സംസ്ഥാന മന്ത്രിസഭ ചേർന്നു തീരുമാനിച്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ്. ഈ പ്രശ്നത്തെ ഗവർണറും ഗവൺമെന്റും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമായി കാണരുത്. ആ ബന്ധത്തെ വിവാദത്തിലാക്കുന്നതിന് ഗവൺമെന്റിന് താൽപ്പര്യമില്ല. ഇന്ത്യയിലെ ഒരു ഗവർണറും ഇതുവരെ ചെയ്യാൻ മുതിരാത്ത ഒരു തെറ്റായ കീഴ്വഴക്കത്തിന് ആരംഭം കുറിച്ചു. ഇത് നിർഭാഗ്യകരമാണ്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയ ഘട്ടത്തിലും ഗവർണർ അതിനെതിരെ നിലപാടെടുത്തു. ആ സന്ദർഭത്തിൽ സമചിത്തതയോടെയും മാതൃകാപരവുമായാണ് സംസ്ഥാന സർക്കാർ നയം സ്വീകരിച്ചത്. എന്നാൽ, പ്രതിപക്ഷം സഭയിൽ സ്വീകരിച്ച സമീപനം ഗവർണർ ഓർക്കുമല്ലോ. കേന്ദ്രത്തിനെതിരായി പാസാക്കുന്ന പ്രമേയം താൻ കാണണമെന്ന സന്ദേശമാണ് അന്ന് ഗവർണർ നൽകിയത്. വിവാദങ്ങളുടെ ഉറവിടമായി രാജ്ഭവൻ മാറുന്നത് അഭിലഷണീയമല്ല.
ഗവർണറുടെ അധികാരപരിധിയിലെ വിഷയമല്ല
ഇപ്പോൾ ഗവർണറുടെ വിവേചനാധികാരത്തിന്റെ പേരിലാണ് ഗവൺമെന്റിന്റെ തീരുമാനം അവഗണിച്ചത്. വിവേചനാധികാരം വ്യക്തിനിഷ്ഠമല്ല. ഗവർണർക്ക് വിവേചനാധികാരമുണ്ട്. അത് ഭരണഘടനാപരമായി നൽകിയ അധികാരപരിധിക്കുള്ളിലാണ്; അതിനതീതമല്ല. ഗവർണറുടെ വിവേചനാധികാരത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല ഇവിടെ ഗവർണർ ചെയ്തത്. ഭരണഘടനയിലെ ആർട്ടിക്കിൾ 163 പ്രകാരം ഗവർണറുടെ ചുമതല നിർവഹിക്കുന്നതിൽ അദ്ദേഹത്തെ സഹായിക്കാനും ഉപദേശിക്കാനുമാണ് മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭ. ഇതൊരു മാൻഡേറ്ററി പ്രൊവിഷനാണ്. സഭ വിളിച്ചുചേർക്കുന്നതും സഭ പിരിയുന്നതും ഗവൺമെന്റ് തീരുമാനിക്കുന്നതനുസരിച്ചാണ്. ഇതിൽ ഗവർണറുടെ വിവേചനാധികാരത്തിന്റെ പ്രശ്നം വരുന്നില്ല.
പാസാക്കേണ്ട പ്രമേയത്തിന്റെ ഉള്ളടക്കവും അനിവാര്യതയും തീരുമാനിക്കുന്നത് ഗവർണറല്ല, ഗവൺമെന്റാണ്. അവതരിപ്പിക്കുന്ന പ്രമേയം ഭരണഘടനയ്‌ക്കും സഭാചട്ടത്തിനും അനുസൃതമാണോ എന്ന് തീരുമാനിക്കുന്നത് സ്പീക്കറുടെ അധികാരപരിധിയിൽ വരുന്നതാണ്; ഗവർണറുടെ അധികാര പരിധിയിൽ വരുന്നതല്ല. ഇവിടെ ഗവൺമെന്റിന്റെയും സ്പീക്കറുടെയും അധികാരത്തിലേക്കുള്ള കടന്നുകയറ്റം ഗവർണർ നടത്തിയത് വ്യക്തിഗത സംതൃപ്തിയുടെ ഭാഗമാണോ? ഈ സംതൃപ്തി ഗവർണറുടെ വിവേചനാധികാരത്തിൽ വരുമോ? ഇല്ല. അതാണ് കോടതിവിധികൾ ഇതിനകം വ്യക്തമാക്കിയത്.
ഇനി, പ്രമേയത്തിന്റെ അടിയന്തര സ്വഭാവമാണ് ഗവർണർ കണക്കിലെടുക്കുന്നതെങ്കിൽ ഗവൺമെന്റ് ഒരു കാര്യം ഓർമപ്പെടുത്തട്ടെ. ഇന്ത്യാരാജ്യത്തെ കോടിക്കണക്കിനു വരുന്ന കർഷകരുടെ ജീവിതപ്രയാസത്തെ കണക്കിലെടുക്കാതെ കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന നിയമത്തിനെതിരായി കൊടും തണുപ്പിനെ വെല്ലുവിളിച്ച് കഴിഞ്ഞ 28 ദിവസമായി നടത്തുന്ന സമരത്തിനിടയിൽ 31 കർഷകർ മരണപ്പെട്ടത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. വേണമെങ്കിൽ ഇത് കേരളത്തിന്റെ പ്രശ്നമല്ലല്ലോ എന്ന് പറയാം. പക്ഷേ, ലക്ഷക്കണക്കിന് കൃഷിക്കാർ നടത്തുന്ന സമരം കേരളത്തെയും പല വിധത്തിലും ബാധിക്കുമെന്നതാണ് വസ്‌തുത. പാർലമെന്റിൽ വിഷയം കൊണ്ടുവരുമ്പോഴുള്ള സ്ഥിതിയാണോ ഇന്ന് നാട്ടിലുള്ളത്? വിവാദ നിയമങ്ങളിൽ പ്രതിഷേധിച്ച് ഒരു കേന്ദ്ര മന്ത്രി രാജിവച്ചു. എണ്ണപ്പെട്ട പ്രതിഭകൾ അവർക്കു ലഭിച്ച ദേശീയ പുരസ്കാരങ്ങൾ തിരികെ ഏൽപ്പിച്ചു. മൂന്ന് സംസ്ഥാനം ഗവർണറുടെ സഹായത്തോടെ കേന്ദ്ര നിയമത്തിനെതിരായി പ്രമേയം പാസാക്കി.
ചുമതല നിർവഹിക്കാൻ ബാധ്യസ്ഥൻ
ആർട്ടിക്കിൾ 174 (1) പ്രകാരം നിയമസഭ വിളിച്ചുചേർക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയല്ലേ? ഇത് ചെയ്യേണ്ടത് ക്യാബിനറ്റിന്റെ സഹായത്താലും നിർദേശാനുസരണവുമല്ലേ? ഗവർണർ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ ബാധ്യത നിർവഹിക്കാൻ ഗവർണർ ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കുന്ന ഷംസീർ സിങ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിലെ 1975 ലെ സുപ്രീംകോടതിയുടെ വിധി, നിയമസഭ ചേരാനുള്ള ക്യാബിനറ്റിന്റെ തീരുമാനം ഗവർണർ നടപ്പാക്കിയേ പറ്റൂ എന്ന് വ്യക്തമാക്കുന്ന രാമേശ്വരപ്രസാദ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ സുപ്രീംകോടതിയുടെ വിധി, എൻസിടി ഓഫ് ഡൽഹി യൂണിയൻ ഓഫ് ഇന്ത്യ(2017) കേസിൽ സുപ്രീംകോടതിയുടെ വിധി തുടങ്ങിയവ ഗവർണറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ? കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച സർക്കാരിയാ കമീഷൻ റിപ്പോർട്ട് ഇതിനെ സാധൂകരിക്കുന്ന കാര്യവും ഗവർണറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമല്ലോ. ഇതെല്ലാം വ്യക്തമാക്കുന്നത്, ഭരണഘടന ആർട്ടിക്കിൾ 163 പ്രകാരം ക്യാബിനറ്റിന്റെ തീരുമാനപ്രകാരം എടുക്കുന്ന നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള ശുപാർശ സ്വീകരിക്കാൻ ഭരണഘടനാപരമായി ഗവർണർ ബാധ്യസ്ഥനാണ് എന്നതാണ്. ഇതിന്റെ വെളിച്ചത്തിലാണ് 2020 ഡിസംബർ 23ന് അടിയന്തരമായി ഏകദിന സമ്മേളനം വിളിച്ചുചേർക്കാൻ 2020 ഡിസംബർ 21ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ച് ഗവർണറെ അറിയിച്ചത്. ഭരണഘടന ആർട്ടിക്കിൾ 208 പ്രകാരം രൂപംകൊടുത്ത നിയമസഭാ ചട്ടങ്ങൾ അനുസരിച്ച് പ്രമേയം ചർച്ചയ്‌ക്കെടുക്കാൻ അടിയന്തര ഘട്ടത്തിൽ നിയമസഭയ്‌ക്ക് ബാധ്യതയുണ്ട്. ഇതിന് 15 ദിവസത്തെ നോട്ടീസ് ആവശ്യമില്ല എന്ന് ചട്ടത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും 15 ദിവസത്തെ നോട്ടീസ് വേണമെന്ന് ഗവർണർ പറയുന്നത് മനസ്സിലാകുന്നില്ല.
ചുരുക്കത്തിൽ നിയമസഭയുടെയും സ്പീക്കറുടെയും ഗവൺമെന്റിന്റെയും അവകാശത്തെ വ്യക്തിപരമായ സംതൃപ്തിക്കായി വിവേചനാധികാരമെന്ന വ്യാജേന ഹനിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഗവർണർ പറയുന്നത് അടുത്ത ദിവസം ബിജെപി നേതാക്കൾ ഏറ്റുപിടിക്കുന്നത് രാജ്ഭവന്റെ പ്രതിച്ഛായയെയാണ് ബാധിക്കുക എന്ന കാര്യവും വിനയത്തോടെ ഓർമപ്പെടുത്തുന്നു.
എ കെ ബാലൻ
No comments:
Post a Comment