ചെറുകിട, ഇടത്തരം വ്യാപാരികളെ ഉദ്ദേശിച്ചാണ് ഇതെഴുതുന്നത്. ദേശീയ തലസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കർഷകസമരം കൊടുമ്പിരിക്കൊള്ളുകയാണല്ലോ. ഈ സമരത്തെക്കുറിച്ച് ഇന്ത്യയിലെ വ്യാപാരികളുടെ സംഘടനകൾ കാര്യമായി എങ്ങും പ്രതികരിച്ചതായി കണ്ടില്ല. കരാർ കൃഷി, താങ്ങുവില തുടങ്ങിയ കാര്യങ്ങളിൽ പാസാക്കപ്പെട്ട നിയമങ്ങൾക്കെതിരായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ തങ്ങൾക്ക് പ്രതികരിക്കേണ്ടതായ ഒന്നുമില്ലെന്ന നിഗമനമാകാം ഇതിനു കാരണം. എന്നാൽ, അനതിവിദൂര ഭാവിയിൽ കർഷകരേക്കാൾ പതിന്മടങ് പ്രതികൂലമായി ഈ നിയമങ്ങൾ ബാധിക്കാൻ പോകുന്ന വിഭാഗമാണ് ചെറുകിട, ഇടത്തരം വ്യാപാരസമൂഹം. ദീർഘകാലാടിസ്ഥാനത്തിൽ, ഇന്ന് കാണുന്ന, കോടിക്കണക്കിന് സാധാരണക്കാർ ജീവസന്ധാരണത്തിന് ആശ്രയിക്കുന്ന വ്യാപാരമേഖലയെ പൂർണമായും തുടച്ചുനീക്കുന്നതിനുള്ള ചുഴികൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് ഈ നിയമങ്ങൾ.
മൂന്ന് നിയമമാണ് സെപ്തംബർ 27ന് പാർലമെന്റിൽ പാസാക്കിയത്. പ്രൈസ് അഷ്വറൻസ് ആൻഡ് സർവീസസ് ബിൽ, ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് ബിൽ, അവശ്യസാധന ഭേദഗതിനിയമം എന്നിവയാണ് അവ. ഇതിൽ ഒടുവിൽ പറഞ്ഞതാണ് വ്യാപാരമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാൻ പോകുന്നത്. ഒരുപക്ഷേ, ഇതിൽ ഒളിഞ്ഞിരിക്കുന്ന സൂക്ഷ്മമായ മർമം കൃത്യമായി വിശകലനം ചെയ്യപ്പെടാതെ പോകുന്നതാകാം വ്യാപാരസംഘടനകളുടെ ഇന്നത്തെ നിസ്സംഗതയ്‌ക്ക് കാരണം.
കൃത്രിമക്ഷാമം സൃഷ്‌ടിക്കുവാൻ നീക്കം
1955ലെ അവശ്യസാധന നിയമം അനുസരിച്ച് അരിയും ഗോതമ്പും ഉൾപ്പെടെയുള്ള ധാന്യങ്ങൾ, പയർ പരിപ്പ് വർഗങ്ങൾ, ഉരുളക്കിഴങ്ങ്, ഉള്ളി, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ശേഖരണത്തിനും വിതരണത്തിനും നിയന്ത്രണങ്ങളുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാകുന്നു എന്നതാണ് ഈ നിയമഭേദഗതിയുടെ ഫലം. അതായത്, സപ്ലൈ ശൃംഖലയിലെ ആർക്കും ഈ ഉൽപ്പന്നങ്ങൾ എത്ര അളവിലും ശേഖരിച്ച് സൂക്ഷിക്കാമെന്ന സാഹചര്യമാണ് ഇനിയുണ്ടാകാൻ പോകുന്നത്. സാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നതുവഴി കൃത്രിമക്ഷാമം സൃഷ്ടിച്ച് കമ്പോളത്തെ വരുതിയിൽ കൊണ്ടുവരുന്നതിന് ആർക്കും കഴിയാതിരിക്കുന്നതിനാണ് ഈ നിയമം നടപ്പാക്കിയത്.
ഈ നിയമത്തിലെ ഭേദഗതി പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ റീറ്റെയ്ൽ രംഗത്തേക്ക് ആനയും അമ്പാരിയുമായി കടന്നെത്തിയിരിക്കുന്ന വൻകിട കോർപറേറ്റ് സ്ഥാപനങ്ങൾ ചരക്കുകൾ വൻതോതിൽ അവരുടെ പാണ്ടികശാലകളിൽ സ്റ്റോക്ക് ചെയ്യും. കരാർകൃഷി സമ്പ്രദായം, പ്രാദേശിക മാർക്കറ്റുകളുടെ പടിപടിയായുള്ള തകർച്ച എന്നിവ വഴി രാജ്യത്തെ മുഴുവൻ വിളവിന്റെയും സിംഹഭാഗവും ഏതാനും കുത്തകകളുടെമാത്രം നിയന്ത്രണത്തിലാകും.
റിലയൻസ് പോലുള്ള ഇത്തരം ഭീമൻ കോർപറേറ്റുകൾക്ക് സ്വന്തമായി റീറ്റെയ്ൽ ഷോപ്പുകളുടെ ശൃംഖലയുള്ളപ്പോൾ അവശ്യസാധനങ്ങളുടെ മാർക്കറ്റിന്റെ നിയന്ത്രണം പൂർണമായും അവരുടെ കൈകളിലേക്ക് മാറും. അങ്ങനെ വരുന്നതോടെ ഉൽപ്പാദനംമുതൽ അന്തിമ ഉപഭോക്താവുവരെ നീളുന്ന സപ്ലൈ ചെയിൻ പൂർണമായും അവരുടെമാത്രം നിയന്ത്രണത്തിലാകും. അതുകൊണ്ട് രാജ്യത്ത് പ്രവർത്തിക്കുന്ന റീറ്റെയ്ൽ വ്യാപാരികൾക്ക് ആവശ്യാനുസരണം ചരക്കുകൾ കിട്ടാതെ വരും. ഇതിന് പ്രധാന കാരണം ചരക്കുകളുടെ മൊത്തം സംഭരണവും ചില്ലറ വിൽപ്പനയും ഏതാനും ചില കമ്പനികൾക്കാകുമ്പോൾ വിതരണശൃംഖലയിലെ ഓരോ ഘട്ടത്തിലെയും മൂല്യവർധനയുടെ നേട്ടം പൂർണമായും അവർക്ക് ലഭ്യമാകുന്നു എന്നതാണ്. അതുകൊണ്ട്, തങ്ങളുടെ ഷോപ്പുകൾ വഴി സാധനങ്ങൾ വിൽക്കാം എന്ന നിശ്ചയത്തിലേക്ക് അവർ എത്തുന്നതോടെ സാധാരണ കച്ചവടക്കാർക്ക് ചരക്കുകളുടെ ലഭ്യത അപ്രാപ്യമായി മാറും. വായ്പയെടുത്തും മറ്റും വ്യാപാരം തുടരാം എന്ന് കച്ചവടക്കാർ തീരുമാനിച്ചാലും കടയിൽ ചരക്കില്ലാതെ എങ്ങനെ ഇടപാടുകൾ നടക്കും ? സ്റ്റോക്ക് ചെയ്തിരിക്കുന്ന കമ്പനികൾ അത് മറ്റ് വ്യാപാരികൾക്ക് വിൽക്കാൻ തയ്യാറായാലല്ലേ ഇത് സാധ്യമാകൂ. വിദേശത്താണ് കൂടുതൽ വില ലഭിക്കുന്നതെങ്കിൽ കയറ്റുമതി നടത്തുന്നതിനായിരിക്കും അവരുടെ ഊന്നൽ.
ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലെ അവശ്യസാധന വിതരണരംഗത്തെ മാറ്റം ഇപ്രകാരമായിരിക്കും. തൽക്കാലം മൊത്തം ചരക്കിന്റെ ഒരു ഭാഗം ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് നൽകുന്നു എന്നുതന്നെ കരുതുക. അപ്പോഴും കുത്തകകൾ നിശ്ചയിക്കുന്ന വിലയ്‌ക്കേ അത് ലഭ്യമാകൂ. അതായത്, അവർ നിശ്ചയിക്കുന്ന വിലയ്‌ക്ക് ചരക്കുകൾ വാങ്ങി അവരുടെതന്നെ റീറ്റെയ്ൽ സ്റ്റോറുകളുമായി മത്സരിച്ച് വിൽക്കേണ്ട അവസ്ഥ സംജാതമാകും. ഇപ്പോൾത്തന്നെ റിലയൻസ്, ആമസോൺ, വാൾമാർട്ട്, മോർ തുടങ്ങിയ വൻകിട കോർപറേറ്റുകളുമായും ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങളുമായും മത്സരിച്ച് നിലനിൽക്കാൻ കഴിയാതെ ഇന്ത്യയിലെമ്പാടും നിരവധി വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെട്ട് കഴിഞ്ഞു. ക്യാഷ് ഇടപാടുകൾ പരിമിതമാക്കാനുള്ള ആസൂത്രിതനീക്കം കേന്ദ്ര സർക്കാർ നടത്തുന്നത് ചെറുകിട വ്യാപാരികളെ തുടച്ചുനീക്കുന്നതിന് കോർപറേറ്റുകൾ വഴിയൊരുക്കിക്കൊടുക്കുന്നതിന് കൂടിയാണ്. നോട്ട് നിരോധനം ഇതിനുള്ള അടിസ്ഥാനശില പാകലായിരുന്നു.
ബില്ലുകൾ പാസാക്കാൻ സഹായിച്ചവർ ആര്
2020 ജൂലൈ 15ന് റിലയൻസിന്റെ ഓഹരിഉടമകളുടെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി നടത്തിയ പ്രസംഗം ഇവിടെ പ്രത്യേകം പ്രസക്തമാണ്. അതിനുശേഷമാണ് കാർഷികനിയമങ്ങൾ പാസാക്കുന്നതിന് അസാധാരണ വേഗം കൈവന്നതും പിന്നീട് ദോശ ചുടുന്ന ലാഘവംപോലുമില്ലാതെ അവ പാസാക്കിയെടുത്തതും. ഇപ്പോൾ നടക്കുന്ന സമരങ്ങളിൽ കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷ പാർടികൾക്കും ധാർമിക അവകാശംപോലുമില്ല. കാരണം, കോർപറേറ്റ് താൽപ്പര്യങ്ങളോട് ലേശംപോലും ഉളുപ്പില്ലാതെ വിധേയത്വം പ്രകടമാക്കി ബില്ലുകൾ പാസാക്കാൻ കൈപൊക്കിയവരാണ് പ്രതിപക്ഷത്തിരിക്കുന്ന പല കക്ഷികളും.
അന്നത്തെ യോഗത്തിൽ മുകേഷ് അംബാനി കമ്പനിയുടെ ഭാവിപരിപാടികളെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ രണ്ടു മേഖലയ്‌ക്കാണ് ഊന്നൽ നൽകിയിരുന്നത്. ടെലികോം, റീറ്റെയ്ൽ വ്യാപാരം എന്നിവയാണ് അവ. ഇതഃപര്യന്തം തങ്ങൾക്ക് വ്യക്തമായ മുൻതൂക്കമുള്ള എണ്ണശുദ്ധീകരണ മേഖലയിൽനിന്ന് ചുവടുമാറ്റി ടെലികോം, റീറ്റെയ്ൽ മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള വ്യക്തമായ സന്ദേശം യോഗത്തിൽ അദ്ദേഹം നൽകുകയുണ്ടായി. തന്റെ പ്രസംഗത്തിന്റെ സിംഹഭാഗവും അദ്ദേഹം വിനിയോഗിച്ചത് ഈ രണ്ടു ബിസിനസ് മേഖലയെക്കുറിച്ച് പറയുന്നതിനായിരുന്നു. റിലയൻസ് ജിയോയെക്കുറിച്ച് നീണ്ട പ്രതിപാദനം നടത്തിയ അദ്ദേഹം റിലയൻസ് റീറ്റെയിലിന്റെ അഭൂതപൂർവമായ വളർച്ചയെക്കുറിച്ചും ഏറെ വാചാലനാകുന്നുണ്ട്. റിലയൻസ് റീറ്റെയ്ൽ കമ്പനി 2019--20 നേടിയ വിറ്റുവരവ് 162,936 കോടി രൂപയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ബിസിനസ് എട്ടിരട്ടിയും ലാഭം 11 ഇരട്ടിയുമായി വർധിച്ചു. നിലവിൽ രാജ്യത്തെ 200 നഗരത്തിലായി 12,000 റീറ്റെയ്ൽ സ്റ്റോർ നടത്തുന്ന റിലയൻസ് ജിയോ മാർട്ട് ശൃംഖല അതിവിപുലമാക്കുന്നതിനാണ് കമ്പനിയുടെ പദ്ധതി. ഇതിനായി രാജ്യമെമ്പാടും ചില്ലറ വ്യാപാര സ്ഥാപനങ്ങൾ (കിരാന സ്റ്റോറുകൾ)] തുറക്കാനാണ് പദ്ധതി. പ്രാദേശിക വ്യാപാരികളുമായി സഹകരിച്ച് അവർക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ലഭ്യമാക്കി വിൽപ്പന നടത്തുക എന്ന രീതിയിലാണ് ഇതിന്റെ തുടക്കം. മുംബൈയിലെ താനെയിൽ ആരംഭിച്ച റിലയൻസ് മാർട്ടിന്റെ ഓൺലൈൻ കിരാന സ്റ്റോറുകൾ ഇതിനകം ആറായിരമായി ഉയർന്നു.
ഉൽപ്പാദന‐വിതരണശൃംഖല കോർപറേറ്റുകൾക്ക്
വ്യാപകമായി റീറ്റെയ്ൽ സ്റ്റോറുകൾ തുറക്കുന്നതിനുപുറമെ ഫെയ്‌സ്ബുക്കുമായി സഹകരിച്ച് ഓൺലൈൻ വ്യാപാരരംഗത്തും വൻ നിക്ഷേപത്തിനാണ് ജിയോ മാർട്ട് ഒരുങ്ങുന്നത്. റിലയൻസ് നടത്തുന്ന ഈ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് കാർഷികവിളകളുടെ ഉൽപ്പാദനംമുതൽ ഉപഭോക്താവിന് അത് ലഭിക്കുന്നതുവരെയുള്ള വിതരണശൃംഖല പൂർണമായും കൈപ്പിടിയിലൊതുക്കാൻ കോർപറേറ്റുകൾക്ക് അവസരം ഒരുക്കുന്ന വിധത്തിൽ കാർഷിക ബില്ലുകൾ പാസാക്കിയെടുക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കാർഷികോൽപ്പന്നങ്ങളുടെ മാത്രമല്ല, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഫാഷൻ തുടങ്ങിയ സാധാരണക്കാരന് ആവശ്യമായ എല്ലാ സാധനങ്ങളുടെയും വിതരണരംഗം കൈയടക്കുന്നതിനാണ് റിലയൻസിന്റെ നീക്കം. ഈ മേഖലയിൽ മത്സരിക്കുന്ന വിദേശ കമ്പനികൾ അടക്കമുള്ളവയെ തകർക്കുന്നതിനോ കൈപ്പിടിയിൽ ഒതുക്കുന്നതിനോ റിലയൻസ് നടത്തുന്ന നീക്കങ്ങളും ശ്രദ്ധേയമാണ്.
എപ്രകാരമാണോ ബിഎസ്എൻഎൽ, വോഡ–-ഐഡിയ, എയർടെൽ തുടങ്ങിയ സ്ഥാപനങ്ങളെ ഒതുക്കി ജിയോ കുതിക്കുന്നത്, അതേപ്രകാരം ചില്ലറ വിൽപ്പനരംഗത്തും ഈ കമ്പനിയുടെ ഗൂഢനീക്കങ്ങൾ തകൃതിയാണ്. ഫ്യൂച്ചർ ഗ്രൂപ്പ് വാങ്ങിയതിനെ ചൊല്ലി ആമസോണുമായി ഇപ്പോൾ കേസ് നടക്കുകയാണ്. വാൾമാർട്ട് ഇന്ത്യയിൽ ഏറെക്കുറെ കട്ടയും പടവും മടക്കുന്ന മട്ടിലാണ്. അതിർത്തി സംഘർഷത്തിന്റെ പേരുപറഞ്ഞ് ചൈനീസ് കമ്പനികളെ കേന്ദ്ര സർക്കാർതന്നെ ഒതുക്കിക്കൊടുക്കുന്നു. ഇത്തരത്തിൽ കേന്ദ്ര സർക്കാരിന്റെ കൃത്യമായ പിന്തുണയോടെ ഏതാനും കുത്തക കമ്പനികൾ അടക്കിവാഴാൻ പോകുന്ന ചില്ലറവിൽപ്പനരംഗത്ത് പരമ്പരാഗത വ്യാപാരികളുടെ പ്രസക്തി എവിടെയാണെന്ന് അവർ തന്നെയാണ് ചിന്തിക്കേണ്ടത്. ഒരേസമയം കച്ചവടക്കാരെയും ജനങ്ങളെയും കീഴ്പെടുത്തുന്നതിന് മൂലധനശക്തികൾ മുടിയഴിച്ചിട്ട് ആടുമ്പോൾ ഭൂരിപക്ഷം വ്യാപാരികളും നിശ്ശബ്ദരായിരിക്കുന്നത് അത്ഭുതം ഉളവാക്കുന്ന കാര്യമാണ്. സംഘപരിവാരത്തിലെ പുതിയ അംഗങ്ങളായ സിബിഐ, ഇഡി, ആദായനികുതി വകുപ്പ് എന്നിവരെ ഉപയോഗിച്ച് വ്യാപാരിസമൂഹത്തെ നിശ്ശബ്ദരാക്കാനുള്ള മരുന്ന് ഭരണപക്ഷത്തിന്റെ കൈയിൽ ആവോളമുണ്ടെന്നത് വസ്തുതയാണ്. പക്ഷേ, നിശ്ശബ്ദരായിരിക്കുന്നതിലൂടെ വിനാശം വിലയ്ക്കുവാങ്ങുകയാണ് ഇന്ത്യയിലെ വ്യാപാരിസമൂഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ജോർജ് ജോസഫ്
No comments:
Post a Comment