തിരുവനന്തപുരം > സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് പുതിയ മരുന്നുകളുടെ ഉല്‍പാദനത്തിന്റെ ഭാഗമായി കൗണ്‍സില്‍ ഓഫ് സൈന്റിഫിക്ക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചുമായി (സിഎസ്‌ഐആര്‍) ധാരണാപത്രം ഒപ്പുവെച്ചു. പതിനഞ്ച് പുതിയ മരുന്നുകള്‍ക്കുള്ള ഫോര്‍മുല വികസിപ്പിച്ചെടുക്കുന്നതിനാണ് ധാരണാപത്രം. വികസിപ്പിച്ചെടുത്ത ഫോര്‍മുല ഉപയോഗിച്ച് കെഎസ്ഡിപി വ്യാവസായികാടിസ്ഥാനത്തില്‍ മരുന്നുകള്‍ ഉപ്പാദിപ്പിക്കും.
വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ലിസ്റ്റിലുള്ള മരുന്നുകളാണ് നിര്‍മിക്കുക. ഇതുവഴി പൊതുജനാരോഗ്യ മേഖലയില്‍ കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള മരുന്നുകള്‍ ലഭ്യമാക്കാനാകും. പൊതുവിപണിയില്‍ വലിയ വിലവരുന്ന മരുന്നുകളാണ് ഇവ.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്യാധുനിക മെഷീനുകള്‍ സജ്ജീകരിച്ചിട്ടുള്ളതാണ് കെഎസ്ഡിപിയിലെ മരുന്ന് നിര്‍മ്മാണ യൂണിറ്റുകളായ ബീറ്റാലാക്ടം, നോണ്‍ ബീറ്റാലാക്ടം പ്ലാന്റുകള്‍. പ്രതിവര്‍ഷം 280 കോടി ടാബ്ലറ്റുകളും, 63 കോടി ക്യാപ്‌സൂളുകളും, 13.8 ലക്ഷം ലിറ്റര്‍ ലായനി മരുന്നുകളും, 4.23 കോടി ഒ.ആര്‍.എസ് മരുന്നുകളും, 2.91 കോടി ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ മരുന്നുകളും ഉല്‍പാദിപ്പിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് ശേഷിയുണ്ട്. പുതിയ മരുന്നുകളുടെ വികസനം സാധ്യമാകുന്നതോടെ ഈ പ്ലാന്റുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാനാകും. പൂര്‍ണ്ണ ഉല്‍പാദനക്ഷമത കൈവരിക്കാനുമാകും.
കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പിന് വലിയ പിന്തുണ നല്‍കിയ സ്ഥാപനമാണ് കെഎസ്ഡിപി. സാനിറ്റൈസര്‍ നിര്‍മ്മിച്ച് കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭ്യമാക്കി. 18 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍ ഇതുവരെ നിര്‍മിച്ചു. അവശ്യമരുന്നുകളുടെ ഉല്‍പാദനത്തിലും റെക്കോഡ് നേട്ടം കൈവരിച്ചു. ചരിത്രത്തില്‍ ആദ്യമായി 100 കോടി രൂപയുടെ വിറ്റുവരവും കെഎസ്ഡിപി നേടി. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകള്‍ വിജയകരമായി ഉല്‍പ്പാദിപ്പിച്ച കെഎസ്ഡിപി മരുന്നുല്‍പാദനത്തിന്റെ പുതിയ മേഖലകളില്‍ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ്.
സിഎസ്‌ഐആര്‍ എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. എ. അജയഘോഷ്, ബിസിനസ് ഹെഡ് ഡോ. നിഷി, ശാസ്ത്രജ്ഞരായ ഡോ. കുമാരന്‍, ഡോ.സുനില്‍വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
No comments:
Post a Comment