കൊച്ചി > എല്ലാത്തിനുമുണ്ട് ഒരു ട്വന്റി -20 മാതൃക. റേഷൻകാർഡ് ഉണ്ടെങ്കിലും കിഴക്കമ്പലത്തുകാർക്ക് പഞ്ചായത്തിൽനിന്ന് സർക്കാർ ആനുകൂല്യങ്ങൾ കിട്ടണോ, ട്വന്റി 20യുടെ കാർഡ് വേണം. പഞ്ചായത്തംഗങ്ങൾക്ക് സർക്കാർ നിശ്‌ചയിച്ച ഓണറേറിയമുണ്ടെങ്കിലും മുതലാളിയുടെ ശമ്പളം പറ്റണം. അതുപോലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുണ്ട് ട്വന്റി 20യുടെ സ്വന്തം മാതൃക. അതാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ചത്. ട്വന്റി -20 ഭരണം മറ്റു നാലു പഞ്ചായത്തിലേക്കുകൂടി വ്യാപിപ്പിച്ചതുപോലെ ഈ മാതൃകയും അവിടങ്ങളിലേക്ക് എത്തും. കൊട്ടിഘോഷിച്ച ട്വന്റി 20 തെരഞ്ഞെടുപ്പ് വിജയങ്ങൾക്കൊന്നും മങ്ങലേൽക്കേണ്ട എന്നു കരുതിയാകണം മുഖ്യധാരാ മാധ്യമങ്ങളൊന്നും തെരഞ്ഞെടുപ്പ് അട്ടിമറിയിലെ അപൂർവ മാതൃക കാണാതെപോയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്തെ ഒമ്പതു വാർഡിൽ ഇതരസംസ്ഥാനക്കാരുൾപ്പെടെ നാലായിരത്തോളം കിറ്റക്‌സ് തൊഴിലാളികൾ പുതുതായി വോട്ടുചെയ്‌തു. കമ്പനി പ്രവർത്തിക്കുന്ന ചേലക്കുളം ആറാം വാർഡിൽ ഉൾപ്പെടെയായിരുന്നു ഇവരുടെ വോട്ട്. മലിനീകരണ പ്രശ്‌നത്തിന്റെ പേരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ട്വന്റി 20ക്ക് നഷ്‌ടമായ വാർഡ്. ഇത് പിടിച്ചെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. കിഴക്കമ്പലത്തെ താൽക്കാലിക മേൽവിലാസത്തിൽ തൊഴിലാളികളുടെ മുഴുവൻ വോട്ട് ചേർത്തുകഴിഞ്ഞപ്പോഴാണ് വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് വേണമല്ലോ എന്ന പ്രശ്‌നമുദിച്ചത്. ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പു കമീഷന്റെ വോട്ടർപട്ടിക തിരിച്ചറിയൽ കാർഡാക്കാനുള്ള ഐഡിയ പഞ്ചായത്ത് സെക്രട്ടറിയുടേതായിരുന്നു. വോട്ടർപട്ടിക എൻലാർജ് ചെയ്‌ത് ലാമിനേറ്റ് ചെയ്‌ത കാർഡുകൾ പഞ്ചായത്തിന്റെയും സെക്രട്ടറിയുടെയും സീലോടെ തയ്യാറാക്കി. ട്വന്റി 20 വളന്റിയർമാരും സ്ഥാനാർഥികളും ചേർന്ന് ഇതു വിതരണം ചെയ്‌തു. ഇതിനിടെ കുമ്മനോട് വാർഡിൽ വിതരണത്തിന് കൊണ്ടുവന്ന നൂറോളം കാർഡുകൾ മറ്റു രാഷ്‌ട്രീയ പാർടികളുടെ പ്രവർത്തകർ പിടിച്ചെടുത്തു. അതിനു പകരം കാർഡുകൾ മണിക്കൂറുകൾക്കകം കമ്പനി ഓഫീസിൽ തയ്യാറാക്കി. സെക്രട്ടറിയുടെ സീൽ കമ്പനി ഓഫീസിലേക്ക് വരുത്തിയാണ് കാർഡ് തയ്യാറാക്കിയത്. ഈ കാർഡുകളുമായി എത്തിയവരെ വിവിധ ബൂത്തുകളിൽ പ്രിസൈഡിങ് ഓഫീസർവരെ ചലഞ്ച് ചെയ്‌തപ്പോൾ മുതലാളിതന്നെ നേരിട്ടെത്തി വെല്ലുവിളിച്ചു. ഇത്തരത്തിൽ കുമ്മനോട് വാർഡിൽ ചലഞ്ച് ചെയ്‌ത സംഭവമാണ് പിന്നീട് ട്വന്റി 20യുടെ വോട്ടറെ കൈയേറ്റം ചെയ്‌തെന്ന മട്ടിൽ വ്യാഖ്യാനിക്കപ്പെട്ടത്.
2017ൽ ട്വന്റി -20 രാഷ്‌ട്രീയ പാർടിയായി രജിസ്‌റ്റർ ചെയ്‌തെങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ബാധകമായില്ല. പ്രഷർ കുക്കറും അപ്പച്ചട്ടിയുംമുതൽ കൊതുകുബാറ്റുവരെ വോട്ടർമാർക്ക് പാരിതോഷികമായി നൽകി. സൗജന്യ ഭക്ഷ്യക്കിറ്റ് പരക്കെ വാഗ്‌ദാനം ചെയ്‌തു. ട്വന്റി -20 സ്ഥാനാർഥി ജയിച്ചാൽ മാത്രം മാറിയെടുക്കാവുന്ന സമ്മാനക്കൂപ്പണുകളും വീടുകളിലെത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഞാറള്ളൂർ വാർഡിൽ ജയിച്ചാൽ മുഴുവൻ വീടുകളിലും ലാപ്‌ടോപ് നൽകുമെന്നായിരുന്നു വാഗ്‌ദാനം. വാർഡ് ജയിച്ചെങ്കിലും ലാപ്‌ടോപ് വന്നില്ല. ഇക്കുറി അതുംകൂടി ചേർത്തുള്ള വമ്പൻ സമ്മാനം വാഗ്‌ദാനം നൽകിയാണ് വാർഡ് നിലനിർത്തിയത്. ആദ്യഘട്ട വോട്ടിങ് പൂർത്തിയായ ജില്ലകളിൽനിന്ന് തൊഴിലാളികളെ പ്രത്യേക വാഹനത്തിൽ കിഴക്കമ്പലത്തേക്ക് കൊണ്ടുവന്നു. കിഴക്കമ്പലത്തും ഇവരുടെ വോട്ട് ചേർത്തിരുന്നു. കമ്പനി ഗേറ്റിൽ കോവിഡ് ടെസ്‌റ്റ് നടത്തി അകത്തുകടത്തിയ ഇവരെ വോട്ടെടുപ്പ് ദിവസമാണ് പുറത്തിറക്കിയത്. കമ്പനിയുടെ വാഹനങ്ങൾ വോട്ടെടുപ്പുദിവസം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പഞ്ചായത്തിലുടനീളം ഓടി.
കെട്ടുകഥകളിൽ പൊങ്ങിയ കിഴക്കമ്പലം
കൃഷിക്കും ചെറുകിട വ്യവസായങ്ങൾക്കും പ്രാധാന്യമുള്ള പഞ്ചായത്താണ് കിഴക്കമ്പലം. അഞ്ചുവർഷത്തെ ട്വന്റി 20 ഭരണം അവസാനിച്ചപ്പോൾ ഒരു ചെറുകിട വ്യവസായ യൂണിറ്റ് പോലും പുതുതായി കിഴക്കമ്പലത്ത് വന്നില്ല. ഒരുതുണ്ട് തരിശുഭൂമിയിൽപ്പോലും പുതുതായി കൃഷിയിറങ്ങിയില്ല. പുതിയ തൊഴിലവസരവുമുണ്ടായില്ല. നവീകരിച്ച റോഡുകളേക്കാൾ ഇരട്ടിയിലേറെ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു.
ഇങ്ങനെയൊക്കെയായിട്ടും നാലു പഞ്ചായത്തുകളിൽക്കൂടി ട്വന്റി 20ക്ക് അധികാരം പിടിക്കാനായത് പറഞ്ഞുപരത്തിയ കെട്ടുകഥകളുടെ ബലത്തിലാണ്. കിഴക്കമ്പലത്തെ ട്വന്റി 20 അപദാനങ്ങൾ പ്രചരിപ്പിക്കാൻ ഉയർന്ന ശമ്പളത്തിൽ ഒരുപറ്റം ടെക്കികൾ പ്രവർത്തിക്കുന്നു. ട്വന്റി 20 മെമ്പർഷിപ്പിനൊപ്പം അംഗമാകുന്ന സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിലൂടെ ഊതിവീർപ്പിച്ച കഥകൾ പ്രവഹിച്ചുകൊണ്ടിരിക്കും. ഇതിനു പുറമെയാണ് മുഖ്യധാരാ മാധ്യങ്ങളെ വിലയ്‌ക്കെടുത്ത് എഴുതിക്കുന്ന വാർത്തകൾ. പുതുതായി അധികാരം പിടിച്ച പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മുമ്പു മാത്രമാണ് ട്വന്റി 20 പ്രവർത്തകർ എത്തിയത്. കൊതുകുബാറ്റും സാനിറ്റൈസറും കൈപ്പറ്റിയാണ് ഇവിടുത്തെ വോട്ടർമാർ അധികാരം ട്വന്റി 20ക്ക് കൈമാറിയത്.
എം എസ‌് അശോകൻ deshabhimani
No comments:
Post a Comment