Tuesday, December 15, 2009

ഭീകരമായ ചില സത്യങ്ങള്‍

നസീര്‍ 'കൈ തട്ടി ഓടിയത് ' യുഡിഎഫ് ഭരണത്തില്‍

ലഷ്കര്‍ ഭീകരന്‍ നസീറും കൂട്ടാളികളും കൊടുംഭീകരരായത് ആരുടെ തണലില്‍? നായനാര്‍ വധശ്രമം, രാജ്യദ്രോഹം, കൊലപാതകം, ബസ് കത്തിക്കല്‍, കോഴിക്കോട് ഇരട്ട സ്ഫോടനം തുടങ്ങിയവയ്ക്ക് നസീറിനെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് ഒമ്പത് കേസ്. ഇതില്‍ അറസ്റ്റിലായത് ഒരുതവണ മാത്രം. അത് എല്‍ഡിഎഫ് ഭരണത്തില്‍. യുഡിഎഫ് ഭരണത്തിലുണ്ടായ കോഴിക്കോട് ഇരട്ട സ്ഫോടനം ഉള്‍പ്പെടെയുള്ള കേസില്‍നിന്നു രക്ഷപ്പെടാന്‍ നസീറിന് വഴിയൊരുക്കി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയെന്നതിന് നസീറിന്റെ കേസ് ഡയറി സാക്ഷ്യം.

നായനാര്‍ വധശ്രമക്കേസ്

1999 സെപ്തംബര്‍ 12നു കള്ളനോട്ട് കേസിന്റെ അന്വേഷണത്തിനിടെയാണ് നായനാര്‍ വധശ്രമ ഗൂഢാലോചന പുറത്തറിഞ്ഞത്. 1999 നവംബര്‍ 22നു നസീറിനെ പിടികൂടി. ഡിസംബര്‍ രണ്ടിനു ജാമ്യത്തിലിറങ്ങി മുങ്ങി. ഈ കേസിലെ ആറു പ്രതികളെ അറസ്റ്റുചെയ്തു. നവംബര്‍ 20ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. കേസ് കെട്ടിച്ചമച്ചതെന്ന് യുഡിഎഫ് പരിഹസിച്ചു. 2002 മുതല്‍ 2006 വരെ യുഡിഎഫ് സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല. പിന്‍വലിക്കാന്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മാറിയതിനാല്‍ നടന്നില്ല. 2009 ഏപ്രില്‍ 19ന് അന്വേഷണത്തിന്റെ മേല്‍നോട്ടം ഭീകരവിരുദ്ധ സ്ക്വാഡിനെ ഏല്‍പ്പിച്ച് ഡിജിപി ഉത്തരവിറക്കി.

രക്ഷപ്പെട്ടത് പൊലീസിനെ ആക്രമിച്ച കേസില്‍

കണ്ണൂരില്‍ എന്‍ഡിഎഫ് പോസ്റ്ററുകള്‍ മാറ്റിയതില്‍ പ്രതിഷേധിച്ച് നസീറിന്റെ നേതൃത്വത്തില്‍ 2002 ഡിസംബര്‍ അഞ്ചിന് പൊലീസിനെ ആക്രമിച്ചു. സിഐ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്. വന്‍ പൊലീസ് സംഘം രാത്രി വീട് വളഞ്ഞ് നസീറിനെ പിടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസിന് യുഡിഎഫ് സര്‍ക്കാരിലെ ഒരു കോണ്‍ഗ്രസ് മന്ത്രിയുടെ ടെലിഫോണ്‍. നസീര്‍ കൈതട്ടി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് ഭാഷ്യം.

കോഴിക്കോട് ഇരട്ട സ്ഫോടനം, കളമശ്ശേരി ബസ് കത്തിക്കല്‍

കളമശ്ശേരിയില്‍ ബസ് കത്തിച്ചത് 2005 സെപ്തംബര്‍ ഒമ്പതിനു രാത്രി. അന്നത്തെ പൊലീസ് റിപ്പോര്‍ട്ടില്‍ നസീറിനെ കുറിച്ച് പരാമര്‍ശം പോലുമില്ല. ബസ് കത്തിച്ചശേഷം ഏതാനുംനാള്‍ കൊച്ചിയില്‍ ഭാര്യയുമൊത്ത് നസീര്‍ സസുഖം കഴിഞ്ഞു. 2006 മാര്‍ച്ച് മൂന്നിന് കോഴിക്കോട് ഇരട്ട സ്ഫോടനം. ബോംബു പൊട്ടിച്ച നസീര്‍ പൊലീസിന്റെ കമുന്നിലൂടെ കുടകിലേക്കു കടന്നു. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

റോയ്ക്ക് വിവരം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍

നസീറും കൂട്ടാളി ഷഫാസും ബംഗ്ളാദേശിലേക്ക് കടന്നതായി സംസ്ഥാന ഇന്റലിജന്‍സ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ചെന്നൈയിലെ സ്പെഷ്യല്‍ ബ്യൂറോക്ക് റിപ്പോര്‍ട്ട് നല്‍കിയത് 2009 ഏപ്രില്‍ 17ന്. നസീറിന്റെ ഫോട്ടോ, നിറം, വണ്ണം എന്നിവയടങ്ങിയ വിശദമായ റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ അടയിരുന്നോയെന്ന് സംശയം. കേരളം നല്‍കിയ റിപ്പോര്‍ട്ട് കണ്ടിട്ടേയില്ലെന്ന് മലയാളിയായ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള. റോ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനും പഴി കേരളത്തിന്.

നസീറിനെതിരെ ഇതുവരെ ഒമ്പത് കേസ്

1997ല്‍ കണ്ണൂര്‍ ആദികടലായില്‍ ആസാദിനെ കൊലപ്പെടുത്തി നസീറിന്റെ അരങ്ങേറ്റം. അന്ന് പ്രായം 24. മുസ്ളിംലീഗിന്റെ ടൌണിലെ പ്രവര്‍ത്തകന്‍. 2002ല്‍ ആസാദ് വധക്കേസില്‍ വെറുതെ വിട്ടു. 1999ല്‍ നായനാര്‍ വധശ്രമ ഗൂഢാലോചനക്കേസിലും യുഡിഎഫ് തുണ. പിന്നീട് കുറച്ചുനാള്‍ കുടകില്‍ പാട്ടത്തിന് ഇഞ്ചിക്കൃഷി. കണ്ണൂരില്‍ മീന്‍കച്ചവടക്കാരനായ വിനോദിനെ കൊലപ്പെടുത്തിയത് 2006 ഡിസംബറില്‍. കൊച്ചിയില്‍ റഹീം പൂക്കടശ്ശേരിയെ വധിക്കാന്‍ ശ്രമിച്ചത് 2008 ജനുവരിയില്‍. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ കേരളം വിട്ടു. ബംഗളൂരുവില്‍ സ്ഫോടന പരമ്പര. ലഷ്കര്‍ തോയ്ബയിലേക്ക് റിക്രൂട്ടിങ്. 2008 ഡിസംബര്‍ ആദ്യം അതിര്‍ത്തിവഴി ബംഗ്ളാദേശിലേക്ക് കടന്നു.

തീവ്രവാദ ബന്ധം മുഖം രക്ഷിക്കാനാകാതെ യുഡിഎഫ്

തടിയന്റവിട നസീര്‍ പിടിയിലായതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ തുടര്‍ച്ചയായി പുറത്തുവരുന്ന നിര്‍ണായകവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് തീവ്രവാദസംഘടനകളുമായി യുഡിഎഫിനുള്ള ആത്മബന്ധം. എന്‍ഡിഎഫിനെ ഒപ്പം നിര്‍ത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ നടത്തുന്ന തീവ്രവാദവിരുദ്ധ മുറവിളി മുഖംമൂടി മാത്രമാണെന്നും ഇതു കാണിക്കുന്നു. തീവ്രവാദ കേസന്വേഷണവും നടപടികളും സിപിഐ എം വിരുദ്ധപ്രചാരണത്തിന് ആയുധമാക്കിയ ഉമ്മന്‍ചാണ്ടി, എന്‍ഡിഎഫ് തീവ്രവാദസംഘടനയല്ലെന്നു സ്ഥാപിക്കാന്‍ പാടുപെടുകയാണ്. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷയെ അപകടപ്പെടുത്തും വിധം തീവ്രവാദികളുമായി യുഡിഎഫിനു ബന്ധമുണ്ടായിരുന്നെന്നാണ് തെളിയുന്നത്.

തടിയന്റവിട നസീറിനെ പിടികൂടാതിരുന്നതെന്ത്, ഇ കെ നായനാര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കിയത് ഏത് സാഹചര്യത്തില്‍, നാലു കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടും ഒന്നില്‍മാത്രം നസീറിനെ പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചതെന്തിന്, കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ബന്ധമില്ലാത്ത ആളെ ഒന്നാം പ്രതിയാക്കിയതും മതിയായ അന്വേഷണം നടത്താതിരുന്നതും എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ യുഡിഎഫ് പകച്ചുനില്‍ക്കുന്നു.

എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധകൂട്ടുകെട്ട് മറച്ചുവയ്ക്കാനാണ് മഅ്ദനി വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തിങ്കളാഴ്ച ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും എന്‍ഡിഎഫ് ബന്ധത്തെക്കുറിച്ചും എന്‍ഡിഎഫിന്റെ തീവ്രവാദസ്വഭാവത്തെക്കുറിച്ചും മൌനം പാലിച്ചു. മുസ്ളിംലീഗിന്റെയും ബാഹ്യശക്തികളുടെയും സമ്മര്‍ദത്തിനു വഴങ്ങി തീവ്രവാദകേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കിയിരുന്നു. കളമശേരിയില്‍ പിഡിപി പ്രവര്‍ത്തകര്‍ ബസ് കത്തിച്ചതും ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. സംഭവവുമായി ബന്ധമില്ലാത്ത ആളെ ഒന്നാം പ്രതിയാക്കി കേസ് അട്ടിമറിക്കാനുള്ള നീക്കമാണുണ്ടായത്. മഅ്ദനി വിവാദം ആളിക്കത്തിക്കുന്ന പത്രങ്ങളും ചാനലുകളും യുഡിഎഫിന്റെ തീവ്രവാദബന്ധം ഒളിച്ചുവയ്ക്കാന്‍ പാടുപെടുകയാണ്.

തീവ്രവാദത്തോടുള്ള എതിര്‍പ്പല്ല, സിപിഐ എമ്മിനോടുള്ള കടുത്ത വിരോധമാണ് മാധ്യമങ്ങളില്‍ നുരയുന്നത്. പൊലീസ് മേധാവി ആഭ്യന്തരമന്ത്രിയെ കണ്ടാല്‍ അത് 'രഹസ്യചര്‍ച്ച'യെന്നു വ്യഖ്യാനിച്ച് സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ഉറച്ച നിലപാട് സ്വീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി തീവ്രവാദ വിരുദ്ധസ്ക്വാഡ് രൂപീകരിച്ചു. യുഡിഎഫ് മരവിപ്പിച്ച കേസുകളില്‍ അന്വേഷണം പുനരാരംഭിച്ചു. മാധ്യമങ്ങള്‍ അതൊന്നും അറിഞ്ഞ മട്ടില്ല.

എന്‍ഡിഎഫ് തീവ്രവാദ സംഘടനയെന്ന് പറയാന്‍ ആളല്ലെന്ന് ഉമ്മന്‍ചാണ്ടി

എന്‍ഡിഎഫ് തീവ്രവാദ സംഘടനയാണെന്ന് പറയാന്‍ താന്‍ ആളല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. തീവ്രവാദ സംഘടനയേതാണ്, വര്‍ഗീയവാദികളാര് എന്നിങ്ങനെ സര്‍ടിഫിക്കറ്റ് നല്‍കാന്‍ തനിക്കാവില്ല. വ്യക്തികളെയും സംഘടനകളെയും നിര്‍വചിക്കാനുമാവില്ല. എന്‍ഡിഎഫിനെ തീവ്രവാദ സംഘടനയെന്ന് കോണ്‍ഗ്രസ് പറയാത്തതെന്തെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി. വോട്ടിനെ തീവ്രവാദമെന്നും അല്ലാത്തതെന്നും വേര്‍തിരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മലപ്പുറം അരിമ്പ്രയില്‍ കോണ്‍ഗ്രസുകാരെ ആക്രമിച്ചതിന് എന്‍ഡിഎഫുകാര്‍ പ്രതിയായ കേസ് യുഡിഎഫ് ഭരണത്തില്‍ പിന്‍വലിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. താന്‍ മുഖ്യമന്ത്രിയായപ്പോര്‍ ഒട്ടേറെ കേസ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അവ ചെറിയ കുറ്റങ്ങളുള്ള കേസായിരുന്നു. നായനാര്‍ വധശ്രമ ഗൂഢാലോചനക്കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ നിര്‍ദേശിച്ചെന്ന 'ദേശാഭിമാനി' വാര്‍ത്ത ശരിയല്ല. ലഭിച്ച നിവേദനം പരിശോധനക്കായി അയക്കുകയാണുണ്ടായത്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. കേസ് പിന്‍വലിക്കാന്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ അത് ഗുരുതര കുറ്റമാണ്. അങ്ങനെയുണ്ടെങ്കില്‍ അതേപ്പറ്റിയുള്ള ഫയല്‍ സര്‍ക്കാര്‍ പുറത്തുവിടണം. നായനാര്‍ വധശ്രമ ഗൂഢാലോചനക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് സമീപിച്ചിട്ടില്ല. ഇതേ ആവശ്യവുമായി മറ്റാരെങ്കിലും നിവേദനം നല്‍കിയിരുന്നോയെന്ന് ഓര്‍ക്കുന്നില്ല-ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്ണൂരില്‍ തീവ്രവാദികള്‍ക്ക് ലീഗ് ബന്ധം

കണ്ണൂര്‍ നഗരം സംസ്ഥാനത്തെ പ്രധാന തീവ്രവാദ കേന്ദ്രമായി വളര്‍ന്നത് മുസ്ളിംലീഗിന്റെ തണലില്‍. എല്ലാവിധ തീവ്രവാദത്തിനും എതിരാണെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി പറയുമ്പോള്‍തന്നെയാണ് കണ്ണൂരിലെ ലീഗ് കേന്ദ്രത്തില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ തീവ്രവാദം തഴച്ചുവളര്‍ന്നത്. ഇതിന് എല്ലാവിധ സഹായവും നല്‍കിയത് ലീഗുമായി ബന്ധപ്പെട്ടവരും. ഐഎസ്എസ്, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് പോകുമ്പോള്‍തന്നെ ഇവരെല്ലാം ലീഗിന്റെയും പ്രവര്‍ത്തകരായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരില്‍ ഉണ്ടാകുന്ന കേസുകളില്‍നിന്ന് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതും ലീഗ് പ്രവര്‍ത്തകരാണ്.

കണ്ണൂര്‍ സിറ്റി ഭാഗത്തെ ഏറ്റവും പ്രബല പാര്‍ടി മുസ്ളിംലീഗാണ്. കോണ്‍ഗ്രസ് പോലും നാമമാത്രമേയുള്ളൂ. സിപിഐ എമ്മാണെങ്കില്‍ ഇവരുടെ നിരന്തരമായ കടന്നാക്രമണത്തെ നേരിട്ടാണ് ചെറിയതോതില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗ് ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ട മുഴുവനാളുകളും. സിറ്റി പൊലീസ് സ്റ്റേഷനില്‍ ലീഗ് നേതാക്കള്‍ക്കുള്ള സ്വാധീനമാണ് നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പലപ്പോഴും രക്ഷപ്പെടാന്‍ കാരണം. നസീറിന് കുഴല്‍പ്പണം എത്തിച്ചുകൊടുത്തതിന് അടുത്തിടെ പിടിയിലായ സിറ്റിയിലെ നവാസ് സജീവ ലീഗ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍പോലും യുഡിഎഫിനുവേണ്ടി ഇയാള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. എന്‍ഡിഎഫിന്റെ മറവിലാണ് കണ്ണൂര്‍ നഗരത്തില്‍ പ്രധാനമായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവ്രവാദ ക്ളാസ് നടത്താന്‍ മുറി വാടകക്കെടുത്തതും മറ്റു സൌകര്യങ്ങള്‍ ഒരുക്കിയതും എന്‍ഡിഎഫ് പ്രവര്‍ത്തകരായി അറിയപ്പെടുന്നവരാണ്. സിറ്റിയിലെ ചില ഭാഗങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടലില്‍ മരിച്ച മൈതാനപ്പള്ളിയിലെ ഫയാസിന്റെ വീട്ടുകാരെ കാണാന്‍ ചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ഭീഷണിപ്പെടുത്തിയതും ഈ സംഘമായിരുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ഏറ്റെടുത്തത് എന്‍ഡിഎഫായിരുന്നു. എന്ത് ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത ക്രിമിനല്‍ സംഘത്തെ സൃഷ്ടിച്ചാണ് ലീഗ് കേന്ദ്രങ്ങളിലെല്ലാം അവരുടെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് ഇവരുടെ കേന്ദ്രത്തിലൂടെ നടന്നുപോകാന്‍തന്നെ പേടിയാണ്. ഇത്തരം ക്രിമിനല്‍ സംഘത്തെ ലീഗ് വളര്‍ത്തിയതാണ് ഭീകരപ്രവര്‍ത്തനത്തിന് വളമായത്. ആസാദ്, വിനോദ് കൊലക്കേസുകളില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയത് യുഡിഎഫ് നേതാക്കളായിരുന്നു. 2005 ലുണ്ടായ വിനോദ് വധക്കേസ് കൃത്യമായി അന്വേഷിക്കാന്‍പോലും പൊലീസ് തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ പിടിക്കാന്‍ ശ്രമം നടത്തിയത്. ഇതിനിടയില്‍ ഒരിക്കല്‍ പൊലീസിനെ വെട്ടിച്ച് നസീര്‍ കടന്നുകളഞ്ഞതാണ്. പിടിച്ചിട്ട് വിട്ടയച്ചുവെന്ന കള്ളപ്രചാരണവുമായി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നടക്കുന്നത് ഈ സംഭവത്തിന്റെ പേരിലാണ്.

ദേശാഭിമാനി വാര്‍ത്തകള്‍ 151209

2 comments:

  1. എന്‍ഡിഎഫ് തീവ്രവാദ സംഘടനയാണെന്ന് പറയാന്‍ താന്‍ ആളല്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. തീവ്രവാദ സംഘടനയേതാണ്, വര്‍ഗീയവാദികളാര് എന്നിങ്ങനെ സര്‍ടിഫിക്കറ്റ് നല്‍കാന്‍ തനിക്കാവില്ല. വ്യക്തികളെയും സംഘടനകളെയും നിര്‍വചിക്കാനുമാവില്ല. എന്‍ഡിഎഫിനെ തീവ്രവാദ സംഘടനയെന്ന് കോണ്‍ഗ്രസ് പറയാത്തതെന്തെന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി. വോട്ടിനെ തീവ്രവാദമെന്നും അല്ലാത്തതെന്നും വേര്‍തിരിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    ReplyDelete
  2. ഭീകരവാദം,രാജ്യദ്രോഹം തുടങ്ങിയ വിഷയം വരുംബോള്‍ നാം കൂടെ നില്‍ക്കുന്നവരുമായി ഓഹരി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ഭീകരവദികളില്‍ നിന്നും,രാജ്യദ്രോഹികലില്‍ നിന്നും തെന്നിമാറാന്‍ ഇടയാക്കുന്നത് ആത്മഹത്യാപരമാണ്. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍പ്പെടുത്താനുള്ള സുരക്ഷിതമായ ഭാവി പദ്ധതികളെക്കുറിച്ച് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചകളാണ് ഈ സന്ദര്‍ഭത്തില്‍ ഉചിതമാകുക.മത നിരപേക്ഷ രാഷ്ട്രീയത്തിന്റെ ആവശ്യകതയിലേക്ക് പുരോഗമന പ്രസ്ഥാനങ്ങളാണ് ജനശ്രദ്ധ ക്ഷണിക്കേണ്ടത്.

    ReplyDelete