തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയിൽ ഉലഞ്ഞ യുഡിഎഫിൽ കോൺഗ്രസിനെ നിർത്തിപ്പൊരിച്ച് ഘടകകക്ഷികൾ. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് മുസ്ലിംലീഗും ആർഎസ്‌പിയും ആവശ്യപ്പെട്ടു.
ശനിയാഴ്‌ച ചേർന്ന യുഡിഎഫ് യോഗത്തിനു മുന്നോടിയായി കോൺഗ്രസ് നേതാക്കളെ കണ്ടാണ് ലീഗും ആർഎസ്‌പിയും ഇക്കാര്യം ഉന്നയിച്ചത്. ആദ്യം ഹൈക്കമാൻഡിന് കത്തയക്കാനും ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കാണാനുമാണ് ലീഗ് നീക്കം. നിലവിലെ സ്ഥിതിയിൽ ശക്തമായ അമർഷമുണ്ടെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും ആർഎസ്‌പി നേതാവ് ഷിബു ബേബിജോൺ പരസ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു.
നേതൃത്വത്തിന്റെ അനൈക്യമാണ് സമ്പൂർണ തോൽവിയിലേക്ക് നയിച്ചത്. ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കണം. ഈ നിലയിൽ മുന്നോട്ടുപോകാനാകില്ല. തോൽവി അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. പരാജയം വിലയിരുത്താൻ ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ എല്ലാ ഘടകകക്ഷികളും തുറന്നടിച്ചു.
ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാൻ നടപടി വേണം.
ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് വിനയായി. മലബാറിൽ മാത്രം ഒതുങ്ങിയ യുഡിഎഫ് ജമാഅത്തെ ഇസ്ലാമി സഖ്യം സംസ്ഥാനത്താകെ ചർച്ചയാക്കിയത് കോൺഗ്രസ് നേതാക്കളുടെ പരസ്പരവിരുദ്ധമായ പ്രതികരണങ്ങളാണ്–- പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഘടകകക്ഷികൾക്ക് സീറ്റ് നൽകിയശേഷം കോൺഗ്രസുകാർ റിബലായി മത്സരിക്കുന്ന രീതിക്കെതിരെയും വിമർശനമുയർന്നു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാത്രമാണ് കോൺഗ്രസിനെ യോഗത്തിൽ കടന്നാക്രമിക്കാതിരുന്നത്. ജോസ് കെ മാണി മുന്നണി വിട്ടത് ദോഷമുണ്ടാക്കിയിട്ടില്ലെന്ന് വാദിച്ച മോൻസ് ജോസഫ് തങ്ങളുടെ സീറ്റുകൾ നിലനിർത്തിയെന്നും വാദിച്ചു.
യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലും ലീഗിന്റെ അധീശത്വം പ്രകടമായി. യുഡിഎഫ് കൺവീനർ എം എം ഹസ്സനോ മുല്ലപ്പള്ളിയോ ഉമ്മൻചാണ്ടിയോ ഒരക്ഷരം മിണ്ടിയില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആമുഖത്തിനുശേഷം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. പാളിച്ച സംഭവിച്ചതായി സമ്മതിക്കുന്നുവെന്നും തിരുത്തൽ വരുത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലമുണ്ടാക്കിയ തിരിച്ചടിയിൽ കോൺഗ്രസ് വിറങ്ങലിച്ചു നിൽക്കുകയാണ്. കെ മുരളീധരനെയും കെ സുധാകരനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പോസ്‌റ്റുകളുയർന്നു.
കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്‌ണയെ ബിജെപി ഏജന്റാണെന്ന് വിളിച്ചും പോസ്‌റ്റർ വന്നു. മുല്ലപ്പള്ളി ഒഴിയുന്നതാണ് നല്ലതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ചാനലുകളിൽ പറഞ്ഞു. ദിവസം മൂന്നുനേരം വാർത്താസമ്മേളനം നടത്തിയാൽ മാത്രം രക്ഷപ്പെടില്ലെന്ന് യൂത്തുകോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പെയ്‌തു.
വിജേഷ് ചൂടൽ
വെല്‍ഫെയറുമായി ഭരണം പങ്കിടുമോ? ഉത്തരമില്ലാതെ യുഡിഎഫ് നേതാക്കള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ടിയുമായി അധികാരം പങ്കിടുമോ എന്ന് വ്യക്തമാക്കാതെ യുഡിഎഫ് നേതാക്കള്‍. യുഡിഎഫ് ഏകോപന സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത്.
മതമൗലികവാദ സംഘടനകളുടെ പിന്തുണ വാങ്ങി യുഡിഎഫ് അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് ഒരുനേതാക്കളും ഉത്തരം നല്‍കിയില്ല. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി യോജിച്ച് പോകാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി വെല്‍ഫെയറിനെക്കുറിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.
21ന് എല്ലാ ജില്ലകളിലും യുഡിഎഫ് യോഗം ചേരും. ജനുവരി 9ന് ഏകോപന സമിതി യോഗം ചേരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.
No comments:
Post a Comment