ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ പിൻവലിച്ചശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ഗുപ്‌കാർ ജനകീയസഖ്യത്തിന് വൻ മുന്നേറ്റം. ജില്ലാ വികസനകൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിൽ ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് ഗുപ്‌കാർ സഖ്യം 75 സീറ്റിൽ ജയിച്ചു. 39 സീറ്റിൽ ലീഡ് ചെയ്യുന്നു. 48സീറ്റ് ജയിച്ച ബിജെപി 22 സീറ്റിൽ മുന്നിലാണ്. ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസ് 13 സീറ്റുമാത്രം നേടി.
കുൽഗാമിൽ മത്സരിച്ച അഞ്ച് സീറ്റിലും സിപിഐ എം ജയിച്ചു. ജമ്മു ഡിവിഷനിൽ പ്രതീക്ഷിച്ചതുപോലെ ബിജെപിയാണ് മുന്നിൽ. ഇവിടെ 57 സീറ്റിൽ ബിജെപിയും 37 സീറ്റിൽ ഗുപ്‌കാർ സഖ്യവും മുന്നേറുന്നു. കശ്‌മീരിൽ ബിജെപിക്ക് ആദ്യജയം നേടാനായി. ശ്രീനഗറിൽ ഐജാസ് ഹുസൈനാണ് ജയിച്ചത്.
നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഐ എം, സിപിഐ, ജമ്മുകശ്‌മീർ പീപ്പിൾസ് കോൺഫറൻസ്, അവാമി നാഷണൽ കോൺഫറൻസ്, പീപ്പിൾസ് മൂവ്‌മെന്റ് എന്നീ പാർടികളാണ് ഗുപ്‌കാർ സഖ്യം. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ആദ്യം സഖ്യത്തിന്റെ ഭാഗമാകാൻ തയ്യാറായ കോൺഗ്രസ് പിന്നീട് പിന്മാറുകയായിരുന്നു.
280 ജില്ലാകൗൺസിൽ സീറ്റിലേക്ക് 4,200 ഓളം സ്ഥാനാർഥികളാണ് മത്സരിച്ചത്. നവംബർ 28 മുതൽ ഡിസംബർ 19 വരെ എട്ട് ഘട്ടമായിരുന്നു വോട്ടെടുപ്പ്. ജില്ലാകൗൺസിൽ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ കണ്ണുതുറപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് നാഷണൽകോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള പ്രതികരിച്ചു. ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന് എതിരായ വിധിയെഴുത്താണിതെന്നും അദ്ദേഹം പറഞ്ഞു.
പാലംവലിച്ച കോൺഗ്രസിന് തിരിച്ചടി
ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി പിൻവലിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പോരാടുന്ന ഗുപ്‌കാർ ജനകീയസഖ്യത്തിൽനിന്ന് അവസാനനിമിഷം പിന്മാറിയ കോൺഗ്രസിന് ഡിഡിസി തെരഞ്ഞെടുപ്പിൽ ഏറ്റത് കനത്ത തിരിച്ചടി. സഖ്യത്തിന്റെ ഭാഗമല്ലാതെ ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസിന്റെ നില പരുങ്ങലിലായി. എല്ലാ മുഖ്യധാരാപാർടികളും ഒറ്റക്കെട്ടായി ബിജെപിയെ എതിർക്കുന്നതിനിടെ കോൺഗ്രസ് അപ്രതീക്ഷിതമായി സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് പ്രഖ്യാപിച്ചത് ജമ്മു കശ്‌മീരിലെ ജനങ്ങളെ നിരാശരാക്കിയിരുന്നു. കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ താൽപ്പര്യപ്രകാരമാണ് സംസ്ഥാനഘടകം അവസാനനിമിഷം പാലം വലിച്ചത്.
ഗുപ്‌കാർ സഖ്യത്തിന്റെ ഭാഗമായാൽ അത് ചൂണ്ടിക്കാട്ടി ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ കടന്നാക്രമിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ ആശങ്ക. എന്നാൽ, ബിഹാറിൽ ഉൾപ്പെടെ കോൺഗ്രസ് തകർന്നടിഞ്ഞു. ഈ സാഹചര്യത്തിൽ കോൺഗ്രസ് നിലപാടിൽ മാറ്റംവരുത്തിയേക്കുമെന്നാണ് സൂചന.
No comments:
Post a Comment