കാഞ്ഞങ്ങാട് > ഡിവൈഎഫ്‌ഐ പ്രവർത്തകൻ കല്ലൂരാവിയിലെ ഔഫ് അബ്ദുറഹ്മാന്റെ കൊലയാളികൾ മുസ്ലിംലീഗ് നേതൃത്വവുമായി അടുത്ത് ബന്ധമുള്ളവർ. ഔഫ് കൊലചെയ്യപ്പെട്ട കല്ലൂരാവി മുണ്ടത്തോടിന് സമീപത്തുള്ളവരാണ് പ്രതികളായ ഇർഷാദ്, ഇസഹാക്ക‌്, ഹസൻ എന്നിവർ. ഇർഷാദ് യൂത്ത് ലീഗിന്റെ മുനിസിപ്പൽ സെക്രട്ടറിയാണ്. കാഞ്ഞങ്ങാടിന്റെ തീരദേശമേഖലയിൽ ലീഗ‌് നേതൃത്വം പോറ്റിവളർത്തുന്ന സാമൂഹ്യവിരുദ്ധസംഘത്തിന് നേതൃത്വം നൽകുന്നവരാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇവർ.
ഗൾഫിലും നാട്ടിലും ലീഗിനുവേണ്ടി പ്രവർത്തിക്കുന്ന ഈ സംഘം തെരഞ്ഞെടുപ്പുകാലങ്ങളിൽ നാട്ടിൽ സജീവമാകും. ഇരുളിന്റെ മറവിൽ എതിരാളികളെ ആക്രമിച്ചശേഷം ഗൾഫിലേക്ക‌് കടക്കുന്നതാണ് ശൈലി. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതൃത്വവുമായി ഇവർക്ക് അടുത്ത ബന്ധമാണ്. കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ഇവർ ആഘോഷിച്ചിരുന്നു. ബുധനാഴ‌്ച സന്ധ്യക്ക‌് പ്രതികളായ ഇർഷാദ്, ഇസഹാക്ക‌്, ഹസൻ എന്നിവരുടെ നേതൃത്വത്തിൽ കല്ലൂരാവിയിൽ പച്ച ലഡു വിതരണം ചെയ്‌തിരുന്നു. അതിനുപിന്നാലെയാണ് രാത്രി ബൈക്കിൽ പോകുന്നതുകണ്ട ഔഫിനെ കാത്തിരുന്ന്, മടങ്ങിവരുമ്പോൾ കുത്തിക്കൊലപ്പെടുത്തിയത്.
സമാധാനാന്തരീക്ഷം തകർക്കാൻ ലീഗ് ശ്രമിക്കുന്നു: സിപിഐ എം
തിരുവനന്തപുരം > സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി. കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹ്‌മാനെ മുസ്ലിംലീഗുകാർ നിഷ്‌ഠുരമായി കുത്തികൊന്നതിനെ സെക്രട്ടറിയറ്റ് ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയുംചെയ്‌തു.
ഗർഭിണിയായ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ പോകുകയായിരുന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലിംലീഗ് അക്രമത്തിലേക്ക് നീങ്ങുകയാണ്. പരമ്പരാഗത ശക്തിമേഖലയിലേറ്റ പരാജയമാണ് കൊലക്കത്തി കൈയിലെടുക്കാൻ ലീഗിനെ നിർബന്ധിതമാക്കിയത്. കാഞ്ഞങ്ങാട് സ്‌ത്രീകളെ ഉൾപ്പെടെ ആക്രമിച്ചിരുന്നത് ഇതിന് തെളിവാണ്. ലീഗിന് സമനിലതെറ്റിയാൽ അക്രമവും കൊലയും എന്ന നിലപാട് അവസാനിപ്പിക്കണം. അക്രമ പരമ്പരകൾക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം.
അഞ്ച് മാസത്തിനിടയിൽ ആറാമത്തെ പാർടി പ്രവർത്തകനെയാണ് അക്രമിസംഘം കൊലപ്പെടുത്തുന്നത്. സിപിഐ എമ്മിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താനാകില്ലെന്നത് ചരിത്രവസ്‌തുതയാണ്. ഔഫിന്റെ കൊലയാളികളെ ഒറ്റപ്പെടുത്താൻ എല്ലാവരും തയ്യാറാകണം. സംയമനം പാലിച്ച് കടുത്ത പ്രതിഷേധം എല്ലാവരും ഉയർത്തണമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം > കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകർ അക്രമത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ വരവ് ആഘോഷിച്ചത് കൊലയിലൂടെ: എ എ റഹീം
പരിയാരം > പിറക്കാനിരിക്കുന്ന കുഞ്ഞിനെയാണ് ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയതിലൂടെ മുസ്ലിംലീഗ് അനാഥമാക്കിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. വിശ്വാസത്തെക്കുറിച്ചും മതത്തെക്കുറിച്ചും വാചാലരാകുന്നവരാണല്ലോ ലീഗുകാർ. ഏതു മതഗ്രന്ഥമാണ് ഇങ്ങനെ മനുഷ്യത്വരഹിതമായി പെരുമാറാൻ പഠിപ്പിച്ചത്. ലീഗ് കോട്ടകളിൽ കാലിടറുന്നതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. ലീഗിന്റെ വിശ്വാസ്യത തകർന്നു. കുഞ്ഞാലിക്കുട്ടിയുടെ വരവ് മനുഷ്യനെ കൊന്നുതള്ളി ആഘോഷിക്കുകയാണ് ലീഗുകാർ. കാഞ്ഞങ്ങാടുൾപ്പെടെ വലിയ തകർച്ചയാണ് ലീഗ് നേരിടുന്നത്. ലീഗിന്റെ മുഴുവൻ ശക്തികേന്ദ്രങ്ങളിലും യൂണിറ്റ് രൂപീകരിക്കുമെന്നും റഹീം പറഞ്ഞു.
No comments:
Post a Comment