വടക്കാഞ്ചേരി > പാവപ്പെട്ടവർക്ക് സൗജന്യമായി വീട് നൽകുന്ന ‘ലൈഫ് മിഷൻ’ പദ്ധതിയുടെ പേരിൽ പച്ച നുണകൊണ്ട് വിവാദമുണ്ടാക്കിയ വടക്കാഞ്ചേരി ചുട്ട മറുപടി നൽകി. അപവാദ പ്രചാരകരുടെ മുഖത്തടിച്ചുകൊണ്ട് ഇവിടെ ചുവപ്പുകോട്ടകൾ തീർത്തു.
വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ നേതൃത്വത്തിലായിരുന്നു നുണപ്രചാരണവും തെരഞ്ഞെടുപ്പ് പ്രവർത്തനവും. വടക്കാഞ്ചേരി നഗരസഭ എൽഡിഎഫ് ഭരണം നിലനിർത്തി. 41 ൽ 24 എൽഡിഎഫിനും 17 യുഡിഎഫിനും ലഭിച്ചു. ബിജെപിക്ക് ഒരു സീറ്റ്.
വടക്കാഞ്ചേരി മണ്ഡലത്തിൽ വരുന്ന തെക്കുംകര പഞ്ചായത്തിലും എൽഡിഎഫ് ചെങ്കൊടി പാറിച്ചു. വടക്കാഞ്ചേരി തൂത്തുവാരുമെന്ന എംഎൽഎയുടെ അവകാശവാദത്തെ നവമാധ്യമങ്ങളിൽ ട്രോളുകയാണ്.
ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെയാണ് അക്കര വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് വിവാദത്തിലാക്കി പണി നിർത്തിവയ്‌പ്പിച്ചത്. ബിജെപിയുടെ സഹായത്തോടെ വളരെവേഗത്തിൽ സിബിഐയേയും എത്തിച്ചു. എന്നാൽ, ഫ്‌ളാറ്റിനെതിരെ ഉന്നയിച്ച ഒരുകാര്യത്തിലും വസ്തുതയില്ലെന്ന് കണ്ടെത്തി ഹൈക്കോടതി സിബിഐയെ വിലക്കി. പാവപ്പെട്ട 140 കുടുംബങ്ങളുടെ സ്വപ്നം തകർത്ത പ്രചാരണം തിരിച്ചടിയായപ്പോൾ ഫ്‌ളാറ്റ് കെട്ടണേയെന്നപേക്ഷിച്ച് എംഎൽഎതന്നെ ഹൈക്കോടതിയിൽ ചെന്നു.
എന്നാൽ, വടക്കാഞ്ചേരിയിലെ ജനം ഈ ജനവിരുദ്ധ നീക്കങ്ങൾക്കെതിരെ അതിശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരുന്നു. എന്നിട്ടും ജനവികാരം മനസ്സിലാകാതെ പൊളിങ് ദിവസവും വസ്തുതാവിരുദ്ധ പ്രചാരണം നടത്തി. മന്ത്രി എ സി മൊയ്തീൻ അഞ്ചുമിനിറ്റു നേരത്തേ വൊട്ടുചെയ്തുവെന്നുവരെ കള്ളപ്രചാരവേല നടത്തി. അത് ഒരു വിഭാഗം മാധ്യമങ്ങളും കൊട്ടിഘോഷിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ അത് തള്ളിയതോടെ മണിക്കൂറുകളുടെ ആയുസ്സേ ആ വിവാദത്തിനുമുണ്ടായുള്ളൂ.
No comments:
Post a Comment