Thursday, December 17, 2020

അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചു; കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം > സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഭരണഘടനാപരമായ അധികാരങ്ങളും അതിരുകളും നിര്‍ണയിച്ചിട്ടുണ്ട്. എന്താണോ കണ്ടെത്തേണ്ടത്, അതില്‍ നിന്ന് മാറി സര്‍ക്കാരിന്റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. ആരോപണങ്ങളുടെ സത്യം കണ്ടെത്താനുള്ള എല്ലാ അവകാശവും കേന്ദ്ര ഏജന്‍സികള്‍ക്കുണ്ട്. എന്നാല്‍ അവരുടെ അധികാരത്തിനപ്പുറത്തേക്ക് നീങ്ങുന്നത് അന്വേഷണ ഏജന്‍സികളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.


അന്വേഷണ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് വല്ലതും കണ്ടെത്താന്‍ കഴിയുമോ എന്ന് നിലയിലുള്ള പരതല്‍ ഏജന്‍സികളുടെ വിശ്വാസ്യത പൂര്‍ണമായി ഇല്ലാതാക്കും. സര്‍ക്കാരിന്റെ വികസന പരിപാടികളെ അതു തടസ്സപ്പെടുത്തും. സത്യസന്ധരും കഠിനാദ്ധ്വാനികളുമായ ഉദ്യോഗസ്ഥരുടെ മനോവീര്യം അതു നഷ്ടപ്പെടുത്തും. അന്വേഷണ ഏജന്‍സികളുടെ ഈ വഴിവിട്ട പോക്ക് സര്‍ക്കാര്‍ നേരിടുന്ന ഭരണപരമായ ഗൗരവ പ്രശ്‌നമാണ്. ഒരു ജനാധിപത്യ-ഫെഡറല്‍ സംവിധാനത്തില്‍ ഇതു ഒരിക്കലും അംഗീകരിക്കാനാവില്ല.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 2020 ജൂണില്‍ സ്വര്‍ണം കള്ളക്കടത്തു പിടിച്ചതുമായി ബന്ധപ്പെട്ട് ജൂലൈ 8ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്ന കാര്യം മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന  പ്രശ്‌നമായതുകൊണ്ട് കേന്ദ്ര ഏജന്‍സികളുടെ ഫലപ്രദവും ഏകോപിതവുമായ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തെഴുതിയിരുന്നത്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ ചില മുന്‍ ജീവനക്കാര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ 2020 ജൂലൈയിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വ്യക്തിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ മാറ്റി നിര്‍ത്തുകയും പിന്നീട് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. സ്വര്‍ണം കള്ളക്കടത്തായി അയച്ചതുമുതല്‍ അത് അവസാനം ഉപയോഗിച്ചതുവരെയുള്ള സംഭവങ്ങളിലെ വസ്തുത പുറത്തുവരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിച്ചത്. കസ്റ്റംസിന് പുറമെ എന്‍.ഐ.എയും അന്വേഷണം ആരംഭിച്ചു. പിന്നീട് ജൂലൈ 13ന് ഇ.ഡി.യും സെപ്തംബര്‍ 24ന് സി.ബി.ഐയും രംഗത്തു വന്നു.

സ്വര്‍ണ്ണക്കടത്തില്‍ എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ചില പ്രതികള്‍ക്ക് കമ്മീഷന്‍ കൊടുത്തുവെന്ന ആരോപണത്തിലേക്ക് ഇ.ഡി അന്വേഷണം വഴിതിരിഞ്ഞു. യു.എ.ഇ റെഡ്ക്രസന്റ്  പണം മുടക്കിയ പദ്ധതിയായിരുന്നു ഇത്. 140 വീടുകളും ഒരു വനിതാ-ശിശു ആശുപത്രിയും അവരുടെ ഫണ്ട് ഉപയോഗിച്ച് അവര്‍ നിശ്ചയിക്കുന്ന കരാറുകാരന്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. ഭവനരഹിതര്‍ക്ക് വീട് നല്‍കുന്ന ലൈഫ് മിഷിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലൈഫ് മിഷനിലൂടെ പാവപ്പെട്ട 2.5 ലക്ഷം പേര്‍ക്ക് ഇതിനകം വീട് നല്‍കിയിട്ടുണ്ട്. പ്രാദേശിക സ്ഥാപനങ്ങളുടെ സജീവമായ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ഒരു വീടിന് നാലു ലക്ഷം രൂപയാണ് നല്‍കുന്നത്. ഗുണഭോക്താവില്‍ നിന്ന് ഒരു വിഹിതവും ഈടാക്കുന്നില്ല എന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്.

ലൈഫ്മിഷന്‍ പദ്ധതിക്കെതിരെ കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ 2020 സെപ്തംബര്‍ 20ന് നല്‍കിയ പരാതി പ്രകാരം സെപ്തംബര്‍ 24ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നടപടിക്രമങ്ങള്‍ പാലിക്കാതെയും പ്രാഥമിക പരിശോധന നടത്താതെയും വളരെ ധൃതിപിടിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലൈഫ് മിഷനിലെ ?അറിയപ്പെടാത്ത ഉദ്യോഗസ്ഥരെ? പ്രതികളാക്കി കേസ് എടുത്തു. എന്നാല്‍ അന്വേഷണം ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയില്ല.

എഫ്‌സിആര്‍എ ലംഘനം ആരോപിച്ചാണ് കേസ്സെടുത്തത്. നേരത്തെ പറഞ്ഞതുപോലെ റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. കരാറുകാരനെ അവര്‍ തന്നെ നിശ്ചയിച്ചു. യു.എ.ഇ കോണ്‍സുലേറ്റും കരാറുകാരനും തമ്മില്‍ ധാരണാപത്രവും ഒപ്പുവെച്ചിട്ടുണ്ട്. വീടുകള്‍ പണിയേണ്ടതു സംബന്ധിച്ച് നിബന്ധനകള്‍ അറിയിക്കുക മാത്രമാണ് ലൈഫ് മിഷന്‍ ചെയ്തത്. അതല്ലാതെ ഈ പദ്ധതിയില്‍ ലൈഫ് മിഷന് നേരിട്ട് ഒരു പങ്കുമില്ല.

ലൈഫ് മിഷന്‍ സി.ഇ.ഒ ഫയല്‍ ചെയ്ത കേസില്‍ എഫ്‌ഐആറില്‍ ലൈഫ് മിഷനെ ചേര്‍ത്തതിന് എഫ്‌സിആര്‍എ വ്യവസ്ഥകള്‍ പ്രകാരമോ കോടതിക്ക് മുമ്പില്‍ വന്ന വസ്തുതകള്‍ പ്രകാരമോ ന്യായീകരണമില്ലെന്ന് കേരള ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്യുകയും ചെയ്തു.

എല്ലാ അധികാരപരിധിയും ലംഘിച്ചാണ് ലൈഫ് മിഷന്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇ.ഡി ആവശ്യപ്പെട്ടത്. ഒക്ടോബര്‍ 30ന് നല്‍കിയ സമന്‍സില്‍ പിറ്റേന്ന് രാവിലെ 10 മണിക്ക് മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധികള്‍ പോലും ലംഘിച്ചാണ് മുഴുവന്‍ രേഖകളു ചോദിച്ച് സമന്‍സ് നല്‍കിയത്. ഇതിന് പുറമെ, കേരള സര്‍ക്കാരിന്റെ പ്രധാന പദ്ധതികളായ കെ-ഫോണ്‍, ഇലക്ട്രേിക് വെഹിക്കിള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ രേഖകളും ഇ.ഡി ആവശ്യപ്പട്ടുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  

കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് ഗണ്യമായ പിന്തുണ നല്കുന്ന കിഫ്ബിയെക്കുറിച്ചം കാടടച്ചുള്ള അന്വേഷണത്തിന് ഇ.ഡി മുതിര്‍ന്നു. മസാല ബോണ്ടിന് അനുമതി നല്‍കിയതിന്റെ വിശദാംശം തേടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതി.

ഇ.ഡി. നടത്തുന്ന അന്വേഷണത്തിലെ പൊരുത്തക്കേടുകളും മുഖ്യമന്ത്രി ശ്രദ്ധയില്‍പെടുത്തി. പ്രതികളില്‍ ഒരാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ പണം സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ചതാണെന്നായിരുന്നു ആദ്യം ഇ.ഡി കോടതിയില്‍ പറഞ്ഞത്. പിന്നീട് അതില്‍ നിന്ന് മാറി കരാറുകാരനില്‍ നിന്ന് കമ്മീഷന്‍ വഴി ലഭിച്ച പണമാണെന്ന് റിപ്പോര്‍ട്ട് നല്‍കി.

സ്വര്‍ണക്കടത്തിനെക്കുറിച്ച് ഫലപ്രദവും ഏകോപിതവുമായ അന്വേഷണം നടത്തേണ്ട ഏജന്‍സികള്‍, അതൊഴികെ മറ്റെല്ലാം ചെയ്യുകയാണ്. പ്രതികളും സാക്ഷികളും നല്‍കുന്ന മൊഴികള്‍ സൗകര്യപൂര്‍വ്വം തെരഞ്ഞെടുത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. സമന്‍സ് അയച്ചാല്‍ അതു ബന്ധപ്പെട്ട ആള്‍ക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു.

ചില അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സര്‍ക്കാരിനെയും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരെയും അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിതവും നിരന്തരവുമായ പ്രചാരണമാണ് നടക്കുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കുന്ന രഹസ്യമൊഴികളിലെ ഉള്ളടക്കം ചോര്‍ത്തി നല്‍കുന്നത് ഇതിന് തെളിവാണ്.

അഞ്ചുമാസം കഴിഞ്ഞിട്ടും സ്വര്‍ണം അയച്ചവരെയോ അത് അവസാനം ലഭിച്ചവരേയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിദേശത്തുള്ള പ്രതികളെയും പ്രതികളെന്ന് സംശയിക്കുന്നവരെയും പിടികൂടുന്നതിനും കഴിഞ്ഞിട്ടില്ല. ഈ ഉത്തരവാദിത്തം നിര്‍വഹിക്കാതെ, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനമാണ് അന്വേഷണ ഏജന്‍സികള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

No comments:

Post a Comment