രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഈ ഖാരിഫ് സീസണില്‍ കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത് മിനിമം താങ്ങുവില(എംഎസ്‌പി)യെക്കാൾ കുറഞ്ഞ നിരക്കിൽ. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആകെ സംഭരിച്ച നെല്ലിന്റെ 77 ശതമാനത്തിനും നല്‍കിയത് എംഎസ്‌പിയെക്കാൾ കുറഞ്ഞ വില. കേന്ദ്ര കൃഷി വകുപ്പിന്റെ അഗ്‌മാർക്ക് നെറ്റ് പോർട്ടലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 22 സംസ്ഥാനത്തെ 292 ഭക്ഷ്യധാന്യസംഭരണകേന്ദ്രത്തില്‍നിന്നുള്ള വിവരമാണ് ലഭ്യമായത്. എംഎസ്‌പിയും കാര്‍ഷികോൽപ്പന്ന നിര്‍മാണ വിതരണ സമിതി(എപിഎംസി) വിപണിസമ്പ്രദായവും ഇല്ലാതാകുമെന്ന ആശങ്കയിൽ കിട്ടുന്ന വിലയ്‌ക്ക് നെല്ല് വിൽക്കുകയാണ് കർഷകർ.
ക്വിന്റലിന് 1,868 രൂപയാണ് കേന്ദ്രം പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവില. എന്നാൽ, കർഷകർക്ക് ലഭിക്കുന്നത് 1,150 രൂപവരെ മാത്രം. മെച്ചപ്പെട്ട വില ലഭിക്കുന്നത് എപിഎംസി വിപണി സംവിധാനം ശക്തമായ പഞ്ചാബിലും ഹരിയാനയിലുംമാത്രം. ഗുജറാത്തിൽ സംഭരിച്ചതിന്റെ 83 ശതമാനം നെല്ലിനും നല്‍കിയത് എംഎസ്‌പിയെക്കാൾ കുറഞ്ഞ വില. കർണാടകത്തിൽ 63 ശതമാനം, തെലങ്കാനയിൽ 60 ശതമാനം എന്നിങ്ങനെയാണ് താങ്ങുവിലയേക്കാള്‍ താഴ്ത്തി വിലനല്‍കിയുള്ള സംഭരണം. ചണ്ഡീഗഡിൽ 4.4 ലക്ഷം ടൺ നെല്ല് സംഭരിച്ചത് കുറഞ്ഞ വിലയ്ക്കാണ്.
പുതിയ കാർഷികനിയമങ്ങൾ വന്നതോടെ പല സംസ്ഥാനത്തും എപിഎംസി വിപണികളുടെ പ്രവർത്തനം മന്ദീഭവിക്കുകയാണ്. ജൂണിൽ ഓർഡിനൻസ് ഇറക്കിയതോടെ പരിഷ്‌കാരം നിലവിൽവന്നു. സെപ്‌തംബറിൽ ബില്ലുകൾ പാർലമെന്റിൽ തിരക്കിട്ട് പാസാക്കിയെടുത്തതോടെ രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. ഖാരിഫ് സീസൺ സംഭരണം ഒക്ടോബറിലാണ് തുടങ്ങിയത്.
എന്നാല്‍, കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്ന ഇടനിലക്കാരായ വ്യാപാരികൾ ഉയർന്ന വിലയിൽ അത് എഫ്‌സിഐയ്‌ക്കും ഇതര സർക്കാർ ഏജൻസികൾക്കും മറിച്ചുവിൽക്കുന്നു. ഈ കണക്ക് ചൂണ്ടിക്കാട്ടി സംഭരണം എംഎസ്‌പിയെക്കാൾ ഉയർന്ന വിലയിലാണെന്ന് സര്‍ക്കാരിന് അവകാശപ്പെടാനാകും. ഈ തട്ടിപ്പുകൾ തിരിച്ചറിഞ്ഞാണ് കർഷകർ സമരഭൂമിയിലേക്ക് പ്രവഹിക്കുന്നത്.
സാജൻ എവുജിൻ
No comments:
Post a Comment