Thursday, December 31, 2009

2009ല്‍ കേരളം

ജനക്ഷേമത്തിന്റെ വര്‍ഷം ജനകീയപ്രതിരോധത്തിന്റെയും

ഇരുപത്തഞ്ചു ലക്ഷത്തിലേറെ കുടുംബത്തിന് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കിയും നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയ്ക്ക് ജനങ്ങള്‍ക്കു ലഭ്യമാക്കിയും കേരളം ദേശീയശ്രദ്ധ പിടിച്ചുപറ്റിയ വര്‍ഷമാണ് 2009. രാജ്യമാകെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ കുരുങ്ങിയ ഘട്ടത്തിലാണ് 60 ശതമാനംവരെ വിലകുറച്ച് നിത്യോപയോഗസാധനങ്ങള്‍ നല്‍കി കേരളം രാജ്യത്തിനു മാതൃകയായത്. പാവങ്ങള്‍ക്ക് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ തുകകൊണ്ട് ആ മാസത്തേക്കുള്ള അരി വാങ്ങാവുന്ന സാഹചര്യം സൃഷ്ടിച്ച് പട്ടിണി അകറ്റി നിര്‍ത്തി. ഭക്ഷ്യോല്‍പ്പാദനവര്‍നയാണ് സംസ്ഥാനം കൈവരിച്ച പ്രധാനനേട്ടങ്ങളിലൊന്ന്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസമിതിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് അഭിമാനം പകരുന്നു. നിയമനനിരോധനത്തിന്റെ ഇരുണ്ട നാളുകളില്‍നിന്ന് കേരളത്തെ മോചിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ 2009ല്‍ പിഎസ്സി മുഖേന 41,000 പേര്‍ക്ക് ജോലി നല്‍കി. 10,000 തസ്തിക സൃഷ്ടിച്ചു. മാന്ദ്യകാലത്തും കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങള്‍ 18 ശതമാനം ഉല്‍പ്പാദനവര്‍ധന നേടിയത് അഭിമാനമായി. പൊതുമേഖലയുടെ ലാഭം വര്‍ധിച്ചു. ആഗോളസാമ്പത്തികമാന്ദ്യം അവസരമാക്കാന്‍ ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ നിര്‍മാണപ്രവൃത്തിക്ക് അംഗീകാരം നല്‍കി കേരളം ലോകശ്രദ്ധനേടി. ഇതില്‍ 5000 കോടിയുടെ പ്രവൃത്തി അടിസ്ഥാനസൌകര്യവികസനരംഗത്താണ്. 5000 കോടി ഭവനനിര്‍മാണമേഖലയിലും. പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിച്ച് ആരോഗ്യവിദ്യാഭ്യാസത്തിന്റെയും ചികിത്സയുടെയും നിലവാരം ഉയര്‍ത്താനുള്ള വിപ്ളവാത്മകനടപടിയും കേരളത്തെ ദേശീയശ്രദ്ധാകേന്ദ്രമാക്കി. 18 വയസ്സുവരെയുള്ളവര്‍ക്ക് സൌജന്യചികിത്സാ പദ്ധതി പുതുവര്‍ഷദിനത്തില്‍ നിലവില്‍ വരും. അവിവാഹിതരായ ആദിവാസി-പട്ടികജാതി അമ്മമാര്‍ക്കും മാറാരോഗം ബാധിച്ചവരെ പരിചരിക്കുന്ന ഒരു ബന്ധുവിനും പ്രതിമാസം 250 രൂപ വീതം നല്‍കുന്ന പദ്ധതിയും ജനുവരി ഒന്നിന് യാഥാര്‍ഥ്യമാകും.

ക്രമസമാധാനപാലനത്തില്‍ കേരളത്തെ മികച്ച സംസ്ഥാനമായി ഇന്ത്യാ ടുഡെ സര്‍വേയില്‍ തെരഞ്ഞെടുത്തത് 2008ല്‍ വിവാദസ്രഷ്ടാക്കളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. യുഡിഎഫ് ഭരണം തേച്ചുമായ്ക്കാന്‍ നോക്കിയ തീവ്രവാദകേസുകളില്‍ പ്രതികളെ പിടികൂടിയതും കടന്നുപോകുന്ന വര്‍ഷത്തെ ശ്രദ്ധേയമാക്കുന്നു. ക്ഷേമ-വികസന രംഗത്തും ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൌകര്യ വികസനം, കുടിവെള്ള വിതരണം എന്നിവയില്‍ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി സിഎന്‍എന്‍-ഐബിഎന്‍ സര്‍വേയില്‍ തെരഞ്ഞെടുത്തതും ഈ വര്‍ഷമാണ്. ഊര്‍ജമേഖലയിലെ മികവിനും കേരളം ദേശീയതലത്തില്‍ മുമ്പന്തിയിലെത്തി.

ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചും സാമ്പത്തികമാന്ദ്യത്തിന്റെ മുഖ്യ ഇരകളായ പാവങ്ങള്‍ക്ക് കിടപ്പാടവും ഭക്ഷണവും ഉറപ്പുവരുത്തിയും എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തിനു രക്ഷാകവചമായി. കര്‍ഷക കടാശ്വാസനിയമത്തിന്റെ അടിസ്ഥാനത്തില്‍ ആയിരക്കണക്കിനു കൃഷിക്കാര്‍ക്ക് ആനുകൂല്യം ലഭിച്ച 2009ല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലും ആശ്വാസത്തിന്റെ തെളിനീരുറവയെത്തി. മത്സ്യത്തൊഴിലാളികടാശ്വാസകമീഷന്‍ ശുപാര്‍ശ പ്രകാരം 121 കോടി രൂപയുടെ കടം ആദ്യഘട്ടത്തില്‍ എഴുതിത്തള്ളാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു. പട്ടികജാതി-വര്‍ഗക്കാരും പരിവര്‍ത്തിത ക്രൈസ്തവരും എടുത്ത വായ്പ എഴുതിത്തള്ളിയതും ഈ വര്‍ഷംതന്നെ.

കര്‍ഷക ആത്മഹത്യകളുടെ ഞെട്ടിക്കുന്ന കണക്കുകളില്‍നിന്ന് മോചിതമായിക്കൊണ്ടിരിക്കെ ആസിയന്‍ കരാറില്‍ ഒപ്പുവച്ച് ജനതയെ ദുരിതക്കടലിലാഴ്ത്തുന്നതിനെതിരെ സിപിഐ എം നേതൃത്വത്തില്‍ സൃഷ്ടിച്ച മനുഷ്യച്ചങ്ങല കടന്നുപോകുന്ന വര്‍ഷത്തെ ഐതിഹാസിക ജനമുന്നേറ്റമായി. ജനക്ഷേമത്തിന്റെയും ജനകീയപ്രതിരോധത്തിന്റെയും അവിസ്മരണീയമായ ഓര്‍മക്കുറിപ്പുമായാണ് കേരളം 2010നെ വരവേല്‍ക്കുന്നത്. എല്ലാവര്‍ക്കും വീടും ഭക്ഷണവും കുടിവെള്ളവും വെളിച്ചവും ഉറപ്പുവരുത്താനുള്ള കര്‍മപദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയ വര്‍ഷമാണ് 2009. ഇ എം എസ് ഭവനപദ്ധതി പ്രവൃത്തിപഥത്തിലാണ്.

ക്ഷേമപെന്‍ഷനുകള്‍ 250 രൂപയായി ഉയര്‍ത്തി. ഒരുവിധ ക്ഷേമപെന്‍ഷനും ലഭിക്കാത്ത നിരാലംബവൃദ്ധര്‍ക്ക് മാസം 100 രൂപ സഹായം, അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍, പ്രവാസി പുനരധിവാസപദ്ധതിയും ക്ഷേമനിധിയും നിലവില്‍ വന്നു, കൃഷിക്കാര്‍ക്ക് മാസം 300 രൂപ പെന്‍ഷന്‍ നല്‍കുന്ന കിസാന്‍ അഭിമാന്‍ പദ്ധതിയും വിള ഇന്‍ഷുറന്‍സും. നെല്ലിന് സംഭരണവില 12 രൂപയാക്കി. കൃഷി പ്രോത്സാഹനനടപടി ഫലം കണ്ടു. അമ്പതിനായിരത്തോളം ഹെക്ടറില്‍ പുതുതായി കൃഷിയിറിക്കി. വനാന്തരങ്ങളിലുള്‍പ്പെടെ കഴിയുന്ന ആദിവാസികള്‍ക്ക് വീടും കൃഷിയിടവും. അങ്കണവാടി കുട്ടികള്‍ക്കും അമ്മമാര്‍ക്കും ക്രിസ്മസിന് അഞ്ചു കിലോ അരി. ഹെല്‍ത്ത് യൂണിവേഴ്സിറ്റി യാഥാര്‍ഥ്യമായി. കേരള സോപ്സും ട്രിവാന്‍ഡ്രം സ്പിന്നിങ് മില്ലും ഉള്‍പ്പെടെ അടച്ചിട്ട വ്യവസായശാലകള്‍ തുറന്നു. പുതിയ ഐടി പാര്‍ക്കുകളുടെ തുടക്കവും ഐടി പാര്‍ക്കുകളുടെ വിപുലീകരണവും തൊഴില്‍മേഖലയില്‍ പ്രതീക്ഷ പകരുന്നു.
(കെ എം മോഹന്‍ദാസ്)

കുറ്റാന്വേഷണമികവ് ദേശീയശ്രദ്ധയില്‍

കുറ്റാന്വേഷണ മികവില്‍ കേരള പൊലീസ് രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായ വര്‍ഷമാണ് 2009. ശാസ്ത്രീയ കുറ്റാന്വേഷണ സംവിധാനം പ്രായോഗികമായതോടെ കൊലപാതകം ഉള്‍പ്പെടെയുള്ള ഗൌരവമേറിയ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനും കഴിഞ്ഞു. 1971ല്‍ 2.13 കോടിയായിരുന്നു കേരളത്തിലെ ജനസംഖ്യ. ആ വര്‍ഷം ഇവിടെ നടന്നത് 431 കൊലപാതകം. ജനസംഖ്യ വര്‍ധനയ്ക്ക് ആനുപാതികമായി കൊലപാതകങ്ങളുടെ എണ്ണവും കൂടുകയാണ് പതിവ്. ഇതില്‍നിന്നു കേരളം മാറിനടക്കാന്‍ തുടങ്ങിയെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജനസംഖ്യ 3.18 കോടിയായിരുന്ന 2001ല്‍ 463 കൊലപാതകമാണ് നടന്നത്. പക്ഷേ, 2009ല്‍ ജനസംഖ്യ 3.42 കോടിയായി ഉയര്‍ന്നിട്ടും കൊലപാതകങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നവംബര്‍ വരെയുള്ള കണക്കുപ്രകാരം ആകെ കൊലപാതകങ്ങളുടെ എണ്ണം 304. സാമ്പത്തികനേട്ടത്തിനുള്ള കൊലപാതകവും രാഷ്ട്രീയ കൊലപാതകവും കുറഞ്ഞ വര്‍ഷമാണ് 2009. 2008ല്‍ 21 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിടത്ത് ഈ വര്‍ഷം നവംബര്‍വരെ അത് ഏഴെണ്ണം മാത്രമാണ്. സാമ്പത്തികനേട്ടത്തിനു വേണ്ടിയുള്ള കൊലപാതകങ്ങളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23ല്‍ നിന്ന് എട്ടായി. ഭവനഭേദനക്കേസ് 2008ല്‍ 3349 ആയിരുന്നത് 2009 ഒക്ടോബര്‍ വരെ 2537 ആയി ചുരുങ്ങി.

തീവ്രവാദശക്തികള്‍ രാജ്യത്താകെ ഭീതി പരത്തിയപ്പോള്‍ അതിന്റെ വേരുകള്‍ തേടിയുള്ള ഇവിടത്തെ പൊലീസ് സംഘത്തിന്റെ അന്വേഷണം സഫലമാകുന്നതിന്റെ വ്യക്തമായ സൂചനയാണ് പുറത്തുവരുന്നത്. തടിയന്റവിട നസീറിനെ കണ്ടെത്താന്‍ വഴി തെളിച്ചത് കേരള പൊലീസാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കോഴിക്കോട് ഇരട്ട സ്ഫോടനം, കളമശേരി ബസ് കത്തിക്കല്‍ കേസുകളിലും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിക്കുപോലും പിന്‍ബലമാകുന്നത് കേരള പൊലീസിന്റെ കണ്ടെത്തലുകളാണ്.

ക്രമസമാധാനത്തകര്‍ച്ച എന്നത് പ്രതിപക്ഷത്തിന്റെ പതിവ് മുറവിളയാണ്. പക്ഷേ, കഴിഞ്ഞ വര്‍ഷം ഈ 'വിലാപം' പോലും അപൂര്‍വമായിരുന്നു. മുത്തൂറ്റ് പോള്‍ വധക്കേസില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയപ്പോള്‍ അന്വേഷണം സിബിഐക്ക് വിടണമെന്നായി ആവശ്യം. എന്നാല്‍, ഹൈക്കോടതിപോലും ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. വിവാദങ്ങള്‍ കുത്തിപ്പൊക്കി കേരളത്തെക്കുറിച്ച് അവമതിപ്പ് സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കേരള പൊലീസ് ശ്രദ്ധാപൂര്‍വം മുന്നേറി. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരംഭിച്ച കടലോര ജാഗ്രതാസമിതി രാജ്യത്ത് ആദ്യത്തേതായിരുന്നു. ജലപാത പൊലീസിങ്ങിനായി അമ്പതില്‍പ്പരം ബോട്ട് വാങ്ങാന്‍ തീരുമാനിച്ചു. നീണ്ടകരയില്‍ തീരദേശ പൊലീസ് സ്റേഷന്‍ ആരംഭിച്ചു. ഫോറന്‍സിക് ലാബ് വിപുലീകരിക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യംചെയ്യാന്‍ സൈബര്‍ പൊലീസ് സ്റേഷന്‍ ആരംഭിക്കാനും കഴിഞ്ഞു. ആരാധനാലയങ്ങളുടെ പ്രത്യേക സുരക്ഷയ്ക്ക് സംവിധാനം ഏര്‍പ്പെടുത്തി. ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സൌജന്യമായി മൊബൈല്‍ ഫോണ്‍ നല്‍കി. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു. വനിതാ ഹെല്‍പ് ലൈന്‍, സബ് ഇന്‍സ്പെക്ടര്‍മാരായി വനിതകള്‍ക്ക് നേരിട്ട് നിയമനം, ജനമൈത്രി യുവകേന്ദ്രം, ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍, ഹോം ഗാര്‍ഡ്സ്... 2009ലെ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്.

കേസന്വേഷണത്തില്‍ മികവ് കാട്ടുന്ന കോസ്റബിള്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ള സേനാംഗങ്ങള്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ ഫോര്‍ ഡിറ്റക്ടീവ് എക്സലന്‍സ് നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. അലവന്‍സുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതുവഴി സേനാംഗങ്ങളുടെ ആത്മവിശ്വാസം കൂടി. പ്രതികള്‍ക്ക് എസ്കോര്‍ട്ട് പോകുന്നവര്‍ക്ക് പിസ്റള്‍ നല്‍കാനുള്ള തീരുമാനം പരിഷ്കൃത കാഴ്ചപ്പാടിനു വഴിതുറന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അഴിമതിയെപ്പറ്റി പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. ട്രാഫിക് സുരക്ഷയ്ക്ക് നല്ല പ്രാധാന്യം നല്‍കിയത് വാഹനാപകട നിരക്ക് വന്‍തോതില്‍ കുറച്ചു. സ്കൂളുകളില്‍ ട്രാഫിക് സേഫ്റ്റി ക്ളബ്ബും കൊച്ചിയുടെ പ്രത്യേക സുരക്ഷയ്ക്കായി കൊച്ചി സിറ്റി ആക്ഷന്‍ ഫോറവും രൂപീകരിച്ചു. കൊച്ചിയില്‍ പൊലീസ് കോംപ്ളക്സിനും അംഗീകാരം നല്‍കി.

1960ലെ പൊലീസ് ആക്ട് നവീകരിച്ച് കേരള പൊലീസ് ബില്‍- 2009 സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് 23 സ്റേഷനില്‍കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ജനമൈത്രി പദ്ധതി നടപ്പാക്കിയ സ്റേഷനുകളില്‍ കുറ്റകൃത്യങ്ങള്‍ വളരെയധികം കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നോര്‍ത്ത് മലബാര്‍ ഗ്രാമീ ബാങ്കിന്റെ പെരിയ ശാഖയില്‍നിന്ന് 33 കിലോ സ്വര്‍ണവും ഏഴു ലക്ഷം രൂപയും കവര്‍ന്ന കേസ് തെളിയിച്ചത് കേരള പൊലീസിന്റെ കുറ്റാന്വേഷണ വൈദഗ്ധ്യത്തിന് മികച്ച ഉദാഹരണമാണ്. തിരുവനന്തപുരം പേട്ടയില്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയവരെ ദിവസങ്ങള്‍ക്കകം മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയതും അന്വേഷണ മികവിന് ഉദാഹരണമാണ്.

പച്ചപ്പ് വീണ്ടെടുത്ത് കാര്‍ഷിക മേഖല

കാര്‍ഷിക മേഖലയ്ക്ക് പച്ചപ്പ് വീണ്ടുകിട്ടിയ വര്‍ഷമാണ് 2009. നിരവധി കര്‍ഷക ക്ഷേമപദ്ധതികള്‍ക്ക് തുടക്കമിട്ട ഇക്കൊല്ലം നെല്ലുല്‍പാദനവും നെല്‍വയല്‍ വിസ്തൃതിയും വര്‍ധിച്ചു. കേരളത്തെ പിടിച്ചുലച്ച കര്‍ഷക ആത്മഹത്യകളുടെ കഥകള്‍ പത്രത്താളുകളില്‍ നിന്ന് മറഞ്ഞ വര്‍ഷംകൂടിയാണിത്. കുട്ടനാട്ടിലെയും പാലക്കാട്ടെയും നെല്ലറകളില്‍ ആയിരക്കണക്കിനു ഹെക്ടര്‍ തരിശുനിലം പച്ചയണിഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇത് നിര്‍ണായകമായി. സംസ്ഥാനത്തെ നെല്ലുല്‍പാദനം മുന്‍വഷത്തേക്കാള്‍ 12 ശതമാനം വര്‍ധിച്ചു. നെല്‍പ്പാടങ്ങളുടെ വിസ്തൃതിയും വര്‍ധിച്ചു. മൂന്നും നാലും പതിറ്റാണ്ടുകളായി തരിശുകിടന്ന പാടങ്ങളില്‍ ഇന്ന് കനകം വിളയുന്നു. 15,000 ഹെക്ടര്‍ തരിശുഭൂമി ഇന്ന് കൃഷിയോഗ്യമായി. 20,000 ഹെക്ടര്‍ തരിശ് കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം. നെല്ലിന് ഉയര്‍ന്ന സംഭരണവില നല്‍കിയ സര്‍ക്കാറിന്റെ പ്രോത്സാഹനമാണ് ഈ നേട്ടത്തിനു പ്രധാനകാരണം. 12 രൂപ സംഭരണവില രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇത് 7.50 രൂപയായിരുന്നു.

നെല്‍കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കിയതും പാടങ്ങളിലേക്ക് സമൃദ്ധി മടക്കിക്കൊണ്ടു വരുന്നതില്‍ നിര്‍ണായകമായി. രാജ്യത്താദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍-ക്ഷേമപദ്ധതിയും കൊണ്ടുവന്നു. 60 വയസിനു മേല്‍ പ്രായമുള്ള നെല്‍കര്‍ഷകര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതാണ് കഴിഞ്ഞ ചിങ്ങപ്പുലരിയില്‍ തുടക്കം കുറിച്ച കിസാന്‍ അഭിമാന്‍ പെന്‍ഷന്‍ പദ്ധതി. പതിനാലായിരത്തോളം കര്‍ഷകര്‍ക്കാണ് ജീവിത സായാഹ്നത്തില്‍ സര്‍ക്കാരിന്റെ കൈത്താങ്ങ് എത്തുന്നത്. പെന്‍ഷനു പുറമേ, മകളുടെ വിവാഹത്തിന് 25,000 രൂപയുടെ സഹായവും കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് ഈ പദ്ധതി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ നടപ്പാക്കിയ കര്‍ഷക കടാശ്വാസ പദ്ധതിയാണ് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത്. പ്രകൃതിക്ഷോഭത്തില്‍ വിള നശിക്കുമ്പോള്‍ നെഞ്ചുപൊട്ടുന്ന കര്‍ഷകരുടെ രോദനങ്ങളും സര്‍ക്കാര്‍ കേട്ടു. നൂറു രൂപ അടച്ച് ഒരു ഹെക്ടര്‍ കൃഷി ഇന്ന് ഇന്‍ഷുര്‍ ചെയ്യാം. പ്രകൃതിക്ഷോഭത്തിലോ കീടബാധയിലോ രോഗങ്ങള്‍മൂലമോ കൃഷി നശിച്ചാല്‍ 12,000 രൂപ വരെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചതും 2009ലാണ്.

ദേശാഭിമാനി 31122009

1 comment:

  1. ജനക്ഷേമത്തിന്റെ വര്‍ഷം ജനകീയപ്രതിരോധത്തിന്റെയും

    ഇരുപത്തഞ്ചു ലക്ഷത്തിലേറെ കുടുംബത്തിന് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കിയും നിത്യോപയോഗ സാധനങ്ങള്‍ മിതമായ വിലയ്ക്ക് ജനങ്ങള്‍ക്കു ലഭ്യമാക്കിയും കേരളം ദേശീയശ്രദ്ധ പിടിച്ചുപറ്റിയ വര്‍ഷമാണ് 2009. രാജ്യമാകെ അതിരൂക്ഷമായ വിലക്കയറ്റത്തില്‍ കുരുങ്ങിയ ഘട്ടത്തിലാണ് 60 ശതമാനംവരെ വിലകുറച്ച് നിത്യോപയോഗസാധനങ്ങള്‍ നല്‍കി കേരളം രാജ്യത്തിനു മാതൃകയായത്. പാവങ്ങള്‍ക്ക് ഒരു മാസത്തെ ക്ഷേമപെന്‍ഷന്‍ തുകകൊണ്ട് ആ മാസത്തേക്കുള്ള അരി വാങ്ങാവുന്ന സാഹചര്യം സൃഷ്ടിച്ച് പട്ടിണി അകറ്റി നിര്‍ത്തി. ഭക്ഷ്യോല്‍പ്പാദനവര്‍നയാണ് സംസ്ഥാനം കൈവരിച്ച പ്രധാനനേട്ടങ്ങളിലൊന്ന്.

    ReplyDelete