പ്രധാനമന്ത്രിക്ക് രക്തംകൊണ്ട് കത്ത് ; അംബാനി, അദാനി ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധം ; ഹരിയാനയിലെ ടോൾ ബൂത്തുകൾ തുറന്നുകൊടുക്കും
കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സ്വന്തം രക്തംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി. സിൻഘു സമരകേന്ദ്രത്തിലെ ക്യാമ്പിൽ രക്തം നൽകിയാണ് കർഷകർ അത് ഉപയോഗിച്ച് കത്തെഴുതിയത്. ലുധിയാന ആസ്ഥാനമായ സന്നദ്ധസംഘടന സജ്ജീകരിച്ച ക്യാമ്പിൽ നൂറുകണക്കിനുപേർ രക്തദാനം നടത്തി.
ഇന്ത്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധിക്കും
ഹരിയാനയിലെ ടോൾ ബൂത്തുകൾ 26, 27,28 തീയതികളിൽ തുറന്നുകൊടുത്ത് പ്രതിഷേധിക്കുമെന്ന് സിൻഘുവിൽ വാർത്താസമ്മേളനത്തിൽ സമരസമിതി നേതാവ് കുൽവന്ത് സിങ് സന്ധു പറഞ്ഞു. 25ന് പ്രവാസി പഞ്ചാബികൾ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് മുന്നിൽ പ്രതിഷേധിക്കും.
റിപ്പബ്ലിക് ദിനപരേഡിൽ മുഖ്യാതിഥിയാകുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അവിടത്തെ എംപിമാർക്ക് കത്തെഴുതുമെന്നും സന്ധു പറഞ്ഞു.
ലോങ് മാർച്ച് മുന്നേറുന്നു
അഖിലേന്ത്യ കിസാൻസഭ നാസിക്കിൽനിന്ന് ആരംഭിച്ച ലോങ്‌മാർച്ച് ഡൽഹിയിലേക്ക് പ്രയാണം തുടരുന്നു. വിവിധ കേന്ദ്രങ്ങളിൽ ആവേശകരമാണ് സ്വീകരണം. കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ജെ പി ഗവിത്, കിസാൻ ഗുജർ, അജിത് നവാലെ, സുനിൽ മലുസാരെ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച്.
മുംബൈയിൽ പ്രക്ഷോഭം ശക്തം
കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുംബൈയിൽ കർഷകരുടെ പ്രതിഷേധം ശക്തമായി. മുംബൈ സബ്‌അർബൻ ജില്ലാ കലക്‌ട്രേറ്റിനുമുന്നിലും ബാന്ദ്രയിലും മറ്റും കർഷകർ പ്രതിഷേധം അരങ്ങേറി. പുതിയ മൂന്ന് കാർഷിക നിയമം കോർപറേറ്റ് അനുകൂലമാണ്. കർഷക അനുകൂല നിയമങ്ങളാണ് വേണ്ടതെന്ന് ഇവർ ആവശ്യപ്പെട്ടു. ഈ നിയമങ്ങൾവഴി മിനിമം താങ്ങുവില ഇല്ലാതാകുന്നതോടെ കർഷകർ വൻ കോർപറേറ്റുകളുടെ ദയയ്ക്ക് കാത്തുനിൽക്കേണ്ടിവരുമെന്നും കർഷകർ പറഞ്ഞു. മഹാരാഷ്‌ട്ര മന്ത്രി ബാച്ചു കാഡുവിന്റെ നേതൃത്വത്തിലുള്ള പ്രഹാർ ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകളാണ് പ്രതിഷേധം നടത്തിയത്. സിപിഐ എം, സിപിഐ തുടങ്ങി ഇടതുപക്ഷ സംഘടനകളും പ്രക്ഷോഭത്തിന്റെ മുന്‍പന്തിയിലുണ്ട്.
ബഹുജനസംഘടനകൾ ഏറ്റെടുക്കും
കർഷകപ്രക്ഷോഭം വിജയിപ്പിക്കാൻ രാജ്യവ്യാപക പോരാട്ടത്തിന് ബഹുജനസംഘടനകളും. പ്രക്ഷോഭം ഏറ്റെടുക്കാൻ ബഹുജനസംഘടനകളുടെ യോഗം തീരുമാനിച്ചു. കർഷക സംയുക്തസമരസമിതി നേതൃത്വത്തിൽ ബുധനാഴ്‌ച നടക്കുന്ന ‘കർഷകപോരാട്ടത്തിന് പിന്തുണയായി ഉച്ചഭക്ഷണം ഉപേക്ഷിക്കൽ’ പരിപാടി വിജയിപ്പിക്കുമെന്ന് അവോയ് മുഖർജി(ഡിവൈഎഫ്‌ഐ), ഗൗതം മോഡി(എൻടിയുഐ), പൂനം(പിഎംഎസ്), പ്രശാന്ത്(എഐഡിഎസ്‌ഒ) എന്നിവർ അറിയിച്ചു. കർഷകസമരത്തിന് ഒരു മാസം തികയുന്ന 26ന് രാജ്യവ്യാപകമായി ‘അംബാനി, അദാനി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കൽ’ പ്രചാരണം സംഘടിപ്പിക്കും.
ജിയോ മൊബൈൽ, ഫോർച്യൂൺ ഭക്ഷ്യഉൽപന്നങ്ങൾ, റിലയൻസ് പെട്രോൾ പമ്പുകൾ എന്നിവ ബഹിഷ്‌കരിക്കാൻ പ്രചാരണം നടത്തും. പ്രകടനം, റാലി, പോസ്‌റ്റർ പ്രദർശനം, പൊതുയോഗം എന്നിവ നടത്തും. സമൂഹമാധ്യമങ്ങളും പ്രചാരണത്തിന് ഉപയോഗിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘മൻ കി ബാത്ത്’ പ്രഭാഷണം നടത്തുന്ന 27ന് പകൽ11ന് ‘നുണകൾക്കെതിരെ പാത്രം കൊട്ടി’ പ്രതിഷേധിക്കാനുള്ള സംയുക്ത കർഷക സമരസമിതിയുടെ ആഹ്വാനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
അഖിലേന്ത്യ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികളായ ഹനൻ മൊള്ള, ഡോ. സുനിലം, ആശിഷ് മിത്തൽ, ഡോ. ദർശൻ പാൽ, പ്രേംസിങ് ഗെലാവത്, പി കൃഷ്‌ണപ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രക്ഷോഭകരെ വിരട്ടാന്‍ ആദായനികുതി റെയ്‌ഡ്
ന്യൂഡൽഹി> കർഷകപ്രക്ഷോഭത്തിന് പിന്തുണ നൽകുന്ന കമീഷൻഏജന്റുമാരെ (അർഹതീയ) ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. കഴിഞ്ഞദിവസം പഞ്ചാബിലെ 14 കമീഷൻ ഏജന്റുമാർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. ആറ് പേരുടെ ഓഫീസിലും വീടുകളിലും റെയ്‌ഡ് നടത്തി. ആദായനികുതി വകുപ്പിനെ രാഷ്ട്രീയ ആയുധമാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്‌ചമുതൽ വെള്ളിയാഴ്‌ചവരെ പഞ്ചാബിലെ എല്ലാ മണ്ഡികളും അടച്ചിടാൻ ഫെഡറേഷൻ ഓഫ് അർഹതീയ അസോസിയേഷൻസ് തീരുമാനിച്ചു.
കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ സ്വകാര്യ വ്യാപാരികൾക്കും സർക്കാർ ഏജൻസികൾക്കും എത്തിച്ചുനൽകുന്ന ഇടനിലക്കാരെന്ന നിലയിലാണ് കമീഷൻ ഏജന്റുകൾ പ്രവർത്തിക്കുന്നത്. പുതിയ കാർഷിക നിയമങ്ങൾ നിലവിൽ വന്നാൽ കമീഷൻ ഇനത്തിൽ വർഷം 2,000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന ആകുലത കമീഷൻ ഏജന്റുമാർക്കുണ്ട്. ഇതേത്തുടർന്നാണ് അവർ കർഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ആദായനികുതി വകുപ്പിനെ കാണിച്ച് വിരട്ടാനാണ് സർക്കാർ നീക്കമെങ്കിൽ അത് വിലപ്പോകില്ലെന്ന് ഫെഡറേഷൻ ഓഫ് അർഹതീയ അസോസിയേഷൻസ് പ്രസിഡന്റ് വിജയ്‌കാൽറ പറഞ്ഞു.
കമീഷൻ ഏജന്റുമാർക്ക് എതിരായ സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ചമുതൽ നിരാഹാര സമരം നടത്തുമെന്ന് സിംഘു അതിർത്തിയിലെ കർഷകർ അറിയിച്ചു.
കമീഷൻഏജന്റുമാർക്ക് എതിരായ നടപടികൾ ആദായനികുതി വകുപ്പ് അവസാനിപ്പിക്കണമെന്നും പിടിച്ചെടുത്ത രേഖകൾ തിരിച്ചുകൊടുക്കണമെന്നും- പഞ്ചാബ് കിസാൻ മോർച്ച നേതാവ് രുൾദു സിങ് മാൻസ പറഞ്ഞു. കർഷകപ്രക്ഷോഭത്തെ തളർത്തുന്നതിനാണ് കമീഷൻ ഏജന്റുമാർക്ക് എതിരെ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർസിങ് വിമർശിച്ചു.
കർഷക പ്രക്ഷോഭം : പ്രവാസികളുടെ സംഭാവന തടയാൻ നീക്കം
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കരുത്തോടെ തുടരുന്ന കർഷക പ്രക്ഷോഭത്തെ തകർക്കാനുള്ള ശ്രമങ്ങൾ ശക്തം. പ്രക്ഷോഭത്തിന് അനുകൂല നിലപാട് സുപ്രീംകോടതിയും സ്വീകരിച്ചതോടെയാണ് കർഷക ഐക്യം തകർക്കാനുള്ള പുതിയ ശ്രമങ്ങൾ സർക്കാർ തുടങ്ങിയത്. പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന പ്രധാന കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്(ബികെയു) വിദേശ സഹായം സ്വീകരിക്കാൻ അനുവാദമില്ലെന്ന് ബാങ്ക് മുന്നറിയിപ്പു നൽകി. വിദേശ വിനിമയ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ബാങ്കിന്റെ നടപടി. മോഗ ജില്ലയിലെ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ഇക്കാര്യം അറിയിച്ചെന്ന് ബികെയു ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിങ് കോക്രികലാൻ പറഞ്ഞു. പ്രവാസികളായ പഞ്ചാബ് സ്വദേശികൾ പണം സംഭാവന ചെയ്‌തത് ചൂണ്ടിക്കാട്ടിയാണ് നീക്കം.
പ്രവാസികളായ പഞ്ചാബുകാർ സഹായം നൽകുന്നത് അവരുടെ പ്രതിഷേധത്തിന്റെ ഭാഗമാണെന്നും അത് സ്വീകരിക്കുന്നതിൽ എന്താണ് തെറ്റെന്നും ബികെയു അധ്യക്ഷൻ ജോഗീന്ദർ ഉഗ്രാഹ ചോദിച്ചു. കമീഷൻ ഏജന്റുമാരിൽനിന്ന് (അർത്തിയാസ്) തങ്ങൾ പണം വാങ്ങുന്നില്ലെന്നും ഉഗ്രാഹ പറഞ്ഞു. കർഷക സംഘടനകൾക്കെതിരെ നികുതി നിയമങ്ങൾ ഉപയോഗിക്കുന്നത് കർഷക പ്രക്ഷോഭം തകർക്കാനുള്ള കേന്ദ്രസർക്കാർ ശ്രമത്തിന്റെ ഭാഗമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കുറ്റപ്പെടുത്തി. അർത്തിയാസുമാരെ ലക്ഷ്യമിട്ടും വ്യാപകമായി ആദായനികുതി റെയ്‌ഡുകൾ നടന്നു.
പട്യാല, നവൻഷഹർ, ഫിറോസ്‌പുർ ജില്ലകളിലായി പ്രധാന അർത്തിയാസ് സംഘടനാ നേതാക്കളുടെ വസതിയിലും ഓഫീസിലും 48 മണിക്കൂറുകൾക്കിടെ റെയ്‌ഡുണ്ടായി.
നിയമങ്ങളെ പ്രകീർത്തിച്ച് അദാനി ഗ്രൂപ്പ്
കേന്ദ്ര കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണമാണെന്ന് പ്രകീർത്തിച്ച് അദാനി ഗ്രൂപ്പ് പഞ്ചാബിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പത്ര മാധ്യമങ്ങളിൽ പരസ്യം നൽകി. തങ്ങളുടെ കമ്പനിക്കെതിരായ പ്രചാരണങ്ങൾ ശരിയല്ലെന്ന് അവകാശപ്പെട്ടാണ് മുഴുപ്പേജ് പരസ്യങ്ങൾ നൽകിയത്.
‘മോഡി സന്ദര്‍ശിക്കേണ്ടത് സമരകേന്ദ്രങ്ങള്‍’ : കെ കെ രാഗേഷ്
ഗുരുദ്വാര സന്ദർശിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകസമര കേന്ദ്രങ്ങളാണ് സന്ദർശിക്കേണ്ടിയിരുന്നതെന്ന് അഖിലേന്ത്യ കിസാൻസഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് എംപി. പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട 30ൽപരം കർഷകർക്കാണ് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിക്കേണ്ടത്. സിഖ് സന്യാസി ബാബാ രാംസിങ്ങിന്റെ അടക്കം മരണത്തിന് ഇടയാക്കിയത് കേന്ദ്രനയമാണ്. സമരത്തിന് പിന്തുണ അറിയിച്ച് പലരും അവാർഡ് തിരിച്ചുനൽകിയപ്പോള്‍ പ്രക്ഷോഭം വിജയിപ്പിക്കാന്‍ ജീവൻ നൽകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. കൊടും ശൈത്യത്തെ അവഗണിച്ച് 25 ദിവസത്തിലേറെയായി കർഷകർ സമരത്തിലാണ്. കരിനിയമം പിൻവലിക്കാതെ കേന്ദ്രം വ്യാജ പ്രചാരണം നടത്തുന്നു. കർഷക ഭവനത്തിൽ പോയി ഭക്ഷണം കഴിച്ചും ഗുരുദ്വാര സന്ദർശിച്ചും ഇല്ലാതാക്കാൻ കഴിയുന്നതല്ല കർഷകരോഷം–-രാഗേഷ് ചൂണ്ടിക്കാട്ടി.
കര്‍ഷക പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എ വിജയരാഘവന്‍ സമരഭൂമിയില്‍
ന്യൂഡല്‍ഹി > കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ സമരകേന്ദ്രത്തിലെത്തി. ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഘാസിപൂരിലാണ് വിജയരാഘവന്‍ പങ്കെടുത്തത്. പ്രക്ഷോഭത്തില്‍ പങ്കാളികളായ കര്‍ഷകരെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു.
കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം 25 ദിവസം പിന്നിട്ടു. പതിനായിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുന്ന ഈ പ്രക്ഷോഭത്തിനിടയില്‍ 33 കര്‍ഷകരാണ് മരണപ്പെട്ടിരിക്കുന്നത്. അതിശൈത്യം തുടരുമ്പോള്‍ പോലും കര്‍ഷകര്‍ക്കനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന പിടിവാശിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
No comments:
Post a Comment