാഴ്ച സംസ്ഥാനത്തിന് ഏറെ നിർണായകമെന്ന് മന്ത്രി കെ കെ ശൈലജ. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ രോഗവ്യാപനം കൂടിയേക്കാമെന്ന ആശങ്കയുണ്ട്. അതിനാൽ ഓരോ വ്യക്തിയും സ്വയം ലോക്‌ഡൗൺ പ്രഖ്യാപിക്കണം.
സർക്കാർ നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കിയെങ്കിലും ഇത്തരത്തിൽ സ്വയം നിയന്ത്രണം അത്യാവശ്യമാണ്. കുട്ടികളുമായി പുറത്തുപോകുന്നതും കുടുംബസമേതം വിവാഹച്ചടങ്ങുകളിലും ഉത്സവങ്ങളിലും പങ്കെടുക്കുന്നതും ഒഴിവാക്കണം. സ്വയം രക്ഷാകവചം സൃഷ്‌ടിക്കണം. അതിലൂടെ മറ്റുള്ളവരെയും രക്ഷിക്കാം. വാക്സിൻ വരുന്നതുവരെ നാം കാത്തുനിൽക്കണം.
യോഗങ്ങളും പ്രകടനങ്ങളും പരമാവധി ഒഴിവാക്കണം. തെരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും കൂട്ടംകൂടൽ ഉണ്ടായെങ്കിലും എല്ലാവരും മാസ്ക് ധരിച്ചത് പ്രയോജനകരമായി. എന്നാൽ, എല്ലായിടത്തും അത് ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിനൊപ്പം കോവിഡും പോയി എന്ന ചിന്ത അരുത്.
അതുകൊണ്ടുതന്നെ ഇനിയാണ് ജാഗ്രത പാലിക്കേണ്ടത്. ലക്ഷണം ഉള്ളവർ ഉറപ്പായും പരിശോധന നടത്തണം. തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും അധികാരമേൽക്കലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നും മന്ത്രി നിർദേശിച്ചു.
No comments:
Post a Comment