Sunday, December 6, 2009

ദുരന്തസ്മരണയ്ക്ക് 17 വര്‍ഷം

രാജ്യത്ത് മതസൌഹാര്‍ദത്തിന്റെ ചിറകരിഞ്ഞ കറുത്ത പകലിന്റെ ദുരന്തസ്മരണയ്ക്ക് 17 വര്‍ഷം. 1992 ഡിസംബര്‍ ആറിന് മതാന്ധത ബാധിച്ച ഹിന്ദുത്വ ഭീകരര്‍ അയോധ്യയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബറി മസ്ജിദ് മണ്ണോടുചേര്‍ത്തപ്പോള്‍ തകര്‍ന്നുവീണത് ഇന്ത്യയുടെ മതേതര സങ്കല്‍പ്പങ്ങളും പ്രതീക്ഷകളുമായിരുന്നു. നീണ്ട 17 വര്‍ഷമെത്തിയിട്ടും രാജ്യം കണ്ട ഏറ്റവും ഗുരുതര കുറ്റകൃത്യത്തിന്റെ ആസൂത്രകര്‍ സമൂഹത്തില്‍ മാന്യരായി വിലസുകയാണ്. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി പദവികളടക്കം പല ഉന്നതസ്ഥാനങ്ങളും ഇവര്‍ കൈയാളുകയും ചെയ്തു. നിയമത്തിന്റെ കരങ്ങള്‍ ഇവരെ തൊടാന്‍ ഭയക്കുന്നത് രാജ്യത്തിന്റെ ദൈന്യാവസ്ഥയായി കണക്കാക്കാം. നരസിംഹറാവു സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമീഷന്‍ നീണ്ട അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുംശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ശക്തമായ നടപടികള്‍ക്ക് കേന്ദ്രം തയാറാകുന്നതിന്റെ ഒരു സൂചനയും ഇപ്പോഴുമില്ല. എ ബി വാജ്പേയിയെ പ്രതിസ്ഥാനത്ത് കൊണ്ടുവന്നതുമാത്രമാണ് ലിബര്‍ഹാന്റെ സംഭാവന. എന്നാല്‍, കാവിപ്പടയുടെ ഗൂഢനീക്കങ്ങള്‍ക്ക് മൌനാനുവാദം നല്‍കിയ അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന് ലിബര്‍ഹാന്‍ കമീഷന്‍ ക്ളീന്‍ചിറ്റ് നല്‍കി. 68 പേരെയാണ് കമീഷന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് റായ്ബറേലി, ലഖ്നൌ കോടതികളിലായി മൂന്നുകേസുണ്ട്. അദ്വാനിയും മുരളീമനോഹര്‍ജോഷിയും ഉമഭാരതിയും കല്യാസിങ്ങുമടക്കം മുഖ്യആസൂത്രകരമായ ഒമ്പതുപേര്‍ക്കെതിരെയാണ് ഒരു കേസ്. നേതാക്കളടക്കം 40 പേര്‍ക്കെതിരെയും മറ്റു നിരവധിയാളുകള്‍ക്കെതിരെയുമാണ് ബാക്കി കേസുകള്‍. ഒരു കേസിലും ആര്‍ക്കും ശിക്ഷ ലഭിച്ചിട്ടില്ല.
രാജ്യത്ത് ഹൈന്ദവഭീകരതയുടെ മുന്നേറ്റം ബാബറിമസ്ജിദിനെ കേന്ദ്രീകരിച്ചായിരുന്നു. 1985ല്‍ മസ്ജിദില്‍ ഹൈന്ദവവിശ്വാസികള്‍ക്ക് ആരാധനയ്ക്ക് അനുമതി നല്‍കുകവഴി രാജീവ്ഗാന്ധിയുടെ കോഗ്രസ് സര്‍ക്കാര്‍ വര്‍ഗീയശക്തികളുടെ മുന്നേറ്റത്തിന് വഴിതുറന്നു. എപ്പോഴും മൃദുഹിന്ദുത്വനയത്തില്‍ ഉറച്ചുനിന്ന കോണ്‍ഗ്രസിന്റെ അയോധ്യാതന്ത്രം പാളി. ബാബറിമസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയുകയെന്ന മുദ്രാവാക്യത്തോടെ സംഘപരിവാര്‍ പ്രചാരണം ശക്തമാക്കി. അദ്വാനിയുടെ രഥയാത്രയോടെ രാജ്യമെങ്ങും വര്‍ഗീയവാദികള്‍ ഇളകിമറിഞ്ഞു. ഒടുവില്‍ 1992 ഡിസംബര്‍ ആറിന് കര്‍സേവയ്ക്കെന്ന പേരില്‍ ആയോധ്യയില്‍ ഒത്തുകൂടിയ കാവിപ്പട മസ്ജിദ് തകര്‍ത്തു. കേന്ദ്രസേനയും പൊലീസുമെല്ലാം നോക്കിനില്‍ക്കെയാണ് മസ്ജിദ് ഇടിച്ചുതകര്‍ത്തത്. മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയവാദികള്‍ നടത്തിയ കലാപങ്ങളില്‍ ആയിരങ്ങള്‍ മരിച്ചുവീണു. രാജ്യത്ത് ന്യൂനപക്ഷവര്‍ഗീയത ശക്തമാകുന്നതും മസ്ജിദിന്റെ തകര്‍ച്ചയോടെയാണ്. സ്ഫോടനപരമ്പരകള്‍ക്കും മറ്റും തുടക്കമായതും ഇതിനുശേഷം. ലിബര്‍ഹാന്‍ കമീഷന്‍ പ്രതികളായി ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആര്‍ജവം കാട്ടുമോ എന്നതാണ് മസ്ജിദ് തകര്‍ത്തതിന്റെ 17-ാം വാര്‍ഷികത്തില്‍ അറിയേണ്ടത്. അതോ മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമീഷന്റെയും സിഖ്വിരുദ്ധ കൂട്ടക്കൊല അന്വേഷിച്ച വാദ്വാ, നാനാവതി കമീഷനുകളുടെയും സ്ഥിതിതന്നെയാകുമോ ലിബര്‍ഹാന്‍ കമീഷനുമെന്ന് കാത്തിരുന്നു കാണാം.
(എം പ്രശാന്ത്)

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ലെന്ന് ആര്‍എസ്എസ്

ഏതുവിധത്തിലും രാമക്ഷേത്രം പണിയാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവത്. രാമക്ഷേത്ര പ്രസ്ഥാനത്തിന് നല്‍കുന്ന പിന്തുണ തുടരുമെന്നും ബാബറിമസ്ജിദ് തകര്‍ത്തതില്‍ ഖേദമില്ലെന്നും ഭഗവത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സന്ന്യാസികള്‍ നേതൃത്വം നല്‍കുന്ന അയോധ്യാ പ്രസ്ഥാനത്തിന് ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയുണ്ട്. മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നില്ല. തങ്ങള്‍ക്ക് ഒരു സമുദായത്തോടും ശത്രുതയില്ല. ആര്‍എസ്എസിനെ ജനങ്ങള്‍ ശരിയായവിധത്തില്‍ മനസ്സിലാക്കിയിട്ടില്ലെന്നും ഭഗവത് പറഞ്ഞു.

ദേശാഭിമാനി 061209

1 comment:

  1. രാജ്യത്ത് മതസൌഹാര്‍ദത്തിന്റെ ചിറകരിഞ്ഞ കറുത്ത പകലിന്റെ ദുരന്തസ്മരണയ്ക്ക് 17 വര്‍ഷം. 1992 ഡിസംബര്‍ ആറിന് മതാന്ധത ബാധിച്ച ഹിന്ദുത്വ ഭീകരര്‍ അയോധ്യയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബറി മസ്ജിദ് മണ്ണോടുചേര്‍ത്തപ്പോള്‍ തകര്‍ന്നുവീണത് ഇന്ത്യയുടെ മതേതര സങ്കല്‍പ്പങ്ങളും പ്രതീക്ഷകളുമായിരുന്നു. നീണ്ട 17 വര്‍ഷമെത്തിയിട്ടും രാജ്യം കണ്ട ഏറ്റവും ഗുരുതര കുറ്റകൃത്യത്തിന്റെ ആസൂത്രകര്‍ സമൂഹത്തില്‍ മാന്യരായി വിലസുകയാണ്. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി പദവികളടക്കം പല ഉന്നതസ്ഥാനങ്ങളും ഇവര്‍ കൈയാളുകയും ചെയ്തു. നിയമത്തിന്റെ കരങ്ങള്‍ ഇവരെ തൊടാന്‍ ഭയക്കുന്നത് രാജ്യത്തിന്റെ ദൈന്യാവസ്ഥയായി കണക്കാക്കാം. നരസിംഹറാവു സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമീഷന്‍ നീണ്ട അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുംശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ശക്തമായ നടപടികള്‍ക്ക് കേന്ദ്രം തയാറാകുന്നതിന്റെ ഒരു സൂചനയും ഇപ്പോഴുമില്ല. എ ബി വാജ്പേയിയെ പ്രതിസ്ഥാനത്ത് കൊണ്ടുവന്നതുമാത്രമാണ് ലിബര്‍ഹാന്റെ സംഭാവന. എന്നാല്‍, കാവിപ്പടയുടെ ഗൂഢനീക്കങ്ങള്‍ക്ക് മൌനാനുവാദം നല്‍കിയ അന്നത്തെ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരസിംഹറാവുവിന് ലിബര്‍ഹാന്‍ കമീഷന്‍ ക്ളീന്‍ചിറ്റ് നല്‍കി.

    ReplyDelete